'കാനനത്തിലെ ജ്വാലകള്‍ പോല്‍'

ഓരോ പാട്ടും ഓരോരുത്തര്‍ക്കും ഓരോ ഓര്‍മകളാണ്. ചിലപ്പോഴൊക്കെ പല ഓര്‍മ്മകള്‍ ചേര്‍ന്നതും. ഒന്നവസാനിക്കുന്നതും അടുത്ത ഓര്‍മപ്പെയ്ത്തായി. അങ്ങനെ പലരുടെയും ഓര്‍മ്മകള്‍ ചേര്‍ന്നിരിക്കുന്ന ഇതിലെ ഓരോ വരികളും കേട്ട് കണ്ണടച്ചിരിക്കെ, അയാളെ വീണ്ടുമോര്‍ക്കും. 

my beloved song by civic john

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song by civic john

''പറയാനെന്തോ ബാക്കിയുണ്ടിനിയും, നമുക്കിടയില്‍, അല്ലേ?''

''അത്. അതൊരു പ്രതീക്ഷയാണ്. മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുല്‍മോഹര്‍ മരത്തിനു കീഴില്‍ ഋതുഭേദങ്ങളറിയാതെ കാത്തുനില്‍ക്കുന്നൊരു പെണ്‍കുട്ടി.''

ഈ സംഭാഷണത്തില്‍ നിന്നുമാണ് 'കാനനത്തിലെ ജ്വാലകള്‍ പോല്‍' എന്ന ഗുല്‍മോഹറിലെ ഗാനം ആരംഭിക്കുന്നത്. അത് കൊണ്ട് തന്നെ ആ വാചകങ്ങളില്‍ നിന്നുമേ എതോരോര്‍മയും ആരംഭിക്കുകയുള്ളൂ എനിക്ക്. ഇഷ്ട ഗാനത്തെക്കുറിച്ച് എഴുതുമ്പോള്‍ ഏത് പാട്ടിനെ പറ്റിയെഴുതണം എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നത് നേര്. പിന്നീട് ആലോചിച്ചപ്പോള്‍ ഈ പാട്ട് ആണതെന്ന് തോന്നി. ജോണ്‍സന്‍ മാഷുടെതായി പേര് കേട്ട അനേകം പാട്ടുകളുണ്ടായിട്ടും 'കാനനത്തിലെ ജ്വാലകള്‍' പ്രിയപ്പെട്ടതായത് അതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒന്നായത് കൊണ്ട് തന്നെ. ഓര്‍മ്മകള്‍ അത്തരത്തിലാണല്ലോ. ഒരിക്കല്‍ സന്തോഷിച്ച അതേ ഓര്‍മ്മകള്‍ പിന്നീട് സങ്കടത്തിനു കാരണമാവാറുണ്ട്, അതുപോലെ തിരിച്ചും സംഭവിക്കാറുണ്ട്.

അതിശയമൊന്നും തോന്നിയില്ല, അത് അവള്‍ തന്നെയാണ്

പൂത്ത ഗുല്‍മോഹര്‍ മരത്തിനു കീഴില്‍ ഋതുഭേദങ്ങളറിയാതെ കാത്തുനില്‍ക്കുന്നൊരു പെണ്‍കുട്ടി എന്ന വാചകം കേള്‍ക്കുമ്പോഴെല്ലാം ദീപു ചേട്ടനെ ഓര്‍ക്കും. കുഞ്ഞായിരുന്ന സുദീപ്തക്ക് എഴുതിയ കുറിപ്പുകളില്‍ തെളിഞ്ഞ വര്‍ണചിത്രക്കാഴ്ചകള്‍ ഓര്‍ക്കും. ആര് വരച്ചതെന്നറിയാത്ത, അത്രമേല്‍ പ്രിയപ്പെട്ട ഒരു ചിത്രം ഓര്‍ക്കും. ആ ചിത്രം കാണുമ്പോഴൊക്കെയും 'കാണ്മതെന്നിനി കമനീയമാ മുഖം, കേള്‍പ്പതെന്നിനീ പ്രിയമേറുമാ സ്വരം' എന്ന് ദാസേട്ടന്‍ പാടുന്നത് കേള്‍ക്കാം. പിന്നീട് സുദീപ്തയെ കണ്ട നാള്‍ അവളുടെ പലനിറഉടുപ്പില്‍ ആ പെയിന്റിങ്ങിലെ പെണ്‍കുട്ടിയുടെ സാദൃശ്യം വെറുതെ സങ്കല്‍പ്പിച്ച് നോക്കിയിരുന്നു. അതിശയമൊന്നും തോന്നിയില്ല, അത് അവള്‍ തന്നെയാണ്.

ഓരോ പാട്ടും ഓരോരുത്തര്‍ക്കും ഓരോ ഓര്‍മകളാണ്. ചിലപ്പോഴൊക്കെ പല ഓര്‍മ്മകള്‍ ചേര്‍ന്നതും. ഒന്നവസാനിക്കുന്നതും അടുത്ത ഓര്‍മപ്പെയ്ത്തായി. അങ്ങനെ പലരുടെയും ഓര്‍മ്മകള്‍ ചേര്‍ന്നിരിക്കുന്ന ഇതിലെ ഓരോ വരികളും കേട്ട് കണ്ണടച്ചിരിക്കെ, അയാളെ വീണ്ടുമോര്‍ക്കും. വര്‍ഷങ്ങളോളം ഓരോരുത്തര്‍ക്കും പ്രിയമാര്‍ന്ന അനവധി ഗാനങ്ങള്‍ സൃഷ്ടിച്ച, മറ്റു സംഗീതസംവിധായകരുടെ പാട്ടുകളെ അതെ ചിത്രത്തിലെ പശ്ചാത്തലസംഗീതം കൊണ്ട് കടത്തിവെട്ടിയ മനുഷ്യനെ. ചെയ്ത പാട്ടുകള്‍ ഏറെയും ഹിറ്റ് ആയിരുന്നിട്ടും സിനിമയുടെ തിരക്കുകളില്‍ നിന്നും താനേ കൊഴിഞ്ഞു വീണ നക്ഷത്രം. ഒരു ടെലിഫോണ്‍ ബെല്ലിന്റെ ശബ്ദം പോലും താങ്ങാനാവാത്ത വിധം അയാള്‍ സങ്കടത്തിലാണ്ടുപോയ ആ കാലത്തെക്കുറിച്ച് വായിച്ചപ്പോഴൊക്കെയും വല്ലാതെ മുറിവേറ്റിട്ടുണ്ട്. 

കണ്ടില്ലേ, എത്രവേഗമാണ് ഒരു പാട്ടില്‍ നിന്നും വേറൊരു പാട്ടിലേക്ക് ഓര്‍മ്മകളെത്തിയത്

വീണ്ടും ഗുല്‍മോഹറിലെ പാട്ടിലേക്ക് വരാം. കേള്‍വിക്കാരുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന പല പാട്ടുകള്‍ക്കും പ്രതിഫലമായ് വണ്ടിച്ചെക്കുകള്‍ ഏറ്റുവാങ്ങിയ കാലത്ത് നിന്നും, തന്റെ ചെറിയ പ്രതിഫലം പൂര്‍ണമായും ലഭിക്കാതെ പാട്ടുകളുടെ ട്രാക്ക് കൊടുക്കില്ല എന്ന് പറയുന്നിടത്തെക്ക് അയാള്‍ വന്നു നില്‍ക്കുന്നത് ആ ചിത്രത്തിലാണ്. മക്കള്‍ക്ക് വേണ്ടി അത്രയെങ്കിലും ചെയ്യണം എന്ന് അയാളിലെ അച്ഛന്‍ കരുതല്‍ കൊണ്ടു. എന്നിട്ടും ഒരു ദിവസം അധികമൊന്നും ബാക്കിയാക്കാതെ, ജോണ്‍സന്‍ പോയി. ചെറിയ ഇടവേളയില്‍ തന്നെ മകന്‍. അവസാനം ഒരുറക്കത്തില്‍ മകളും.

എസ് ജാനകിയുടെ പാട്ട് ഇഷ്ടമാണെങ്കില്‍ കൂടിയും 'മനസിന്‍ മടിയിലെ മാന്തളിരില്‍' എന്ന ഗാനം ഷാന്റെ ശബ്ദത്തിലാണ് പൂര്‍ണമായി തോന്നിയത്. കണ്ടില്ലേ, എത്രവേഗമാണ് ഒരു പാട്ടില്‍ നിന്നും വേറൊരു പാട്ടിലേക്ക് ഓര്‍മ്മകളെത്തിയത്. ഒരു ഗാനവും അവസാനിക്കുന്നില്ല. അവയുണര്‍ത്തുന്ന ഓര്‍മകളും. അവയിങ്ങനെ തലച്ചോറില്‍ കെട്ടുപിണഞ്ഞ് കിടക്കുകയായി. ഒന്നവസാനിക്കുന്നതും അടുത്തത് തുടങ്ങുന്നതും പോലും തിരിച്ചറിയാനാവാതെ..

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios