നിസ്സഹായത ചിലപ്പോള്‍ ചിരിയായിമാറും!

അധികനേരം അവിടെ നില്‍ക്കാന്‍ പറ്റിയില്ല. അപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സമയമായിരുന്നു. ഇറങ്ങുമ്പോഴും അവരവിടെ ഉണ്ട്. അകത്തെ ബെഞ്ചിന്റെ അറ്റത്ത്. ഞാന്‍ നോക്കുമ്പോള്‍ ചുണ്ട് കടിച്ചമര്‍ത്തി അവളെന്നെ നോക്കി ചിരിക്കുന്നു.

Hospital days by Athulya Latha Somarajan

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
Hospital days by Athulya Latha Somarajan


ഒന്ന് 

ആദ്യത്തെ ക്ലിനിക്കല്‍ പോസ്റ്റിങ് (രണ്ടാം വര്‍ഷം മുതല്‍, ഹോസ്പിറ്റലില്‍ വാര്‍ഡിലും ഒ പിയിലും ഓപ്പറേഷന്‍ തീയേറ്ററിലുമൊക്കെ കേറി തുടങ്ങുന്ന സമയം) ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു.രാവിലെ കേറിയാല്‍ ഉച്ചയ്‌ക്കേ ഇറങ്ങാന്‍ പറ്റുള്ളു. തുടക്കത്തിലെ കൗതുകവും ഉത്സാഹവുമൊക്കെ കെട്ടടങ്ങിത്തുടങ്ങിയ സമയം. 

ഒരു ദിവസം ഒ പി യില്‍ നിന്ന് ഇറങ്ങാറായപ്പോഴാണ് വരി നിന്ന് നിന്ന് ഊഴമെത്തിയ ഒരമ്മയും മകനും അകത്തേക്ക് വന്നത്. കണ്‍സല്‍ട്ടിങ്ങ് റൂമിലേക്കു വരി തെറ്റിച്ചു വേറെയും ആളുകള്‍ കയറുന്നുണ്ട്. ഒടുവില്‍ സാര്‍ എല്ലാവരോടും പുറത്തു നില്‍ക്കാന്‍ പറഞ്ഞു. എന്നാലപ്പോഴേക്കും ഈ അമ്മയും മകനും അകത്തെത്തിയിരുന്നു. അമ്മ മകനെ അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. കാഴ്ചയില്‍ തന്നെ മനസ്സിലാകുന്ന ഡൗണ്‍സ് സിന്‍ഡ്രോം ആണ് അവന് (ബുദ്ധിമാന്ദ്യം ഉള്‍പ്പെടെ രോഗങ്ങള്‍ വരുന്ന അവസ്ഥ). 

അടുത്തത് അവനായിരുന്ന്. പതിനൊന്ന് വയസ്സുണ്ട്. അമ്മയാണ് അസുഖവിവരമൊക്കെ പറയുന്നത്. പനി ആണ്. മരുന്നെഴുതി കൊടുത്തു.അവരിറങ്ങി. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ക്കും ഇറങ്ങാനായി. ഫര്‍മസി കഴിഞ്ഞ് വേണം ഹോസ്റ്റലിലേക്ക് കയറാന്‍. പോകുന്ന വഴി അവരെ കണ്ടു. നീണ്ട വരിയുടെ ഒടുവില്‍ ആണ്. നടന്ന് പോകാന്‍ തുടങ്ങുമ്പോള്‍ ഒരു വല്ലായ്മ. അവരുടെ കൂടെ ഒരു ഇളയ കുട്ടി കൂടി ഉണ്ട്. കയ്യില്‍ ആകെ ഉള്ളത് ഒരു കവറാണ്. അതിലാവും പേഴ്‌സും പൈസയും. ഈ വരി നിന്ന് മരുന്ന് കിട്ടാന്‍ ഒരുപാട് നേരം വൈകും. അവനെയും കൂടെ നിര്‍ത്തണം. എങ്ങും ഒറ്റക്ക് ഇരുത്താന്‍ പോലും ബുദ്ധിമുട്ടാവും. ഒടുവില്‍ ഞാന്‍ മരുന്നിന്റെ കുറിപ്പ് വാങ്ങി അകത്തു കയറി മരുന്ന് എടുത്തു. എന്റെ കയ്യില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. 

ഒരു നനഞ്ഞ ചിരി.

അപ്പോഴും എന്റെ മുന്‍വിധി മതം തന്നെ ആയിരുന്നു. 

രണ്ട് 
അത്യാഹിതവിഭാഗത്തില്‍ (casualty) പോസ്റ്റിംഗാണ്. വൈകുന്നേരമാണ് കയറേണ്ടത്. രാവിലത്തെ പോസ്റ്റിംഗും ഉച്ചക്കുള്ള തിയറി ക്ലാസ്സും കഴിഞ്ഞ് ഉറക്കത്തിനുള്ള സാഹചര്യസമ്മര്‍ദ്ദം വളരെ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥ.മൂന്ന് മണിക്കൂറോളം നിന്നാല്‍ മതി.പോസ്റ്റിംഗ് എന്നൊക്കെ പറയുമ്പോള്‍ കണ്ട് പഠിക്കണം. അത്രേ ഉള്ളു. ചിലപ്പോള്‍ ചെറിയ കാര്യങ്ങളൊക്കെ ചെയ്യേണ്ടി വരും.

അന്നാണ് രണ്ട് സ്ത്രീകള്‍ വന്നത്. അമ്മയും മകളുമാണ്. അമ്മക്ക് അന്‍പത്തഞ്ച് വയസ്സോളം പ്രായമുണ്ട്. മകള്‍ ഗര്‍ഭിണി ആണ്. പ്രസവത്തിന്റെ ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ആദ്യമായിട്ട് അന്നാണ് മെഡിക്കല്‍ കോളേജില്‍ കാണിക്കുന്നത്. അതിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ആണ് നേരത്തെ കാണിച്ചതെന്ന് പറഞ്ഞിട്ട്, അവിടുത്തെ ലെറ്റര്‍ എടുത്ത് സാറിന് കൊടുത്തു, കൂടെ ഒരു കൂട്ടിച്ചേര്‍ക്കലും; ഗര്‍ഭിണി ആയിട്ട് ആദ്യമായി ഹോസ്പിറ്റലില്‍ കാണിക്കുന്നത് ഒന്‍പതാം മാസത്തില്‍ ആണെന്ന്. ആദ്യത്തെ പ്രസവം സിസേറിയനും ആയിരുന്നത്രേ. മതപരമായ മാമൂല്‍ എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. 

ഉടനെ തന്നെ ഓപ്പറേഷന്‍ വേണ്ട അവസ്ഥ ആണ്. പ്രസവിക്കണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.സാര്‍ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് സംസാരിക്കുന്നുണ്ട്. എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. അടുത്തുള്ള മെഡിക്കല്‍ കോളേജിലേക്കോ അതിനുള്ള സൗകര്യമുള്ള ഹോസ്പിറ്റലിലേക്കോ കൊണ്ട്പോകേണ്ടി വരുമെന്ന് അറിയിച്ചു. എന്റെ അടുത്താണ് അമ്മ നില്‍ക്കുന്നത്. മകള്‍ ഇരിക്കുന്നു. എന്തേ ഇത്രേം വൈകി കാണിച്ചതെന്ന് ചോദിക്കുമ്പോഴാണ് അവരുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു മകള്‍. അവിടെ വീട്ടുകാര്‍ ഹോസ്പിറ്റലില്‍ കാണിക്കാനൊന്നും സമ്മതിക്കില്ല.  ആദ്യത്തെ പ്രസവവും ഒന്‍പതാം മാസം അമ്മ പോയി കൂട്ടിക്കൊണ്ടു വന്നതാണത്രേ. 

അപ്പോഴും എന്റെ മുന്‍വിധി മതം തന്നെ ആയിരുന്നു. 

ആ വീട്ടില്‍ ആരും ഹോസ്പിറ്റലില്‍ പോകാറില്ലേ എന്ന് ചോദിച്ചപ്പോള്‍ ആ അമ്മ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചിട്ട് പറഞ്ഞു, 'വേറെല്ലാരും പോകും, ഓളെ മാത്രം...ഞാന്‍ മാത്രേ ഉള്ളൂ കൂടെയിപ്പോ... വേറെങ്ങും ഈ രാത്രി കൊണ്ടോകാന്‍ കയ്യൂല്ല'. 

അധികനേരം അവിടെ നില്‍ക്കാന്‍ പറ്റിയില്ല. അപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സമയമായിരുന്നു. ഇറങ്ങുമ്പോഴും അവരവിടെ ഉണ്ട്. അകത്തെ ബെഞ്ചിന്റെ അറ്റത്ത്. ഞാന്‍ നോക്കുമ്പോള്‍ ചുണ്ട് കടിച്ചമര്‍ത്തി അവളെന്നെ നോക്കി ചിരിക്കുന്നു.

കണ്ണീരിന്റെ നനവുള്ള ഒരു ചിരി.

ഇതിനിടയില്‍ രണ്ട് തവണ ഗര്‍ഭമലസിപ്പോയി. മൂന്നാമത്തെ പ്രതീക്ഷ ആണ് ഇപ്പോള്‍ ഇല്ലാതായത്.

മൂന്ന് 
ഗൈനക്കോളജി പോസ്റ്റിംഗിന് രാവിലെ പോയി കേസ് എടുക്കണം. അത്ര സുഖമുള്ള ഏര്‍പ്പാടൊന്നുമല്ല. എങ്കിലും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെ അപേക്ഷിച്ച് കുറച്ച് എളുപ്പമാണ്. ആദ്യത്തെ ബെഡില്‍ കിടക്കുന്ന ആളെ തന്നെ എടുക്കാമെന്ന് വെച്ചു. 

ബ്ലീഡിങ്ങ് ആണെന്ന് പറഞ്ഞു. കൂടെ ഭര്‍ത്താവാണുള്ളത്. പുറത്ത് കാത്ത് നില്‍ക്കുകയാണ് ആള്‍. സന്ദര്‍ശകര്‍ക്കുള്ള സമയം ആയിട്ടില്ല. ഗര്‍ഭിണികളില്‍ സാധാരണ കാണുന്ന രക്തസ്രാവം എന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ ചോദിച്ച് വന്നപ്പോള്‍ അബോര്‍ഷന്‍ ആണ്. മൂന്നാമത്തെ അബോര്‍ഷന്‍ ആണ്. അവര്‍ക്ക് സസ്റ്റമിക് ലൂപസ് എറിതമറ്റോസിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ അസുഖമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനങ്ങള്‍ സ്വന്തം ശരീര അവയവങ്ങളെ ആക്രമിക്കുന്നതാണ് ലൂപ്പസ് രോഗം. ഗര്‍ഭാവസ്ഥയില്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യത ഏറെയാണ് താനും.

ഇപ്പോഴാണ് ഈ രോഗമാണെന്ന് കണ്ടെത്തിയത്. ഭര്‍ത്താവ് വിദേശത്തായിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഏഴു വര്‍ഷത്തോളം കഴിഞ്ഞു. ഒരു കുട്ടിക്ക് വേണ്ടി അദ്ദേഹം വിദേശത്തുള്ള ജോലി കളഞ്ഞിട്ട് നാല് കൊല്ലത്തോളമാകുന്നു. ഇതിനിടയില്‍ രണ്ട് തവണ ഗര്‍ഭമലസിപ്പോയി. മൂന്നാമത്തെ പ്രതീക്ഷ ആണ് ഇപ്പോള്‍ ഇല്ലാതായത്.

ഭാവമാറ്റമൊന്നുമില്ലാതെ അവര്‍ പറഞ്ഞ് മുഴുമിച്ചു.

എനിക്ക് എടുക്കാന്‍ പറ്റുന്ന കേസ് അല്ല. അപ്പോഴേക്കും പുള്ളിക്കാരന്‍  വന്നു.ഞാന്‍ സംസാരിച്ച് നില്‍ക്കുന്നത്  കണ്ട അങ്കലാപ്പിലാണ്. കേസ് എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞ് ഇറങ്ങാന്‍ പോയപ്പോള്‍ പുള്ളി ചോദിച്ചു, 'കുഴപ്പമൊന്നുമില്ലാരിക്കും അല്ലെ'-ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.

ഒരു തരം മരവിച്ച ചിരി.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios