അര്‍ബുദം കൊണ്ടുപോയ ഉമ്മയുടെ, ഏറ്റവും പ്രിയപ്പെട്ട പാട്ട് അതായിരുന്നു
ഉമ്മാക്ക് പ്രിയപ്പെട്ട പാട്ട്.. ഉമ്മയില്‍ നിന്ന് കേട്ടറിഞ്ഞ് യൂട്യൂബില്‍ സ്ഥിരം ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം സമയം കളഞ്ഞിരുന്നു. ഇന്നും ഓർക്കുന്നു, പരീക്ഷയുള്ള സമയമായിരുന്നു. തുറന്ന് വെച്ച പുസ്‌തകങ്ങളിലെ ഒരു വരി പോലും വായിച്ചെടുക്കാന്‍ കഴിയാതെ ആ പാട്ട് കേട്ടിരുന്ന എന്നെ. പിന്നെ എവിടെ നിന്നാണ് ഒരു വരി കൊണ്ട് പോലും ഇനി എന്നെ ഓർമ്മിപ്പിക്കരുതെന്ന നിലയിലേക്ക് ഒരു പാട്ടിനോടുള്ള ഇഷ്‌ടം ശൂന്യമായി തീർന്നത്.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
ഒരു പാട്ടിനെ കുറിച്ചാണ്, ആ പാട്ടിനെ കുറിച്ച്... ഒരു കാലത്ത് ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പോലും ഇടമുറിയാതെ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന, യൂട്യൂബില്‍ ഏറെ തിരഞ്ഞിരുന്ന, കോളർട്യൂണില്‍ ആസ്വാദിച്ചിരുന്ന പിന്നീട് ആദ്യവരി പോലും അസ്വസ്ഥതയുടെ ഭാരമായ് മാറിയ, സ്‌നേഹിച്ച് സ്‌നേഹിച്ച് ഒടുവില്‍ വെറുപ്പിന്റെ ആഴങ്ങളിലേക്ക് പതിച്ച ഒരു പാട്ടിനെ കുറിച്ച്.
ഒരാളുടെ ദുഖങ്ങളുടെ ഭാരം ചുമക്കാന്‍ മറ്റുള്ളവർക്കെന്ത് ബാധ്യത?
അതെങ്ങനെയാണ് ഒരു പാട്ടിനോട്? അറിയില്ല. കയ്‌പ്പുള്ള മരുന്ന് വെള്ളം തൊടാതെ കഴിക്കുന്ന ഒരു മനുഷ്യന്റെ വീർപ്പുമുട്ടലുകള്‍ പോലെ, അങ്ങനെ ചില വരികള്‍ക്ക് ഹൃദയത്തിലേക്ക് കയ്‌പ്പ് പകർന്ന് സിരകളിലേക്ക് പടർന്ന് കയറാന്‍ കഴിവുണ്ടെന്നുള്ളതാണ്.
"ആർദ്രമീ ധനുമാസ രാവുകളിലൊന്നില്‍,
ആതിര വരും പോകും അല്ലേ സഖി...
ഞാനീ ജനലഴി പിടിച്ചൊട്ട് നില്‍ക്കട്ടെ
നീ എന്‍ അണിയത്ത് തന്നെ നില്‍ക്കൂ..''
ഉമ്മാക്ക് പ്രിയപ്പെട്ട പാട്ട്.. ഉമ്മയില്‍ നിന്ന് കേട്ടറിഞ്ഞ് യൂട്യൂബില്‍ സ്ഥിരം ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം സമയം കളഞ്ഞിരുന്നു. ഇന്നും ഓർക്കുന്നു, പരീക്ഷയുള്ള സമയമായിരുന്നു. തുറന്ന് വെച്ച പുസ്‌തകങ്ങളിലെ ഒരു വരി പോലും വായിച്ചെടുക്കാന്‍ കഴിയാതെ ആ പാട്ട് കേട്ടിരുന്ന എന്നെ. പിന്നെ എവിടെ നിന്നാണ് ഒരു വരി കൊണ്ട് പോലും ഇനി എന്നെ ഓർമ്മിപ്പിക്കരുതെന്ന നിലയിലേക്ക് ഒരു പാട്ടിനോടുള്ള ഇഷ്‌ടം ശൂന്യമായി തീർന്നത്.
കേട്ട് കേട്ട് ഒടുവില്‍ അച്ചടി പിഴവേതുമില്ലാതെ ഉമ്മ ആ വരികള്‍ ജീവിതത്തിലേക്ക് പകർത്തിയെഴുതി തുടങ്ങിയെന്ന തിരിച്ചറിവുകളില്‍ നിന്ന്, അർബുദത്തിന്റെ നോവുണർത്തുന്ന വരികള്‍ അറംപറ്റല്‍ പോലെ പ്രിയപ്പെട്ട ഒന്നിനെ എന്നില്‍ നിന്ന് വേർപ്പെടുത്തി തുടങ്ങിയെന്ന പേടിപ്പെടുത്തലുകളില്‍ നിന്ന്.. അങ്ങനെയെല്ലാമാകണം ആ ഇഷ്‌ടം, ഇഷ്ടമില്ലായ്‌മയിലേക്ക് പതിച്ചത്.
"വ്രണിതമാം കണ്‌ഠത്തില്‍ ഇന്ന്
നോവിത്തിരി കുറവുണ്ട്..
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍..''
ആ ശരീരം പൂർണ്ണമായും വ്രണപ്പെട്ടിരുന്നു. എന്റെ തുടക്കത്തിന് ഇരുട്ടറയില്‍ പ്രകാശമായ ശരീരം ഒരിറ്റ് ഇടം ബാക്കിയാക്കാതെ വ്രണിതപ്പെട്ടിരുന്നു.
എനിക്ക് മരിക്കാന്‍ പേടിയില്ലാ
ഒരു ഫെബ്രുവരി 11, പരീക്ഷഹാളില്‍ ഉത്തര പേപ്പറിലേക്ക് പകർത്തുന്നതിനെ കുറിച്ച് വ്യാകുലതയില്ലാതെ ഞാന്‍ പ്രാർത്ഥനയിലായിരുന്നു. അമല ക്യാന്‍സർ സെന്‍ററില്‍ ബോണ്‍ സ്‌കാനിന്‍റെ റിസള്‍ട്ട് വരാനുണ്ട്. ഉമ്മാക്ക് ഇനിയും ആ വേദന ദൈവം നല്‍കില്ലെന്നുള്ള അമിതമായ വിശ്വാസം എന്നെ ബാധിച്ചിരുന്നു. ഞൊടിയിടയില്‍ ഇല്ലാതായ വിശ്വാസം. പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയതും കാത്തിരുന്ന മോശമായ വാർത്ത, ഒന്നോ രണ്ടോ അല്ല അഞ്ചിടങ്ങളില്‍ ആഴത്തില്‍ കാർന്ന് തിന്ന് തീർത്തിരുന്നു അർബുദം. വാലെന്‍റൈന്‍സ് ഡേക്കുള്ള സമ്മാനങ്ങള്‍ വാങ്ങി കൂട്ടുന്ന കൂട്ടുകാരികളോട് പരിസരം മറന്ന് പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചു.
പക്ഷെ, ഒരാളുടെ ദുഖങ്ങളുടെ ഭാരം ചുമക്കാന്‍ മറ്റുള്ളവർക്കെന്ത് ബാധ്യത? എന്നാലും ആഗ്രഹിച്ചു, ചുറ്റുമുള്ളവരുടെ കണ്ണുകളില്‍ നനവുണ്ടെങ്കില്‍ അത് പറയാതെ അറിയാനുള്ള കഴിവുകൂടി ദൈവം മനുഷ്യന് നല്‍കിയിരുന്നെങ്കില്‍.
ഉമ്മാനെ ആശ്വാസിപ്പിക്കാന്‍ വിളിക്കുന്ന ഓരോ കോളുകളിലും കോളർട്യൂണായി ആ പാട്ട് കേട്ടുകൊണ്ടേയിരുന്നു. എനിക്ക് മരിക്കാന്‍ പേടിയില്ലാ, എന്നാലും കീമോ ചെയ്യണ്ടെന്നുള്ള ഉമ്മാന്റെ യാചനയോട് ചേർത്ത് കേട്ട് കേട്ടാവണം 'ആർദ്രമീ ധനുമാസ'മെന്ന തുടക്കം പോലും എന്റെ ഓർമ്മകളേ തീയായ് പൊള്ളിക്കുന്നു.
"അതിര വരും നേരം
ഒരുമിച്ച് കൈകള്‍ കോർത്ത്
എതിരേല്‍ക്കണം നമുക്കിക്കുറി..
വരും കൊല്ലമാരെന്നും
എന്തെന്നുമാർക്കറിയാം...''
എത്ര സത്യമാണ്, വരും കൊല്ലത്തിലേക്കുള്ള ശിഷ്‌ട ദിനങ്ങളില്‍ ഉമ്മ ഇല്ലായിരുന്നു. മിഴിനീർ ചവർപ്പ് പെടാതെ, ശേഷിച്ച ഓരോ ദിനവും അവർക്ക് മധുരമാക്കി നല്‍കിയിരുന്നു. എത്രയെത്ര സ്‌നേഹം കൊണ്ട് മധുരം പകർന്നിട്ടും തീരാത്ത നോവില്‍ ഉറക്കമൊഴിച്ചും ശേഷം ഓർമകള്‍ ഒന്നുമില്ലാതെ ഉണർച്ചയില്ലാത്ത ഉറക്കത്തിലേക്ക് വഴുതി വീണും ഉമ്മ എന്നന്നത്തേക്കുമായി വിട പറഞ്ഞു.
ഓരോ വരികള്‍ കേട്ടും കരഞ്ഞ് കരഞ്ഞ് എഴുതി തീർക്കാം
"ഓർമകള്‍ തിളങ്ങാതെ
മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ
അറിയാതെ ആർദ്രയാം
ആർദ്ര വരുമെന്നോ സഖി...''
ഓർമകളേ ഇല്ലാതെ പോയവന് എന്തോർമ്മ... ഉമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും ഉമ്മയില്ലാതെ ദാരിദ്രനായവന്‍ ആശ്രയമറ്റ് അറ്റ് ഇല്ലാതാകുമെന്നും വിശ്വസിക്കുന്ന ഒരുവള്‍ക്ക് ഒരു പാട്ട് ആസ്വസ്ഥത കൊണ്ട് പൊതിയാന്‍ ഇക്കാരണങ്ങള്‍ മതിയാകുമായിരുന്നു. ഒരോ വരികള്‍ കേട്ടും കരഞ്ഞ് കരഞ്ഞ് എഴുതി തീർക്കാം.. ഒന്ന് പുണരാന്‍ ആഗ്രഹിച്ച്, ആ വീർപ്പുമുട്ടലുകളിലും മിഴിയിണ തുളുമ്പതേ തുടച്ച് മാറ്റാം.. ആർക്കും ശാശ്വതമല്ലാ ലോകമെന്ന് ആശ്വസിക്കാം...
"കാലമിനിയുമുരുളും
വിഷു വരും വർഷം വരും
തിരുവോണം വരും...
പിന്നെയോരോ തളിരിനും
പൂവരും കായ്‌വരും
അപ്പോളാരെന്നും
എന്തെന്നുമാർക്കറിയാം...''
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം