അച്ഛന്‍ മരിച്ചതോടെ അയാള്‍ എത്ര തനിച്ചായിക്കാണും?
'ഒരു ഡ്രസ് എടുക്കാനോ ഒക്കെ വേണ്ടിയെങ്കിലും ഒന്നു വീട് വരെ പോയി വരണോ, അതു വരെ ഞാൻ നിൽക്കണോ' എന്നൊന്ന് ചോദിക്കാനോ പോലും ഒരിക്കലും ആരും വന്നിട്ടില്ല. "എല്ലാർക്കും ജോലിതിരക്കൊക്കെ അല്ലേ" എന്നിങ്ങോട്ട് പറഞ്ഞു, എപ്പോഴോ.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
ഹൗസ് സർജെൻസി ചെയ്യുന്ന സമയമാണ്... നിന്നനില്‍പ്പിൽ തല കറങ്ങി വീണതോ മറ്റോ ആയിരുന്നു രാമസ്വാമി. ഏതാണ്ട് 70 വയസ്സ് (എഴുപതോ അതിനു മുകളിലോ) പ്രായം ഉണ്ടായിരുന്നു എന്നാണോർമ. അഡ്മിറ്റ് ചെയ്യാൻ വന്നപ്പോൾ രണ്ടു മൂന്ന് പേരുണ്ടായിരുന്നു. രാത്രി ഒരു മകൻ ഒഴികെ എല്ലാരും തിരികെ പോയി. പിറ്റേന്ന് കാലത്ത് മുതൽ ആരൊക്കെയോ കാണാൻ പോയും വന്നുമിരുന്നു. ഏതാണ്ട് രണ്ടു മൂന്നു ദിവസം ഇതു തുടർന്നു.
പതുക്കെ രാമസ്വാമിയുടെ അവസ്ഥ മോശമായി കൊണ്ടിരുന്നു
ഏതായാലും കാഴ്ചക്കാരുടെ വരവ് ഒരാഴ്ചയോ മറ്റോ കടന്നു പോയിട്ടില്ല. അന്ന് വരുമ്പോഴും പിന്നീടങ്ങോട്ടും കൂടെ ഉണ്ടായിരുന്ന ഒരേ ഒരാൾ അദ്ദേഹത്തിന്റെ ഇളയ മകനായിരുന്നു. അങ്ങനെ ഒരു ദിവസം കാലത്തു റൗണ്ട്സിന്, 'ഈ മരുന്നൊക്കെ തന്നെ കൊടുത്താൽ മതി, വേണേൽ വീട്ടിൽ പോകാം' എന്ന് പറഞ്ഞിട്ടും കൊണ്ടുപോകാൻ അയാൾ വിസമ്മതിക്കുക ആയിരുന്നു. 'നമുക്ക് കുറച്ചു കൂടെ നോക്കാം സർ, ചിലപ്പോൾ എഴുന്നേറ്റു നടന്നാലോ' എന്നായി അയാൾ. അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു.
കിടന്നു കിടന്ന് രാമസ്വാമിയുടെ ദേഹത്ത് അവിടവിടെ വൃണങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആ മകന്റെ സ്നേഹവും പരിഗണനയും എല്ലാരെയുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. എല്ലാ ദിവസവും മുറിവു വൃത്തിയാക്കാൻ ചെല്ലുമ്പോഴും എന്തേലും ഒക്കെ പറയും, അങ്ങനെ നല്ല പരിചയക്കാരായി ഞങ്ങൾ. വീട്ടിൽ അച്ഛനും താനും തനിച്ചാണുള്ളതെന്ന് മുതൽ സ്ഥിരമല്ലാത്ത ജോലി ആയതിനാൽ അതു നഷ്ടപ്പെട്ടു എന്നും, നടത്താൻ തീരുമാനിച്ചിരുന്ന കല്യാണം ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണിപ്പോൾ എന്നതും വരെ പലതും...
'ഒരു ഡ്രസ് എടുക്കാനോ ഒക്കെ വേണ്ടിയെങ്കിലും ഒന്നു വീട് വരെ പോയി വരണോ, അതു വരെ ഞാൻ നിൽക്കണോ' എന്നൊന്ന് ചോദിക്കാനോ പോലും ഒരിക്കലും ആരും വന്നിട്ടില്ല. "എല്ലാർക്കും ജോലിതിരക്കൊക്കെ അല്ലേ" എന്നിങ്ങോട്ട് പറഞ്ഞു, എപ്പോഴോ. പതുക്കെ പതുക്കെ രാമസ്വാമിയുടെ അവസ്ഥ മോശമായി കൊണ്ടിരുന്നു. ആരെയും നോക്കാതെയായി, അയാളുടെ കണ്ണുകളിൽ ശൂന്യത വന്നു തുടങ്ങി. അങ്ങനെ ഒരു വൈകുന്നേരം അയാൾ മകനെ വിട്ടു പോയി.
അയാളെ സമാധാനിപ്പിക്കാൻ വാക്കുകൾക്ക് കഴിയുകയും ഇല്ലായിരുന്നു
മരണ വാർത്ത അറിഞ്ഞതും ബന്ധുക്കൾ എന്നു പറഞ്ഞു കുറച്ചുപേർ ചാടിയോടി വന്നു. എതിർപ്പുകളെ അവഗണിച്ച് ആശുപത്രി വരാന്തയിലും മറ്റുമായി കൂടി നിൽക്കാനും, ഉച്ചത്തിൽ കരയാനും തുടങ്ങി. അയാൾ ചെയ്ത നന്മകളെ കുറിച്ചവർ ഏറ്റുപറയാനും വിലപിക്കാനും തുടങ്ങി. നിനക്കിങ്ങനെ വന്നല്ലോ എന്നു പറഞ്ഞുകൊണ്ട്, ഇനി നീ ഒറ്റക്കണല്ലോ എന്നു പറഞ്ഞുകൊണ്ട് ആ മകന് ചുറ്റും നിന്നവർ കരഞ്ഞു. ബഹളം വെച്ചു. അഭിനയിച്ചു...
ഒന്നും ശ്രദ്ധിക്കാതെ, നെഞ്ചിനകത്തു തീയുമായി, ഏകനായി നിൽക്കുന്ന അയാളോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാലും, അയാളെ സമാധാനിപ്പിക്കാൻ വാക്കുകൾക്ക് കഴിയുകയും ഇല്ലായിരുന്നു. തിരികെ പോകുമ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാൻ കഴിയാത്ത വണ്ണം അയാൾ തളർന്നുപോയിരുന്നു.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം