ഉമ്മറക്കോലായിലെ തൂണില്‍ ചാരിവെച്ച ഒരു ടേപ്പ് റെക്കോര്‍ഡര്‍

അന്ന് ഞങ്ങടെ നാട്ടിലെ സിനിമാതിയറ്ററില്‍ 'മണിയറ' സിനിമ കളിക്കുന്നു. ദാമ്പത്യത്തിന്റെ ആദ്യനാളുകളുടെ മനോഹാരിതക്കായി  ഉപ്പ ഉമ്മയെ മണിയറ കാണിക്കാന്‍ കൊണ്ടുപോയി. 

my beloved song faseela moythu

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song faseela moythu

ഉമ്മറക്കോലായിലെ തിണ്ണയിലെ തൂണില്‍ ടേപ്പ് റെക്കോര്‍ഡര്‍ ചാരിവെച്ച് ഉപ്പ കേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 

'മിഴിയിണ ഞാനടയ്ക്കുമ്പോള്‍
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം'

കസേരയിലിരുന്ന് തിണ്ണയിലേക്ക് കാലും കയറ്റിവെച്ചാണ് ഉപ്പ ഇരിക്കുക. മുറ്റത്ത് കുപ്പിവളപ്പൊട്ടോ പുളിങ്കുരുവോ പെറുക്കി നടക്കുന്നുണ്ടാവും ഞാന്‍. കാതിലേക്ക് മഴ പോലെ ആ പാട്ടു വന്നണയും. കുഞ്ഞുമനസ്സിനുള്ളിലെ ഏതേതോ വാതിലുകള്‍ തള്ളിത്തുറക്കും.

ഞങ്ങളെയാരെയെങ്കിലും കണ്ടാല്‍ വന്നതിനേക്കാള്‍ ധൃതിയില്‍ അടുക്കളയിലേക്ക് മറയും 

കുഞ്ഞുന്നാളിലേ ഉള്ളില്‍ പതിഞ്ഞ വരികള്‍. അവളുടെ മലര്‍മിഴിയില്‍ തെളിയുന്ന കവിതകള്‍ ഞാന്‍ വായിച്ചപ്പോള്‍ കവിതകളില്‍ കണ്ടതെല്ലാം എന്റെ പേര്‍മാത്രമെന്ന് പ്രണയാര്‍ദ്രമായ് പാടുന്ന ഗായകന്‍. ഞാന്‍ ആദ്യമായ് കേട്ട പ്രണയഗീതവും അതായിരുന്നു. കാലത്തിനൊപ്പം ഞാനും ബാല്യ കൗമാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഇന്നും പ്രണയമൊഴുകിയ വരികള്‍ എന്നെ തൊടുന്നുണ്ടെങ്കില്‍ അതിലാദ്യം  ആ ഗാനമാണ്. 

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിയ 'മണിയറ'യിലെ ഗാനമാണത്. ഒരിയ്ക്കല്‍ ഈ പാട്ടിങ്ങനെ ഉപ്പ കേള്‍ക്കുന്നതിനെക്കുറിച്ച് താത്തയാണ് പറഞ്ഞുതന്നത്. അന്ന് ഉപ്പയുടേയും ഉമ്മയുടേയും വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനങ്ങളായിരുന്നു. യാഥാസ്ഥിതികത്വവും കഷ്ടപ്പാടുകളും മറികടന്ന് പുതിയ ലോകം സ്വപ്നം കണ്ട് ഉമ്മ തറവാടുവീടിന്‍റെ പടികയറിയ കാലം. സിനിമ എന്തെന്ന് കേട്ടിട്ടുപോലുമില്ല. 

അന്ന് ഞങ്ങടെ നാട്ടിലെ സിനിമാതിയറ്ററില്‍ 'മണിയറ' സിനിമ കളിക്കുന്നു. ദാമ്പത്യത്തിന്റെ ആദ്യനാളുകളുടെ മനോഹാരിതക്കായി  ഉപ്പ ഉമ്മയെ മണിയറ കാണിക്കാന്‍ കൊണ്ടുപോയി. സിനിമ കണ്ടു. ഉമ്മയ്ക്കിഷ്ടമായിക്കാണണം. അതുള്ളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കണം. 

ഇന്നും ടി.വിയിലൊക്കെ ഈ പാട്ടുവരുമ്പോള്‍ അടുക്കളയിലേക്ക് ധൃതിപ്പെട്ടുപോകുന്ന ഉമ്മ കട്ടില്‍പ്പടിക്കു പിന്നില്‍ നിന്ന് ടിവിയിലേക്ക് എത്തി നോക്കുന്നത് കാണാം. ഞങ്ങളെയാരെയെങ്കിലും കണ്ടാല്‍ വന്നതിനേക്കാള്‍ ധൃതിയില്‍ അടുക്കളയിലേക്ക് മറയും. 

ദേഹം മൂടിപ്പൊതിഞ്ഞിരിക്കുന്നവര്‍ക്കുള്ളിലാണ് സത്യത്തില്‍ പ്രണയമുള്ളത്

ഉമ്മ പിന്നീട് സിനിമ കണ്ടതായി എന്റെ അറിവിലില്ല. അന്നു കണ്ടതിന്‍റേയും കേട്ടതിന്‍റേയും ഓര്‍മ്മകളിലായിരിക്കണം ഇപ്പോഴും ഉമ്മയുടെ ജീവിതം. 

'മണിയറയില്‍ ആദ്യരാവില്‍
വികൃതികള്‍ നീ കാണിച്ചെന്‍റെ
കരിവളകള്‍ പൊട്ടിപ്പോയ മുഹൂര്‍ത്തം തൊട്ടേ..
കരളറ തന്‍ ചുമരിങ്കല്‍ പലവര്‍ണ്ണച്ചായത്തിങ്കല്‍
എഴുതിയതാം ചിത്രങ്ങളില്‍ നിന്‍മുഖം മാത്രം....'

ഒരിയ്ക്കല്‍ ഈ വരികളൊന്ന് മൂളിയപ്പോള്‍ ഒരാള്‍ പറഞ്ഞു. ദേഹം മൂടിപ്പൊതിഞ്ഞിരിക്കുന്നവര്‍ക്കുള്ളിലാണ് സത്യത്തില്‍ പ്രണയമുള്ളത്. തുറന്നുവെക്കപ്പെടുന്ന ശരീരത്തിനുള്ളില്‍ പ്രണയം ഒരിറ്റു മാത്രമേ കാണൂ. അതു ശരിയോ എന്നെനിക്കറിയില്ല. എങ്കിലും ആ പാട്ടോര്‍ക്കുമ്പോള്‍ ഇടയ്ക്കങ്ങനെ തോന്നാറുണ്ട്. 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios