കാലം മാറി; ഇന്ത്യന്‍ കുറ്റവാളികള്‍ക്ക് ഇനി അധികനാള്‍ വിദേശത്ത് ഒളിച്ചിരിക്കാനാവില്ല
പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട് ഐസിസിലും മറ്റും പോവുന്ന ഇന്ത്യക്കാരെ കണ്ടുപിടിക്കാനും തിരിച്ചെത്തിക്കാനും വളരെ എളുപ്പം കഴിയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനീലും മറ്റും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന കൊടിയ ഭീകരവാദികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക എന്നത് വളരെ ക്ലേശകരമായ ഒരു ജോലിയാണ്. നിതിന്‍ എ ഗോഖലെ എഴുതിയ കുറിപ്പ്.
നാലുവര്‍ഷത്തിനിടെ, ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ് പല വിദേശരാജ്യങ്ങളിലും ഒളിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളികളായ പലരെയും തിരിച്ചു കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. അവരില്‍ കൊടും കുറ്റവാളികളും, വഴിതെറ്റി തീവ്രവാദത്തിലെത്തിയ യുവാക്കളും, കൊലപാതകികളും, ദാവൂദ് ഇബ്രാഹിമിന്റെ അരഡസനോളം കിങ്കരന്മാരും ഉള്‍പ്പെടും. കണക്കുകള്‍ പ്രകാരം, 2014 മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ പൗരന്മാരായ ഏതാണ്ട് നൂറോളം പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്കെത്തിച്ചിട്ടുണ്ട്. എന്‍എസ്‌ഐ വയര്‍. കോമില്‍ നിതിന്‍ എ ഗോഖലെ എഴുതിയ കുറിപ്പ്. വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍
ക്രിസ്ത്യന്‍ മിഷേല്‍
3600 കോടിയുടെ അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ കൈക്കൂലിക്കേസിലെ മുഖ്യ ദല്ലാള്‍ ക്രിസ്ത്യന്‍ മിഷേലിനെ കഴിഞ്ഞാഴ്ച യു എ ഇ ഇന്ത്യയ്ക്കു കൈമാറിയതോടെ, ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതി അന്താരാഷ്ട്ര ശ്രദ്ധയില്‍ വന്നിരിക്കുകയാണ്. ഇതു പക്ഷേ, യു എ ഇയുടെ മാത്രം കാര്യത്തിലല്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ, ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ് പല വിദേശരാജ്യങ്ങളിലും ഒളിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളികളായ പലരെയും തിരിച്ചു കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. അവരില്‍ കൊടും കുറ്റവാളികളും, വഴിതെറ്റി തീവ്രവാദത്തിലെത്തിയ യുവാക്കളും, കൊലപാതകികളും, ദാവൂദ് ഇബ്രാഹിമിന്റെ അരഡസനോളം കിങ്കരന്മാരും ഉള്‍പ്പെടും. കണക്കുകള്‍ പ്രകാരം, 2014 മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ പൗരന്മാരായ ഏതാണ്ട് നൂറോളം പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്കെത്തിച്ചിട്ടുണ്ട്. തായ്ലന്‍ഡ്, നേപ്പാള്‍, യു എ ഇ, സൗദി അറേബ്യ, സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബംഗ്‌ളാദേശ്, ടര്‍ക്കി, ഒമാന്‍, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യയിലേക്ക് കുറ്റവാളികളെ തിരിച്ചെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇന്റലിജന്‍സ് സഹകരണത്തിലുണ്ടായ പുരോഗതിയാണ് ഇത് സാധ്യമാക്കിയത്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട് ഐസിസിലും മറ്റും പോവുന്ന ഇന്ത്യക്കാരെ കണ്ടുപിടിക്കാനും തിരിച്ചെത്തിക്കാനും വളരെ എളുപ്പം കഴിയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനീലും മറ്റും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന കൊടിയ ഭീകരവാദികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക എന്നത് വളരെ ക്ലേശകരമായ ഒരു ജോലിയാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ മുജാഹിദീന്റെ ഉയര്‍ന്ന കേഡറായ അബ്ദുല്‍ വഹീദ് സിദിബാപ്പയെ 2014ലാണ് ദുബായ് പൊലീസ് അറസ്റ്റുചെയ്യുന്നത്. ഇന്ത്യന്‍ ഇന്റലിജന്‍സ് സിദിബാപ്പയെ കസ്റ്റഡിയില്‍ എടുക്കുന്നതിനു വേണ്ടി ശ്രമിച്ചെങ്കിലും, 61 ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷം ദുബായ് പോലീസ് അയാളെ സ്വതന്ത്രമാക്കി. ഇന്ത്യന്‍ ഇന്റലിജന്‍സ് 2016 മെയ് വരെ തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് അയാളെ വീണ്ടും അറസ്റ്റുചെയ്യാനും ഇക്കുറി തിരിച്ചു കൊണ്ടുവരാനുമൊക്കെ കഴിഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അയാളെ ദില്ലിയില്‍ വിമാനമിറങ്ങിയ പാടെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അറസറ്റുചെയ്യുകയുണ്ടായി. അയാളിപ്പോള്‍ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ബബ്ബര്‍ ഖല്‍സ, ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സിഖ് ഭീകരവാദ സംഘടനകളുടെ ഹര്‍മിന്ദര്‍ സിങ്ങ് മിന്‍ടൂവിനെപ്പോലെ, തായ്ലന്‍ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ പോയൊളിച്ചിരുന്ന പല ഭീകരരെയും ഇന്ത്യ വിജയകരമായി തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പട്യാല ജയിലില്‍ നിന്നും രക്ഷപ്പെട്ട മിന്‍ടൂവിനെ വീണ്ടും പിടികൂടുകയും ഒടുക്കം 2016ല്‍ മിന്‍ടൂ ഹൃദയാഘാതം വന്ന് മരിക്കുകയുമാണുണ്ടായത്. .
ദാവൂദ് ഇബ്രാഹിം ഗ്യാങിലെ പല ഗ്യാങ്സ്റ്റര്‍മാരെയും ഇതേപോലെ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചു കൊണ്ടുവരികയുണ്ടായി. 1993ലെ ബോംബുസ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളിയായ മന്‍സൂര്‍ മുഹമ്മദ് ഫാറൂഖ് അഥവാ 'ഫാറൂഖ് ടക്ലാ' എന്ന കുപ്രസിദ്ധ ഡി കമ്പനി ഷൂട്ടര്‍, സ്ഫോടനത്തിനു പിന്നാലെ ദുബായിലേക്ക് കടക്കുകയും മുഷ്താഖ് മുഹമ്മദ് മിയാ എന്ന പേര് സ്വീകരിച്ച് അവിടെ രഹസ്യജീവിതം തുടങ്ങുകയും ചെയ്തിരുന്നു. ദുബായില്‍ നിന്നും ഇടയ്ക്കിടെ പാക്കിസ്ഥാനിലേക്ക് വന്നുപോയ്‌ക്കൊണ്ടിരുന്ന ഫാറൂഖ്, ഡി ഗ്യാങിലെ പലരുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ ലോജിസ്റ്റിക്‌സ് ഓപ്പറേഷനുകള്‍ പലതിനും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. 2011ല്‍ ദുബായിലിരുന്ന് വ്യാജ ഐഡന്റിറ്റിയില്‍ ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് വരെ അയാള്‍ സംഘടിപ്പിച്ചു.2017ല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ടീം ഫാറൂഖിനെ ട്രാക്ക് ചെയ്യുകയും ഈ വര്‍ഷമാദ്യം അയാളെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു. ഇന്ത്യയില്‍ ഇപ്പോള്‍ ടാഡാ നിയമപ്രകാരം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ഫാറൂഖ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പേര് 2000 കോടി രൂപയുടെ ബിറ്റ് കോയിന്‍ അഴിമതിയിലെ പ്രതി അമിത് ഭരദ്വാജ് ആണ്. തായ്ലണ്ടിലേക്ക് കിടന്നിരുന്ന ഭരദ്വാജിനെ ഈ വര്‍ഷമാദ്യം പിടികൂടി നാട്ടിലെത്തിച്ചിരുന്നു. വിജയ് മല്യ അടക്കമുള്ള പലരും ഇനി വരുന്ന നാളുകളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഇത്തരത്തില്‍, പല രാജ്യങ്ങളുമായും ഇക്കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഉരുത്തിരിഞ്ഞിരിക്കുന്ന പതിവില്‍ക്കവിഞ്ഞ സഹകരണം കൊണ്ട്, കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിലേറെക്കാലമായി ഇന്ത്യന്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ച് വിദേശരാജ്യങ്ങളില്‍ സുഖജീവിതം നയിച്ചുകൊണ്ടിരുന്ന പല കൊടും കുറ്റവാളികളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാരിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍, നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് മറുനാടുകളില്‍ പോയി രക്ഷപ്പെടാമെന്ന മോഹം അതിമോഹമായി മാറുമെന്നാണ് കരുതേണ്ടത്.
Cuurtesy: sniwire.com