'മുത്തശ്ശാ... അത് കണ്ടോ ഒരു കുഞ്ഞ് വള്ളം'

എന്‍റെ ഉണ്ടകണ്ണുകൾക്ക് ചെന്നെത്താവുന്നതിനും അകലെ നിന്ന് കരിനാഗങ്ങളെ പോലെ തോന്നിക്കുന്ന  എന്തോ ഒന്ന് ഓളങ്ങളെ മുറിച്ച് പാഞ്ഞടുക്കുന്നുണ്ടായിരുന്നു. പേടിച്ച് മുത്തശ്ശന്‍റെ വിരലിൽ പിടിമുറുക്കി പിന്നെ പുറകിലൊളിച്ച്, ഇടം കണ്ണിട്ട്  ഒളിഞ്ഞുനോക്കിയ എന്നെ, എടുത്തുയർത്തി മുത്തശ്ശൻ പിന്നെയും പാടി. 

my beloved song chandana santhosh

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song chandana santhosh

പണ്ട് മുത്തശ്ശന്‍റെ  കയ്യിൽ തൂങ്ങി ആദ്യമായി  പുന്നമട കായൽ കാണാൻ പോയത് ഏറെ കൗതുകത്തോടെയാണ്. അന്നത്തെ ആ നാല് വയസ്സുകാരിക്കായ്  വിരുന്നൊരുക്കി  കാത്തിരുന്നത് കായലിലെ കുഞ്ഞോളങ്ങൾ മാത്രമായിരുന്നില്ല. ആകാശനീലിമയോളം പരന്ന് കിടന്നിരുന്ന കായൽ. അതിന്‍റെ ഒരു കരയിൽ നിന്ന് ആഴങ്ങളിലേക്ക് മിഴിയെറിഞ്ഞതും, കണ്ണിലെ കൗതുകം മുത്തശ്ശന്‍റെ ചുണ്ടിൽ പുഞ്ചിരിയായതും കുട്ടനാടുകാരിയായ ആ കൊച്ചുപെണ്ണിന്‍റെ ഓർമ്മകളിലെ ഒരിക്കലും മായാത്ത അവശേഷിപ്പുകളായി മാറിയിരുന്നു. 

എന്നെ, എടുത്തുയർത്തി മുത്തശ്ശൻ പിന്നെയും പാടി

'മുത്തശ്ശാ... അത് കണ്ടോ കുഞ്ഞ് വള്ളം' എന്നും  പറഞ്ഞു തുള്ളിച്ചാടിയ എന്നെ നോക്കി തലയാട്ടി ചിരിച്ചു ദൂരേയ്ക്ക് കൈചൂണ്ടി മുത്തശ്ശൻ പാടി,
'കുട്ടനാടൻ പുഞ്ചയിലെ... 
തിത്തെയ് തക തെയ് തെയ് തോം... 
കൊച്ചുപെണ്ണേ കുയിലാളേ... 
തിത്തിത്താരാ തെയ് തെയ്... 
കൊട്ടുവേണം കുഴൽ വേണം 
കുരവ വേണം... 

എന്‍റെ ഉണ്ടകണ്ണുകൾക്ക് ചെന്നെത്താവുന്നതിനും അകലെ നിന്ന് കരിനാഗങ്ങളെ പോലെ തോന്നിക്കുന്ന  എന്തോ ഒന്ന് ഓളങ്ങളെ മുറിച്ച് പാഞ്ഞടുക്കുന്നുണ്ടായിരുന്നു. പേടിച്ച് മുത്തശ്ശന്‍റെ വിരലിൽ പിടിമുറുക്കി പിന്നെ പുറകിലൊളിച്ച്, ഇടം കണ്ണിട്ട്  ഒളിഞ്ഞുനോക്കിയ എന്നെ, എടുത്തുയർത്തി മുത്തശ്ശൻ പിന്നെയും പാടി. 'വിജയശ്രീലാളിതരായി വരുന്നു ഞങ്ങൾ...'

ആ കൈപിടി എന്‍റെ കരങ്ങളോടും വിടപറഞ്ഞു

അന്ന്, നെഹ്റു ട്രോഫി  ജയിച്ച ചുണ്ടന്‍റെ അമരക്കാരന് ഉള്ളിൽ അലതല്ലുന്ന  സന്തോഷമെന്തായിരുന്നുവോ അതിനും പതിന്മടങ്ങ് നിറവായിരുന്നു എന്‍റെ മനസ്സിന്.

വർഷങ്ങൾ മുന്നിലേക്ക് ഒരുപാട് ഒഴുകി. ഋതുഭേതങ്ങൾ വന്നുപോയി. ആ കൈപിടി എന്‍റെ കരങ്ങളോടും വിടപറഞ്ഞു. പക്ഷെ, ഇന്നും ആ വായ്ത്താരിയോട് താളം പിടിക്കുമ്പോൾ കുഞ്ഞോളങ്ങളോട്  ചെവിയോർക്കുമ്പോൾ കറുത്ത ചിറകുവച്ച അരയന്നക്കിളിയെ പോലെ, കുതിച്ചടുക്കുന്ന കുതിരയെ പോലെ എന്‍റെ ഓർമ്മകളെ മാടി വിളിക്കുന്ന ജലരാജാക്കന്മാരെ കാണുമ്പോൾ... എന്‍റെ കൈകളിൽ കൈ ചേർത്ത്, തലയാട്ടി ചിരിച്ച് മുത്തശ്ശൻ ഇന്നും കൂടെ നടക്കുന്നതായി തോന്നിപ്പോകുന്നു...

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 


 

Latest Videos
Follow Us:
Download App:
  • android
  • ios