ബോധം തെളിഞ്ഞപ്പോള്‍ ആംബുലന്‍സിലാണ്!
വളരെപ്പെട്ടെന്ന് ഞാനാ സത്യം തിരിച്ചറിഞ്ഞു, ആ ഇടിയില്‍ അവിടത്തെ വേദന തിരിച്ചറിയാനുള്ള യന്ത്രം കേടായിരിക്കുന്നു! ഒക്കെ പോട്ട്, ഡോക്ടറാണെങ്കില്‍ എന്റെ മുറിവിന്റെ ഒരു ഭാഗത്ത് തൊട്ട് ഫ്രോണ്ടല്‍ ലോബ് എന്നെങ്ങാണ്ടോ ജൂനിയര്‍സിന് കാണിച്ചും കൊടുക്കുന്നുണ്ട്. ഒന്നും ചെയ്യാനില്ലാത്തോണ്ട് ഞാന്‍ തുന്നലിന്റെ കൗണ്ട് എടുക്കാന്‍ തുടങ്ങി. ഒരു ഏഴെട്ടെണ്ണം ഞാന്‍ എണ്ണി, പിന്നെ വിട്ടു, അല്ലേല്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തീട്ട് എന്ത് കിട്ടാനാ.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.
അന്നൊരു ഞായറാഴ്ച. സ്ഥലം പാലക്കാട്. സുഹൃത്തിന്റെ കല്യാണമാണ്. ഒക്കെ കഴിഞ്ഞ് വൈകുന്നേരം ഒരു നാല് മണിയോടെ ഹോട്ടലില്‍ എത്തി ഒന്ന് മയങ്ങി. പെട്ടന്ന് ഒരു ഉള്‍വിളി, അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു, ഒരു ടെലിപ്പതി. ചാടിയെണീറ്റ് ഇച്ചിരി തേരാപ്പാരാ നടന്നു, ആദ്യമായിട്ടാണ് ഇങ്ങനെ, ആരോടും പറയാന്‍ ധൈര്യവും ഇല്ല.
ടെലിപ്പതിയൊക്കെ വരും പോവും, ഒക്കെയും ഒരു തോന്നലാണെന്ന് തള്ളിക്കളഞ്ഞ് കൃത്യം രാഹുകാലത്തിന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു, ബാംഗ്ലൂര്‍ക്ക്. ഞാനും കെട്ട്യോനും രാത്രി എട്ടരയ്ക്കുള്ള ബസ് ബുക്ക് ചെയ്തിട്ടുണ്ട്, കുറച്ച് പേര് കാറിലാണ്. ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള യാത്രയില്‍ പ്ലാന്‍ ആകെ മാറി, കാറില്‍ രണ്ട് സീറ്റുണ്ട്, അതില് പോകാം, ബസ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം.
അങ്ങനെ നേരെ ബുക്കിങ് സെന്ററിലേക്ക്, അവിടെത്തിയതും പഴേ ടെലിപ്പതിയുടെ റീമൈന്‍ഡര്‍ വണ്‍. നമ്മളോടാ കളി, ഒട്ടും ചിന്തിക്കാതെ ബസ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് കാറില്‍ കേറി സൈഡ് സീറ്റും പിടിച്ച് ഇരിപ്പായി.
ബോധം തെളിഞ്ഞു എന്ന് മനസ്സിലായോണ്ടാവും അതാ വരുന്നു റിമൈന്‍ഡര്‍ ത്രീ.
ഇടയ്ക്ക് കഴിക്കാന്‍ ഒരു തട്ടുകടയില്‍ ഇറങ്ങി, അവിടുന്ന് നാരങ്ങാമിട്ടായിയും വാങ്ങി തിരിച്ച് കാറില്‍ കയറുമ്പോ, അതാ റിമൈന്‍ഡര്‍ ടൂ. നമ്മളോട് പറഞ്ഞിട്ട് വല്യ കാര്യമില്ലന്ന് മനസ്സിലായോണ്ടാവും ഇത്തവണ ഓപ്ഷന്‍സ് തന്നിട്ടുണ്ട്, സൈഡ് മാറി ഇരിക്കാം, ഞാന്‍ ഡ്രൈവറിന് നേരെ പിറകിലാണ്. മാറിയില്ല, ആ റിമൈന്‍ഡറും ഞാന്‍ സ്‌നൂസ് ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഉറങ്ങി, ഇടയ്‌ക്കെപ്പോഴോ ഉറക്കം തെളിഞ്ഞപ്പോ വണ്ടി ഏതോ കാട്ട് വഴിയിലാണ്. ബോധം തെളിഞ്ഞു എന്ന് മനസ്സിലായോണ്ടാവും അതാ വരുന്നു റിമൈന്‍ഡര്‍ ത്രീ. ഓപ്ഷന്‍സിനൊന്നും സമയം കൊടുത്തില്ല, ഞാന്‍ നിര്‍ദാക്ഷണ്യം അത് ഡിസ്മിസ് ചെയ്തു.
ഒന്നില്‍ പിഴച്ചാ മൂന്ന് എന്നാണല്ലോ. പിന്നീട് കണ്ണ് തുറക്കുമ്പോ ഞാന്‍ എവിടെയോ ഇരുട്ടത്താണ്, ആരൊക്കെയോ എന്നെ പിടിച്ചെണീപ്പിക്കുന്നുണ്ട്. ഉടുപ്പ് ഏതോ കമ്പിവേലിയില്‍ കുരുങ്ങിയ പോലെ. പകുതി ബോധത്തില്‍ ഞാനും സര്‍വശക്തിയുമെടുത്ത് വലിച്ചു, ഉടുപ്പ് കീറിയ ശബ്ദം കേട്ടു.
കുറച്ചുകൂടി ബോധം തെളിഞ്ഞപ്പോ മനസ്സിലായി, ആക്‌സിഡന്റ്! സേലത്താണ്, ഏതോ പോലീസ് സ്‌റ്റേഷന്റെ മുന്നില്‍, അവരുടെ ആംബുലന്‍സില്‍ ഇരിപ്പാണ്. ആഹാ, എത്ര സുന്ദരം, ജീവനോടെ ആംബുലന്‍സില്‍ കയറുക എന്ന ആഗ്രഹം സാധിച്ചിരിക്കുന്നു!
എനിക്ക് എതിരേ ഇരിക്കുന്നവരുടെ മുഖം കണ്ടിട്ട് അത്ര പന്തിയില്ല, എല്ലാരും എന്നെ തുറിച്ച് നോക്കിയിരിപ്പാണ്. ദേഹത്താകെ ചോരയാണ്, മൂക്കില്‍ നിന്നും ചോര വരുന്നുണ്ട്. ഞാന്‍ മൂക്കില്‍ വിരലിട്ട് നോക്കി. സിമ്പിള്‍, ഒരു മൂക്കീന്നേ ചോരയുള്ളൂ, മറ്റേ മൂക്ക് ഈസ് പെര്‍ഫെക്റ്റ്‌ലി ആള്‍റൈറ്റ്.
ഞങ്ങളെ നേരെ ഏതോ കാഷ്വാലിറ്റിയില്‍ കൊണ്ടിറക്കി, പ്രത്യേകിച്ച് അവിടെ വല്യ സ്വീകരണം ഒന്നും ഉണ്ടായില്ല. എനിക്കാണേല്‍ ആകെയൊരു മന്ദത, അവിടെ നല്ല തിരക്കും. ഇതിനിടയില്‍ കെട്ട്യോന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. ആരോടോ ആക്‌സിഡന്റ് കഥ പറയുകയാണ്, കല്യാണം കഴിഞ്ഞ് അഞ്ച് മാസമേ ആയുള്ളൂന്ന്, അതും മുറിത്തമിഴില്‍. കല്യാണം, അഞ്ച് മാസം, അതിന് ആക്‌സിഡന്റുമായി എന്ത് ബന്ധം! വേറെന്തേലും ആയിരുന്നെങ്കില്‍ പോട്ടേന്ന് വയ്ക്കാരുന്നു. ഇങ്ങേര് നാറ്റിക്കും. ഞാന്‍ പുള്ളിയെ പതിയെ വിളിച്ച് കൂടെ ഇരുത്തി. ഇല്ലേല് ഈ അഞ്ച് മാസത്തിന്റെ കദനകഥ അറിയാന്‍ അവിടെയാരും ബാക്കിയുണ്ടാവില്ല.
സി.റ്റി സ്‌കാനിന് പോയി, ജീവിതത്തിലെ ആദ്യത്തേത്, ചങ്കിടിപ്പായിരുന്നെങ്കിലും റിപ്പോര്‍ട്ട് കണ്ട് അകത്ത് വല്യ ഡാമേജ് ഒന്നും ഇല്ലാന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇച്ചിരി സമാധാനമായി. മുറിവ് ഡ്രെസ് ചെയ്ത് എന്നെ ഒബ്‌സര്‍വേഷന്‍ റൂമിലേക്ക് മാറ്റി. അപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്, എന്റെ കൂടെ വന്നവര്‍ക്കൊന്നും വല്യ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നൂല്ല. ഞാനിവിടെ തലേല് കെട്ടും ആയി കിടക്കുമ്പോ അവരൊക്കെ കൂളായി അപ്പുറത്തെ കട്ടിലില്‍ ഇരുന്ന് സംസാരിക്കുന്നു, ശരിക്കും അപ്പോഴാണ് എനിക്കിച്ചിരി സങ്കടം തോന്നിത്തുടങ്ങിയത്. ആ ടെലിപ്പതി! അനുസരിച്ചാ മതിയാരുന്നു!
ഞാന്‍ തുന്നലിന്റെ കൗണ്ട് എടുക്കാന്‍ തുടങ്ങി. ഒരു ഏഴെട്ടെണ്ണം ഞാന്‍ എണ്ണി, പിന്നെ വിട്ടു
നേരം വെളുത്തപ്പോള്‍ ഒരു ഡോക്ടര്‍ വന്നു കണ്ടു, തലേലല്ലേ മുറിവ്, ഒട്ടും കുറച്ചില്ല, അവിടുത്തെ ന്യൂറോസര്‍ജന്‍. ഇത്രേ ഉള്ളോ ഇത് ചെറിയ മുറിവല്ലേന്നൊക്കെ പറഞ്ഞ് ചിരിച്ച് പോയി. പുള്ളീടെ പിറകെ രണ്ട് അറ്റന്‍ഡേഴ്‌സ് വന്ന് എന്നെ ഒരു വീല്‍ ചെയറില്‍ ഇരുത്തി മുറിവ് തുന്നിക്കെട്ടാന്‍ കൊണ്ട് പോയി.
അവിടം ഒരു ഓപ്പറേഷന്‍ തീയറ്റര്‍ സെറ്റപ്പ്. ഡോക്ടര്‍ അവിടുണ്ട്, കൂടെ ഒരു ജൂനിയര്‍ ഡോക്ടറും. കൂടുതല്‍ ഒന്നും പറയാതെ തന്നെ പുള്ളി പണി തുടങ്ങി. ഒരു മുന്‍പരിചയം വച്ച് ഒടുക്കത്തെ വേദന പ്രതീക്ഷിച്ച ഞാന്‍ നിരാശയായി, പ്രത്യേകിച്ച് ഒരു വികാരവും ഇല്ല, കുത്തുന്നത് അറിയാം, പിന്നെ എവിടെക്കൂടൊക്കെയോ ചോരയും ഒഴുകുന്നുണ്ട്. വളരെപ്പെട്ടെന്ന് ഞാനാ സത്യം തിരിച്ചറിഞ്ഞു, ആ ഇടിയില്‍ അവിടത്തെ വേദന തിരിച്ചറിയാനുള്ള യന്ത്രം കേടായിരിക്കുന്നു! ഒക്കെ പോട്ട്, ഡോക്ടറാണെങ്കില്‍ എന്റെ മുറിവിന്റെ ഒരു ഭാഗത്ത് തൊട്ട് ഫ്രോണ്ടല്‍ ലോബ് എന്നെങ്ങാണ്ടോ ജൂനിയര്‍സിന് കാണിച്ചും കൊടുക്കുന്നുണ്ട്. ഒന്നും ചെയ്യാനില്ലാത്തോണ്ട് ഞാന്‍ തുന്നലിന്റെ കൗണ്ട് എടുക്കാന്‍ തുടങ്ങി. ഒരു ഏഴെട്ടെണ്ണം ഞാന്‍ എണ്ണി, പിന്നെ വിട്ടു, അല്ലേല്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തീട്ട് എന്ത് കിട്ടാനാ.
എരിതീയിലേക്ക് മണ്ണെണ്ണ ഒഴിക്കുന്ന പോലെ വണ്ടിയിലേക്ക് പോയ വഴി ഒരു പൂച്ച കുറുകേ ചാടി
ഒക്കെ തുന്നിക്കെട്ടി എന്നെ തല കഴുകാന്‍ വിട്ടു, ഒരു അറ്റന്‍ഡര്‍ ചേച്ചി വന്നു കൂട്ടിന്. എന്താണ്ട് ഒന്നര ലിറ്റര്‍ ചോര അന്ന് ഞാന്‍ കഴുകിയിറക്കി, ചേച്ചിക്കാണേല്‍ ഞാനിതെത്ര കണ്ടതാന്ന ഭാവം. തിരിച്ച് ബെഡിലേക്ക് പോകുമ്പോ ഇത്രേം ചോര തിരിച്ച്പിടിക്കാന്‍ എത്ര ബിരിയാണി തിന്നേണ്ടി വരും എന്ന കണക്കുകൂട്ടലിലാരുന്നു ഞാന്‍.
ആ ക്ഷീണത്തില്‍ ബാക്കി സമയം മുഴുവന്‍ ഞാന്‍ ഉറങ്ങിത്തീര്‍ത്തു, ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞ് എന്നെ ഡിസ്ചാര്‍ജ് ചെയ്തു. തിരിച്ച് ബാംഗ്ലൂര്‍ എത്തണം, ടാക്‌സി വിളിച്ചിട്ടുണ്ട്. കാര്‍ എന്ന് കേള്‍ക്കുമ്പോ തന്നെ പേടി തോന്നിത്തുടങ്ങിയിരുന്നു. എരിതീയിലേക്ക് മണ്ണെണ്ണ ഒഴിക്കുന്ന പോലെ വണ്ടിയിലേക്ക് പോയ വഴി ഒരു പൂച്ച കുറുകേ ചാടി. തീര്‍ന്നു, വീണ്ടും ടെലിപ്പതി!
അവിടുന്നങ്ങോട്ട് എന്ത് തോന്നിയാലും അത് ടെലിപ്പതിയായി ഞാന്‍ ഡീകോഡ് ചെയ്യും എന്ന സ്ഥിതിയായിരുന്നു. കാരണമുണ്ട്, വണ്ടി കണ്‍ട്രോള്‍ വിട്ട് പോയിടിച്ചത് ഒരു മരത്തിലാണ്, അതും ഡ്രൈവര്‍ സൈഡ്, മറ്റേ സൈഡിന് ഒരു പോറല്‍ പോലും ഇല്ല!
പേടിച്ച പോലെ ഒന്നും ഉണ്ടായില്ല, വെറുതേ പോയ പൂച്ചയെ സംശയിച്ചു. വണ്ടിയിലിരുന്ന് ഉറങ്ങാന്‍ പറ്റിയില്ലെങ്കിലും സേഫ് ആയി ഞങ്ങള്‍ ബാംഗ്ലൂര്‍ എത്തി.
നാട്ടില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന എണ്ണംപറഞ്ഞ ഗുണ്ടകളില്‍ അനിതരസാധാരണമായി കണ്ടുവരുന്ന നെറ്റിയിലെ ആ വെട്ട്, ഒരു ആക്‌സിഡന്റ് ഓര്‍മ്മയായി ഞാന്‍ ഇപ്പഴും സൂക്ഷിച്ചിട്ടുണ്ട്, അല്ലാതെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പേടിയായിട്ടൊന്നുമല്ല, ഛേ!
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: യാത്രകളില്‍, അത് ചെറുതായാലും വലുതായാലും, സീറ്റ് മുന്നിലായാലും പിന്നിലായാലും, സീറ്റ്‌ബെല്‍റ്റ്/ഹെല്‍മെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക)
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം