എന്റെ ലോകം നീ മറന്നോ?

അതേ, ഇനിയും ഇനിയും ഒരുപാടൊരുപാട് നാളുകളില്‍ ഞാനിത് കേള്‍ക്കും... ഓര്‍മ്മ ചിത്രങ്ങള്‍ക്ക് നിറം മങ്ങിതുടങ്ങുന്നെന്ന് കണ്ടാല്‍ ഉറപ്പായും ചോദിച്ചുപോകും 'ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ...!' അത്രമേല്‍ ആഴത്തില്‍ ആ വരികള്‍ എന്നില്‍ വേരോടി കിടക്കുന്നല്ലോ! വിനീത വിജയന്‍ എഴുതുന്നു

 

my beloved music by Vineetha Vijayan

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved music by Vineetha Vijayan

ജീവിതത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷവും ഏതെങ്കിലുമൊക്കെ പാട്ടുമായോ, അല്ലെങ്കില്‍ അതിലെ വരികളുമായോ ഒക്കെ കൊരുത്ത് കിടക്കാറുണ്ട്. ചിലപ്പോള്‍ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചും, ചിലപ്പോള്‍ കണ്‍കോണിലൊരു തുള്ളിയെ സൃഷ്ടിച്ചും, മറ്റു ചിലപ്പോള്‍ നെഞ്ചിലൊരു കല്ലെടുത്തു വച്ച ഭാരം പേറ്റിയും പാട്ടുകളെപ്പോഴും കൂടെയുണ്ടായിരുന്നു... 

പുകമണം പേറുന്ന ചുമരുള്ള, പ്രാവുകള്‍ കൂട് കൂട്ടിയ ഓടിട്ട വീട്ടില്‍, മഴ പെയ്ത് തുടങ്ങിയാല്‍ ഒരു സംഗീത ക്ലാസ് ഉയരാറുണ്ട്. തുള്ളി കുത്തി വരുന്ന മഴത്തുള്ളികള്‍, പാത്രങ്ങളില്‍ വീഴുമ്പോള്‍ ഉയരുന്ന ശബ്ദം ഏത് താളത്തില്‍/ രാഗത്തില്‍ ആയിരുന്നെന്ന് അറിയില്ല. എന്ത് കൊണ്ടോ പാട്ടുകളും വരികളുമൊക്കെ ഉള്ളില്‍ കൂടി കൂട്ടി തുടങ്ങിയതും അപ്പോഴൊക്കെ തന്നെ. 

വീടിനു പുറകിലെ വയലില്‍ അവധിക്കാലങ്ങളില്‍ വന്നു തമ്പടിക്കുന്ന സര്‍ക്കസ് കൂടാരത്തില്‍ നിന്നാണ് ആദ്യമായി 'പാതിരാമഴയേതോ...' കേള്‍ക്കുന്നത്. എപ്പോഴും ജില്‍ ജില് പാട്ടുകള്‍ മാത്രം വയ്ക്കുന്ന കൂടാരത്തില്‍ നിന്നും ഉയര്‍ന്നു കേട്ട ഈ പാട്ട് ഉള്ളിലൊരു കുഞ്ഞു സങ്കടത്തെ ഉണര്‍ത്തി വിടുന്നുണ്ടായിരുന്നു. അവിടെ പാട്ടുയരുമ്പോള്‍, ഇരുട്ട് ചവിട്ടിമെതിച്ച് യക്ഷിപ്പനക്ക് കീഴിലൂടെ ശ്വാസവും കയ്യില്‍ പിടിച്ചൊരു ഓട്ടമായിരിക്കും. അത്രമേല്‍ നിറമുള്ളത് ആയിരുന്നില്ലെങ്കില്‍, ആ കാലം മുന്നിലിങ്ങനെ തെളിയുന്നുണ്ട്.

 അങ്ങിനെ ഏതോ ഒരു രാവിലാണ് റേഡിയോയിലൂടെ വീണ്ടും ആ ഗാനം കാതിലേക്ക് എത്തുന്നത്.

പാതി തുറന്നിട്ട മരപ്പലകയുള്ള ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോള്‍ എന്തിനെന്നറിയാതെ ഒരു കുഞ്ഞു നഷ്ടബോധമുള്ളില്‍ നിറയാറുണ്ട്.  അങ്ങിനെ ഏതോ ഒരു രാവിലാണ് റേഡിയോയിലൂടെ വീണ്ടും ആ ഗാനം കാതിലേക്ക് എത്തുന്നത്. മാഞ്ഞ് പോകുന്ന രാത്രി, തിരികെയെത്തുമെന്ന് അറിഞ്ഞിട്ടും വിരഹദുഖത്താല്‍ ചന്ദ്രഹൃദയം തേങ്ങുമെന്ന തോന്നല്‍ ഉണര്‍ന്നതും ആ രാത്രിയിലാണ്. 

ജീവിതത്തില്‍ വിഷാദത്തിന്റെ നിലയില്ലാക്കയങ്ങളില്‍ താണ് പോയ അവസ്ഥയില്‍, എനിക്കൊപ്പം കൂട്ടിരിക്കാന്‍, അതിജീവനത്തിന്റെ പാത പണിത് എന്നെ ശരിക്കുമുള്ള എന്നിലേക്ക് തിരികെ നടത്താന്‍ ഒക്കെയും കൂട്ടുണ്ടായിരുന്നു ആ വരികള്‍... പോകെ പോകെ ജീവിതത്തില്‍ ഒരുപാട് വേഷങ്ങളിലേക്ക് പരകായ പ്രവേശം കണക്കെ മാറി മറിഞ്ഞ് അവതാരപ്പിറവി എടുത്തിട്ടുണ്ടെങ്കിലും, അപ്പോഴൊക്കെയും കരുത്ത് പകര്‍ന്നത് പഴയകാലത്ത് നിന്നും കടത്തി കൊണ്ട് പോന്ന, ഉള്ളം കയ്യില്‍ ഇന്നും സൂക്ഷിക്കുന്ന ചില മഞ്ചാടിമണങ്ങളുണ്ട്. അവയില്‍ ഒന്ന് തീര്‍ച്ചയായും ഈ പാട്ടോര്‍മ്മയാണ്.

ഞാന്‍ എത്രയോ തവണ ചോദിച്ചിരിക്കുന്നു, 'എന്റെ ലോകം - നീ മറന്നോ?'

പ്രായത്തിന്റെ ചാപല്യങ്ങളൊക്കെയും മാറി, പക്വത എന്ന കുപ്പായത്തിനുള്ളില്‍ കയറിയതിനു ശേഷവും ആദ്യമായി ഒരാളോട് 'എനിക്ക് തന്നോടെന്തൊരിഷ്ടം' എന്ന് ഉറപ്പിച്ചു പറഞ്ഞ്, പങ്ക് വയ്ക്കപ്പെടാന്‍ കഴിയാതെ പോകുന്ന ആ ഇഷ്ടത്തെ അത്രയുമാഴത്തില്‍ തളച്ചിടുന്നതും ഈ ഗാനത്തിലാണ്. പ്രായോഗികതയുടെ പാഠങ്ങള്‍ മനസ്സിനെ പഠിപ്പിച്ചു, അവനിടങ്ങളില്‍ ഒരു കുഞ്ഞോളം പോലും സൃഷ്ടിക്കാതെ, അവന്റെ വേരുകളെ പൊട്ടിച്ചടര്‍ത്താതെ, അവനൊരുക്കുന്ന തണലിനെ ചുട്ടു പൊള്ളിക്കാതെ പക്വതയുടെ കുപ്പായമിട്ട സ്‌നേഹം കാത്തു സൂക്ഷിക്കാന്‍ കഴിയുന്നതും എന്നോ മനസ്സില്‍ വേരോടിയ ഈ പാട്ടിന്റെ വരികളുടെ ബലത്തിലാണ് ... ഒറ്റയാകുന്ന നിമിഷങ്ങളില്‍ ഞാന്‍ പണിതുയര്‍ത്തുന്ന 'നമ്മളിട'ത്തിന്റെ പശ്ചാത്തലത്തില്‍ എപ്പോഴും ഉയരാറുള്ളതും ഇത് തന്നെ. അവന്‍ എന്നത് വെറും വ്യാമോഹമാണെന്ന് അറിഞ്ഞുകൊണ്ട് ഞാന്‍ സൃഷ്ടിച്ചെടുക്കുന്ന സങ്കല്‍പ്പലോകത്ത് കൂട്ടിനുള്ളത് മൗനം കുടിച്ചു മയങ്ങുന്ന 'ഞങ്ങള്‍ സ്വപ്നങ്ങള്‍' ആണ്. 

തിരസ്‌കരിക്കപ്പെട്ടിട്ട് പോലും അത്രയുമലിവോടെ ഞാന്‍ എത്രയോ തവണ ചോദിച്ചിരിക്കുന്നു, 'എന്റെ ലോകം - നീ മറന്നോ?'

അതേ, ഇനിയും ഇനിയും ഒരുപാടൊരുപാട് നാളുകളില്‍ ഞാനിത് കേള്‍ക്കും... ഓര്‍മ്മ ചിത്രങ്ങള്‍ക്ക് നിറം മങ്ങിതുടങ്ങുന്നെന്ന് കണ്ടാല്‍ ഉറപ്പായും ചോദിച്ചുപോകും 'ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ...!' അത്രമേല്‍ ആഴത്തില്‍ ആ വരികള്‍ എന്നില്‍ വേരോടി കിടക്കുന്നല്ലോ! 

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios