'നല്ല കുട്ടിയാ ട്ടോ. ഇനീം ഉണ്ടോ ഇതുപോലത്തെ മക്കള്?'
പേടിച്ചു ചെരിഞ്ഞു കിടന്ന എന്നെ 'റ' പോലെ വളച്ചു പിടിച്ചു നടുവിന് ഒരു ഇഞ്ചക്ഷൻ തന്നു. സ്വർഗ്ഗലോഗത്തിന് അപ്പുറം എന്തെങ്കിലും ലോകം ഉണ്ടെങ്കില്‍ അതു കണ്ടു പിടിച്ചതിന്‍റെ ക്രെഡിറ്റ് അപ്പൊ തന്നെ എനിക്ക് കിട്ടുമായിരുന്നു. പിന്നെ, ഞാൻ മയക്കത്തിൽ ആയെന്നു തോന്നുന്നു. കവിളിൽ ടപ്പേ ടപ്പേ അടി കിട്ടിയപ്പോൾ ഞരങ്ങി വിളി കേട്ടു. അങ്ങനെ ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയായി എന്ന അറിയിപ്പ് കിട്ടി.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
ഒരു പതിമൂന്നു കൊല്ലം മുമ്പ്, രണ്ടായിരത്തി അഞ്ച് ഫെബ്രുവരി മാസം. അന്നാണ് എന്‍റെ നിറവയർ ഒമ്പത് മാസവും ഒമ്പത് ദിവസവും തികച്ച് ഏത് നിമിഷവും പ്രസവം എന്ന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഡോക്ടർ പറഞ്ഞ തീയതി ആയിട്ടും വയറ്റിലെ കക്ഷിക്ക് ഭൂമീൽ വരാനുള്ള ഉദ്ദേശം ഒന്നുമില്ലാ എന്ന മട്ടിൽ യാതൊരു സിഗ്നലും തരാണ്ട് ഉള്ളിൽ അങ്ങനെ സുഖിച്ചു കഴിയുകയാണ്.
അങ്ങനെ പറഞ്ഞ തീയതി കഴിഞ്ഞു രണ്ട് ദിവസം ആയി, എന്നിട്ടും പ്രസവലക്ഷണം ഒന്നും ഇല്ല. ഒടുക്കം അമ്മയുടെ ആവലാതി കേട്ട് പൊറുതി മുട്ടിയാകും ഉള്ളിലെ ആള് വരാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അടിവയറ്റിൽ നിന്നും വേദന തുടങ്ങി, നട്ടെല്ല് നന്നായി പൊട്ടി വരും പോലെ ഉള്ള അൺസഹിക്കബിൾ വേദന. അങ്ങനെ ഹോസ്പിറ്റലിൽ എത്തി. വേദന വന്നിട്ടും പ്രസവം സിസേറിയൻ തന്നെ വേണ്ടി വന്നു.
ഓപ്പറേഷൻ ടേബിളിൽ നെഞ്ചിടിപ്പോടെ വലിയ ലൈറ്റ് നോക്കി കിടക്കുമ്പോൾ ദേ വരുന്നു കൊമ്പൻ മീശക്കാരൻ അറ്റന്‍റർ. അപ്പോഴേക്കും ഡോക്ടറും എത്തി. എന്നെ കണ്ടപ്പോൾ ഡോക്ടർ ആ പഴയ ചിരി ചിരിച്ചു. ആ ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട്. അതെന്താണെന്നു വെച്ചാൽ, വിശേഷമുണ്ടെന്ന ഡൗട്ടിൽ ഡോക്ടറെ കാണിക്കാൻ പോയി.
'ശ്ശ്... ഒന്നു പറഞ്ഞിട്ട് കുത്ത് എന്‍റെ സിസ്റ്ററേ'
"എത്ര മാസമായി? " എന്ന് ഡോക്ടര്‍. "ഒരുമാസം കഴിഞ്ഞു " ഞാൻ. അങ്ങനെ ഡോക്ടർ പരിശോധിക്കാൻ തുടങ്ങി. പെട്ടെന്നാണ് ഡോക്ടറുടെ മുഖഭാവം ആകെ മാറിയത്. ഞാനും അമ്മയും ആകെ പേടിച്ചു. ഡോക്ടർ വീണ്ടും വയർ അമർത്തി ഞെക്കി നോക്കി അമ്പരപ്പോടെ ചോദിച്ചു, " എത്ര മാസമായി ?", "ഒരു മാസം കഴിഞ്ഞു" ഞാനും അതേ പകപ്പോടെ പറഞ്ഞു. എന്‍റെ മറുപടി കേട്ട് ഡോക്ടർ എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു. പെട്ടെന്നാണ് ഡോക്ടർ ചോദിച്ചത്, "നിനക്ക് ബാത്ത് റൂമില്‍ പോവാൻ തോന്നുന്നുണ്ടോ" എന്ന്. കേട്ടതും ഞാൻ തല കുലുക്കി. "ആദ്യം പോയിട്ട് വാ" ഞാൻ ഓടി, പുറത്തേക്ക്.
തിരിച്ചു വന്നപ്പോൾ ഡോക്ടറും എന്‍റെ കെട്ടിയോനും മാതാശ്രീയും വല്ലാത്ത ചിരി. അപ്പോഴാണ് ഡോക്ടർ പറയുന്നത്, ഒരുമാസം പ്രെഗ്നന്‍റ് ആയ പെണ്ണിന്‍റെ വയർ മൂന്ന് മാസം പോലെ എന്നു തോന്നിപ്പോയി, ഇനിയിപ്പോ വല്ല... "അയ്യോ, ഞാൻ ആ ടൈപ്പ് അല്ല..." ഞാൻ നിലവിളിച്ചു. "അതാണല്ലോ ബാത്ത്റൂമില്‍ പോയിട്ട് വരാൻ പറഞ്ഞത്." തിരിച്ചു വരുമ്പോൾ അമ്മ പിറുപിറുത്തു, 'കല്യാണം കഴിഞ്ഞാൽ എങ്കിലും കുറച്ചു വകതിരിവ് വെക്കുമെന്ന് വിചാരിച്ചു, അതുമില്ല.' അന്ന് മുതൽ ഡോക്ടർക്ക് എന്നെ കാണുമ്പോൾ ഈ കുരുത്തം കെട്ട പിള്ളേരെ കാണുമ്പോൾ ഉള്ള ഒരു ഭാവം ആണ്.
പിന്നെ, ഞാൻ മയക്കത്തിൽ ആയെന്നു തോന്നുന്നു
അങ്ങനെ ഓപ്പറേഷൻ ടേബിളിൽ ഡോക്ടറെ നോക്കി ഒരു സോപ്പിങ് ചിരിയും ചിരിച്ചു, എനിക്കെന്‍റെ അമ്മയെ കാണണമെന്ന് സിസ്റ്ററോട് ചിണുങ്ങി കിടക്കുമ്പോൾ ആണ് കൈയിൽ നല്ല വേദനയിൽ ഒരു ഇഞ്ചക്ഷൻ കിട്ടിയത്. 'ശ്ശ്... ഒന്നു പറഞ്ഞിട്ട് കുത്ത് എന്‍റെ സിസ്റ്ററേ' എന്നു നിലവിളിച്ചപ്പോഴായിരുന്നു ആ കൊമ്പൻ മീശക്കാരൻ എന്നോട് പറയുന്നത് ചെരിഞ്ഞു കിടക്കാൻ.
പേടിച്ചു ചെരിഞ്ഞു കിടന്ന എന്നെ 'റ' പോലെ വളച്ചു പിടിച്ചു നടുവിന് ഒരു ഇഞ്ചക്ഷൻ തന്നു. സ്വർഗ്ഗലോഗത്തിന് അപ്പുറം എന്തെങ്കിലും ലോകം ഉണ്ടെങ്കില്‍ അതു കണ്ടു പിടിച്ചതിന്‍റെ ക്രെഡിറ്റ് അപ്പൊ തന്നെ എനിക്ക് കിട്ടുമായിരുന്നു. പിന്നെ, ഞാൻ മയക്കത്തിൽ ആയെന്നു തോന്നുന്നു. കവിളിൽ ടപ്പേ ടപ്പേ അടി കിട്ടിയപ്പോൾ ഞരങ്ങി വിളി കേട്ടു. അങ്ങനെ ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയായി എന്ന അറിയിപ്പ് കിട്ടി.
കുറച്ചു കഴിഞ്ഞ് സ്ട്രെച്ചറിൽ മുറിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു അതു സംഭവിച്ചത്. കൊറിഡോറിലൂടെ ഇറക്കം ഇറങ്ങി സ്‌ട്രെച്ചർ നീങ്ങുമ്പോഴായിരുന്നു എന്‍റെ കൈകൾ ഊർന്നു താഴേക്ക് തൂങ്ങി കിടക്കുന്നത് അറ്റൻഡർ കണ്ടത്. അയാൾ കൈ മെല്ലെ പിടിച്ച് എന്‍റെ ദേഹത്തേക്ക് വെച്ചു. അരയ്ക്ക് താഴെ ആകെ മരവിച്ച എനിക്ക് അവിടം വെള്ളം നിറഞ്ഞു വീർത്തു നിൽക്കുന്ന ഏതോ വസ്തുവായി തോന്നി. അയാൾ എന്‍റെ കൈ അവിടെ വെച്ചതിലും വേഗത്തിൽ ഞാൻ കൈ തൂക്കിയിട്ടു താഴേക്ക്. കണ്ണടച്ചു ഞാൻ അതു ചെയ്തപ്പോൾ അയാൾ വിചാരിച്ചു എനിക്ക് ബോധം വരാത്തതല്ലേ അപ്പോൾ അറിയാതെ കൈ ഊർന്നു പോവുന്നതാണ് എന്ന്. വീണ്ടും അയാൾ കൈ എടുത്തു തുടയിന്മേൽ വെച്ചു. വീർത്തു പൊന്തിയ ബ്രഡ്ഡിന്‍റെ മേൽ വെച്ച പോലെ ഫീൽ ചെയ്തപ്പോൾ അറപ്പായിട്ട്, വന്നതിലും വേഗം എന്‍റെ കൈ താഴേക്ക് വീണ്ടും പോയി.
സ്ട്രെച്ചറും തള്ളണം എന്‍റെ കൈയും നോക്കണം എന്ന അവസ്ഥയിൽ ആയ അറ്റൻഡർ 'ഇതെന്തൊരു കൈയാണപ്പ ഓടിക്കളിക്കണ കയ്യോ' എന്നു പറയുന്നത് ആ പാതി ബോധത്തിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ചിരിച്ചാൽ അയാൾ എന്നെ തൂക്കിയെടുത്തു താഴെ ഇടുമെന്നുറപ്പാണ്, അജ്ജാതി വെറുപ്പിക്കൽ ആയിരുന്നു ഞാൻ ചെയ്തത്.
ഇളയമ്മയുടെ കണ്ണു തെറ്റിയതും ഉള്ളത് മൊത്തം കുടിച്ചു ഗ്ലാസ് കാലിയാക്കി കൊടുത്തതും അമ്മയുടെ ഫയറിങ് തുടങ്ങി
അങ്ങനെ റൂമിൽ എത്തി എന്നെ ബെഡ്ഡിൽ ആരൊക്കെയോ ചേർന്ന് കിടത്തി. കുറച്ചു കഴിഞ്ഞു കണ്ണു തുറന്നപ്പോൾ എന്‍റെ അടുത്തു വെള്ള പഞ്ഞിക്കെട്ടു പോലെ എന്‍റെ മോളുണ്ടായിരുന്നു. ചുറ്റിലും കുറെ ബന്ധുക്കളും.
ദാഹിച്ചു തൊണ്ട വരണ്ടിരുന്നു. വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ ഇപ്പോഴൊന്നും വെള്ളം കുടിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് പോലും. ഒടുക്കം എന്‍റെ ദയനീയ അവസ്ഥ കണ്ട് ഇളയമ്മ കുറച്ചു കാപ്പി തന്നിട്ട് ഒരു കവിൾ മാത്രം കുടിച്ചു ബാക്കി താ എന്നു പറഞ്ഞു തന്നു. ഇളയമ്മയുടെ കണ്ണു തെറ്റിയതും ഉള്ളത് മൊത്തം കുടിച്ചു ഗ്ലാസ് കാലിയാക്കി കൊടുത്തതും അമ്മയുടെ ഫയറിങ് തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴായിരുന്നു അതു സംഭവിച്ചത്, ഒരു വലിയ സംഘം റൂമിൽ എത്തി. അമ്മായിയും മക്കളും ബന്ധുക്കളും. വന്നത് വെറും കയ്യോടെയും അല്ല, പഴം പൊരി, പരിപ്പ് വട, ഉഴുന്ന് വട എന്നു വേണ്ട ഒരു വിധം എണ്ണ പലഹാരങ്ങൾ എല്ലാം ഉണ്ട്. അവർക്കും റൂമിലെ അമ്മയ്ക്കും ഇളയമ്മയ്ക്കും ഉള്ളതാണ്.
കണ്ണിൽ ചോരയില്ലാതെ എന്‍റെ മുന്നിൽ ഇരുന്ന് എല്ലാരും അതൊക്കെ തിന്നാൻ തുടങ്ങിയപ്പോ, 'നിനക്ക് ഒന്നും തിന്നൂടാലോ അല്ലെ ' എന്നു പുട്ടിനു പീര പോലെ അമ്മായിയുടെ വക ചോദ്യവും കൂടി ആയപ്പോ കൊതി പിടിച്ചു കിടന്ന എനിക്ക് അറിയാതെ കരച്ചിൽ വന്നു. വിശന്നു കിടക്കുന്ന എന്‍റെ മുന്നിൽ നിന്ന് അവർ ഈ തീറ്റ മത്സരം നടത്തുമ്പോൾ, അതൊക്കെ കണ്ടു സഹിച്ചു ഹേയ് എനിക്ക് വേണ്ട എന്നു പറഞ്ഞു അട്ടം നോക്കി കിടന്ന എന്നോട് എനിക്ക് തന്നെ ബഹുമാനം തോന്നി. പക്ഷെ ആ ബഹുമാനം അധികം നീണ്ടു നിന്നില്ല, അതിലും വലുതായിരുന്നു വിശപ്പ്. ഇളയമ്മയോട് കെഞ്ചി ഉഴുന്നുവട അടിച്ചു മാറ്റി ഞാൻ കഴിച്ചു. ആ കുറച്ചു മണിക്കൂർ കൊണ്ട് വിശപ്പും ദാഹവും എന്താണെന്ന് നന്നായി അറിഞ്ഞു.
എല്ലാം കഴിഞ്ഞ് ഏഴാമത്തെ ദിവസം തിരിച്ചു പോകുമ്പോൾ ആ അറ്റൻഡറെ വീണ്ടും കണ്ടു. ഒരു പുഞ്ചിരിയോടൊപ്പം ഒരു ചോദ്യവും "കൈക്ക് കുഴപ്പമൊന്നും ഇല്ലാല്ലോ ല്ലേ" എന്ന്. ഞാനും ഒരു ചിരി ചിരിച്ചു.
കെട്ടീട്ടും ഒന്നു പെറ്റിട്ടും ഇവളുടെ കുരുത്തക്കേട് നിന്നില്ലല്ലോ എന്റെ മുത്തപ്പാ
"അല്ല അനുസരണം ഇല്ലാത്ത കയ്യാണേ. പിടിച്ചു കെട്ടിയിട്ടാലോ എന്നോർത്തതാ ഞാൻ" അയാളുടെ ആ പറച്ചിലിന് അമ്മയുടെ ചോദ്യം അയാൾക്ക് കിട്ടി. ചുമരിൽ ഉരയാതെ കയ്യും സ്ട്രക്ചറും തള്ളിക്കൊണ്ട് പോയ കഥ അയാൾ മനോഹരമായി വിവരിച്ചു കൊടുത്തു. ഒപ്പം ഒരു കൂട്ടിച്ചേർക്കലും. "അന്ന് ഞാനോർത്തെ ബോധം ഇല്ലാഞ്ഞിട്ടാവും ന്നാ. ഇപ്പോഴത്തെ ചിരി കണ്ടപ്പോ മനസ്സിലായി അറിഞ്ഞോണ്ടന്നെയാർന്നൂന്ന്. നല്ല കുട്ടിയാ ട്ടോ. ഇനീണ്ടൊ ഇതുപോലത്തെ മക്കള് "
പിന്നിൽ നിന്നും അപ്പോഴേക്കും അമ്മ പിറുപിറക്കണത് കേക്കാൻ തുടങ്ങി. "കെട്ടീട്ടും ഒന്നു പെറ്റിട്ടും ഇവളുടെ കുരുത്തക്കേട് നിന്നില്ലല്ലോ എന്റെ മുത്തപ്പാ'' എന്ന്. ഞാൻ ഉറങ്ങുകയായിരുന്ന മോളേ ഒന്നൂടെ ചേർത്ത് പിടിച്ച് അവൾക്ക് മാത്രം കേൾക്കാൻ വേണ്ടി പറഞ്ഞു. "കേട്ടോടി നീ കാരണാ ഞാനിതൊക്കെ കേൾക്കേണ്ടി വന്നത്. " അവളൊന്നും പറഞ്ഞില്ല. അമ്മയാവട്ടെ ഇപ്പളും ആ പറച്ചിൽ നിർത്തിയിട്ടുമില്ല.
ഇന്നും ആ ആശുപത്രി കാണുമ്പോൾ സഹിച്ച വേദനയും, അന്നത്തെ ആ ചമ്മിയ ചിരിയും, അറ്റൻഡറും ഒക്കെയാണ് കണ്‍മുന്നിൽ.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം