നാടോടികളെ അന്നെനിക്ക് പേടിയായിരുന്നു!
ഒരു കുഞ്ഞിന് മാത്രം കിട്ടുന്ന ചില പരിഗണനകളോട് സ്വതവേ ഉണ്ടാകുന്ന ചില ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു എനിക്കവളോട്. 'ദേ ഇത് മോന്റെ കുഞ്ഞാണ്' എന്ന് പറഞ്ഞ് കുഞ്ഞനിയത്തിയേ എന്റെ മടിയില്‍ വെച്ച് തന്നത് മുതല്‍ എനിക്കവള്‍ മകള്‍ കൂടിയായി മാറി. അവളുടെ ഓരോ മാറ്റങ്ങളും എനിക്കതിശയമായിരുന്നു. അമ്മ കുഞ്ഞിനെയെന്ന പോല്‍ ഞാനവളെ ചേര്‍ത്തു പിടിച്ചിരുന്നു. പലപ്പോഴും എന്റെ ചിന്തകള്‍ അവളെക്കുറിച്ച് മാത്രമായിരുന്നു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
ഇഷ്ടമുള്ള ഒരു പാട്ട് ഏതെന്നു ചോദിച്ചാല്‍ ഒരുപാടുണ്ടാവും. അത്രയേറെ ഇഷ്ടമാണ് പാട്ടുകള്‍ കേട്ടിരിക്കാന്‍, ആസ്വദിക്കാന്‍. മനസിന്റെ മാറി വരുന്ന അവസ്ഥകളനുസരിച്ച് പല തരത്തിലുള്ള പാട്ടുകളിലൂടെ ചുറ്റിത്തിരിഞ്ഞു പോകാറുണ്ട്. ചില അവസ്ഥകളോടുള്ള ഇഷ്ടക്കേടുകള്‍ അന്നാളില്‍ കേട്ടിരുന്ന പാട്ടുകളേയും ബാധിക്കാറുണ്ട്. എങ്കിലും പ്ലേ ലിസ്റ്റില്‍ നിന്നും സ്ഥിരമായി പാട്ടുകള്‍ ഡിലീറ്റ് ചെയ്യാറേയില്ല. ചില പാട്ടുകളെ കേള്‍ക്കാന്‍ ഇട നല്‍ക്കാതെ മുന്നോട്ടു പോകാറുണ്ട്.
എന്നും ഓര്‍ത്തിരിക്കാന്‍ ഏറെ ഇഷ്ടമുള്ള ഓര്‍മ്മകളെ ചില പാട്ടുകളില്‍ കോര്‍ത്തു ഉള്ളില്‍ സൂക്ഷിക്കാറുണ്ട്. ഓര്‍ത്തിരിക്കാന്‍ പിന്നെയുമൊന്നു കൂടി എന്നുള്ളിലേക്കു ചികഞ്ഞന്വേഷിക്കുമ്പോള്‍, ഒരായിരം ഓര്‍മ്മകളും രണ്ടു തുള്ളി കണ്ണുനീരും എന്നില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിയുന്നൊരു പാട്ടുണ്ട്.
'കണ്ണാംതുമ്പി പോരാമോ
എന്നോടിഷ്ടം കൂടാമോ'
വെറുതെ കേട്ടു പോകുന്നതിനപ്പുറം എന്റെ, ഞങ്ങളുടെ ഓര്‍മ്മകളിലേക്ക് പോകുന്നൊരു പാട്ടാണത്. ഞങ്ങളുടേതെന്നു കരുതി ഞാന്‍ താലോലിച്ചു കൊണ്ട് നടക്കുന്നൊരു പാട്ട്. എത്ര കേട്ടാലും ഇപ്പോള്‍ കേട്ടാലും കണ്ണാംതുമ്പിയെന്നാല്‍ എനിക്കെന്റെ അനിയത്തിയാണ്. ഞങ്ങളുടെ പാട്ടായി ഞങ്ങള്‍ രണ്ടാളും കൊണ്ട് നടക്കുന്ന പാട്ടാണത്. അന്നും ഇന്നും എന്നും.
ചെറുപ്പത്തില്‍ ഓടിച്ചാടി നടക്കുന്ന കാലത്ത് ഒരു കുഞ്ഞിളം പൂവിനെ എനിക്ക് കിട്ടി. നാലു വയസ്സിന്റെ വ്യത്യാസത്തില്‍ ഒരു കുഞ്ഞനിയത്തി. അച്ഛന്‍േറം അമ്മയുടേയും കുഞ്ഞുമോളായി ഞാന്‍ വിഹരിക്കുന്ന കാലത്ത് എന്നെ ഒരു ചേച്ചിയാക്കി ഞങ്ങള്‍ക്കിടയിലേക്കു കടന്നു വന്നവള്‍. പല്ലില്ലാത്ത മോണ കാട്ടിയവള്‍ ചിരിച്ചു കയ്യടക്കിയത് എന്‍േറത് മാത്രമായിരുന്ന ഒരു ലോകമായിരുന്നു.
ആ സിനിമ കഴിഞ്ഞിടം മുതല്‍ അവളോടുള്ള എന്റെ കരുതലുകള്‍ കൂടി
ഒരു കുഞ്ഞിന് മാത്രം കിട്ടുന്ന ചില പരിഗണനകളോട് സ്വതവേ ഉണ്ടാകുന്ന ചില ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു എനിക്കവളോട്. 'ദേ ഇത് മോന്റെ കുഞ്ഞാണ്' എന്ന് പറഞ്ഞ് കുഞ്ഞനിയത്തിയേ എന്റെ മടിയില്‍ വെച്ച് തന്നത് മുതല്‍ എനിക്കവള്‍ മകള്‍ കൂടിയായി മാറി. അവളുടെ ഓരോ മാറ്റങ്ങളും എനിക്കതിശയമായിരുന്നു. അമ്മ കുഞ്ഞിനെയെന്ന പോല്‍ ഞാനവളെ ചേര്‍ത്തു പിടിച്ചിരുന്നു. പലപ്പോഴും എന്റെ ചിന്തകള്‍ അവളെക്കുറിച്ച് മാത്രമായിരുന്നു.
പിന്നീടൊരിക്കല്‍ ഞങ്ങളൊന്നിച്ചിരുന്നു കണ്ട സിനിമയാണ് 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍'. ആ സിനിമ കഴിഞ്ഞിടം മുതല്‍ അവളോടുള്ള എന്റെ കരുതലുകള്‍ കൂടിയിരുന്നു. പരിചയമില്ലാത്ത പലരും എന്റെ അനിയത്തിയെ എന്റെയടുത്തു നിന്നും കൊണ്ടു പോകാന്‍ വരുന്നവരായി തോന്നാന്‍ തുടങ്ങി. അക്കാലത്തു ഞങ്ങളുടെ നാട്ടില്‍ ഒരു കൂട്ടം നാടോടികള്‍ വന്നു ചേര്‍ന്നിരുന്നു. വീടിനപ്പുറമുള്ള റോഡ് സൈഡില്‍ ടെന്റ് കെട്ടി താമസിച്ചിരുന്ന അവരെ എനിക്ക് പേടിയായിരുന്നു. എന്റെ കുഞ്ഞിനെ ഏതു നിമിഷവും അവര്‍ തട്ടിക്കൊണ്ടു പോയേക്കാമെന്ന തോന്നലായിരുന്നു അന്ന് ഉള്ളിലെല്ലാം.
സിനിമയ്‌ക്കൊപ്പം ആ പാട്ടും ഞങ്ങളുടെ ഉള്ളിലേക്ക് കടന്നു കൂടി. ഏകദേശം ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളായിരുന്നു ആ പാട്ടിലുണ്ടായിരുന്ന്. അത് കൊണ്ട് തന്നെ അത് ഞങ്ങളാണെന്ന് തന്നെ തോന്നിയിരുന്നു. അന്ന് ആ പാട്ട് ആദ്യമായി കാണുമ്പോള്‍ എന്റെ അനിയത്തി എന്റെ മടിയിലുണ്ടായിരുന്നു.
ഇന്നും ആ പാട്ടെന്നാല്‍ എനിക്കെന്റെ അനിയത്തിയാണ്. സ്‌നേഹമാണ്.
'തിത്തൈ തിത്തൈ
നൃത്തം വെക്കും പൂന്തെന്നല്‍'
എന്ന വരികള്‍ക്കൊപ്പം കിലുകിലാന്നു കിങ്ങിണി മണികളുള്ള വെള്ളിക്കൊലുസിട്ട കുഞ്ഞിക്കാലുകളില്‍ ഞാന്‍ താളം വെപ്പിക്കുമായിരുന്നു. പിന്നീട് ഈ പാട്ട് വരുമ്പോഴെല്ലാം അവളെന്നെ ഓടി വന്നു വിളിക്കും. അങ്ങനെയങ്ങനെ ആ പാട്ട് ഞങ്ങളുടേതായി. എവിടെയെങ്കിലും ആ പാട്ട് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഓടിപ്പോയിരുന്നു കാണും. പിന്നേ കുറെ നേരത്തേക്ക് ഒന്നിച്ചിരുന്നു ഞങ്ങള്‍ സ്‌നേഹിക്കും.
വലുതായിട്ടും ആ പാട്ടിനോടുള്ള സ്‌നേഹം മാറിയിട്ടില്ല. കുറേക്കൂടി വലിയ ക്ലാസ്സില്‍ ആയപ്പോള്‍ തമ്മില്‍ അല്ലറ ചില്ലറ വഴക്കുകള്‍ വളരെ സ്വഭാവികമായി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. ചിലപ്പോഴെല്ലാം വഴക്കുകൂടി രണ്ടിടത്തിരിക്കുമ്പോഴാവും ഈ പാട്ട് ഞങ്ങള്‍ക്കിടയിലേക്കു ഏതെങ്കിലും ഒരു ചാനലിലൂടെ വന്നെത്തുന്നത്. പിന്നെ നിമിഷ നേരം കൊണ്ട് ഞങ്ങള്‍ തമ്മില്‍ വഴക്ക് മറക്കും. ഇന്നും ആ പാട്ടെന്നാല്‍ എനിക്കെന്റെ അനിയത്തിയാണ്. സ്‌നേഹമാണ്. എന്നോളം വളര്‍ന്ന എന്റെ കണ്ണാംതുമ്പിയോടുള്ള സ്‌നേഹമാണ്.
എത്രയോ ദൂരെയിരിക്കുമ്പോഴും ഒരൊറ്റ പാട്ടിന്റെ ദൂരത്തില്‍ അവളുണ്ടെന്നു തോന്നിപ്പിക്കുന്ന പാട്ടാണത്. എന്നോട് ഏറെ ചേര്‍ന്നിരിക്കുന്ന ഒരു പാട്ട്. എപ്പോള്‍ കേള്‍ക്കുമ്പോഴും ഒരുപാടോര്‍മ്മകള്‍ ഒന്നിച്ചോടിയെത്തും
എന്റെ കണ്ണാംതുമ്പി, നിന്നെക്കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം..
പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം