അവളുടെ പുതിയലോകത്തും പുസ്തകത്തിന്‍റെ കൂട്ടുണ്ടാകുമോ?

"ഷീ ഈസ്‌ എ കേസ് ഓഫ് സ്റ്റൊമക് കാന്‍സര്‍ (stomach cancer),കൂടുതൽ അറിയണമെങ്കിൽ സിസ്റ്ററിനോട് ചോദിക്കൂ മോനെ." കണ്ണടയുടെ ഇടയിലൂടെ അവൾ ഒന്ന് നോക്കിയത് മാത്രം കണ്ടു. ഒരച്ഛൻ മുഖം കറുപ്പിക്കാതെ എങ്ങനെ ഇങ്ങനെ പറയുന്നു? ചില സാഹചര്യങ്ങൾ അയാളെ അങ്ങനെയാവാൻ പാകപ്പെടുത്തിയെടുത്തതാവണം. 

hospital days fabish thondiyil

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days fabish thondiyil

ചില സമയങ്ങളിൽ മനുഷ്യനും അവൻ ആർജിച്ചെടുത്ത സകലതും മുകളിലേക്ക് നോക്കി ദീർഘ നിശ്വാസത്തിൽ ദൈവത്തെ വിളിക്കാറുണ്ട്. പരിമിതമായ മനുഷ്യന്‍റെ വിദ്യക്കും അറിവിനുമപ്പുറത്ത് സംഭവിക്കില്ല എന്ന് 100 ശതമാനം ഉറപ്പുള്ള അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ദൈവത്തെ വിളിക്കുന്ന വിളികൾ തന്നെയാണ് കഴിഞ്ഞ കാലങ്ങളിൽ ആശ്‌ചര്യം ജനിപ്പിച്ചത്. പഠനകാലത്ത് മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സംഭവം പറയാം. 

അന്നും വൈകി തന്നെയാണ് ജോലിക്ക് കയറിയത്. ആശുപത്രി വരാന്തയിൽ കിടക്കയിലും താഴെയുമായി സ്ഥിരം രോഗികൾ. പലരെയും കുറച്ചു നാളുകളായി അറിയാം. ചിലര്‍ പുതിയ രോഗികൾ. യാദൃശ്ചികമായാണ് വരാന്തയുടെ പടിഞ്ഞാറെ അറ്റത്തുള്ള രോഗി ശ്രദ്ധയിൽ പെട്ടത്. പതിനെട്ടിൽ കൂടാത്ത പ്രായം, കറുത്ത ഫ്രെയിംലെസ്സ് കണ്ണട, രണ്ടു ഭാഗത്തേക്കും പിന്നിയിട്ട മുടി, വിളറിയ മുഖം... ചുറുചുറുക്കൊന്നും ഇല്ല ആ മുഖത്ത്.

"നമസ്കാരം സർ "
"നമസ്കാരം", സ്റ്റുഡന്‍റ്സ് ആണെങ്കിൽ സോറി കേട്ടോ. മോൾക്ക് അതിഷ്ടമല്ല.'' അതുകേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നിരുന്നു. ആയിരം തവണ മനസ്സിൽ ചീത്ത വിളിച്ചായിരിക്കണം ഞാൻ വാർഡിൽ നിന്നിറങ്ങിയത്. അവളെക്കാൾ എന്നെ ആകർഷിച്ചത് അവൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങൾ ആയിരുന്നു. അവളുടെ ബെഡ്ഡിന്‍റെ ഇരുവശത്തും വലുതും ചെറുതുമായ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചത്  കൗതുകം വെടിയാതെ തന്നെയാണ് ഞാൻ നോക്കി നിന്നത്. പല തവണ അവളോടൊന്നു സംസാരിക്കാൻ ശ്രമിച്ചതാണ് എല്ലാം വിഫലമായിരുന്നു. അവളുടെ അച്ഛന്‍റെ ഇടക്കിടെ ഉള്ള നോട്ടമാണ് എന്നെ ചൊടിപ്പിച്ചത്. പുസ്തകങ്ങളോടുള്ള ആരാധന ഞാൻ തുറന്നു പറഞ്ഞപ്പോഴേക്കും അവൾ ആശുപത്രി വിട്ടിരുന്നു. 

ഇത്തവണ കണ്ണുകൾ അറിയാതെ നനഞ്ഞു പോയി

കാലം നമുക്കെഴുതി വച്ചിരിക്കുന്ന വിധിപ്പകർപ്പ് തിരുത്തിയെഴുതാൻ ദൈവത്തിന്‍റെ സഹായം വേണ്ടി വരുന്നു. അവിടെ നമ്മൾ വ്യക്തമായ അദ്ഭുതങ്ങൾ സംഭവിക്കാൻ പ്രാർത്ഥിക്കുകയും, സംഭവിക്കുന്ന എന്തും അംഗീകരിക്കുകയും ചെയുന്നു. 

അവളെ പിന്നീട് ഞാൻ കാണുന്നത് അതേ വാർഡിൽ മറ്റൊരു മുറിയിൽ വെച്ചാണ്. രണ്ടു മാസം കഴിഞ്ഞുകാണും... കഴുത്തിൽ മുറിപ്പാടുണ്ട്, പഴയ പോലെ ശക്തിയില്ല അവളുടെ ശബ്ദത്തിന്. അതും നഷ്ടമായിരുന്നു. നടക്കാൻ ഒരു സ്റ്റിക്ക് ഉപയോഗിക്കുന്നു. മൂക്കിലൂടെ കുഴലിട്ടാണ് ഭക്ഷണം നല്‍കുന്നത്. മുടി ഒട്ടും തന്നെയില്ല. മനസ്സിൽ വിചിത്രമായ സംഘർഷാവസ്ഥ ഉടലെടുത്തു എന്ന് വേണം പറയാൻ. 

"ഷീ ഈസ്‌ എ കേസ് ഓഫ് സ്റ്റൊമക് കാന്‍സര്‍ (stomach cancer),കൂടുതൽ അറിയണമെങ്കിൽ സിസ്റ്ററിനോട് ചോദിക്കൂ മോനെ." കണ്ണടയുടെ ഇടയിലൂടെ അവൾ ഒന്ന് നോക്കിയത് മാത്രം കണ്ടു. ഒരച്ഛൻ മുഖം കറുപ്പിക്കാതെ എങ്ങനെ ഇങ്ങനെ പറയുന്നു? ചില സാഹചര്യങ്ങൾ അയാളെ അങ്ങനെയാവാൻ പാകപ്പെടുത്തിയെടുത്തതാവണം. ഇല്ലെങ്കിൽ അവരുടെ സ്വകാര്യതയിൽ ഞാൻ തേടി നടക്കുന്ന ചോദ്യത്തിന്‍റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് മുന്നേ അയാൾ പറഞ്ഞതായിരിക്കണം.

"ഇയാൾ വായിക്കുമെന്ന് സിസ്റ്റർ പറഞ്ഞു... ബുക്സ് വേണമെങ്കിൽ എടുക്കാം" ഒരുപാട് കാലത്തിനു ശേഷം അവസാനം ഞാനവളുടെ ശബ്ദമൊന്നു കേട്ടു. ഒരുപാട് പുസ്തകങ്ങൾ, ജീവിതത്തിന്‍റെ അവസാന ദിവസങ്ങൾ അവൾ ചിലരുടെ സാങ്കല്പിക ലോകത്തിലായാണ് എനിക്ക് തോന്നിയത്. അവളുടെ കയ്യിൽ നിന്നും പുസ്തകം വാങ്ങാനാണ് അടുത്ത ദിവസം വാർഡിൽ എത്തിയത്. അപ്പോഴേക്കും അവർ ആശുപത്രി വിട്ടു പോയിരുന്നു.

യാദൃശ്ചികമായാണ് ഒരു മാസത്തിനു ശേഷം മറ്റൊരു ആശുപത്രിയിൽ അവളെ കണ്ടത്. ഇത്തവണ കണ്ണുകൾ അറിയാതെ നനഞ്ഞു പോയി. 40 -ന് മുകളിൽ പ്രായം തോന്നിക്കുന്നു. മുഖം വിളറി വരണ്ടിരിക്കുന്നു. ഒട്ടും മുടിയില്ല, കറുത്ത കമ്പിളിക്കിടയിൽ കിടന്ന് അവൾ ഉറങ്ങുകയാണ്.  ഇത്തവണ കൂട്ടിനു പുസ്തകങ്ങൾ ഇല്ല. അച്ഛനും ഒരുപാട് പ്രായം ചെന്ന പോലെ. അയാളുടെ ധൈര്യം തീരെ കുറഞ്ഞിരിക്കുന്നു. മരണവും ജീവിതവും തമ്മിൽ അടുക്കുമ്പോൾ അങ്ങനെയാവും ചിലപ്പോൾ. 

ചേതനയറ്റ ആ ശരീരം കാണാൻ ഞാൻ കാത്തു നിന്നില്ല

അടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞ് അവളെ കാണാൻ പോയി. പുറത്ത് കസേരയിൽ അച്ഛനുണ്ട് അയാൾക്ക് എന്നെ ഒട്ടും ഓർമയില്ല. അയാൾ ദൈവത്തോട് ഇടയ്ക്കെന്തോ പറയുന്നുണ്ട്, എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നുണ്ട്. നടക്കാൻ സാധ്യത ഒട്ടുമില്ലാത്ത ഒരു അദ്ഭുതത്തിനു വേണ്ടി പ്രാർത്ഥിക്കുകയാകും അയാൾ. ചേതനയറ്റ ആ ശരീരം കാണാൻ ഞാൻ കാത്തു നിന്നില്ല. മനസ് തകർന്ന ആ അച്ഛനോട് ഒന്നും സംസാരിക്കാൻ പോലും സാധിച്ചില്ല. 

ഇന്നും ആ ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുമ്പോൾ  പുസ്തകങ്ങൾക്കിടയിലൂടെ മറ്റൊരു ലോകത്ത് ജീവിച്ച എന്‍റെയാ കുഞ്ഞു കൂട്ടുകാരിയെ ഓർക്കാറുണ്ട്.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios