ആലപ്പുഴയിലെ സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും

27 students in school in Alappuzha with itching and Physical discomfort School was closed

ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്കൂളിന് അവധി നൽകി. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്ലസ് വൺ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ പി റിജോ (16), ഷാരോൺ ടി ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്. 

ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയിൽ ഇരുത്തി ചികിത്സനൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കൽ സംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയവിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്. 

അസഹ്യമായതോടെയാണ് പലരും ചികിത്സതേടിയത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച പ്ലസ് വൺ സയൻസ് ബാച്ചിൽ ക്ലാസ് മുറിയിലാണ് സംഭവങ്ങൾക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവർക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സ്കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചിൽ വില്ലനായത്. 

നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയിൽ ബാഗുവെച്ച് പുറത്തിറങ്ങി കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചിൽ പടർന്നതോടെ സ്കൂളിന് അവധി നൽകി. ഇതിന് പിന്നാലെ ഡിഎംഒ ഓഫിസിലെ മെഡിക്കൽ സംഘം സ്കൂളിലെത്തി ചൊറിച്ചിൽ നേരിട്ട വിദ്യാർഥികളെ വിശദമായി പരിശോധിച്ചു. 

കൂട്ടത്തോടെ ചൊറിച്ചിൽ അനുഭവപ്പെട്ട ക്ലാസ് മുറിയിൽ പ്രാണികളുടെ ആക്രമാണോയെന്ന് സംശയമുണ്ടെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി ജെ യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്വൺ സയൻസ് ബാച്ചിന് അവധിനൽകുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം, സംസ്ഥാന സ്കുൾ ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ ലിയോതേർട്ടീന്ത് സ്കൂളിലെ ക്ലാസ് മുറിയിൽ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവർത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കെമിക്കലിൽ നിന്നുണ്ടായതാണോ എന്ന സംശയവുമുണ്ട്.

സ്കൂൾ ഉച്ചഭക്ഷണത്തിൽ പുഴു, ആന്ധ്രയിൽ വിദ്യാർഥികൾ ആശുപത്രിയിൽ, 4 പേരുടെ നില ​ഗുരുതരം, നടപടിയെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios