പാടാത്ത മുളം തണ്ടുകളുടെ വേദനയില്‍ ആ പാട്ടുണ്ട്!

ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ ഉള്ളില്‍ നിന്നും എന്തോ ഒരു ഭാഗമടര്‍ന്നു വീണു നോവുന്നുണ്ടായിരുന്നു. വരികളോടും സംഗീതത്തോടും ദാസേട്ടനോടും അഭിനയിച്ച ലാലേട്ടനോടുമൊക്കെ ഉള്ളില്‍ നിന്ന് പതഞ്ഞു പൊങ്ങുന്ന സ്‌നേഹം പ്രകടിപ്പിക്കാനാകാതെ വിങ്ങി പോകുമ്പോള്‍ ആരും കേള്‍ക്കാതെ ആ പാട്ട് ഉറക്കെ പാടും. ശ്രീ പാര്‍വ്വതി എഴുതുന്നു

My beloved song by Sree parvathy

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

My beloved song by Sree parvathy

ഒരിടത്തൊരു പുല്ലാങ്കുഴലുണ്ടായിരുന്നു, ചേരുന്ന ചുണ്ടുകളോട് പ്രണയം കൂടിയ ശേഷം ചുണ്ടുകളോടൊട്ടിച്ചേര്‍ന്ന നോവുകള്‍ പാട്ടായി പിറക്കുന്ന തേനരുവി. പാട്ടുകള്‍ കേട്ട് തുടങ്ങുന്നത് പോലും കൗമാരത്തിന്റെ പിറവിയില്‍ മാത്രമാണ്. എന്തിനാണ്, എങ്ങനെയാണ് എന്ന് ചോദിക്കുമ്പോള്‍ അവളവളെ തിരഞ്ഞു നടന്ന ഏതോ കാലത്തിന്റെ ഓര്‍മ്മയിലേക്ക് നടന്നിറങ്ങാന്‍ മാത്രമുള്ള അനുഭൂതികള്‍ അവ തന്നതുകൊണ്ടാകാം എന്ന് തോന്നുന്നു. വയലാറിന്റെ കവിത നീട്ടി ചൊല്ലിയ ഓര്‍മ്മയിലാണ് ആ പാട്ടും ആദ്യമായി കേള്‍ക്കുന്നത്,

വയലാര്‍ കവിത ഇതായിരുന്നു:

'മരമായിരുന്നു ഞാന്‍ 
പണ്ടൊരു മഹാ നദിക്കരയില്‍ 
നദിയുടെ പേര്‍ ഞാന്‍ 
മറന്നുപോയി 
നൈലോ യൂക്രട്ടീസോ 
യാക്‌സിയോ യമുനയോ 
നദികള്‍ക്കെന്നെക്കാളും 
ഓര്‍മ്മ കാണണം...'

അങ്ങനെ അങ്ങനെ നദികള്‍ ഓര്‍മ്മയില്‍ നിന്നും ചിക്കിയെടുത്ത ആ ദിവസങ്ങള്‍. രോമാഞ്ചത്തിന്‍ കഞ്ചുകമണിഞ്ഞു നില്‍ക്കുന്ന നിമിഷങ്ങളിലൊന്നില്‍ കടക്കല്‍ വീഴുന്ന കത്തിയും പിന്നെ ഉരുകി വീഴലും. ഒടുവില്‍ ഗര്‍ഭഗൃഹത്തിലെ നോവുകളെല്ലാം ഒന്നായി ഒന്നിച്ചുണര്‍ന്ന പോലെ ഒന്ന് തൊടുമ്പോള്‍ ഉണര്‍ന്ന ആര്‍ദ്രമായ സംഗീത ധാര... 

എത്ര കൃത്യമായിരുന്നു ആ ഗാനവും...

'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിന് കഥ പറയാം.
പുല്‍മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടില്‍..'

ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ ഉള്ളില്‍ നിന്നും എന്തോ ഒരു ഭാഗമടര്‍ന്നു വീണു നോവുന്നുണ്ടായിരുന്നു. വരികളോടും സംഗീതത്തോടും ദാസേട്ടനോടും അഭിനയിച്ച ലാലേട്ടനോടുമൊക്കെ ഉള്ളില്‍ നിന്ന് പതഞ്ഞു പൊങ്ങുന്ന സ്‌നേഹം പ്രകടിപ്പിക്കാനാകാതെ വിങ്ങി പോകുമ്പോള്‍ ആരും കേള്‍ക്കാതെ ആ പാട്ട് ഉറക്കെ പാടും. ആരുമില്ലാതെ വീടിന്റെ നാല് ഭിത്തികളും അല്ലെങ്കില്‍ തുറന്നു കിടന്ന വീടിന്റെ പറമ്പിലെ ഞാന്‍ പേരിട്ട മരങ്ങളും ഒക്കെയായിരുന്നു കേള്‍വിക്കാര്‍. മാറ്റങ്ങളൊക്കെ തലയാട്ടി തന്നു, വീണ്ടും വീണ്ടും പാടാനുള്ള പ്രചോദനമാണെന്നോര്‍ത്തു പിന്നെയും ആ പാട്ട് മുഴുവനുറക്കെ പാടി. 

ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ ഉള്ളില്‍ നിന്നും എന്തോ ഒരു ഭാഗമടര്‍ന്നു വീണു നോവുന്നുണ്ടായിരുന്നു.

'പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും
മേച്ചില്‍പ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
ഈ പാഴ്മുളം
തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ 
കുഞ്ഞാടുകള്‍ക്കെന്നും
കൂട്ടായിരുന്നിടും 
ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴല്‍ നാദമായ്'

'ഉണ്ണികളേ ഒരു കഥപറയാന്‍' എന്ന സിനിമ കണ്ടത് പോലും ആ പാട്ടിനോടുള്ള പ്രണയം മൂത്തിട്ടാണ്. 

എബി എന്ന പുല്ലാങ്കുഴലിന്റെ കഥ. ഒരു സിനിമയുമായി ആ ചിത്രത്തിലെ ഗാനങ്ങള്‍ ഇത്രമാത്രമൊക്കെ അലിഞ്ഞു പോകുമോ! കണ്മുന്നില്‍ വളരുന്ന ഓമന കുരുന്നുകള്‍ക്കായി സ്വയം പുല്ലാങ്കുഴലായി മാറിയ എബി. ഉള്ളിലെ നോവിന്റെ ഗര്‍ഭ ഗൃഹത്തില്‍ നിന്നും വരുന്നതുകൊണ്ടായിരുന്നിരിക്കണം അയാള്‍  പുല്ലാങ്കുഴലില്‍ വായിച്ച ഗാനങ്ങള്‍ക്കൊക്കെയും അസാമാന്യമായ പ്രതിഭയുടെ ഭംഗിയുണ്ടായിരുന്നു. ഒടുവില്‍ തകര്‍ന്നു പോകുന്ന ഒരു പുല്ലാങ്കുഴലിന്റെ ഓര്‍മ്മയില്‍ ഞാന്‍ കരഞ്ഞു. ഞാനെന്ന ബോധത്തെ പോലും മാറ്റി വച്ചുകൊണ്ടു ആ അവസാന നിമിഷത്തിലുറക്കെ കരഞ്ഞു. അത്ര വേദനയോടു കൂടി അന്നേ വരെ ഒരു സിനിമയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു സിനിമയുടെയും ഇടയിലോ ഒടുക്കമോ ഇത്ര ഉച്ചത്തില്‍ കരഞ്ഞിരുന്നില്ല, ആ പുല്ലാങ്കുഴല്‍ അത്രമാത്രം നാദമായ ഉള്ളില്‍ അലിഞ്ഞു തീര്‍ന്നിരുന്നു, ആദ്യമായി അത് കേട്ടപ്പോള്‍ മുതല്‍.

അയാള്‍  പുല്ലാങ്കുഴലില്‍ വായിച്ച ഗാനങ്ങള്‍ക്കൊക്കെയും അസാമാന്യമായ പ്രതിഭയുടെ ഭംഗിയുണ്ടായിരുന്നു.

പത്രങ്ങളുടെ കാംപസ് പേജില്‍ എഴുതുക എന്ന ആശയം അടുത്ത കൂട്ടുകാരി രജനി പറയുമ്പോള്‍ അവരത് അച്ചടിക്കുമോ എന്ന ആശങ്കയായിരുന്നു മുന്നിട്ടു നിന്നത്, ഒടുവില്‍ അവളുടെ ധൈര്യത്തില്‍ ഇഷ്ടമുള്ള പാട്ടുകള്‍ എന്ന കാമ്പസ് കോളത്തിലേയ്ക്ക് പുല്ലാങ്കുഴലിനെ കുറിച്ചു എഴുതി അയക്കുമ്പോള്‍ കയ്യും നെഞ്ചും വിറച്ചു. പാട്ട് ഓര്‍ത്തു മാത്രമല്ല, ആദ്യമായി അച്ചടിക്കാന്‍ അയക്കുന്നതാണ്, ഉറപ്പില്ലാത്ത മോഹമാണ്...

അടുത്ത ആഴ്ച ഫൊണറ്റിക്‌സ് പഠിപ്പിക്കുന്ന ഷിബു സാര്‍ ക്ളാസില്‍ വന്നൊരു ചോദ്യം. 'ആരാണ് പാര്‍വ്വതി?' 

ചങ്കിടിച്ചു പോയ ചോദ്യത്തിനൊടുവില്‍ സര്‍വ്വ കണ്ണുകളുടെയും ആശങ്കകളെ പേറിക്കൊണ്ട് ലോകത്തിലെ ഏറ്റവും നിസ്സംഗയായവളെ പോലെ എഴുന്നേറ്റു നിന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, അതിസാധാരണക്കാരിയായ, പെണ്‍കുട്ടി എന്നതിനപ്പുറം ഒച്ചയുയര്‍ത്തിയിട്ടില്ല, ഞാനെന്റെ പേര് എങ്ങും പതിപ്പിച്ചിട്ടില്ല...
'തന്നെ അന്വേഷിച്ച് ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ ക്ളാസ്സിലും പോയി. എവിടെയും താനില്ല, ഇവിടെ അവസാനമായിരുന്നു. നമ്മുടെ കോളേജിന്റെ പേര് പത്രത്തില്‍ വന്നത് താന്‍ കാരണമല്ലേ അഭിനന്ദനങ്ങള്‍, നന്നായി എഴുതി'

കണ്ണുകള്‍ മറിഞ്ഞു പോകും പോലെ, മുന്നില്‍ നേര്‍ത്ത വെളുത്ത ഒരു മൂടല്‍ മഞ്ഞു മാത്രമേയുള്ളൂ. ഇത്ര നേരമുണ്ടായിരുന്ന നിസ്സംഗത മഴ പോലെ പെയ്‌തൊഴിഞ്ഞു അവിടെ മൂടല്‍ മഞ്ഞിന്റെ തണുപ്പ് നിറഞ്ഞു. ഞാനിപ്പോള്‍ മേഘങ്ങള്‍ക്കിടയിലാണ്. അങ്ങനെ അങ്ങനെ ഒഴുകി നടപ്പാണ്... പലയിടങ്ങളില്‍ നിന്നും അവഗണനയുടെ മുറിവുകള്‍ രക്തമിറ്റുന്ന ഓര്‍മ്മയില്‍ നിന്നും ആദ്യമായി ഒരാള്‍ കണ്ടെത്തി എന്റെ പേര് ഉറക്കെ വിളിക്കുന്നു, അതും ഒരു കൂട്ടത്തില്‍ എവിടെയെന്നറിയാതെ ലോകത്തോട് തന്നെയും ഞാനാരുമല്ല എന്നപോലെ ഒറ്റയ്ക്കിരിക്കുന്ന എന്നെ, 'പാര്‍വ്വതീ...'

'താന്‍ കേള്‍ക്കുന്നില്ലേ....'

അച്ചടിച്ച തീവ്രമായ ഭാഷയില്‍ ഷിബു സാറിന്റെ ശബ്ദ മേഘങ്ങളില്‍ നിന്നുമെന്നെ താഴേയ്ക്ക് പെയ്തിറക്കി. ആ ക്ളാസ് റൂം നിറയെ എന്റെ നന്ദി മഴയായ് നിറഞ്ഞു. ആ വെള്ളപ്പൊക്കത്തില്‍ ഞാന്‍ ഒലിച്ചു പോയി. അത് റോഡിലൂടെ അങ്ങ് വീട് വരെ ഒഴുകി നിറഞ്ഞു. എനിക്ക് ശ്വാസം മുട്ടിയില്ല, ആനന്ദത്തില്‍ നീന്തി തുടിച്ചു വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും വീണ്ടുമാ ഗാനത്തിലേയ്ക്ക് മടങ്ങിയെത്തി. വീടുവരെ നിറഞ്ഞു കിടക്കുന്ന പ്രളയ നദി. നനഞ്ഞിരിക്കുന്ന  പത്രത്താളുകള്‍. എനിക്ക് കാഴ്ച മങ്ങുന്നു... 

നടുവിലത്തെ പേജില്‍ പുല്ലാങ്കുഴലിന്റെ കഥ. എന്റെ  പേര്... പിന്നണിയില്‍ ഒരു പാട്ട് ':ഉണ്ണികളേ ഒരു കഥ പറയാം....', എത്ര ആകസ്മികമായാണ് ജീവിതത്തില്‍ പലതും സംഭവിക്കുന്നതെന്ന് പോലും ആ നിമിഷം ഓര്‍ക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയൊന്നുമായിരുന്നില്ല, സിനിമ കണ്ടതിന്റെ അവസാനത്തിലെന്നതു പോലെ ഞാന്‍ കരഞ്ഞു, ഇത്തവണ ആരും കാണാതെ.

ഒരു പുല്ലാങ്കുഴലിലാണ് ആദ്യം ശ്രദ്ധ പതിഞ്ഞത്. ഉത്സവത്തിനു കൊടിയേറിയ ബഹളത്തിന്റെ തിരക്കില്‍ പുല്ലാങ്കുഴലുമായി മുന്‍പേ നടന്നു പോയ ഒരുവന്‍. അയാള്‍ക്ക് എബിയുടെ ഛായ. രണ്ടാമതൊന്നുകൂടി നോക്കുമ്പോള്‍ കണ്ണുകളിടഞ്ഞു, അതായിരുന്നു ആദ്യമായി പ്രേമം എന്നതിനെ അറിഞ്ഞ നിമിഷം. എബിയുടെ മുഖമുള്ളവര്‍ക്കെല്ലാമുണ്ട് പുല്ലാങ്കുഴലിന്റെതെന്നത് പോലെ വിഷാദച്ഛവിയുള്ളൊരു മുഖം. കണ്ണുകളില്‍ സങ്കടം ഘനീഭവിച്ചു ഇപ്പോള്‍ പെയ്യാന്‍ കത്ത് നില്‍ക്കുന്നു എന്ന് തോന്നും. വരണ്ട ചുണ്ടുകള്‍ നിലനില്‍ക്കുന്നത് തന്നെ പുല്ലാങ്കുഴലില്‍ ചുണ്ടുകള്‍ ചേരാന്‍ വേണ്ടിയാണോ എന്ന് തോന്നും...

സന്ധ്യ മയങ്ങുമ്പോള്‍ ഇരുട്ടിന്റെ നീളന്‍ വസ്ത്രങ്ങളണിഞ്ഞ ഉടലുമായി നില്‍ക്കുന്ന ലോകത്തിലേയ്ക്ക് അപ്പോഴും ഉത്സവച്ഛായയുള്ള നിറമുള്ള വെളിച്ചം വന്നു തൊട്ടു തൊട്ടു നിന്നു. ഗാനമേളയുടെ ആദ്യ വരികളില്‍ മുന്‍വശത്തെ വന്നിരിക്കുമ്പോള്‍ പുല്ലാങ്കുഴല്‍ വായിക്കുന്ന എബിയിലായിരുന്നു കണ്ണുകള്‍ മുഴുവന്‍. എനിക്കപ്പോഴൊരു കഥ കേള്‍ക്കാനായിരുന്നു തോന്നിയത്, പുല്ലാങ്കുഴലിന്റെ കഥ. അയാളുടെ ചുണ്ടുകളുടെ അറ്റത്തു എരിയുന്ന പുല്ലാങ്കുഴലിന്റെ ലഹരിയില്‍ നൃത്തം വയ്ക്കുന്ന താടി രോമങ്ങള്‍, കണ്ണുകളിടയുമ്പോള്‍ കത്തുന്ന വിഷാദം. ഗാനമേളയുടെ പാട്ടുകളോ ഉത്സവത്തിന്റെ ഉന്മാദമോ വെളിച്ചത്തിന്റെ ലഹരിയോ മനുഷ്യന്റെ ആനന്ദമോ പിന്നെ ഞാന്‍ കണ്ടതേയില്ല. 

പുല്ലാങ്കുഴലാക്കപ്പെടാതെ പോയ മുളങ്കൂട്ടങ്ങളുടെ സങ്കടങ്ങളൊക്കെ എങ്ങനെയാവും ഊര്‍ന്നു പോകുന്നത്?

ഇപ്പോഴും ഞാന്‍ കേട്ടുകൊണ്ടിരുന്നു,

'ഉണ്ണികളേ ഒരു കഥ പറയാം...
ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം...'

ആ ഗാനത്തിനപ്പുറം മറ്റു വരികളൊന്നുമില്ല, അതില്‍ തുടങ്ങി അതില്‍ തന്നെ ഒടുവില്‍ വന്നു നില്‍ക്കുന്ന ഒരു ഒഴുക്ക്. എബിയെ പിന്നെ ഞാന്‍ പലപ്പോഴും പലയിടങ്ങളിലും കണ്ടു. മുഖം മാത്രം മാറിക്കൊണ്ടേയിരുന്നു, കണ്ണിലെ വിഷാദവും വരണ്ട ചുണ്ടുകളും മാത്രം സ്ഥായിയായി തുടരുന്നു. പക്ഷെ മഞ്ഞുണങ്ങി പിടിച്ച പോലെയുള്ള ചുണ്ടുകളിലൊന്നിലും പുല്ലാങ്കുഴലില്ലല്ലോ!

ഗര്‍ഭഗൃഹത്തില്‍ നിന്നും ഊറിയെത്തുന്ന വിഷാദരാഗങ്ങളില്ലല്ലോ! മുളക്കൂട്ടങ്ങളോട് ചേര്‍ന്ന് നിന്ന് ഇപ്പോഴും ഞാന്‍ കാതുകള്‍ കൂര്‍പ്പിക്കുന്നു, അവയുടെ അകമേ ഒരു പാട്ട് ചൂളം കുത്തിക്കൊണ്ട് പാഞ്ഞു പോകുന്നത് മനസ്സിലാകുന്നുണ്ട്, പുറത്തേയ്ക്ക് വരാനാകാതെ ഞെരിഞ്ഞു പോകുന്ന ഒരു പാട്ട്...

പുല്ലാങ്കുഴലാക്കപ്പെടാതെ പോയ മുളങ്കൂട്ടങ്ങളുടെ സങ്കടങ്ങളൊക്കെ എങ്ങനെയാവും ഊര്‍ന്നു പോകുന്നത്?

വരണ്ടു പോയ ചുണ്ടുകള്‍ തൊടാതെ അവയെങ്ങനെ ആവും കാലത്തേ അതിജീവിക്കുന്നതും സ്വയം പൊട്ടിത്തെറിക്കുന്നതും?

എനിക്കറിയില്ല.... എനിക്കറിയില്ല... ഇപ്പോഴും പക്ഷെ ഞാനാ പാട്ട് കേള്‍ക്കുന്നു...

'ഉണ്ണികളേ ഒരു കഥ പറയാം...'

 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios