ആരും അടുത്ത് വരണ്ട; ഈ ഭീകരരരെ ഞാന്‍ കൈകാര്യം ചെയ്തോളാം'; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അവസാന വാക്കുകള്‍

 'ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം'-ഇതായിരുന്നു സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അച്ഛന്‍ തന്നെ പറയുകയുണ്ടായി. അത്രമേല്‍ വിരോചിതമായിരുന്നു ആ ജീവിതവും മരണവും

major sandeep unnikrishnan tenth death anniversary

കോഴിക്കോട്: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് സ്വദേശി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത്. 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനിടെ, താജ് ഹോട്ടലില്‍ തമ്പടിച്ച ഭീകരന്‍മാരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യു.  സ്വജീവന്‍ ബലിനല്‍കി മറ്റുള്ളവരുടെ ജീവന് കാവലാളായ സന്ദീപിന്റെ വീരമൃത്യുവിന് കാലം കഴിയുന്തോറും തിളക്കം വര്‍ധിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബംഗലുരുവിലായിരുന്നു താമസിച്ചിരുന്നത്. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷണന്റെയും ധനലക്ഷ്മിയുടെയും മകന്‍. പഠിച്ചതും വളര്‍ന്നതും ബംഗലുരുവിലായിരുന്നു. കുട്ടിക്കാലം മുതലേ രാജ്യത്തെ സേവിക്കണം എന്നാഗ്രഹിച്ച യുവാവ് 1995-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമായി. 2007 മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു.

മുംബൈ താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ജനങ്ങളെ ബന്ദകളാക്കിയപ്പോള്‍ അവരെ നേരിടാന്‍ നിയോഗം ലഭിച്ചവരില്‍ ഒരാളായിരുന്നു സന്ദീപ്. ഭീകരരെ  തുരത്താനായുള്ള ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനിടെ വന്‍ മുന്നേറ്റമായിരുന്നു സന്ദീപ് നടത്തിയത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സഹപ്രവര്‍ത്തകനെ ഭീകരരില്‍നിന്നും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അവര്‍ക്കിടയിലേക്ക് കുതിക്കുകയായിരുന്നു സന്ദീപ്. അതിനിടെ വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. 'ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം'-ഇതായിരുന്നു സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അച്ഛന്‍ തന്നെ പറയുകയുണ്ടായി. അത്രമേല്‍ വിരോചിതമായിരുന്നു ആ ജീവിതവും മരണവും. 

സന്ദീപിന്റെ വീരമൃത്യുവിനോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിന് അശോകചക്ര നല്‍കി ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോഴും നിരവധിയാളുകള്‍ സന്ദീപിന്റെ വീരസ്മരണ പുതുക്കി ബംഗളുരുവിലെ വസതിയിലെത്താറുണ്ട്. ബംഗളുരുവിലെ വസതിക്ക് സമീപം ഗ്രാനൈറ്റില്‍ തീര്‍ത്ത സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശിലയിലേക്കും ജനപ്രവാഹം ഉണ്ടാകാറുണ്ട്. വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനായി  രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 'ഫ്‌ളാഗ്‌സ് ഓഫ് ഓണര്‍' എന്ന പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. 25 ലക്ഷം രൂപ സന്ദീപിന്റെ കുടുംബത്തിന് ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios