അന്ന് നീ പറഞ്ഞതായിരുന്നു ശരി, 'രൂ' തന്നെയായിരുന്നു ശരിക്കും നീട്ടേണ്ടത്
അതുമാത്രമല്ല കേട്ടോ ഞാനാ കുട്ടിയുമായി കൂട്ടാകാൻ തീരുമാനിച്ചതിന്റെ രഹസ്യം. അവളുടെ കയ്യിൽ കെട്ടുകണക്കിന് നാന-വെള്ളിനക്ഷത്രം-ചിത്രഭൂമി പുസ്തകങ്ങൾ ഉണ്ടായിരുന്നു! കയ്യിലെന്തു കിട്ടിയാലും വായിക്കുന്ന എനിക്ക് ചാകരയായിരുന്നു ആ കളക്ഷൻ. നാനയുടെയോ മറ്റോ കൂപ്പൺ പൂരിപ്പിച്ചു അയച്ചതിന് അവൾക്കൊരു സമ്മാനവും കിട്ടിയിട്ടുണ്ട്.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
വർഷം 1998 ആദ്യപാദം...
പത്താം ക്ലാസിലെ റിസൾട്ടൊക്കെ അറിഞ്ഞു സന്തോഷിച്ചിരിക്കുന്ന സമയമാണ്. കോളേജിൽ ചേരുന്നതിന് മുമ്പ് പിന്നെയുമൊരു വീടുമാറ്റം. നാവായിക്കുളം പഞ്ചായത്തിന്റെ എല്ലാ മുക്കിലും മൂലയിലും അയൽക്കാർ ഉണ്ടെന്ന ഭാഗ്യമുള്ളവരായിരുന്നു ഞങ്ങൾ. അത്തവണത്തെ വീടുമാറ്റം അധികം ഞങ്ങൾ എക്‌സ്‌പ്ലോർ ചെയ്തിട്ടില്ലാത്ത ഒരു ദിശയിലേക്കായിരുന്നു. നാവായിക്കുളത്തിനും ഇരുപത്തെട്ടാം മൈൽ എന്ന തൊട്ടടുത്ത സ്റ്റോപ്പിനും ഇടയിൽ മെയിൻറോഡിന്റെ ഭാഗത്തല്ലാതെ സമാന്തരമായി പാടത്തിനും കുളത്തിനുമൊക്കെ അടുത്തുള്ള ചെമ്മൺപാതയിലൂടെ നടന്നാൽ ചെന്നെത്തുന്ന ഒരു കുഞ്ഞുവീട്. വളരെക്കുറച്ചു നാളേ അവിടെ താമസിച്ചുള്ളൂ. വീടിന്‍റെ ഉടമസ്ഥർ, രണ്ടു സഹോദരിമാരും അവരുടെ മക്കളും താമസിച്ചിരുന്നത് അതേ കോമ്പൗണ്ടിൽ തന്നെയുള്ള വീട്ടിലായിരുന്നു. അവർ വാങ്ങിയതാണ് ഈ സ്ഥലം. പഴയ വീട് പൊളിക്കാതെ പുതിയ വീട് പണിത് അവരാ പഴയ വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗ്യം.
പക്ഷേ, ഈ പാറക്കല്ലിന് വേറൊരു തണുപ്പാണ്. ഒരു പരുപരുത്ത തണുപ്പ്
അങ്ങനെയാണ് ഞങ്ങൾ ആ ഓടിട്ട, രണ്ടു മുറിയും, ഒരു തളവും, അടുപ്പുകല്ലുമുള്ള വീട്ടിലെത്തിപ്പെട്ടത്. അതിന്റെ ഒരു പ്രത്യേകത പഴയ ഉടമസ്ഥരുടെ അമ്മയ്ക്കോ അച്ഛനോ ആർക്കാണെന്ന് അറിയില്ല കാലിൽ വാതരോഗം വന്നതുകൊണ്ട് അവർക്ക് നടക്കാൻ പാകത്തിൽ തളത്തിലെയും അടുക്കളയിലേയും തറ പാറക്കല്ലുകൾ പാകിയിരുന്നു എന്നതാണ്. ആദ്യമായിട്ടാണ് ഞാൻ അങ്ങനെ പാറക്കല്ലുകൾ പാകിയ വീട്ടിൽ താമസിക്കുന്നത്. അതുവരെയൊക്കെ സിമന്റ് തറയുടെയും മണ്ണിന്റെയുമൊക്കെ തണുപ്പായിരുന്നു അറിഞ്ഞിരുന്നത്. പക്ഷേ, ഈ പാറക്കല്ലിന് വേറൊരു തണുപ്പാണ്. ഒരു പരുപരുത്ത തണുപ്പ്.
അപ്പുറത്തെ വീട്ടിൽ അനിയത്തി - ജ്യേഷ്ഠത്തിമാരുടെ ഭർത്താക്കന്മാർ ഗൾഫിലാണ് എന്നാണ് ഓര്‍മ്മ. വീട്ടുടമയായ ജ്യേഷ്ഠത്തിയുടെ ഒരു മകനും ഗൾഫിലാണ്. എന്റെ സ്‌കൂളിൽ സീനിയർ ആയി പഠിച്ച പയ്യനാണ്. പേരൊന്നും ഇപ്പോൾ ഓർക്കുന്നില്ല. അവിടെ പിന്നെയുണ്ടായിരുന്നത് ഏഴിലോ മറ്റോ പഠിക്കുന്ന ഒരു പെൺകുട്ടിയും, നാലിലോ അഞ്ചിലോ പഠിക്കുന്ന ഒരു ആൺകുട്ടിയും ഏറ്റവും ഇളയ 4-5 വയസുള്ള ഒരു കുസൃതി പെണ്‍കുട്ടിയുമായിരുന്നു. ഒരാളുടെയും പേരോർക്കുന്നില്ല. അത്ര ചെറിയ കാലത്തേക്കാണ് ഞങ്ങൾ അവിടെ താമസിച്ചത്, മാസങ്ങൾ മാത്രം! നാവായിക്കുളത്തിന്റെ മറ്റേ അറ്റത്തായതുകൊണ്ട് അമ്മയ്ക്ക് രാത്രി ട്യൂഷൻ പഠിപ്പിച്ചു കഴിഞ്ഞു വരാനുള്ള ബുദ്ധിമൊട്ടൊക്കെ കണക്കിലെടുത്താണെന്നു തോന്നുന്നു മറ്റൊരു വീട്, ബസ് പോകുന്ന റോഡിന് അരികിൽ കിട്ടിയപ്പോൾ ഞങ്ങൾ അങ്ങോട്ടേക്ക് മാറി. അവിടെയുണ്ടായിരുന്ന മൂത്ത പെൺകുട്ടി നന്നായി പാടുമായിരുന്നു. ഞങ്ങളുടെ നാട്ടിലെ പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആയിരുന്നു വിവേകാനന്ദ. അവിടുത്തെ ആനിവേഴ്സറിക്ക് നാട്ടുകാർക്കൊക്കെ കാണാൻ പോകാം. പിള്ളേരുടെ പരിപാടികൾ, ഡാൻസ്, ചിലപ്പോൾ ഒരു ചെറിയ ഗാനമേളയോ മിമിക്രിയോ ഒക്കെ ഉണ്ടാകും. വൈകുന്നേരം തുടങ്ങി രാത്രി എട്ട് മണി വരെയൊക്കെ നീളുന്ന ആ വാർഷിക പരിപാടികൾ എന്റെയും ഒരു വർഷത്തെ ഷെഡ്യൂളിൽ ഉള്ളതാണ്. നമ്മൾ പഠിക്കുന്നത് ആ സ്‌കൂളിൽ അല്ലെങ്കിലും വിവേകാനന്ദയുടെ വാർഷികത്തിന് പോകാൻ നമുക് പ്രിവിലേജ് ഉണ്ട്. അമ്മ പണ്ടുപണ്ട് പണ്ടേക്കും പണ്ട് അവിടെ പഠിപ്പിച്ചിരുന്നു. അതിന്റെ ഉടമസ്ഥരൊക്കെ പരിചയക്കാരാണ്... മാത്രവുമല്ല മിക്ക കുട്ടികളേയും അമ്മ ട്യൂഷൻ പഠിപ്പിക്കുന്നുമുണ്ട് പിന്നെന്ത് വേണം!
എന്‍റെ ഓർമയിലേക്ക് അവളെ എത്തിക്കുന്ന പാട്ട് ചന്ദനക്കാറ്റേ അല്ല, മറ്റൊന്നാണ്
നേരത്തെ പറഞ്ഞ മൂത്ത പെൺകുട്ടി (ഷംന എന്നാണോ പേരെന്ന് ഒരു നേർത്ത ഓര്‍മ മാത്രം !) അവിടെ പഠിച്ചിരുന്ന സമയത്ത് ഒന്നിലോ മറ്റോ ആയിരിക്കുമ്പോൾ "ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ" പാട്ടുപാടി അധ്യാപകരെ വരെ കരയിച്ചാണ് സമ്മാനം വാങ്ങിയതെന്ന് അവളുടെ 'വലിയുമ്മ', അതായത്, ഞങ്ങളുടെ വീട്ടുടമ അഭിമാനപൂർവം ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ പറഞ്ഞിരുന്നു. അതുമാത്രമല്ല കേട്ടോ ഞാനാ കുട്ടിയുമായി കൂട്ടാകാൻ തീരുമാനിച്ചതിന്റെ രഹസ്യം. അവളുടെ കയ്യിൽ കെട്ടുകണക്കിന് നാന-വെള്ളിനക്ഷത്രം-ചിത്രഭൂമി പുസ്തകങ്ങൾ ഉണ്ടായിരുന്നു! കയ്യിലെന്തു കിട്ടിയാലും വായിക്കുന്ന എനിക്ക് ചാകരയായിരുന്നു ആ കളക്ഷൻ. നാനയുടെയോ മറ്റോ കൂപ്പൺ പൂരിപ്പിച്ചു അയച്ചതിന് അവൾക്കൊരു സമ്മാനവും കിട്ടിയിട്ടുണ്ട്.
അവിടെ ജീവിച്ച ഓർമയിൽ നിൽക്കുന്ന മറ്റൊന്ന് ഒരു ദിവസം അവിടെ രാത്രി വളരെ താമസിച്ച് ഒരു ഹിന്ദി സിനിമയുടെ കാസറ്റിട്ടു. അന്നാണ് ആദ്യമായി ആ ചിത്രം കാണുന്നത്. തുറന്നിട്ട വാതിലിൽ കൂടി TV കണ്ടുകൊണ്ട് അവരുടെ സിറ്റൗട്ടിൽ ഇരുന്ന എന്നെ ഓർമയുണ്ട്. പിറ്റേ ദിവസം രാവിലെ എണീക്കാൻ വൈകിയിട്ട് ചെറിയ കുട്ടിക്ക് നോമ്പ് പിടിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞതും ഓർമയുണ്ട്. തീർത്തും അവ്യക്തമായ ഓർമ്മകൾ മാത്രമുള്ള ആ വീട്ടിലെ താമസത്തെക്കുറിച്ചു കൃത്യമായി ഓർക്കുന്ന ഒരു സംഭവമേ ഉള്ളൂ, അതാണിന്നത്തെ പാട്ടോർമ്മ. എന്‍റെ ഓർമയിലേക്ക് അവളെ എത്തിക്കുന്ന പാട്ട് ചന്ദനക്കാറ്റേ അല്ല, മറ്റൊന്നാണ് - ശങ്കറും മോഹൻലാലും മേനകയും ഒക്കെ തകർത്തഭിനയിച്ച 'എങ്ങനെ നീ മറക്കും ' എന്ന സെന്റി പടത്തിലെ ഒരു ഗാനം.
ആ കുഞ്ഞുസംഭവം ഞങ്ങളെ പിണക്കത്തിലാക്കി
ഒരു ദിവസം അവരുടെ വീടിന്റെ ടെറസിൽ ഞാനും ആ കുട്ടിയും നിൽക്കുകയാണ്. എന്റെ വീട്ടിലാരുമില്ല. അലക്കിപ്പിഴിഞ്ഞ തുണി വിരിച്ചുകൊണ്ട് അവളുടെ ഉമ്മ അടുത്ത് തന്നെയുണ്ട്. ഞങ്ങൾ സഹായിക്കലോ, വർത്തമാനം പറയലോ, പാട്ടുപാടി കളിക്കലോ ഒക്കെയായി അങ്ങനെ പോകവേ അവൾക്ക് കിട്ടിയ അക്ഷരം "ദ " - മനോഹരമായ ശബ്ദത്തിൽ അവൾ പാടി
"ദേവദാരൂ... പൂത്തു എൻ മനസിൻ താഴ്വരയിൽ ..
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ,
ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ"
അവൾ പാടിക്കഴിഞ്ഞപ്പോൾ ഞാൻ പ്രകടമായ പുച്ഛത്തോടെ പറഞ്ഞു "ആ പാടിയ ഈണം തെറ്റാണ്, നീ പാടിയപ്പോൾ "ദേവദാരു ..പൂത്തൂ" എന്ന് 'രൂ'വിലാണ് നീട്ടിയത്. ശരിക്കും അത് "ദേവദാ...രു പൂത്തൂ..." എന്ന് 'ദാ' യിലാണ് നീട്ടേണ്ടത്"
അവൾ സമ്മതിക്കുമോ? അവൾ പാടിയതാണ് ശരിയെന്ന് അവളും ഞാൻ പാടിയതാണ് ശരിയെന്ന് ഞാനും.. അവളുടെ ഉമ്മയ്ക്കും കൺഫ്യൂഷൻ ആയി - 'ദാ' ആണ് നീട്ടേണ്ടതെന്നു തോന്നുന്നു എന്ന് എന്റെ ഭാഗത്ത് ഒരാൾ കൂടുതൽ. അങ്ങനെ വാദം അവളുടെ വലിയുമ്മയുടെ അടുത്തെത്തി. പുള്ളിക്കാരി പറഞ്ഞു 'രൂ ' തന്നെയാണ് നീട്ടേണ്ടതെന്ന് തോന്നുന്നു എന്ന്. അന്ന് ഇന്നത്തെപ്പോലെ ചാനലുകളോ യൂട്യൂബോ വിരൽത്തുമ്പിൽ ഇല്ലാത്തത് കൊണ്ട് ആ സമയം അത് തെളിയിച്ചു പ്രൂവ് ചെയ്യാൻ രണ്ടാൾക്കും കഴിഞ്ഞില്ല. പക്ഷേ, അവളുടെ വാദത്തിൽ അവളും എന്‍റെ വാദത്തിൽ ഞാനും ഉറച്ചുനിന്നു (ഒന്നുമില്ലേലും മൂന്നാല് ഓണം കൂടുതൽ ഉണ്ട ആളല്ലേ ഞാൻ; അങ്ങനെ വിട്ടുകൊടുക്കാൻ പാടോ! ) ആ കുഞ്ഞുസംഭവം ഞങ്ങളെ പിണക്കത്തിലാക്കി. അവൾ നന്നായി പാടിയതിലുള്ള അസൂയ ആണെനിക്ക് എന്നവളും അവൾ കള്ളിയാണെന്നു ഞാനും പറഞ്ഞു.
അന്നവിടെ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
ഞാൻ അവിടെനിന്നു എന്‍റെ വീട്ടിലേക്ക് പോന്നു. വീണ്ടും വീണ്ടും ദേഷ്യം കൂടി! ആ ദേഷ്യത്തോടെ തന്നെ ഞങ്ങൾ ആ വീട് മാറിപ്പോകുകയും ചെയ്തു... പുതുതായി പോയ വീട് നാവായിക്കുളത്തിന്റെ തിരക്കുള്ള അറ്റത്താണ്. പിന്നീട്, ആ മൺപാത വഴി എനിക്ക് പോകാൻ കഴിഞ്ഞില്ല, പോകേണ്ടി വന്നില്ല... അവിടെ നിന്ന് മാറിവന്ന വീടായിരുന്നു നാവായിക്കുളത്തെ ഞങ്ങളുടെ അവസാന വാടകവീട്. പ്രീഡിഗ്രി കഴിഞ്ഞു ഞാൻ കാസറഗോഡ് LBS കോളേജിൽ എൻജിനീയറിങ്ങിനു പോയി. ഒരു ദിവസം ഹോസ്റ്റലിൽ വെച്ച് ഈ പാട്ട് ഞാൻ വീണ്ടും കേട്ടു, "ദേവദാരൂ.... പൂത്തൂ..." - ഒരു ഞെട്ടലോടെ ഞാനോർത്തു അവളായിരുന്നു ശരി 'രൂ' ആണ് ശരിക്കും നീട്ടേണ്ടത്! അന്നത്തെ പ്രായത്തിന്റെ ഈഗോ ആകാം, തെറ്റ് പറ്റില്ലയെന്ന അഹങ്കാരം ആകാം. ചെറിയ കുട്ടിയുടെ മുന്നിൽ 'ചെറുതാകുന്നതിലെ ' ചളിപ്പാകാം എന്നെക്കൊണ്ട് അന്ന് അത് സമ്മതിപ്പിക്കാതിരുന്നത്. എത്ര ഓണം കൂടുതൽ ഉണ്ടാലും അബദ്ധങ്ങൾ പറ്റുന്നതിന് പ്രായം ഒരു തടസ്സമേ അല്ലാന്ന് അന്നെനിക്ക് മനസിലായി.
ആ കുട്ടി ഇപ്പോൾ എന്നെ ഓർക്കുന്നു പോലുമുണ്ടാകില്ല.. കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളും കെട്ടിയോനുമൊക്കെ ആയി എവിടെയോ ജീവിക്കുന്നുണ്ടാകണം. ഞാൻ എൻജിനീയറിങ് കഴിഞ്ഞു നിന്ന സമയത്ത് ഒരിക്കൽ കൂടി ആ വീടിന്‍റെ അടുത്തുകൂടി പോയിരുന്നു, അന്നവിടെ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇനിയൊരിക്കൽ അവരെയൊക്കെ കാണുമെന്നും തോന്നുന്നില്ല.. പക്ഷേ 'ദേവദാരൂ..." പൂക്കുമ്പോൾ ഒക്കെ ഞാൻ അവളെയോർക്കും. പേരോർമ്മയില്ലാത്ത, ഷാൾ തട്ടമായിട്ട ആ പെൺകുട്ടിയുടെ മുഖവും ഞങ്ങളുടെ വഴക്കും ഓർക്കും.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം