സെമിത്തേരിയിലും അവര്‍  അടുത്തടുത്തായിരുന്നു

മമ്മി പോയതിനു ശേഷം കിടപ്പുമുറിയില്‍ ജനലരികില്‍ അല്‍പം തിരിഞ്ഞു കിടന്നാല്‍ കാണാന്‍ പാകത്തിന് മമ്മിയുടെ ഫോട്ടോ വെച്ച് കൊടുത്തത് നോക്കി നോക്കി കിടക്കുന്ന ഡാഡിയുടെ ചിത്രം മാഞ്ഞു പോവില്ല.

Hospital days by pramod P Seban

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്

Hospital days by pramod P Seban

ഐ.സി.യു.വിലെ യന്ത്രങ്ങള്‍ക്ക് സംഗീതാത്മകമായ ഒരു താളമുണ്ട്. വെന്റിലേറ്ററില്‍ നിന്നും പേരറിയാത്ത ഒട്ടനവധി യന്ത്രങ്ങളില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ ഉതിരുന്ന ബീപ് ബീപ് ശബ്ദങ്ങള്‍ ആകെക്കൂടി ഒന്നിക്കുമ്പോള്‍ ഉണ്ടാവുന്ന സിംഫണി കണ്ണടച്ച് കിടന്ന് ആസ്വദിച്ചിട്ടുണ്ട്, പല തവണ.

മരണത്തിനും ജീവിതത്തിനുമിടയില്‍ കിടക്കുന്ന അഞ്ചെട്ട് ആളുകള്‍ക്ക് നടുവില്‍ പച്ചക്കുപ്പായത്തിനുള്ളില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന ഏകാന്തത വിവരണാതീതമാണ്. അപ്പോഴൊക്കെയും സകല പേടികള്‍ക്കും മീതെ മരണത്തെ തോല്‍പ്പിക്കുന്ന ഒരു ധൈര്യം കടന്നു വരാറുണ്ട്. അടുത്ത നിമിഷം സംഭവിക്കാവുന്ന എന്തും സ്വീകരിക്കാനുള്ള ഒരു മാനസികാവസ്ഥ. മരണം എനിക്ക് 'കൈക്കൊള്ളണമേ നീയെന്‍ നാഥാ' എന്ന ഗാനമാണ്. 

മമ്മിയുടെ മരണ ദിവസം ഡോക്ടര്‍  ഇഷ്ടമുള്ള മധുരം എന്തെങ്കിലും വാങ്ങിക്കൊടുത്തു കൊള്ളാന്‍ ഉദാരനായി. വാനില ഫ്‌ളേവര്‍ ഐസ്‌ക്രീമിന്റെ ബോട്ടില്‍ അനിയന്‍ മമ്മിയുടെ മുറിയിലേക്ക് കൊണ്ടുപോവുമ്പോള്‍ കടലോളമാഴമുള്ള ഒരു സങ്കടം വന്ന് മൂടിയിരുന്നു. നീരുവന്ന കവിളുകളില്‍ നിറയെ സ്‌നേഹം നിറച്ച് മമ്മി ഞങ്ങളെ നോക്കിയിരുന്നു. ഞാനോ, ഒരു കിലോമീറ്റര്‍ അകലെ മറ്റൊരു ആശുപത്രിയില്‍ അഡ്മിറ്റായ ആറ് മാസം പ്രായമുള്ള മോള്‍ടെയടുത്തേയ്ക്കും മമ്മിയുടെ അടുത്തേക്കും പാഞ്ഞുകൊണ്ടിരുന്ന ഗതികിട്ടാത്ത ഒരച്ഛന്‍, ഗുണമില്ലാത്ത ഒരു മകന്‍...

മമ്മി പോയതിനു ശേഷം കിടപ്പുമുറിയില്‍ ജനലരികില്‍ അല്‍പം തിരിഞ്ഞു കിടന്നാല്‍ കാണാന്‍ പാകത്തിന് മമ്മിയുടെ ഫോട്ടോ വെച്ച് കൊടുത്തത് നോക്കി നോക്കി കിടക്കുന്ന ഡാഡിയുടെ ചിത്രം മാഞ്ഞു പോവില്ല. സെമിത്തേരിയിലും അവര്‍ അടുത്തടുത്തായിരുന്നു. ഓരോ മരണ സമയത്തും ആ പാട്ട് കത്തി കുത്തിയിറക്കും പോലെ നെഞ്ച് തുളച്ച് ചോര പൊടിച്ചിരുന്നു.

നോക്ക്, ശരിയല്ലേ? ഐ.സി.യു.വിലെ മോണിറ്ററുകള്‍ മീട്ടുന്ന സിംഫണി... ഒന്ന് കാതോര്‍ത്തേ, ശരിയല്ലേ?

 

അവരുടെ ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios