'ആ ആശുപത്രിക്കാലങ്ങളാകും  എന്നെ മുതിര്‍ന്നവളാക്കിയത്'

മുട്ടോളം നീണ്ട മുടി മുഴുവന്‍ മുറിച്ചു കാണുമോ എന്നോര്‍ത്തു, ഒന്നാം വാതില്‍ കടക്കുമ്പോള്‍. ഓര്‍മ്മകള്‍ പഴയതുപോലെ തന്നെ കാണില്ലേ എന്നായി രണ്ടാം വാതില്‍ കടക്കുമ്പോള്‍. ശസ്ത്രക്രിയ ചെയ്തയിടത്ത് മാത്രം ഇത്തിരി മുടി കളഞ്ഞിരുന്നു. മുറിവില്‍ നിന്ന് നേര്‍ത്തൊരു കുഴല്‍ വഴി ചെറിയൊരു പാത്രത്തിലേക്ക് രക്തമിറ്റുന്നുണ്ടായിരുന്നു-സോന രാജീവന്‍ എഴുതുന്നു

 

Hospital days by Sona Rajeevan

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

Hospital days by Sona Rajeevan

അപ്രതീക്ഷിതമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ചില സ്‌നേഹ പ്രഖ്യാപനങ്ങളുണ്ട്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തിലൊന്ന് ഞാന്‍ അഭിമുഖീകരിച്ചത് മംഗലാപുരം ജ്യോതി സര്‍ക്കിളിലെ കെ.എം.സി ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ വച്ചായിരുന്നു. അവിടെ വച്ചാണ് എന്റെ ഭര്‍ത്തൃമാതാവ് എന്നോടാദ്യമായി 'എനക്ക് നിന്നെ ഇഷ്ടാണ് കുഞ്ഞീ' എന്ന് വാക്കിനാല്‍ പ്രഖ്യാപിച്ചത്.

തലയിലെ രക്തക്കുഴല്‍ പൊട്ടിയതിനെത്തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടു പോവും വഴി എന്റെ കയ്യില്‍ മുറുകെ പിടിച്ച്  ''തലവേദന സഹിക്ക്ന്നില്ല കുഞ്ഞീ... അവരോടെന്തെങ്കിലും ഗുളിക തരാന്‍ പറ'' എന്ന് പറഞ്ഞു കൊണ്ടിരുന്നു. സര്‍ജറി കഴിഞ്ഞ് ബോധത്തിലേക്ക് വന്നു കൊണ്ടിരുന്ന സമയത്താണ് 'ഐ.സി.യുവില്‍ കയറി കണ്ടോളൂ' എന്ന് ഡോക്ടര്‍ പറഞ്ഞത്. തീര്‍ച്ചയായും രാജീവനാണ് ആദ്യം ചെല്ലേണ്ടത് അമ്മയെ കാണാന്‍. പക്ഷേ, അകത്ത് എങ്ങനെ ഏതവസ്ഥയില്‍ എന്നൊരു ധാരണ കിട്ടാതെ രാജീവന് അതിന് ധൈര്യം കാണില്ലെന്ന് എനിക്കറിയാം. എന്തെങ്കിലും പറയും മുമ്പേ തന്നെ രാജീവന്‍ പറഞ്ഞു 'ആദ്യം നീ കയറിയാല്‍ മതി'.

കയ്യില്‍ തൊട്ട് പതിയെ വിളിച്ചപ്പോള്‍ കണ്ണു തുറന്നു. 

മുട്ടോളം നീണ്ട മുടി മുഴുവന്‍ മുറിച്ചു കാണുമോ എന്നോര്‍ത്തു, ഒന്നാം വാതില്‍ കടക്കുമ്പോള്‍. ഓര്‍മ്മകള്‍ പഴയതുപോലെ തന്നെ കാണില്ലേ എന്നായി രണ്ടാം വാതില്‍ കടക്കുമ്പോള്‍. ശസ്ത്രക്രിയ ചെയ്തയിടത്ത് മാത്രം ഇത്തിരി മുടി കളഞ്ഞിരുന്നു. മുറിവില്‍ നിന്ന് നേര്‍ത്തൊരു കുഴല്‍ വഴി ചെറിയൊരു പാത്രത്തിലേക്ക് രക്തമിറ്റുന്നുണ്ടായിരുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഉപകരണങ്ങള്‍ പലതിനു നടുവിലായിരുന്നു. കയ്യില്‍ തൊട്ട് പതിയെ വിളിച്ചപ്പോള്‍ കണ്ണു തുറന്നു. 

'അടുപ്പത്ത് വച്ച മീന്‍ കറി കീച്ച് വച്ചിനോ കുഞ്ഞീ' എന്ന് ചോദിച്ചു. 

'കീച്ച് വച്ചിനെ'ന്ന് ഞാന്‍. 

'വെളിച്ചെണ്ണ നനച്ചിനാ?' വീണ്ടും ചോദ്യം. 

'നനച്ചിന്' എന്ന് ഞാന്‍. 

'നീ കണ്ടറിഞ്ഞ് ചെയ്‌തോളും ന്ന് എനക്കറിയാം. നിന്നെയെനക്ക് ഇഷ്ടണ് കുഞ്ഞീ'- അങ്ങനെയായിരുന്നു വീട്ടിലേക്ക് പ്രവേശിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞൊരു ദിനം, മനസിലേക്കും പ്രവേശിപ്പിച്ചിരുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. അബോധത്തിനും ബോധത്തിനുമിടയില്‍ ഒരു നിലാവിലായിരുന്നു അവര്‍ അപ്പോഴെങ്കിലും.

ഞാനും പറഞ്ഞിരിക്കുന്നു മനസ്സില്‍, എനിക്കും ഇഷ്ടായിരുന്നെന്ന്. കേട്ടു കാണുമോ എന്തോ....

അതു കഴിഞ്ഞ് രണ്ടുവര്‍ഷത്തിലേറെക്കഴിഞ്ഞ് ഇപ്പുറം ഒരു  ദിവസം, അടുക്കളമുറ്റത്തൊരു ബെഞ്ചില്‍ പ്രാണന്‍ പോയ ആ ശരീരത്തെ കുളിപ്പിച്ച് കഴിഞ്ഞപ്പോള്‍ അയല്‍ക്കാരി എന്നോട് പറഞ്ഞു, 'മുടിതോര്‍ത്തിക്കൂ, അത് നിന്റെ അവകാശമാണ്'. ദീര്‍ഘകാലം കിടപ്പായിരുന്നെങ്കിലും ചന്ദ്രിയേച്ചിയുടെ പരിചരണത്തില്‍ മുടിയും തൊലിയും ആരോഗ്യത്തോടെ തന്നെയിരുന്നു. മുടിയുണക്കിക്കെട്ടി വയ്ക്കുമ്പോള്‍... തണുതണുത്ത നെറ്റിയില്‍ ഭസ്മം നനച്ച് കുറിയിടുമ്പോള്‍... ഞാനും പറഞ്ഞിരിക്കുന്നു മനസ്സില്‍, എനിക്കും ഇഷ്ടായിരുന്നെന്ന്. കേട്ടു കാണുമോ എന്തോ....

ജീവിതത്തിന്റെ  ഏറ്റവും സുഖകരവും സുന്ദരവുമായ ഓരങ്ങളിലൂടെ ഏറ്റവും പ്രസന്നതയോടെ സഞ്ചരിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. പെണ്‍കുട്ടിക്കാലത്തെ സ്വാസ്ഥ്യത്തില്‍ നിന്ന് ഭിന്നമായ ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നും വിവാഹാനന്തര ജീവിതത്തിലും  എന്നിലേല്പിക്കപ്പെട്ടില്ല. രാജീവന്റെ അച്ഛന്‍, എന്റെ അച്ഛന്‍, രാജീവന്റെ അമ്മ എല്ലാവരും സാധാരണ പോലെ തുടങ്ങിയ ഓരോ ദിവസങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഗുരുതര രോഗാവസ്ഥയിലേക്ക് പൊടുന്നനെ വീണുപോയ വീഴ്ചകളാണ് എന്നെ മുതിര്‍ന്നവളാക്കിയത്.

ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് ആംബുലന്‍സിലുള്ള സഞ്ചാരങ്ങള്‍, ഐസിയുവിന് മുന്നില്‍ ന്യൂസ് പേപ്പര്‍ വിരിച്ചുള്ള പൂച്ചയുറക്കങ്ങള്‍, നിര്‍ണായകമായ ടെസ്റ്റ് റിസല്‍ട്ടുകള്‍ക്കായുള്ള കാത്തിരിപ്പുകള്‍, ഡോക്ടര്‍മാര്‍  പറയുന്നത് പാതി തിരിഞ്ഞും പാതി തിരിയാതെയുമുള്ള സന്ദിഗ്ദ്ധതകള്‍. പല പല ഉത്തരവാദിത്തങ്ങള്‍ ഏറ്റവും ഭംഗിയായി നിറവേറ്റി ജീവിച്ച, മറ്റുള്ളവരെ ഭംഗിയായി ജീവിപ്പിച്ചവര്‍, പെട്ടെന്ന് ശയ്യാവലംബിയായി മാറുമ്പോള്‍ ഒരു ദിവസം പെട്ടെന്ന് എല്ലാം മാറിമറിയും. അതുവരെ ജീവിച്ച ദൈനംദിനത്വം, അനുഭവിച്ച സ്വാസ്ഥ്യം, എപ്പോള്‍ എങ്ങനെ വേണമെങ്കിലും  സ്വയം തീരുമാനിക്കാനുള്ള നിസ്തന്ദ്രത എല്ലാം നഷ്ടപ്പെട്ട് സ്വയമറിയാതെ നമ്മള്‍ പരിവര്‍ത്തനപ്പെടും. എത്ര പെട്ടെന്നാണ് അതുവരെ എനിക്ക് പരിചയമില്ലാത്ത ഒരു ഞാന്‍ ഉണ്ടായത്. ആ ആശുപത്രിക്കാലങ്ങളാകും എന്നെ ഒരു മുതിര്‍ന്നവളാക്കിയത്. 

അവരുടെ ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios