'ഗദ്ദാമ' എന്ന സിനിമ അവളെക്കുറിച്ചാണ് ഓര്‍മ്മിപ്പിച്ചത്
ഇത്രയും വേദന ആയതു കൊണ്ട് ലാബിൽ ഞാനും കൂടെ പോയി. ടെക്നീഷ്യൻ ബ്ലഡ് എടുത്തു കഴിഞ്ഞപ്പോഴേക്കും അവൾ നിലത്തിരുന്നു. അതു വരെ അമർത്തിപ്പിടിച്ച കരച്ചിൽ പുറത്തു വന്നു തുടങ്ങി.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
ഏകദേശം ഒമ്പത് വർഷങ്ങൾക്കു മുമ്പാണ്. നഴ്സിംഗ് പഠിച്ചിറങ്ങി അധികം വൈകാതെ തന്നെ സൗദിയിൽ ജോലി ലഭിച്ചു. ഒരു ഈജിപ്ഷ്യൻ കമ്പനിയിലാണ് അന്ന് ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ വരുന്ന രോഗികളും അറബി വംശജർ തന്നെയായിരുന്നു. പിന്നെ, അവരുടെ വീട്ടിലെ ജോലിക്കാരും. അതിൽ തന്നെ വീട്ടു വേലക്കാർ ആയിട്ടുള്ള ഇന്തോനേഷ്യ പോലെയുള്ള രാജ്യക്കാരും.
അവൾ വീണു കിടന്നിടത്തു പടർന്ന രക്തം കണ്ട് ഞങ്ങൾ രണ്ടും പേടിച്ചു
ഒരു ദിവസം കടുത്ത വയറു വേദനയുമായി ഒരു പെൺകുട്ടിയെയും കൊണ്ട് ഒരു സൗദി കുടുംബം വന്നു. അത്രയും വേദന കടിച്ചമർത്തി നിൽക്കുകയാണ് ആ കുട്ടി. അവള്‍ ഒന്നും സംസാരിക്കുന്നില്ല. പരിശോധിച്ച ശേഷം ഡോക്ടർ കുറച്ചു ടെസ്റ്റുകൾ നിർദേശിച്ചു. വിവാഹം കഴിഞ്ഞിട്ടില്ല എന്ന് അവരുടെ സ്പോൺസർ ആയ സൗദി സ്ത്രീ പറഞ്ഞിരുന്നു. ബ്ലഡ് എടുക്കാൻ ലാബിൽ പോയ ആ കുട്ടിക്ക് ഒന്നിരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല, അവളാണെങ്കിൽ ചോദിച്ചതിന് ഒന്നിനും മറുപടി പറയുന്നുമില്ല.
ഇത്രയും വേദന ആയതു കൊണ്ട് ലാബിൽ ഞാനും കൂടെ പോയി. ടെക്നീഷ്യൻ ബ്ലഡ് എടുത്തു കഴിഞ്ഞപ്പോഴേക്കും അവൾ നിലത്തിരുന്നു. അതു വരെ അമർത്തിപ്പിടിച്ച കരച്ചിൽ പുറത്തു വന്നു തുടങ്ങി. എനിക്കും എന്‍റെ കൂടെ ഉണ്ടായിരുന്ന മലയാളി ആയ ക്ലീനർക്കും ആദ്യം ഒന്നും മനസ്സിലായില്ല. അവൾ വീണു കിടന്നിടത്തു പടർന്ന രക്തം കണ്ട് ഞങ്ങൾ രണ്ടും പേടിച്ചു. അപ്പോഴാണ് അതിനിടയിൽ താഴെ വീണ അഞ്ചോ ആറോ മാസം തോന്നിക്കുന്ന ഒരു ഭ്രൂണം ഞാൻ കണ്ടത്. ഉടനെ കൂടെയുള്ളവരുടെ സഹായത്തോടെ പെണ്‍കുട്ടിയെ അവിടെ ബെഡിൽ കിടത്തി.
ഒരുപക്ഷെ, അവൾക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ലായിരിക്കാം
എന്തായാലും കൂടെയുള്ള ഫാമിലിയോട് ഈ വിവരം പറഞ്ഞു. പറയാതെ വേറെ വഴിയില്ലായിരുന്നു നമുക്ക്. വിവരം കേട്ട ആ സ്ത്രീയുടെ കണ്ണിൽ നിന്നും വന്നത് തീഗോളം ആണെന്ന് തോന്നിപ്പോയി. ഒന്നും പറയാതെ ആ പെണ്‍കുട്ടിയെ പിടിച്ചെണീപ്പിച്ച് അവർ പോകാൻ തുടങ്ങി. ജീവനില്ലാത്ത ആ ഭ്രൂണവും ഒരു ഡ്രസ്സിങ് പാഡിൽ പൊതിഞ്ഞു കൂടെ കൊണ്ടു പോയി. പോകുന്ന വഴിക്ക് അത് ഏതെങ്കിലും വേസ്റ്റ് ബിന്നിൽ ഇട്ടു കാണുമെന്നു എന്‍റെ ഡോക്ടർ പറഞ്ഞു.
വർഷങ്ങൾക്കു ശേഷവും അവളുടെ ആ നിസ്സഹായ ഭാവം ഓർക്കുന്നു. 'ഗദ്ദാമ 'എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് അന്നത്തെ ആ കുട്ടിയുടെ മുഖമായിരുന്നു. ഒരുപക്ഷെ, അവൾക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞില്ലായിരിക്കാം. പിന്നീട് അവൾക്കെന്തു സംഭവിച്ചു എന്ന് ഇപ്പോഴും ഇടക്ക് ഓർത്തുപോകാറുണ്ട്.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം