രക്തത്തില്‍ കുളിച്ച് പൂര്‍ണ നഗ്നയായ സ്ത്രീ: ചിത്രത്തിലെ യാഥാര്‍ത്ഥ്യം
കോപ്പന്‍ഹേഗന്‍: കടല്‍ത്തീരത്ത് അകലങ്ങളിലേയ്ക്ക് നോക്കി രക്തത്തില്‍ കുളിച്ച് പൂര്‍ണ നഗ്നയായ സ്ത്രീ ഇരിക്കുന്ന ഞെട്ടിക്കുന്ന ചിത്രം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്താണ് ഇതെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിക്കുന്നു.
ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ലോക പ്രശസ്തമായ 'ലിറ്റില്‍ മെര്‍മെയ്ഡ്' എന്ന മത്സ്യകന്യകയുടെ പ്രതിമയാണിത്. എന്നാല്‍ അടുത്തിടെ ചിലര്‍ ഈ പ്രതിമയ്ക്ക് ചുവന്ന പെയിന്‍റടിച്ചു. പരിസ്ഥിതിവാദികളാണ് ഇതിന് പിന്നില്‍, അതോടെ ഈ ചിത്രം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്.
എന്താണിത് ചെയ്തതതെന്ന് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ, പൈലറ്റ് തിമിംഗലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന 'ഗ്രിന്‍ഡഡ്രാ' ആഘോഷത്തിന് ഡെന്മാര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മത്സ്യ കന്യകയ്ക്കു നേരെയുള്ള ഈ പെയിന്‍റാക്രമണം എന്നാണ് റിപ്പോര്‍ട്ട്.
ഡെന്മാര്‍ക്കിനു കീഴിലെ സ്വയംഭരണദ്വീപായ ഫറോ ഐലന്‍റിലാണ് തിംമിഗല വേട്ട നടക്കുന്നത്. കടലിനെ രക്തം കുളിപ്പിക്കുന്ന കാഴ്ചയാണിത്. ഒരു നോട്ടിക്കല്‍ മൈല്‍ ദൂരത്തിന്റെ പരിധിയില്‍ ചുറ്റിത്തിരിയുന്ന പൈലറ്റ് തിമിംഗലങ്ങളെ മാത്രമേ കൊല്ലാവു എന്ന് നിര്‍ദേശമുണ്ട്. ചാട്ടുളി പ്രയോഗത്തിലൂടെയാണ് ഈ ആചാരം. ഇഞ്ചിഞ്ചായുള്ള ഈ കൊല്ലല്‍ രീതിയില്‍ പ്രതിഷേധിച്ചാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
നിയമത്തില്‍ വരെ ഭേദഗതി വരുത്തി ഡെന്മാര്‍ക്കും ഫറോ ദ്വീപിനൊപ്പം നിന്നതോടെയാണ് ലിറ്റില്‍ മെര്‍മെയ്ഡ് എന്ന മത്സ്യ കന്യകയ്ക്കു മേല്‍ ആക്രമണമുണ്ടായത്. വ്യത്യസ്ത വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ മത്സ്യകന്യകയ്ക്കു മേല്‍ ആക്രമണമുണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്.