മനുഷ്യന്‍ വെറും നിസ്സാരനാണ് എന്ന് തിരിച്ചറിഞ്ഞ നാളുകള്‍...

നുറുങ്ങുന്ന ചീർത്തു വീർത്ത ശരീരമുള്ള   സഹോദരിയുടെ കരം പിടിച്ച് അതിരാവിലെ 'ആനവണ്ടി' കയറും.  മെഡിക്കൽ കോളേജ് ബസ്‌ ആയതിനാൽ സ്ഥിരം നിൽപ്പ് തന്നെ ശരണം. കാരണം മിക്കവരും അങ്ങോട്ട്‌ തന്നെയായിരിക്കും യാത്ര.  അന്നു തൊട്ടേ മനസ്സ് പറയുമായിരുന്നു, "മനുഷ്യനിത്ര നിസ്സാരനാണല്ലോ"യെന്ന്. എത്രയെത്ര സൗന്ദര്യമുള്ളവരും, ആരോഗ്യമുള്ളവരും, കഴിവുള്ളവരും, നിസ്സംഗരായി ബസിന്റെയോരം പറ്റി  ഇരിപ്പിടത്തിലും മറ്റും യാത്ര ചെയ്യുമ്പോൾ മുഖത്ത് നിറയുന്ന വേദന മനസ്സിലാക്കണമെങ്കിൽ  സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം വരണം.

hospital days biju benny

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days biju benny

തിരുവനന്തപുരം മെഡിക്കൽ കോളേജ് 9-ാം വാർഡ്... 

'ക്ലിനിക്ക്, എന്ന് കേൾക്കുമ്പോഴേ തലപെരുക്കും. അപ്പോൾ മെഡിക്കൽ കോളേജ് എന്ന് കേൾക്കുമ്പോഴോ..? ചിന്തിക്കാനേ വയ്യ..' എന്നു മനസ്സ് പറഞ്ഞൊരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ഞാൻ ഏറ്റവുമധികം പോകാൻ ആഗ്രഹിക്കുന്ന സ്ഥലമേതാണെന്നു ചോദിച്ചാൽ അത് മെഡിക്കൽ കോളേജ് ആണെന്ന് നിസംശയം പറയും.  രോഗിയായി പോകണമെന്നുള്ള ആശയല്ല. എപ്പോഴെങ്കിലും മനസ്സിൽ 'അഹം'ഉയരുമ്പോൾ അവിടെയൊക്കെയൊന്ന് പോയി ചുറ്റിയടിച്ചു കാണണമെന്നുള്ള ആഗ്രഹം മാത്രം. 

സാധാരണ വൈദ്യന്മാർ മുതൽ വിശ്വോത്തര വൈദ്യന്മാർവരെ പച്ച  ശരീരം കീറിമുറിച്ചു പഠിച്ചു

കൃത്യമായി പറഞ്ഞാൽ ഏകദേശം ഇരുപത്  വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒമ്പതാം വാർഡിലും പരിസര തിണ്ണകളിലും വാഹന പാർക്കിങ് ഇടങ്ങളിലും ലോഡ്ജിലും മറ്റുമായി ജീവിതം തള്ളിനീക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരു തവണയെങ്കിലും നിശ്ചയമായി പോയിരിക്കും.  സഹോദരിക്ക് അപൂർവ രോഗം  പിടിപെട്ടതോടെയാണ് മെഡിക്കൽ കോളേജിൽ  അഭയം തേടിയത്.  സാധാരണ വൈദ്യന്മാർ മുതൽ വിശ്വോത്തര വൈദ്യന്മാർവരെ പച്ച  ശരീരം കീറിമുറിച്ചു പഠിച്ചു നോക്കിയിട്ടും അസുഖം ഭേദമാകാത്തതിനെ തുടർന്ന് ആശുപത്രി മാറ്റി പിടിച്ചു.  അത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒമ്പതാം വാർഡിലേക്കുള്ള യാത്രയാവുകയായിരുന്നു.  

നുറുങ്ങുന്ന ചീർത്തു വീർത്ത ശരീരമുള്ള   സഹോദരിയുടെ കരം പിടിച്ച് അതിരാവിലെ 'ആനവണ്ടി' കയറും.  മെഡിക്കൽ കോളേജ് ബസ്‌ ആയതിനാൽ സ്ഥിരം നിൽപ്പ് തന്നെ ശരണം. കാരണം മിക്കവരും അങ്ങോട്ട്‌ തന്നെയായിരിക്കും യാത്ര.  അന്നു തൊട്ടേ മനസ്സ് പറയുമായിരുന്നു, "മനുഷ്യനിത്ര നിസ്സാരനാണല്ലോ"യെന്ന്. എത്രയെത്ര സൗന്ദര്യമുള്ളവരും, ആരോഗ്യമുള്ളവരും, കഴിവുള്ളവരും, നിസ്സംഗരായി ബസിന്റെയോരം പറ്റി  ഇരിപ്പിടത്തിലും മറ്റും യാത്ര ചെയ്യുമ്പോൾ മുഖത്ത് നിറയുന്ന വേദന മനസ്സിലാക്കണമെങ്കിൽ  സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം വരണം.

പലപ്പോഴും ഒറ്റക്കയ്യിൽ താങ്ങി നിർത്തി മണിക്കൂറുകളോളം നിന്നു തിരുവനന്തപുരത്തെത്തുമ്പോഴേക്കും ശരീരം തളർന്നിരിക്കും.  വീർത്തു ചീർത്ത പൊന്തക്കാലുമായി മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കൂടി നടന്നു പടികൾ ചവിട്ടി കയറവെ ജീവിതത്തെയും സമയത്തെയും ശപിച്ചു.  ലോകത്തിലേക്കേറ്റവും ഹതഭാഗ്യർ രോഗികളായിരിക്കുമെന്നു പലപ്പോഴും മനസ്സ് പിറുപിറുത്തു.  ആ ഭാഗ്യം കെട്ടവരിൽ തങ്ങളും പെട്ടിരിക്കുന്നുവെന്ന് വേദനയിൽ കുതിർന്നു സഹോദരി കണ്ണ് നിറഞ്ഞു പറയുമ്പോൾ ആശ്വസിപ്പിക്കുവാൻ വകയില്ലാതെ പുറം തിരിഞ്ഞു മാറി നെടുവീർപ്പിടുമായിരുന്നു.

സങ്കടം തിങ്ങിനിന്ന കണ്ണുകൾ രക്തരൂപേണയാകുമ്പോൾ സഹോദരിയുടെ കൈപിടിയകറ്റി മാറ്റി മാറി നിന്നു വിതുമ്പും. മുഖം തേമ്പിയവരും, കണ്ണളിഞ്ഞവരും, ചെവിപൊട്ടിയവരും, മൂക്ക് തകർന്നവരും, മുച്ചിറിയുള്ളവരും, കൂനുള്ളവരും, എല്ലുകൾ പൊട്ടിയകന്നവരും അപകടത്തിൽ ശരീരം തന്നെ തകർന്നു താറുമാറായി ജീവിതം  ബലിയാടായവരെയും  കണ്ട്‌ ഹൃദയം തകരുമ്പോൾ നാമെത്ര നിസ്സാരരെന്ന് മനം പറയും. 

ഒരിക്കൽ സഹോദരിയുടെ സഹായത്തിനായി കൂടെയുണ്ടായിരുന്ന ഞാൻ രാത്രിയിൽ വാർഡിന്റെ തറയിൽ കൊതുകകളോട് മല്ലിട്ട് ഉറക്കത്തെ മാടിവിളിക്കവേ മുകളിൽ നിന്നൊരു നിലവിളി കേട്ടു.  ചെന്നപാടെ കണ്ട കാഴ്ച ഹൃദയം തകർത്തു.  ശരീരം മുഴുവൻ തീ പടർന്നു പൊള്ളിവീർത്ത  ശരീരവുമായി ഒരു യുവാവ് പ്രാണനു വേണ്ടി നിലവിളിക്കുന്നു. അടുക്കാൻ പറ്റാത്ത ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തുള്ള കൂട്ടിരിപ്പുകാർ തുണികൊണ്ടു മൂക്കുപൊത്തി ഭയചകിതരായി നോക്കി നിൽക്കുന്നു. 

നീണ്ട ക്യൂവും കടന്നു ക്ഷീണിതരായി ഒമ്പതാം വാർഡിൽ കയറ്റുമ്പോഴാണ് പലപ്പോഴും ഹൃദയം തകരുന്നത്.  തൊലി പഴുത്തളിഞ്ഞു ശരീരത്തിൽ നിന്നും വേർപെട്ടു, ചലവും രക്തവുമൊഴുകി തെല്ലു നിലവിളിയോടെയും ഞരക്കത്തോടെയും വിറങ്ങലിച്ചു  കിടക്കുന്ന രോഗികൾ. ചിലരുടെ കണ്ണുകൾ വലിയൊരു കുഴിയായ് രൂപാന്തപ്പെട്ടിരുന്നു.  പഴുത്തളിഞ്ഞു എന്നോ അടർന്നു വീണതാണവ. 

ആ നിമിഷങ്ങളിൽ ഞാനെന്‍റെ അഹങ്കാരത്തെ അടിയറവുവെച്ചു

ചിലരുടെ അവസ്ഥ കണ്ടാൽ അവിടെ നിന്നും  പൊട്ടിക്കരഞ്ഞു പോകും. ചില അമ്മമാർ നമ്മെ മാടി വിളിക്കും. അടുത്ത് ചെല്ലുമ്പോൾ കണ്ണുനിറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ട്‌ "മോനെ "എന്ന് വിളിക്കും.  കാരണം കൊടിയ ദുർഗന്ധമുള്ള അവരെ വീട്ടുകാർ പോലും ഉപേക്ഷിച്ചതിനാലുള്ള ഹൃദയം തകർന്ന നിലവിളിയാണത്. ഇതിന്റെയിടയിൽ കഴിഞ്ഞ എത്രയെത്ര ദിനരാത്രങ്ങൾ. ഞാൻ കണ്ട ദിനങ്ങൾ  ഭീകരതയുടെയായിരുന്നു,അസ്വസ്ഥതകളുടെയും. ഞാൻ കാണാത്ത,കയറാത്ത  വേദന തിങ്ങിയ എത്രയെത്ര മുറികളിൽ നിന്നുമുള്ള ഞരക്കം എന്റെ മനസ്സിനെ വ്രണിതനാക്കുന്നു. 

"മനുഷ്യൻ ഇത്രയും മാത്രമേയുള്ളെന്ന്" ഞാൻ തിരിച്ചറിഞ്ഞ ആ നിമിഷങ്ങളിൽ ഞാനെന്‍റെ അഹങ്കാരത്തെ അടിയറവുവെച്ചു. എന്നെങ്കിലും നമ്മുടെ സമീപത്തുകൂടെ "അഹങ്കാരം" എന്ന വികാരം  കടന്നുപോകുന്നുവെങ്കിൽ മെഡിക്കൽ കോളേജുകൾ നമുക്കൊരു പാഠമാകട്ടെ. 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios