ഇങ്ങനെ ഒരു ഭര്‍ത്താവിനെ, ഈ പാട്ടിലല്ലാതെ എവിടെയാണ് കാണുക?

ആദ്യ ഗർഭത്തിന്റെ ആലസ്യത്തിൽ വിഷാദ പൂർണ്ണമായ ഓരോ നിമിഷവും കൊഴിഞ്ഞു പോകുമ്പോഴും, ബെഡ് റെസ്റ്റിന്റെ മടുപ്പിക്കുന്ന ദിനങ്ങളിൽ ശ്വാസം മുട്ടുമ്പോഴും, ഏറ്റവും ക്ഷീണിതയായി ആശുപത്രിയുടെ വരാന്തയിൽ കൂടി ഒറ്റക്ക് നടക്കുമ്പോഴും കൈ പിടിച്ചു നടത്തുവാനും, വയറിനോട് കൈചേർത്ത് വെച്ച് കുഞ്ഞാവയുടെ അനക്കങ്ങൾ അറിഞ്ഞ് അത്ഭുതപ്പെടുത്തുവാനും, വീർത്ത വയറു താങ്ങി ശോഷിച്ച കാലുകളെ തലോടി കൊണ്ട് കൂട്ടിരിക്കുവാനും ഞാൻ ഒരു മനുഷ്യനെ പ്രതീക്ഷിച്ചിരുന്നു. മാനസി പി കെ എഴുതുന്നു

my beloved song manasi pk

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

വിഷാദത്തിന്റെ മുൾവേലികൾ കൊണ്ട് ഒറ്റക്കൊരു രാജ്യം തീർത്ത് എന്നോട് തന്നെ യുദ്ധം ചെയ്യുകയും, എന്നെ തന്നെ മുറിവേൽപ്പിക്കുകയും ചെയ്യുന്ന ചില സമയങ്ങൾ ജീവിതത്തിലേക്ക് കയറി വരാറുണ്ട്. ഏറ്റവും കൂടുതൽ പാട്ട് പാടുകയും, കേൾക്കുകയും, വായിക്കുകയും, എഴുതുകയും ചെയ്യുന്ന നാളുകളുമായിരിക്കും അവ. തൊണ്ടയിലൊരു സങ്കടം വന്ന് കുരുങ്ങി കിടക്കുമ്പോൾ,
 
"വരുവാനില്ലാരുമീ വിജനമാം
എൻ വഴിക്കറിയാം അതെന്നാലുമെന്നും" എന്ന പാട്ട് റിപ്പീറ്റ് മോഡിലിട്ട് കാർമേഘങ്ങളായി കെട്ടിക്കിടന്ന സങ്കടങ്ങളെ ഒരു പെരുമഴയായി ഞാൻ കണ്ണുകളിലൂടെ ഒഴുക്കി വിടാറുണ്ട്. ഏറെയാഗ്രഹിച്ചിട്ടും ഒരിക്കൽ പോലും അനുഭവിക്കാനോ, എനിക്ക് പ്രകടിപ്പിക്കാനോ കഴിയാതിരുന്ന അച്ഛൻ സ്നേഹത്തെ ഓർക്കുമ്പോൾ "സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനേയാണെനിക്കിഷ്ട്ടം" എന്ന പാട്ട് ഒരു വിമ്മിഷ്ട്ടത്തോടെ ഞാൻ കേട്ടിരിക്കാറുണ്ട്. 

അവഗണനയുടെ കൊടിയ വിഷവിത്തുകൾ എന്നെ തേടി വന്ന ദിവസങ്ങളായിരുന്നു അവ

ഇട ജീവിതത്തിൽ ആഹ്ലാദങ്ങളുടെ അലകളുയർത്തുവാൻ വേണ്ടി  വല്ലപ്പോഴും ഡപ്പാം കൂത്ത് പാട്ടുകൾ കേൾക്കുമെന്നത് ഒഴിച്ചാൽ ഏറേയും എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്റെ ജീവിതവുമായി റിലേറ്റഡായി കിടക്കുന്ന ഇത്തരം പാട്ടുകൾ തന്നേയായിരുന്നു. അതുകൊണ്ട് തന്നെ ആ പാട്ടുകളെ വീണ്ടും കേൾക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. എങ്കിലും ഇവയുടെ വിഷ്വലുകൾ ഒന്നും എന്നെ അത്ര സ്വാധീനിക്കാറുണ്ടായിരുന്നില്ല.

പക്ഷെ, ഒരുനാൾ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ടു പോയ ജീവിതത്തെ  വിഷ്വലുകളായും, ഈണമായും, വരികളായും പകർത്തി കൊണ്ട് ഒരു പാട്ട് എന്നെ വല്ലാതെ പാട്ടിലാക്കുക തന്നെ ചെയ്തു. ജോസഫ് എന്ന സിനിമയിലെ, "പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ" എന്ന പാട്ടായിരുന്നു അത്.

ഗർഭകാലത്തിന്റെ നിസ്സഹായതയിൽ ഒരു മനുഷ്യന്റെ കരുതലിനും, സ്നേഹത്തിനും കാത്ത് മടുത്ത് കണ്ണീര് വറ്റിപ്പോയവൾ എങ്ങനേയാണ് ആ പാട്ട് ഹൃദയത്തിലേക്ക് ഏറ്റെടുക്കാതിരിക്കുക. ഓർമ്മകളുടെ ഒരു ഘോഷയാത്ര തന്നെ ആ പാട്ടിനു പുറകേയായി ഓടി വന്നപ്പോൾ എന്നത്തേയും പോലെ റിപീറ്റ് മോഡിലിട്ട് ആ പാട്ട് ഞാൻ കേട്ട് കൊണ്ടേയിരുന്നു,

ആദ്യ ഗർഭത്തിന്റെ ആലസ്യത്തിൽ വിഷാദ പൂർണ്ണമായ ഓരോ നിമിഷവും കൊഴിഞ്ഞു പോകുമ്പോഴും, ബെഡ് റെസ്റ്റിന്റെ മടുപ്പിക്കുന്ന ദിനങ്ങളിൽ ശ്വാസം മുട്ടുമ്പോഴും, ഏറ്റവും ക്ഷീണിതയായി ആശുപത്രിയുടെ വരാന്തയിൽ കൂടി ഒറ്റക്ക് നടക്കുമ്പോഴും കൈ പിടിച്ചു നടത്തുവാനും, വയറിനോട് കൈചേർത്ത് വെച്ച് കുഞ്ഞാവയുടെ അനക്കങ്ങൾ അറിഞ്ഞ് അത്ഭുതപ്പെടുത്തുവാനും, വീർത്ത വയറു താങ്ങി ശോഷിച്ച കാലുകളെ തലോടി കൊണ്ട് കൂട്ടിരിക്കുവാനും ഞാൻ ഒരു മനുഷ്യനെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അയാൾ വന്നില്ല. കുഞ്ഞാവ പിറന്നതിന് ശേഷം ബോധം വന്നപ്പോൾ കുഴഞ്ഞ് പോകുന്ന നാവ് കൊണ്ട് ആദ്യമായി ആ വിവരം ഞാൻ അറിയിച്ചിട്ടും അയാൾ എത്തിയതേയില്ല. അവഗണനയുടെ കൊടിയ വിഷവിത്തുകൾ എന്നെ തേടി വന്ന ദിവസങ്ങളായിരുന്നു അവ. ജീവിതത്തെ ഏറെ വെറുത്തു പോയ നാളുകൾ.

കാലങ്ങൾക്ക് ശേഷവും എന്റെ ആ കാത്തിരിപ്പുകൾ ഒരു നീറ്റലായി മനസ്സിങ്ങനെ കിടക്കുമ്പോൾ ഭാര്യയുടെ  കൂടെ ലേബർ റൂമിൽ കയറി അവളുടെ വേദനയുടേയും, പേടിയുടേയും കൂടെ അവളെ തലോടിക്കൊണ്ട് നായകൻ നിൽക്കുന്ന സമയത്ത് "പൂമുത്തോളേ" എന്ന് പാട്ട് തുടങ്ങുമ്പോൾ എന്റെ നഷ്ട്ടക്കണക്കുകൾ ഞാൻ തിരയാതിരിക്കുന്നത് എങ്ങനേയാണ്. പ്രസവശേഷം വീട്ടിലേക്ക് കയറി വരുമ്പോൾ ഒരു ആഘോഷവീടാക്കി ഭാര്യയേയും, മകളേയും അയാൾ വരവേൽക്കുന്ന ആ നിമിഷത്തേയും, വരികളേയും കണ്ണീരില്ലാതെ കാണാൻ എനിക്കെങ്ങനേയാണ് കഴികുക.

എനിക്ക് എങ്ങനേയാണ് ഈ പാട്ട് പ്രിയപ്പെട്ടതായി മാറാതിരിക്കുക

ഒരു താരാട്ട് പാട്ടിന്റെ എല്ലാ ചേരുവകളുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവളേയും, കുഞ്ഞിനേയും ഒരു പോലെ സ്നേഹം കൊണ്ട് മൂടുകയും രണ്ട് പേരേയും കുഞ്ഞിനെ പോലെ ചേർത്തു പിടിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിനെ ഈ പാട്ടിലല്ലാതെ മറ്റൊരു പാട്ടിലും ഞാൻ കണ്ടിട്ടില്ല. പെറ്റോളെ കെട്ടിയോൻ കാണണമെങ്കിൽ നാൽപത് കുളി കഴിയണമെന്ന് പറയുന്നവരുടെ ഇടയിലേക്ക്, 

"ആരും കാണാമേട്ടിലെ
തിങ്കൾ നെയ്യും കൂട്ടിലെ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം.
പേര് മണി പൂവിലെ
തേനൊഴുകും നോവിനെ
ഓമൽച്ചിരി നൂറും നീട്ടി
മാറത്തൊതുക്കാം"

എന്ന് പാടിക്കൊണ്ട് തന്റെ പ്രിയതമയെ എണ്ണതേച്ച് തടവി സ്നേഹിക്കുന്ന ആ ഭർത്താവിനേയും, പ്രസവാനന്തര പരിചരണത്തിന്റെ ക്ഷീണത്തിൽ തന്റെ പ്രിയപ്പെട്ടവനെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന നായികയേയും ആ നിമിഷങ്ങളേയും നഷ്ട്ടബോധത്തിന്റെ ഒരു നെടുവീർപ്പോടു കൂടിയല്ലാതെ ഞാനെങ്ങനേയാണ് കാണുക. എന്റെ നഷ്ട്ടങ്ങളൊക്കേയും കാണുന്നയിടം ഏറെ പ്രിയപ്പെട്ടതാക്കി മാറ്റുന്ന എനിക്ക് എങ്ങനേയാണ് ഈ പാട്ട് പ്രിയപ്പെട്ടതായി മാറാതിരിക്കുക.

പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്ട്ടപ്പെട്ടയിടം എവിടേയാണെന്ന് ഏറെ നാൾ തിരഞ്ഞ് കൊണ്ടിരുന്ന എനിക്ക് ഒരു ഉത്തരം തന്നേയാണ് ഈ പാട്ട്. ഏറെ നൊമ്പരപ്പെടുത്തുകയും അതിലേറെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരേയൊരു പാട്ട്.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios