വെറും പത്തുരൂപയ്ക്കു വേണ്ടി ഐ സി യു-വിന് മുന്നില്‍ ആ സ്ത്രീ പൊട്ടിക്കരഞ്ഞു

ചുരുങ്ങിയ നേരം കൊണ്ട് ഞാനാ സ്ത്രീയോട് രോഗ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. രണ്ട് ദിവസമായി നില്‍ക്കാത്ത പനിയും ചര്‍ദ്ദിലും വയറിളക്കവുമാണ്. വെള്ളം പോലും കുടിക്കുന്നുമില്ല. ഏത് നിമിഷവും ഹൃദയസ്തംഭനം വരെ സംഭവിച്ചേക്കാമെന്ന തരത്തില്‍, കുറച്ചധികം നിര്‍ജലീകരണവും ലവണശോഷണവുമെല്ലാമായി,  തീര്‍ത്തും അവശയായ ആ കുട്ടിയുടെ ദയനീയ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ, ഹിന്ദി കലര്‍ന്ന മറാഠിയില്‍  അവരെല്ലാം പൊടുന്നനെ പറഞ്ഞു തീര്‍ത്തു.

hospital days dr aboobackar sidiq

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days dr aboobackar sidiq

പാതിരാത്രി പന്ത്രണ്ടര കഴിഞ്ഞു കാണും. ബാക്കിയുണ്ടായിരുന്ന ഫയല്‍ വര്‍ക്കുകളും പിറ്റേ ദിവസം കൊടുത്ത് വിടാനുണ്ടായിരുന്ന ഡിസ്ചാര്‍ജ് കാര്‍ഡെഴുത്തും തിടുക്കത്തില്‍ ചെയ്ത് തീര്‍ത്ത്, അടുത്ത രോഗി വരുന്നത് വരെ ചെറുതായൊന്ന് തല ചായ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.

ഒക്കത്തൊരു നാലു മാസത്തോളം പ്രായം വരുന്ന  കൈക്കുഞ്ഞുമായി തെല്ല് വെപ്രാളത്തോടെ നില്‍ക്കുന്നു

കാഷ്വാലിറ്റി ഡ്യൂട്ടിയിലാണ്, ശിശുരോഗ വിഭാഗത്തില്‍. കിഴക്കന്‍ മഹാരാഷ്ട്രയുടെ പ്രാന്ത പ്രദേശത്തായി നിലയുറപ്പിച്ചിട്ടുള്ള ഒരു സാധാരണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇതിനോടം തന്നെ അഡ്മിഷന്‍ മുപ്പത് കഴിഞ്ഞു. അതും കുറച്ചധികം എണ്ണം സീരിയസ് രോഗികളുമായിരുന്നു. ശരിക്കും ക്ഷീണിച്ചിരുന്നു. ഇനി സീരിയസ് രോഗികളാരും വരല്ലേയെന്ന് സ്വല്‍പം സ്വാര്‍ത്ഥമായി ചിന്തിച്ച്, രാത്രിഡ്യൂട്ടിക്കായി വന്ന ജൂനിയര്‍ ഡോക്ടറെ കാര്യങ്ങളേല്‍പിച്ച്, തൊട്ടടുത്തുള്ള ഡ്യൂട്ടി റൂമിലേക്ക് പുറപ്പെടാനുള്ള തത്ത്രപ്പാടിനിടക്കാണ്,

''ഡോക്ടര്‍ സാബ്...''  എന്നൊരു സ്ത്രീ ശബ്ദവും കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കിയത്. തൊട്ടടുത്ത്,  മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ, ഒക്കത്തൊരു നാലു മാസത്തോളം പ്രായം വരുന്ന  കൈക്കുഞ്ഞുമായി തെല്ല് വെപ്രാളത്തോടെ നില്‍ക്കുന്നു. ഒതുക്കിയിടാത്ത മുടിയും പ്രതീക്ഷയറ്റ മുഖവും ചെളി പിടിച്ച് മുഷിഞ്ഞ് പിഞ്ഞിയ സാരിയുമൊക്കെയായി, ഒരു ദയനീയ നില്‍പ്പ്. കൂടെ, നാലഞ്ച് വയസ് പ്രായമുള്ള, കാഴ്ചയില്‍ തന്നെ ഏതോ മാറാരോഗം പിടിപെട്ടപോലുള്ള, അവശയായ ഒരു പെണ്‍കുട്ടിയെയും കോരിപ്പിടിച്ച്  കൊണ്ട് ഒരു യുവാവും. രോഗിയെ പരിശോധനാ ബെഡില്‍ കിടത്താന്‍ പറഞ്ഞയുടനെ, കൂടെയുള്ള യുവാവ് സ്വയം പരിചയപ്പെടുത്തി. ''മേം   ഏക് സൗ ആട്ട്(108) കാ ഡ്രൈവര്‍ ഹൂം ഡോക്ടര്‍ സാബ്...''

ഏതോ ഒരു എമര്‍ജന്‍സി ഡ്യൂട്ടിയും കഴിഞ്ഞ് തിരിച്ച് പോകുന്ന വഴിക്ക്,  രോഗിയായ വലിയ മകളെ റോഡരികിലിരുത്തി, കൈക്കുഞ്ഞായ ചെറിയ മകളെ ഒക്കത്തും വെച്ച്, മുന്നില്‍ കാണുന്ന സകല വാഹനങ്ങള്‍ക്ക് നേരെയും ഒച്ച വെച്ച് കൈവീശിക്കൊണ്ടേയിരുന്ന ആ സ്ത്രീയുടെ നിസ്സഹായതയും പേറി ആശുപത്രിയില്‍ വന്നതാണു സുമനസ്സുകാരനായ നമ്മുടെ 'യുവാവ്'. ഇടക്കൊരു ഫോണ്‍കോള്‍ വന്നതോടെ, എവിടെയോ കിടക്കുന്ന അടുത്ത രോഗിക്കുള്ള സഹായഹസ്തവുമായി, ധൃതിയില്‍ യാത്രയും പറഞ്ഞ് അയാളെങ്ങോട്ടോ പോയി.

ചുരുങ്ങിയ നേരം കൊണ്ട് ഞാനാ സ്ത്രീയോട് രോഗ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. രണ്ട് ദിവസമായി നില്‍ക്കാത്ത പനിയും ചര്‍ദ്ദിലും വയറിളക്കവുമാണ്. വെള്ളം പോലും കുടിക്കുന്നുമില്ല. ഏത് നിമിഷവും ഹൃദയസ്തംഭനം വരെ സംഭവിച്ചേക്കാമെന്ന തരത്തില്‍, കുറച്ചധികം നിര്‍ജലീകരണവും ലവണശോഷണവുമെല്ലാമായി,  തീര്‍ത്തും അവശയായ ആ കുട്ടിയുടെ ദയനീയ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ, ഹിന്ദി കലര്‍ന്ന മറാഠിയില്‍  അവരെല്ലാം പൊടുന്നനെ പറഞ്ഞു തീര്‍ത്തു.
ഇടക്ക്, ഒക്കത്തിരുന്ന് വികൃതി കാട്ടിക്കൊണ്ടിരുന്ന ഇളയ കുട്ടിയോട് അമര്‍ന്നിരിക്കാന്‍ പറയുന്നുമുണ്ടായിരുന്നു ആ സ്ത്രീ.

വൈകുന്നേരം രണ്ട് മൂന്ന് തവണ ഫിറ്റ്സും(അപസ്മാരം) കൂടി വന്നത് കൊണ്ടാണ് ആശുപത്രിയും അന്വേഷിച്ചിറങ്ങിയതെന്നവര്‍ പറഞ്ഞതോടെ, സമയം കളയാതെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) അഡ്മിറ്റ് ചെയ്ത്, പ്രാരംഭ ചികല്‍സകള്‍ക്ക്  തുടക്കം കുറിച്ച ശേഷം ഞാനാ സ്ത്രീയെ വിളിപ്പിച്ചു. രോഗത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അവര്‍ക്കതൊക്കെ ആദ്യമെ ബോധ്യമുള്ളതായി തോന്നി. അവരെല്ലാം മൂളി കേട്ടു. ഒപ്പിടേണ്ടെടുത്തെല്ലാം ഒപ്പുമിട്ടു.

എന്നെ കണ്ടയുടന്‍ അവരുടെ കരച്ചിലിന്‍റെ ശക്തി കൂടി

''ഇസ്കാ ബാപ്പ് കിദര്‍ ഹേ....'' പെട്ടെന്നുള്ള എന്‍റെ ചോദ്യത്തെ ഒരൊറ്റ ദീര്‍ഘനിശ്വാസം കൊണ്ട് നേരിട്ട്, അവര്‍ അതിനുത്തരം പറഞ്ഞു തുടങ്ങി. വീടിനടുത്തുള്ള സര്‍ക്കാറാശുപത്രിയില്‍ ക്ഷയരോഗത്തോടു മല്ലടിച്ച് കിടക്കുകയാണയാള്‍. കൂടുതല്‍ ചോദ്യങ്ങള്‍ രംഗം വഷളാക്കുമെന്ന് തിരിച്ചറിഞ്ഞ്, ഞാനവരെ, 
അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ 32- ാം മുറിയിലേക്ക് അഡ്മിഷന്‍ ഫയല്‍ എടുത്ത് വരാന്‍ പറഞ്ഞയച്ചു. തെറ്റിപ്പോകാതിരിക്കാന്‍ പേരു വിവരങ്ങളും പോകേണ്ട റൂം വിവരങ്ങളും എഴുതിയ ഒരു കുറിപ്പും കൊടുത്തയച്ചു. ഇടത് കൈയ്യില്‍ നിന്നും വലത് കൈയ്യിലേയ്ക്ക് കുഞ്ഞിനെ മാറ്റി അവര്‍ ധ്യതിയില്‍ നടന്നകന്നു.

ഞാന്‍ ICU -വില്‍ പോയി ആ കുട്ടിയെ ഒന്ന് കൂടി കണ്ടു. സീനിയര്‍ ഡോക്ടേഴ്സിനെ വിവരമറിയിച്ചു. അവര്‍ വന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കുറച്ചു നേരം ഞാനവിടെ തന്നെ തങ്ങി. ഒരു പത്ത് പതിനഞ്ച് മിനുട്ടായിക്കാണും. ICU -വിനു പുറത്ത് ആ സ്ത്രീ കരഞ്ഞ് കൊണ്ട് നില്‍പ്പുണ്ടെന്ന് നഴ്സ് വന്നു പറഞ്ഞപ്പോള്‍ എനിക്കൊരു പിടിയും കിട്ടിയില്ല. രോഗ ഗൗരവം വിവരിക്കുമ്പോഴൊക്കെ വരുന്നത് വരട്ടേയെന്ന മട്ടില്‍ കേട്ട് നിന്ന ആ സ്ത്രീ എന്തിനാണ്, ഒരു അഡ്മിഷന്‍ ഫയലെടുത്ത് വരാന്‍ പറഞ്ഞതിന് നിന്ന് കരയുന്നത്; അതും പത്ത് രൂപയുടെ ഒരു പേപ്പര്‍. ഇനി വേറെ വല്ലതും...?

ചിന്തിച്ച് ചിന്തിച്ച് ഞാന്‍ ICU -വിനു പുറത്തെത്തി. എന്നെ കണ്ടയുടന്‍ അവരുടെ കരച്ചിലിന്‍റെ ശക്തി കൂടി. നിമിഷനേരം കൊണ്ട് അതൊരു തേങ്ങലായി, അലര്‍ച്ചയായി അവസാനം അട്ടഹാസമായി പരിണമിച്ചു. മറ്റു രോഗികളുടെ കൂട്ടിയിരുപ്പുകാരെല്ലാം ശബ്ദം കേട്ട്  ഒത്തു കൂടി. കരച്ചില്‍ നിര്‍ത്താതെ തന്നെ, ആരോടെന്നില്ലാതെ അവര്‍ പറഞ്ഞു, അല്ല ചോദിച്ചു.

മുപ്പത് രൂപയ്ക്ക് മേടിച്ചു വെച്ച തക്കാളി മുഴുവനും ഇപ്പോള്‍ കേടായി തുടങ്ങിയിരിക്കും

''ഗരീബ് ലോഗോം കൊ ദസ് റുപ്യാ കഹാ സേ മിലേഗാ...?'' (പാവപ്പെട്ടവർക്ക് പത്തുരൂപ എവിടെനിന്ന് കിട്ടും..?) അവരവിടെ ഇരുന്നു. തല താഴ്ത്തി, മടിയില്‍ വെച്ചിരുന്ന തന്‍റെ കുഞ്ഞിനെ ഒന്ന് കൂടെ ഗാഢമായി അണഞ്ഞ് പിടിച്ച് കരച്ചില്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ഇത്തവണ പക്ഷെ, അവരുടെ ശബ്ദം പതിയതായിരുന്നു. പതിയെ, ഒരു മൂകത അവിടെ പടര്‍ന്നു. കൂടി നിന്നവരെല്ലാം പരസ്പരം നോക്കി;ഒരക്ഷരം ഉരിയാടാതെ. ഞാന്‍ താഴോട്ട് തന്നെ നോക്കി കുറച്ച് നേരം നിന്നു.

മൂന്ന് ദിവസം  മുമ്പ്, മുപ്പത് രൂപയ്ക്ക് മേടിച്ചു വെച്ച തക്കാളി മുഴുവനും ഇപ്പോള്‍ കേടായി തുടങ്ങിയിരിക്കും. എന്നാലും നേരം വെളുത്താല്‍ അതെടുത്ത് കറി വെയ്‌ക്കണമെന്ന് ആരോ എന്നോട് പറയുന്നുണ്ടായിരുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios