എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാന്‍...
ഒരു വാരാന്ത്യത്തിലെന്നോട് മൊബൈൽ കയ്യിൽ തന്ന് എങ്ങനെയാണ് പാട്ടു കേൾക്കുകയെന്ന് മടിച്ചു മടിച്ചു ചോദിച്ചു. ലോകാദ്ഭുതം കേട്ട പോലെ ഞാൻ പൊട്ടിച്ചിരിച്ചു. ഇത്താത്തമാരോടും ഉപ്പയോടും വാട്സാപ്പിൽ പുതിയ വിശേഷമെത്തിച്ചു. ഒറ്റ പാട്ടു പോലും സൂക്ഷിക്കാത്ത മൊബൈൽ നീട്ടി ഏതു പാട്ടു വേണമെന്ന് ഔദാര്യവാനായി. "എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ്" എന്ന പാട്ടു വേണമെന്ന് ഉമ്മ കണ്ണ് നിറച്ചു. പണ്ടെപ്പോഴോ ഉമ്മ ഖൽബ് പൊട്ടി ഉപ്പാക്ക് പാടി അയച്ചതാണെന്ന് തോന്നിപ്പിക്കുന്നത്രമേൽ സ്നേഹത്തോടെ, ഞാനും ഉമ്മയും അനിയനും ആ പാട്ടു കേട്ടു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
പാട്ടിനോടിഷ്ടമില്ലാത്ത, ഒരു വരി പോലും മൂളി നോക്കാനറിയാത്ത ഒരു വീടും വീട്ടുകാരുമുണ്ടാകുമോ? ബാത്റൂമിൽ പോലും ഒരു വരി മൂളാത്ത നാലു മക്കളും ഉമ്മയുമുള്ള ഒരു വീട്. ഒരു പാട്ടു പോലും പാടി കേൾക്കാത്ത ഒരു വീട്. ടി വി -യും റേഡിയോയുമില്ലാത്ത, ഇഷ്ടപ്പെട്ട പാട്ടുകൾകൊണ്ട് നിറഞ്ഞ മെമ്മറിയില്ലാത്ത അങ്ങനൊരു വീട് അപൂർവങ്ങളിൽ അപൂർവമാണെന്നറിഞ്ഞത് ഹോസ്റ്റൽ പഠന കാലത്താണ്. ഉറങ്ങാനും, യാത്ര ചെയ്യാനും, ചുമ്മാ ഇരുന്ന് കേൾക്കാനും കൂട്ടുകാർ പാട്ടുകൾ കൈമാറ്റം ചെയ്യുന്നത് കണ്ടപ്പോൾ, പാട്ടു കേട്ട് പോലും പരീക്ഷക്ക് പഠിക്കുന്ന കൂട്ടുകാരനെ കണ്ടപ്പോൾ, പാട്ടിനൊരു തെല്ലു പരിഗണന പോലും കിട്ടാത്ത വീട്ടിൽ നിന്ന് വന്ന എനിക്ക് അതിശയോക്തി തോന്നിയത് കുറച്ചൊന്നുമല്ല.
മുളക് കടിച്ചതാണെന്നുമ്മയും അല്ലെന്ന് ഞങ്ങളും ആണയിട്ടു
ഒരു ഓണാവധിക്ക്, ഒരുമിച്ചിരുന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ തീർത്തും അനവസരത്തിൽ ഞാൻ അത് ചോദിക്കുക തന്നെ ചെയ്തു, 'എന്താണുമ്മ നമ്മളാരും പാട്ടു കേൾകാത്തതും, പാടാത്തതും, പാട്ടിനെ ഇഷ്ടപ്പെടാത്തതും?' ഇത്താത്തമാർ പൊട്ടിച്ചിരിക്കുകയും, അനിയൻ 'നീ ഒക്കെ പാടാതിരിക്കുന്നതാണ് നല്ലതെന്ന് കളിയാക്കുകയും ചെയ്തപ്പോൾ, ഉമ്മ കണ്ണ് നിറഞ്ഞെഴുന്നേറ്റു പോകുക മാത്രമാണ് ചെയ്തത്. മുളക് കടിച്ചതാണെന്നുമ്മയും അല്ലെന്ന് ഞങ്ങളും ആണയിട്ടു. പാട്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾ പോലും ഉയരാത്ത വീടാണെന്‍റേതെന്ന തിരിച്ചറിവിൽ ഞങ്ങളാ കണ്ണുനീരിനെ അവഗണിച്ചു കളയുക തന്നെ ചെയ്തു. മലപ്പുറത്തെ യാഥാസ്ഥിക കുടുംബത്തിലേക്ക് പാട്ടുകൾ വിരുന്നുവരാത്തതിന് പിന്നിൽ മതപരമായ കാരണങ്ങളായിരിക്കുമെന്ന് കൂട്ടുകാർ ന്യായീകരിക്കുമ്പോളും, ഒരു താരാട്ടു പാട്ടു പോലും പാടാതെ നാലു മക്കളെ നെഞ്ചോടു ചേർത്ത് വളർത്തിയൊരുമ്മ, പാട്ടു പോലെ വർത്തമാനം അണമുറയാതെ കേൾക്കുന്ന ഞങ്ങളുടെ വീടിന് പാട്ടില്ലാത്തൊരു പാലാഴി തീർക്കുകയായിരുന്നുവെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി.
ഇത്താത്തമാർ കല്യാണം കഴിച്ചു പോയതിൽ പിന്നെ പാട്ടോളം നിക്കുന്ന വർത്തമാന കടലുകൾ വറ്റി. ഉപ്പ വിളിക്കുമ്പോഴും ഇത്താത്തമാർ വിരുന്നു വരുമ്പോഴും, ഞാൻ വരുമ്പോഴും മാത്രം ഉമ്മ പാട്ടു പോലെ സംസാരിച്ചു. ഒരു വാരാന്ത്യത്തിലെന്നോട് മൊബൈൽ കയ്യിൽ തന്ന് എങ്ങനെയാണ് പാട്ടു കേൾക്കുകയെന്ന് മടിച്ചു മടിച്ചു ചോദിച്ചു. ലോകാദ്ഭുതം കേട്ട പോലെ ഞാൻ പൊട്ടിച്ചിരിച്ചു. ഇത്താത്തമാരോടും ഉപ്പയോടും വാട്സാപ്പിൽ പുതിയ വിശേഷമെത്തിച്ചു. ഒറ്റ പാട്ടു പോലും സൂക്ഷിക്കാത്ത മൊബൈൽ നീട്ടി ഏതു പാട്ടു വേണമെന്ന് ഔദാര്യവാനായി. "എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ്" എന്ന പാട്ടു വേണമെന്ന് ഉമ്മ കണ്ണ് നിറച്ചു. പണ്ടെപ്പോഴോ ഉമ്മ ഖൽബ് പൊട്ടി ഉപ്പാക്ക് പാടി അയച്ചതാണെന്ന് തോന്നിപ്പിക്കുന്നത്രമേൽ സ്നേഹത്തോടെ, ഞാനും ഉമ്മയും അനിയനും ആ പാട്ടു കേട്ടു. ഓരോ വരികളും ഹൃദ്യമായിരുന്നെന്റെ ഉമ്മക്കെന്ന് കൺകോണിലൊരിത്തിരി നനവോടെ ഞാൻ തിരിച്ചറിഞ്ഞു. പാട്ട് ഉപ്പാക്കയച്ചപ്പോൾ സങ്കടത്തിന്റെ സ്മൈലി കൊണ്ടുപ്പ നിശബ്ദനായി. വാക്കുകളില്ലാത്തിടത്ത് സ്മൈലികൾ കഥപറയുന്ന നിമിഷങ്ങളെന്ന പോൽ. ഞനൊരു മറു സ്മൈലി കൊണ്ട് കണ്ണ് നിറച്ചു. 31 വർഷത്തിന്റെ ദാമ്പത്യ ജീവിതത്തിൽ അവരൊരുമിച്ചുണ്ടായത് മൂന്നു വർഷത്തിൽ താഴെ മാത്രമാണെന്ന ചിന്തയിൽ ഞാനും പൊള്ളിപ്പോയി.
എങ്കിലും, പാട്ടിന്റെ പാലാഴി പോലൊരുമ്മയുണ്ടവിടെ
“അന്ന് മുതലെത്ര പാടിയും എഴുതിയും അയച്ചിരിക്കുന്നു ഈ പാട്ട്, എന്നിട്ടും നിന്‍റെ ഉപ്പ ഇന്നും ഗൾഫിലാണല്ലൊ” എന്ന് ഉമ്മ കണ്ണ് തുടച്ചു. ഓർമ വെച്ചന്നോളം പാട്ട് കേട്ടിട്ടില്ലാത്ത വീട്ടിലൊരു പാട്ടിന്‍റെ സങ്കട കടലുമായാണുമ്മ നല്ല പ്രായം കഴിച്ചു കൂട്ടിയതെന്നോർമയിൽ “മതി പ്രവാസമെന്നു” പറഞ്ഞു ഉപ്പയെ തിരിച്ചു വിളിച്ചിരിപ്പുണ്ട് ഞാൻ. അതിനു മുമ്പെന്ന പോൽ അതിനു ശേഷവും പാട്ടുകൾ കേൾക്കാത്ത, പാട്ടുകൾ പാടാത്ത, വീടാണെന്‍റേത്. എങ്കിലും, പാട്ടിന്റെ പാലാഴി പോലൊരുമ്മയുണ്ടവിടെ. ഒറ്റ പാട്ട് കൊണ്ട് ഒരായിരം പാട്ടുകൾ കേൾക്കാതെ പോയ ഒരു വീടാണെന്‍റേത്.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം