അങ്ങനെ ഒരു അവധിക്കാലത്ത്, മനസില്‍ കൂട് കൂട്ടിയ പാട്ട്

അത്തവണ തറവാട്ടിൽ എത്തിയതും വീടിന്‍റെ പിറകിലായിട്ട ഊഞ്ഞാൽ ആടാൻ ഞാൻ തിടുക്കത്തിൽ ഓടി. ആദ്യത്തെ ഊഴത്തിനു വേണ്ടി എന്‍റെ തലതെറിച്ച അനിയനുമായി ഭീകരമാംവിധം വാഗ്വാദത്തിൽ ഏർപ്പെടവെയാണു ഒരു പാട്ട്‌ കേട്ടത്‌. ഞാൻ തിരിഞ്ഞ്‌ നോക്കി.

my beloved song sahiba

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song sahiba

അങ്ങനെ ഒരവധിക്കാലത്ത്‌ ഉമ്മാടെ വീട്ടിലേക്ക്‌ വിരുന്നു പോകാം എന്ന് ഉമ്മ പറഞ്ഞപ്പോൾ മുതൽ മനസ്സിൽ ഒരു സന്തോഷത്തിരമാല അലയടിച്ചു. അന്നത്തെ ആ അലയടിയുടെ താളം പോലും ഇപ്പോഴും എന്‍റെ മനസിലുണ്ട്‌. ഒരു അഞ്ചാം ക്ലാസുകാരിയായിരുന്ന എനിക്ക്‌ അതിൽപരം സന്തോഷം മറ്റൊന്ന് ഉണ്ടായിരുന്നില്ല. എന്‍റെ വീടിനരികിലുള്ള പോലെ പുഴയോ പാടങ്ങളോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പകരം വിശാലമായ മുറ്റവും നിറയെ പൂച്ചെടികളും വന്മരങ്ങളും മാത്രം. ഓരോ അവധിക്കാലത്തും തറവാട്ടിലേക്ക്‌ വിരുന്നു വന്നിരുന്ന മൂത്തമ്മമാരുടെയും മറ്റും കുട്ടികളുടെ കൂടെ ഊഞ്ഞാലിട്ടും കരിയില കൂട്ടി കശുവണ്ടി ചുട്ട്‌ തിന്നും അവധിക്കാലം ഞങ്ങൾ രസകരമാക്കി. പറങ്കിമാവിൽ നിന്ന് കൈകൊണ്ട്‌ ഏന്തിവലിഞ്ഞ്‌ പറിച്ചെടുക്കുന്ന മൂപ്പെത്താത്ത കശുവണ്ടി നടുകെ വരഞ്ഞ്‌ അതിനുള്ളിലെ വെള്ളനിറത്തിലുള്ള കാമ്പ്‌ തിന്നുന്നതായിരുന്നു അന്നതെ ഏറ്റവും രസകരമായ വിനോദം. എല്ലാം കഴിഞ്ഞ്‌ അതിന്‍റെ ചുണങ്ങ്‌ തട്ടി നീറ്റലെടുത്ത്‌ കരയുന്നത്‌ മറ്റൊരു വിനോദം.

അത്തവണ തറവാട്ടിൽ എത്തിയതും വീടിന്‍റെ പിറകിലായിട്ട ഊഞ്ഞാൽ ആടാൻ ഞാൻ തിടുക്കത്തിൽ ഓടി. ആദ്യത്തെ ഊഴത്തിനു വേണ്ടി എന്‍റെ തലതെറിച്ച അനിയനുമായി ഭീകരമാംവിധം വാഗ്വാദത്തിൽ ഏർപ്പെടവെയാണു ഒരു പാട്ട്‌ കേട്ടത്‌. ഞാൻ തിരിഞ്ഞ്‌ നോക്കി.
 
  "കഭി ആർ കഭി പാർ ലാഗ റ്റീരെ നസർ"
 
ഒരു പുരുഷശബ്ദം. അയൽ വീട്ടിൽ നിന്നാണ്. അവിടെ എന്തോ ജോലി ആവശ്യത്തിനായി വന്ന ഒരു വാടകക്കാരൻ തനിച്ചാണു താമസിക്കുന്നത്‌. പാട്ട്‌ കേട്ട ഭാഗത്തേക്ക്‌ ഞാൻ സസൂക്ഷ്മം നോക്കി. തലയുടെ പിൻഭാഗം മാത്രം കണ്ടപ്പോൾ തന്നെ ഒരു പതിനഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന പയ്യനാണെന്ന് ഞാൻ ഊഹിച്ചു. യെന്ത്‌... ഒരു പാട്ടുകാരനായ അന്യപുരുഷൻ കേൾക്കവേ എന്നെപ്പോലൊരു പെൺകുട്ടി ഒരു ചീളുചെക്കനൊപ്പം വഴക്കിടുകയോ. അന്നേ തികച്ചും സദാചാരവാദിയായിരുന്ന ഞാൻ ചാടിയെണീറ്റു ഊഴംകാത്തു മാറിയിരുന്നു. പിന്നെ നേരം ഇരുട്ടിയപ്പോൾ വീണ്ടും കേട്ടു ആ പാട്ട്‌. "കഭി ആർ കഭി പാർ..." 

ആ വീട്ടിലെ ചെങ്ങായീന്‍റെ കുടുംബക്കാരു വിരുന്നു വന്നതാണത്‌

ഞങ്ങളുടെ വീടിന്‍റെ ജനലിലൂടെ നോക്കിയാൽ അവരുടെ വീട്‌ വ്യക്തമായി കാണാമായിരുന്നു. ഞാൻ പലതവണ ജനലിലൂടെ എത്തിപ്പാളി നോക്കി. ആരെയും കണ്ടില്ല. നെഞ്ചിൽ ആ പാട്ടിങ്ങനെ ഉരുണ്ടുകേറാൻ തുടങ്ങിയപ്പോഴാണ് ഞാൻ ആ വീട്ടിൽ പുതിയതായി അരാ വന്നിരിക്കുന്നത്‌ എന്ന് എന്‍റെ ചെറിയ മാമനോട്‌ അന്വേഷിച്ചത്‌. "ആ വീട്ടിലെ ചെങ്ങായീന്‍റെ കുടുംബക്കാരു വിരുന്നു വന്നതാണത്‌". സ്വതവെ ഉണ്ടക്കണ്ണുള്ള എന്‍റെ മാമൻ കണ്ണുരുട്ടി പറഞ്ഞു.

ഇവടെ വന്നാൽ കളിക്കാനും വേണ്ടി പൂരം പായണമാരി പായാറുള്ള ഇവളെന്താ ഇങ്ങനെ ഇരിക്കണത്. അടുത്ത വീട്ടിലേക്ക്‌ ഒളിഞ്ഞും പാത്തും കണ്ണോടിച്ച്‌ ഇരിക്കുന്ന എന്നേ നോക്കി ഉണ്ടക്കണ്ണുള്ള മാമന്‍റെ വക ഒരു ചോദ്യം. ഞാൻ തല വെട്ടിച്ച്‌ ചുണ്ടുകൾ  കൂർപ്പിച്ചു. അങ്ങനെ നിൽക്കുമ്പോഴാണ് ഒരു പച്ചക്കുപ്പായമിട്ട ചെക്കൻ അവരുടെ വീടിന്‍റെ മുന്നിൽ നിന്ന് ക്രിക്കറ്റ്‌ കളിക്കുന്നത്‌ കണ്ടത്‌. പാട്ടുകാരന്‍റെ മുഖം ആദ്യമായി കണ്ട പൊലിവിൽ ഞാൻ അവിടിരുന്ന് ഊഞ്ഞാൽ ആടാൻ തുടങ്ങി. 

അന്നുവരെ തോന്നാത്തൊരു വിറയൽ എന്‍റെ മനസിലും ശരീരത്തിലും അനുഭവപ്പെടാൻ തുടങ്ങി. ഞാൻ ഇടക്ക്‌ ഇടക്ക്‌ കണ്ണുവെട്ടിച്ച്‌ അവർ കളിക്കുന്നത്‌ ഒളിഞ്ഞ്‌ നോക്കി. അന്ന് ഞാൻ കളിക്കാനൊന്നും പോകാതെ അവരുടെ വീടിന്‍റെ ഭാഗത്ത്‌ ചുറ്റിപ്പറ്റി നടന്നു. പിന്നെയെപ്പോഴോ ഞാൻ അന്ന് വരെ കേട്ടിട്ട്‌ പോലും ഇല്ലാത്ത ആ പാട്ട്‌ ഒന്ന് മൂളി നോക്കി. പിന്നെ പാടി നടന്നു. പുതിയൊരു ഈണമെല്ലാം കൊടുത്ത്‌ ഞാൻ എനിക്ക്‌ അറിയാവുന്ന ഭാഷയിൽ പാടിപ്പാടി നടന്നു. " കപ്പി ആർ കപ്പി പാൽ തേരി മുജെ ". പിന്നെ ചെവിയോളം പോലും എത്താത്ത എന്‍റെ മുടി വലിച്ച്‌ നീട്ടി മുന്നിലേക്കിട്ട്‌ അതിൽ തലോടി നമ്രമുഖിയായി എതോ സിനിമയിൽ കണ്ട നായികയെപ്പോലെ ജനലഴികളിൽ പിടിച്ച്‌ ഞാൻ നിന്നു. 

എതോ സിനിമയിൽ കണ്ട നായികയെപ്പോലെ ജനലഴികളിൽ പിടിച്ച്‌ ഞാൻ നിന്നു

വൈകീട്ട്‌ എന്‍റെ തലതെറിച്ച കൂട്ടുകാർ മഞ്ചാടി പെറുക്കാൻ വിളിച്ച്‌ സ്വൈര്യം കെടുത്തിയപ്പോൾ ആ ജനലഴി വിട്ട്‌ ഞാനും പോയി. ആ പാട്ടിന്‍റെ വരികളോ പാട്ടുകാരന്‍റെ കണ്ണുകളോ എന്നെ പിന്തുടരുന്നുണ്ടെന്ന് സങ്കൽപ്പിച്ച്‌ കൊണ്ടെന്നോണം ഓടി മാത്രം ശീലിച്ച ഞാൻ താളത്തിൽ നടന്നു. മുട്ടോളം മാത്രം വരുന്ന പാവാടയുടെ രണ്ടറ്റവും എന്തിനാണെന്ന് പോലും അറിയാതെ പൊക്കിപ്പിടിച്ച്‌ ഒരു കാര്യവുമില്ലാതെ മുടി പിന്നിലേക്ക്‌ വകഞ്ഞു മാറ്റി കൊണ്ട്‌ നടന്നു. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചുവന്ന ഉടുപ്പിട്ട്‌ വട്ടം കറങ്ങുന്ന എന്‍റെ തലയിലേക്ക്‌ നിറയെ റോസാപ്പൂക്കൾ വീഴുന്നതായി ഞാൻ സങ്കൽപ്പിച്ചു. പിറ്റേന്ന് ആ പാട്ടും പ്രതീക്ഷിച്ച്‌ ചുറ്റിപ്പറ്റി നടന്ന എനിക്ക്‌ പൂട്ടിക്കിടന്ന ആ വീടാണു കാണാൻ കഴിഞ്ഞത്‌. പിന്നെയാണു ഞാൻ അറിഞ്ഞത്‌ അവരൊക്കെ നാട്ടിലേക്ക്‌ പോയത്രെ. പിന്നീട്‌ രണ്ട്‌ ദിവസം എന്തെന്നറിയാതെ ഞാൻ ദേഷ്യവും വാശിയും കാണിച്ചു. മൂന്നാം ദിവസം ഞാൻ ഊഴം കാത്തു നിൽക്കാതെ ആദ്യം ഊഞ്ഞലാടാൻ വഴക്കിട്ടു.

വർഷങ്ങൾക്കിപ്പുറം കയ്യിലൊരു സ്മാർട്ട്‌ ഫോൺ കിട്ടിയപ്പോഴാണ് ഞാൻ ആദ്യമായി ആ പാട്ട്‌ കേൾക്കുന്നത്‌. ചില തണുപ്പുള്ള വൈകുന്നേരങ്ങളിൽ കണ്ണടച്ച്‌ കിടന്ന് ഈ പാട്ട്‌ കേൾക്കുമ്പോൾ അതെന്‍റെ ആദ്യപ്രണയം ആണല്ലോ എന്നോർത്ത്‌ ഞാൻ മന്ദഹസിക്കാറുണ്ട്‌. കൂടെ എന്‍റെ കുട്ടിക്കാലം ഓർത്ത്‌ എനിക്ക്‌ വലിയ തോതിൽ നഷ്ടബോധവും തോന്നാറുണ്ട്‌. 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios