പ്രസവശേഷം ഇത്തിരി വിശ്രമിച്ച ശേഷം അവള്‍  കുഞ്ഞിനെയും പിടിച്ചു നടന്നു പോയി!

അവരുടെ പതിനഞ്ചാമത്തെ പ്രസവമാണ്. സാധാരണ വീട്ടില്‍ തന്നെ എല്ലാ  കാര്യങ്ങളും ഭംഗിയായി നടക്കുന്നതാണ്. പക്ഷെ ഇത്തവണ ഇതാണ് സംഭവിച്ചത്. എങ്കിലും അവര്‍  ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.

 

Hospital Days by Dr Saleema A Hameed

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്.

Hospital Days by Dr Saleema A Hameed

ജീവിതം നമ്മെ പലവഴികളിലൂടെയും, നടത്തും. വെയില്‍ മങ്ങിത്തുടങ്ങിയ ഈ നേരത്തു ആ വഴികളിലൂടെ ഒന്നു തിരിഞ്ഞു നടന്നാല്‍ എന്തുണ്ടാവും? അതു മാത്രമാണ് ഇനി വായിക്കാനുള്ള വരികള്‍. പത്തിരുപത്തഞ്ചു കൊല്ലം മുന്‍പുള്ള കഥയാണിത്. കഥയല്ലത്, ജീവിതം! 

1987 ലാണ്. ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ നിന്ന് എംബിബിഎസും ഗൈനക്കോളജിയില്‍ സീനിയര്‍ സീനിയര്‍ ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞു  നില്‍ക്കുന്നു. അപ്പോഴാണ്  സൗദി അറേബ്യയില്‍ നിന്നു ഒരു ജോലി  തേടി എത്തുന്നത്. ഭര്‍ത്താവിന്  അവിടെയായിരുന്നു ജോലി. അതുകൊണ്ട്, പോകാന്‍ ഒട്ടും മടി തോന്നിയില്ല. പണ്ട്  വീട്ടില്‍ ഖുര്‍ആന്‍  പഠിപ്പിക്കാന്‍  വന്ന ഉസ്താദ് പഠിപ്പിച്ചു തന്ന അറബി അല്ലാതെ സംസാര ഭാഷയൊന്നും എനിക്ക്  ഒട്ടും വശമില്ലായിരുന്നു . .എന്നാലും  ഒരു ധൈര്യമൊക്കെ  മുഖത്തണിഞ്ഞു ഞാന്‍ യാത്ര പുറപ്പെട്ടു. ഏജന്റ് തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു ഇന്ത്യന്‍ ലേഡി ഡോക്ടറാണ് ഞാന്‍  ജോലി  ചെയ്യാന്‍  പോകുന്ന ക്ലിനിക്കിലെ   മാനേജര്‍  എന്നറിഞ്ഞു. പുറപ്പെടുന്നതിന് മുമ്പ്്  അവരോടു  സംസാരിച്ചു. അങ്ങനെ കൃത്യമായ ഗൃഹപാഠമൊക്കെ ചെയ്ത ശേഷമായിരുന്നു ആദ്യ  ഗള്‍ഫ് യാത്ര. 

അവിടെയെത്തിക്കഴിഞ്ഞപ്പോഴാണ്, കാര്യങ്ങളൊന്നും കരുതിയത്  പോലെയല്ല എന്ന് മനസ്സിലായത്. പീഡിയാട്രീഷ്യന്‍,  ഇന്‍േറണിസ്‌റ്, ഡെന്റിസ്റ്റ് തുടങ്ങിയവരും മൂന്നു ജനറല്‍ പ്രാക്റ്റീഷനര്‍മാരും  ഉള്‍പ്പെട്ട ഒരു സംഘം ഡോക്ടര്‍മാരാണ്  ക്ലിനിക്കില്‍   ആകെയുള്ളത്. സ്ത്രീ   ആയത് കൊണ്ടും,വേറെ ഗൈനെക്കോളജിസ്റ്റ്  ഇല്ലാത്തത്  കൊണ്ടും ഗര്‍ഭിണികളും സ്ത്രീകളും പ്രധാനമായും എന്റെ ചുമതലയിലായിരുന്നു. 

അവിടെത്തിക്കഴിഞ്ഞാല്‍  മിക്കവാറും നിലത്തിരുന്നാണ്  പ്രസവം   എടുക്കേണ്ടത്.

മദ്ധ്യസൗദി  അറേബ്യയിലെ  പ്രധാന പട്ടണമായ ബുറൈദയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു ക്ലിനിക്. നാലു ചുറ്റും  രണ്ടാള്‍ പൊക്കത്തിലുള്ള മതിലുകൊണ്ട് സംരക്ഷിക്കപ്പെട്ട് പുറത്തേക്കു ഒറ്റവാതില്‍ മാത്രമുള്ള ഒരു മൂന്നു നിലക്കെട്ടിടം. താഴത്തെ രണ്ടു  നിലകളിലായി ക്ലിനിക്കുകളും അതിനുമുകളിലായി സ്റ്റാഫിന്റെ  താമസസ്ഥലവും. ഒരു വശത്തായി വനിതാ ഡോക്ടര്‍മാരും മറുഭാഗത്തു നഴ്സുമാരും. നഴ്സുമാരെല്ലാം,മലയാളികളായിരുന്നു എന്ന് പറയണ്ടതില്ലല്ലോ. രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു വരെയും വൈകുന്നേരം  നാലുമുതല്‍  എട്ടുവരെയുമാണ്  പ്രവര്‍ത്തന സമയം .

ഞങ്ങള്‍ ഡോക്ടര്‍മാര്‍  ഓരോരുത്തരും ഓരോ ദിവസം വെച്ച് പാചകത്തിന്റെ  ചുമതലക്കാരായി. ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍,  എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരും മലയാളിയായ ഞാനും ചേര്‍ന്ന് അടുക്കള  ഒരു പാചകപരീക്ഷണശാലയാക്കി മാറ്റി. സ്വന്തം നാടുകളിലെ  പാചകക്കുറിപ്പുകള്‍ കൈമാറിയും പാചകം  ചെയ്തും  പഠനം. ഭക്ഷണം കഴിഞ്ഞ് മിക്ക ദിവസങ്ങളിലും പാട്ടുകേട്ടും  വര്‍ത്തമാനം പറഞ്ഞും ഉറങ്ങാന്‍ രാത്രി രണ്ടു മണിയാകും. അന്ന് അവിടെ  നിന്നും കിട്ടിയ ഹേമന്ദ്  കുമാറിന്റെ ഹിറ്റ് ഗാനങ്ങളുടെ ശേഖരം  ഇന്നും എന്റെ  കയ്യില്‍ ഉണ്ട്. 'സ്വപ്നങ്ങളെ  വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ' എന്ന പ്രസിദ്ധമായ  മലയാള ഗാനം അര്‍ത്ഥമറിയാതെ  കേട്ടു  കണ്ണുനിറയുന്ന  എന്റെ ഗോവന്‍ കൂട്ടുകാരിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഉച്ചമയക്കം ആ നാട്ടില്‍ പതിവായതുകൊണ്ട് ഞങ്ങള്‍ക്കും അതു പതിയെ ശീലമായി.

സ്ത്രീ ജീവനക്കാര്‍ക്കായി പൊതുഅവധി ദിവസമായ വെള്ളിയാഴ്ച  രാവിലെ  സൂഖിലേക്ക് (ചന്ത) ഒരു യാത്രയുണ്ട്. ക്ലിനിക്കിലെ വാച്ചറും ഡ്രൈവറും ആയ ഈജിപ്ത്കാരന്‍ ആം കോദരിയാണ് അയാളുടെ ട്രക്കില്‍ ഞങ്ങളെ ചന്തയില്‍ എത്തിക്കുന്നത്. പച്ചക്കറി മുതല്‍ സ്വര്‍ണം  വരെ  എന്തും  അവിടെ നിന്നു വാങ്ങാം. പുറത്തു പോകുമ്പോള്‍  തലയില്‍ മുഖവും മുഴുവന്‍ മൂടി  കറുത്ത കൈ  കൈയുറയും ധരിച്ചാണ് പോകേണ്ടത്. മറ്റു ദിവസങ്ങളില്‍  പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരോ  ആഴ്ചയും ഈ  യാത്രക്കായി കാത്തിരിക്കും .

പതിനഞ്ചാമത്തെ പ്രസവമാണ്. സാധാരണ വീട്ടില്‍ തന്നെ എല്ലാ  കാര്യങ്ങളും ഭംഗിയായി നടക്കുന്നതാണ്.

പാരമ്പര്യ  ഗോത്രസംസ്‌കാരമനുസരിച്ചു ജീവിക്കുന്ന  കുടുംബങ്ങളാണ് ചുറ്റുപാടും  താമസിച്ചിരുന്നത്. അവര്‍  വളരെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങളില്‍  മാത്രമേ ഡോക്ടറെ കാണാന്‍ പോകൂ. പ്രസവംതുടങ്ങിയ 'സാധാരണ' സംഭവങ്ങള്‍ക്ക് ആരും ആശുപത്രിയില്‍ പോകുകയില്ല. മിക്കവാറും  കുടുംബത്തിലെയോ  അടുത്തവീട്ടിലെയോ പ്രായമായ സ്ത്രീകളുടെ സഹായം മാത്രമേ ഉണ്ടാവുകയുള്ളു .അപൂര്‍വം ചിലര്‍ ഡോക്ടറെ  വീട്ടിലേക്കു  വിളിപ്പിക്കും. അപ്പോള്‍ ഞാനും ശിശുരോഗവിദഗ്ദ്ധയായ രശ്മിയും കൂടിയാണ് പോകുന്നത്. അത്യാവശ്യം ഉപകരണങ്ങളും മറ്റും  അടങ്ങിയ രണ്ടു പെട്ടികളുമായിട്ടാണ്  ഈ യാത്രകള്‍. വിളിക്കാന്‍ വരുന്ന ആളിന്റെ   കാറിനു പുറകെ ആം കോദരിയുടെ  കാറില്‍ ആയിരിക്കും  യാത്ര. അവിടെത്തിക്കഴിഞ്ഞാല്‍  മിക്കവാറും നിലത്തിരുന്നാണ്  പ്രസവം   എടുക്കേണ്ടത്. എമര്‍ജന്‍സി ലാമ്പിന്റെ  വെളിച്ചത്തില്‍ അത്യാവശ്യം വേണ്ട തുന്നലും ഇന്‍ജക്ഷന്‍  കൊടുക്കലും   മറ്റും നടത്തും. ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു .പതുക്കെ എല്ലാം ശീലമായി. രശ്മി വളരെ സഹായ മനഃസ്ഥിതിയുള്ള  ആളായിരുന്നു, മാത്രമല്ല അറബി ഭാഷ ഒരുവിധം തരക്കേടില്ലാതെ സംസാരിക്കാനുമറിയാം. അതു വളരെ  ഉപകാരമായി. ഞാനും പതുക്കെ  അറബി സംസാരിച്ചു  തുടങ്ങി.

കുഴപ്പമില്ലാതെ ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഒരു ദിവസം പ്രസവസംബന്ധമായ ആവശ്യത്തിനായി വീട്ടിലേക്കു വിളിച്ചു കൊണ്ടു പോകാനായി ഒരാള്‍ വരുന്നത്. ഏകദേശം ഒരു മണിക്കൂര്‍ മരുഭൂമിയില്‍ കൂടി സഞ്ചരിച്ചു ഒരു വീട്ടില്‍ എത്തിച്ചേര്‍ന്നു. നാലഞ്ചു ഈന്തപ്പന മരങ്ങളുടെയും കുറെ മുള്‍ച്ചെടികളുടെയും  നടുവില്‍ ഒരു ചെറിയ വീട്. സ്ത്രീകളുടെ മുറികളിലേക്ക് കടക്കാനുള്ള  വാതില്‍ ഒരു ചെറിയ പെണ്‍കുട്ടി  വന്നു തുറന്നു തന്നു. ഞങ്ങള്‍  അകത്തേക്ക് കടന്നു. അവിടെ  അകത്തെ മുറിയില്‍ ഏകദേശം 45 വയസ്സു പ്രായമുള്ള  ഒരു സ്ത്രീ നിലത്തു ഒരു വിരിയില്‍ കിടപ്പാണ്. ദേഹം ഒരു പുതപ്പു കൊണ്ടു മൂടിയിട്ടുണ്ട്. ഒരു നൂറ് ഈച്ചകള്‍ അവരുടെ ദേഹത്തും മറ്റുമായി  ആര്‍ത്തു തിമിര്‍ത്തു നടക്കുന്നു. തുണി മാറ്റിനോക്കുമ്പോള്‍ അവരുടെ കാലുകള്‍ക്കിടയില്‍  ഒരു മരിച്ച കുഞ്ഞിന്റെ കാലുകളും ദേഹവും ഇളം നീല നിറത്തില്‍ കണ്ടു. തല  പുറത്തേക്കു വരുന്നില്ല! അവര്‍ ഈ അവസ്ഥയിലായിട്ടു 24 മണിക്കൂറില്‍ കൂടുതലായി എന്നു ഞങ്ങള്‍ ചോദിച്ചറിഞ്ഞു. 

അവരുടെ പതിനഞ്ചാമത്തെ പ്രസവമാണ്. സാധാരണ വീട്ടില്‍ തന്നെ എല്ലാ  കാര്യങ്ങളും ഭംഗിയായി നടക്കുന്നതാണ്. പക്ഷെ ഇത്തവണ ഇതാണ് സംഭവിച്ചത്. എങ്കിലും അവര്‍  ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ വലിയ ബ്ലീഡിങ് ഒന്നും കണ്ടില്ല .രോഗിയുടെ ബ്ലഡ് പ്രഷറും പള്‍സും ഒക്കെ സാധാരണ നിലയില്‍. നേരിയ പനിയുണ്ടെന്നുള്ളതൊഴിച്ചാല്‍ എല്ലാ നോര്‍മല്‍!  ഞങ്ങള്‍ രണ്ടുപേരും കുറെ പണിപ്പെട്ടിട്ടും തല പുറത്തേക്കു എടുക്കാന്‍ കഴിഞ്ഞില്ല. ആ കിടപ്പില്‍ കിടന്നു കൊണ്ടു തന്നെ  അവര്‍ വീട്ടുകാര്യങ്ങളൊക്കെ നിയന്ത്രിക്കാനുള്ള  നിര്‍ദ്ദേശങ്ങള്‍  ചുറ്റുമുള്ളവര്‍ക്കു നല്‍കിക്കൊണ്ടിരുന്നു. ആടിന്  തീറ്റ കൊടുക്കുന്നതുല്‍പ്പടെ! അവസാനം  ഞങ്ങള്‍  രോഗിയോടും ഞങ്ങളെ കൂട്ടിക്കൊണ്ടു വന്ന മകനോടും  ആശുപത്രിയില്‍ പോകാതെ നിവൃത്തിയില്ലെന്നും , അതല്ലെങ്കില്‍ ഉണ്ടാകാവുന്ന  ഭവിഷ്യത്തുകളെപ്പറ്റിയും ഒക്കെ വിശദമായി  സംസാരിച്ചു. പഴുപ്പ് വരാനുള്ള സാദ്ധ്യതയെപ്പറ്റിയൊക്കെ  അറിയാവുന്ന  അറബിയില്‍  പറഞ്ഞു മനസ്സിലാക്കി. എന്നിട്ടും രോഗിക്ക് ഒരു മനം മാറ്റമില്ല. കാര്യങ്ങളൊക്കെ വിശദമായി അശുപത്രയിലേക്ക് ഒരു കത്തായി എഴുതിക്കൊടുത്തു ഞങ്ങള്‍  മടങ്ങി .

പിറ്റേന്ന് ഉച്ച തിരിഞ്ഞു  അയാള്‍ വീണ്ടും വന്നു. ഉമ്മാക്ക് നല്ല പനിയുണ്ടെന്നും  എന്തെങ്കിലും ഗുളിക കൊടുക്കണമെന്നും പറഞ്ഞു. അവരുടെ അവസ്ഥ  വളരെ  ഗുരുതരമായ അവസ്ഥയിലാണെന്ന് പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ അയാള്‍ മടങ്ങിപ്പോയി. അവര്‍  കുറെ  ദിവസം ആശുപത്രിയില്‍ ആയിരുന്നുവെന്ന്  പിന്നീട് അവരുടെ മകന്‍ പറഞ്ഞറിഞ്ഞു .

അതു കഴിഞ്ഞാണ് ആയിഷയുടെ (യഥാര്‍ത്ഥ പേരല്ല) വരവ്. പ്രസവവേദനയുമായി അവര്‍ ഒറ്റക്ക്  ക്ലിനിക്കില്‍  വന്നു കയറുകയായിരുന്നു. പരിശോധിച്ചപ്പോള്‍ കുഞ്ഞിന്  വളരെ  വലിപ്പം കൂടുതലാണെന്നു കണ്ടു. അതിനാല്‍, ആശുപത്രിയില്‍ പോവുകയാണ്  നല്ലതെന്നു  ഞങ്ങള്‍  ആവുംവിധം പറഞ്ഞു. പക്ഷെ  അവര്‍ക്കു  അതിനു സമ്മതമല്ല. ഉണ്ടാകാന്‍  സാധ്യതയുള്ള പ്രശ്‌നങ്ങളെല്ലാം എണ്ണിയെണ്ണി  പറഞ്ഞിട്ടും  ഒരു മാറ്റവുമില്ല. ഞങ്ങള്‍  സംസാരിച്ചിരിക്കെ തന്നെ കുട്ടിയുടെ തല  കണ്ടു തുടങ്ങി. പക്ഷെ പിന്നെ പ്രസവം പുരോഗമിക്കുന്നില്ല. സമയം കടന്നു പോവുകയാണ്. അവസാനം  ഞങ്ങളും  നഴ്‌സുമാരും ചേര്‍ന്നു  കൊടുത്തു കുട്ടിയെ പുറത്തേക്കു തള്ളിയിട്ടു (FUNDAL PRESSURE) എന്നു പറഞ്ഞാല്‍  മതിയല്ലോ! നാലര  കിലോ ഭാരമുള്ള ഒരു  ആണ്‍കുട്ടി! ഭാഗ്യത്തിന് കുട്ടി ഉടനെ  തന്നെ കരഞ്ഞു. ബ്ലീഡിങ്ങും മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയെ പരിശോധിക്കുമ്പോള്‍  നേരിയ 'ERB'S PALSY ഉണ്ട് വിവരം  അവരോട്  പറഞ്ഞു. 'ഹാദാ  മിന്‍ അല്ലാഹ്' (അതു ദൈവഹിതം ) എന്നായിരുന്നു  മറുപടി! അല്‍പ്പ സമയം വിശ്രമിച്ച ശേഷം ആയിഷ  കുളിമുറിയില്‍ പോയി മേല്‍ കഴുകി  വസ്ത്രംമാറി കുഞ്ഞിനെയും പൊതിഞ്ഞു കയ്യില്‍ പിടിച്ചു നടന്നു പോയി. ഈ സമയമത്രയും ഭര്‍ത്താവ് പുറത്തു അയാളുടെകാറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  

ഇന്നും ഈ സംഭവങ്ങളൊക്കെ  ഉള്‍ക്കിടിലത്തോടെ  മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളു. അടുത്ത കാലത്തു 'ആടുജീവിതം' വായിച്ചപ്പോള്‍  അന്ന്  കണ്ട  പല മുഖങ്ങളും മനസ്സില്‍ കൂടി കടന്നു പോയി. അതൊരു കാലമായിരുന്നു, പലതു കൊണ്ടും. ഇനിയൊരിക്കലും മടങ്ങി വരരുതെന്ന് ആഗ്രഹിക്കുന്ന  കാലം!

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios