ഈ 'ട്രോള്‍' കീഴടക്കുന്നത് അത്ര എളുപ്പമല്ല!
കാത്തിരുന്ന ആ സുദിനം വന്നെത്തി. ഞങ്ങളുടെ സംഘാംഗങ്ങൾ എല്ലാവരും കാറിൽ ഇരിപ്പുറപ്പിച്ചു. ആറുപേരടങ്ങുന്ന ഞങ്ങളുടെ സംഘം ട്രോൾ തുങ്ക കീഴടക്കാനായി യാത്രപുറപ്പെട്ടു. വൈകുന്നേരം ഏകദേശം നാലുമണി ആയിക്കാണും. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ. ഓസ്ലോ സിറ്റി പിന്നിട്ടതോടുകൂടി റോഡിനിരുവശവും മനോഹരമായ കാഴ്ചകൾ. സ്ട്രോബെറിതോട്ടവും ആപ്പിൾ, പ്ലം തുടങ്ങിയ കൃഷികളും കൊണ്ടുനിറഞ്ഞ നയനമനോഹരമായ കാഴ്ചകൾ.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ട്രോൾതുങ്ക എന്ന നോർവീജിയൻ സുന്ദരി...
ട്രോൾ എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് സോഷ്യൽ മീഡിയ ട്രോളുകൾ ആണ് മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. എന്നാൽ, ഞാനിപ്പോൾ പറയുന്നത് ഒരു നോർവീജിയൻ സുന്ദരിയെപ്പറ്റിയാണ്. നോർവേയിൽകണ്ട ഏറ്റവും മനോഹരദൃശ്യങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ ഒന്ന് ട്രോൾതുങ്കയും അവിടെക്കുള്ള യാത്രയും, രണ്ടാമത്തേത് നോർത്തേൺ ലൈറ്റുമാണ്.
ട്രോൾതുങ്ക സ്ഥിതിചെയ്യുന്നത് 'odda' എന്ന മുനിസിപ്പാലിറ്റിയിൽ ആണ്. നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും ഏകദേശം ഏഴെട്ടു മണിക്കൂർ യാത്രയുണ്ട് ഇപ്പറഞ്ഞ സ്ഥലത്തേക്ക്. ബസ് ആണ് അവിടേക്കു എത്തിപ്പെടുവാനുള്ള മാർഗം. എന്നിരുന്നാലും സ്വന്തമായി കാർ ഉണ്ടെങ്കിൽ അതാണ് ഏറ്റവും മികച്ച മാർഗം. ഇങ്ങനെ ഒരു ആശയം മുന്നോട്ടു വെച്ചപ്പോൾ തന്നെ ഞങ്ങളുടെ സുഹൃത്തും നോർവേയിൽ സ്ഥിരതാമസക്കാരനുമായ തോമസ്, താൻ കാർ തരപ്പെടുത്താമെന്നും സ്വന്തമായി കാർ ഓടിച്ചു പോകുന്നതാണ് അഭികാമ്യം എന്ന് അഭിപ്രായപ്പെടുകയും ഞങ്ങളെല്ലാവരും ഒറ്റസ്വരത്തിൽ അതിനെ പിന്താങ്ങുകയും ചെയ്തു.
ഇനി ഞങ്ങൾ ആരൊക്കെയാണെന്ന്പറയാം. തോമസിനെയും എന്നെയും കൂടാതെ അഭിലാഷും, മെൽവിനും ബേസിലും, റെജിനയും ആണ് മറ്റുള്ള ട്രോൾതുങ്ക സഞ്ചാരികൾ. എല്ലാവരും വിവരസാങ്കേതിരംഗത്തെ പണിക്കാർ. ഏകദേശം ഒരുമാസത്തോളമുണ്ട് ഞങ്ങളുടെ യാത്രക്ക്. എല്ലാ ആഴ്ചയും കടകൾ തോറും കയറിയിറങ്ങി യാത്രക്കു വേണ്ട സാമഗ്രികൾ വാങ്ങുക എന്നത് ഒരു ഹരമായി മാറി.
ട്രോൾതുങ്ക കയറുവാനുള്ള ഭയം കാരണം പനി പിടിപ്പെട്ടതാണെന്നു ചിലർ
യാത്രയുടെ ലക്ഷ്യം ഒന്നുമാത്രം, ട്രോൾതുങ്ക കയറണം പടം പിടിക്കണം, തിരികെവരണം. കൂട്ടത്തിൽ ഉള്ളവർ എല്ലാം വളരെയധികം തയ്യാറെടുപ്പുകൾ ഒക്കെ നടത്തിയാണ് വരവ്. ഒരു മാസത്തോളം നീളുന്ന കഠിനവ്യയാമം തുടങ്ങി, മല കയറുവാനുള്ള ഷൂ, ലൈറ്റ് വെയിറ്റ് ബാഗ്, കുത്തി നടക്കുവാനുള്ള വടി, മുമ്പ് അവിടെ പോയിട്ടുള്ള തൃശ്ശൂരുകാരൻ ഗഡിയുടെ വക തിയറി ക്ലാസുകൾ എന്നുവേണ്ട കല്പനചൗള സ്പേസ് ഷട്ടിലിൽ പോയപ്പോൾ പോലും ഇത്രയും തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അതിശയിപ്പിക്കുന്ന വിധത്തിലുള്ള വൻ തയ്യാറെടുപ്പുകൾ ആണ് ഞങ്ങൾ നടത്തിയത്. ഈയുള്ളവൻ കഠിനവ്യായാമം മാത്രം വേണ്ടാന്നു വെച്ചു. കാരണം ലക്ഷ്യം നേടുന്നത് വരെ ശരീരം ഉടയാൻ പാടില്ല എന്നായിരുന്നു എന്റെ ഒരിത്. കൂട്ടത്തിൽ വരാമെ്ന്ന് ഏറ്റിരുന്ന മെൽവിൻ നമ്മൾ പോകുന്ന ട്രിപ്പ് പ്രമേയമാക്കി ഒരു വീഡിയോ പിടിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയാക്കുകയും പോകുവാനുള്ള തീയതി ഏകദേശം അടുത്തു വരികയും ചെയ്തു. അപ്പോഴാണ്, സ്ക്രിപ്റ്റടക്കം എല്ലാം തയ്യാറാക്കി നിന്ന മെൽവിന് കഠിനമായ പനിയും കിടുകിടുപ്പും... ട്രോൾതുങ്ക കയറുവാനുള്ള ഭയം കാരണം പനി പിടിപ്പെട്ടതാണെന്നു ചിലർ.. ചില ചാരന്മാരെ വിട്ട് ഒരന്വേഷണം ഒക്കെ നടത്തി. സംഭവം സത്യം തന്നെയാണ്. മല കയറാൻ വാങ്ങിയ ഷൂവിന്റെ വില ഓർത്തപ്പോൾ പനിയെ വകവെയ്ക്കാതെ മുന്നോട്ടുപോകാം എന്ന അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. എങ്കിലും, യാത്രയുടെ കാഠിന്യം പരിഗണിച്ചപ്പോൾ പിന്മാറാൻ ആയിരുന്നു തീരുമാനം. പകരക്കാരനെ തേടി നെട്ടോട്ടം ഓടേണ്ടിവന്നില്ല. ഒറ്റ ദിവസത്തിനുള്ളിൽ പകരക്കാരൻ റെഡി. തൃശ്ശൂരുകാരൻ ദീപക്.
മെമ്മറികാർഡ് തരാം എന്ന് പറഞ്ഞതിന്റെ കൂടെ സായിപ്പിന്റെ വക ഒരു പരിഹാസവും
കാത്തിരുന്ന ആ സുദിനം വന്നെത്തി. ഞങ്ങളുടെ സംഘാംഗങ്ങൾ എല്ലാവരും കാറിൽ ഇരിപ്പുറപ്പിച്ചു. ആറുപേരടങ്ങുന്ന ഞങ്ങളുടെ സംഘം ട്രോൾ തുങ്ക കീഴടക്കാനായി യാത്രപുറപ്പെട്ടു. വൈകുന്നേരം ഏകദേശം നാലുമണി ആയിക്കാണും. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ. ഓസ്ലോ സിറ്റി പിന്നിട്ടതോടുകൂടി റോഡിനിരുവശവും മനോഹരമായ കാഴ്ചകൾ. സ്ട്രോബെറിതോട്ടവും ആപ്പിൾ, പ്ലം തുടങ്ങിയ കൃഷികളും കൊണ്ടുനിറഞ്ഞ നയനമനോഹരമായ കാഴ്ചകൾ.
ഏകദേശം നാലര-അഞ്ചു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ തണുത്തുറഞ്ഞ ഞങ്ങൾ വിശപ്പിന്റെ വിളി ശമിപ്പിക്കാനായി ഒരു വഴിയോരക്കടയിൽ കയറി. അപ്പോഴാണ് ഞങ്ങളുടെ ക്യാമെറാമാൻ ബേസിൽ ഞെട്ടിപ്പിക്കുന്ന ആ വാർത്ത വെളിപ്പെടുത്തിയത്. കാമറ എടുത്തു എങ്കിലും മെമ്മറി കാർഡ് മറന്നുവത്രേ. യാത്രയുടെ ലക്ഷ്യം തന്നെ ഫോട്ടോ എടുക്കൽ ആണ്. വിജനമായ ആ സ്ഥലത്ത് മെമ്മറികാർഡ് വാങ്ങാൻ യാതൊരു മാർഗവുമില്ല. പോരാത്തതിന് ന്നോർവെയിൽ മിക്ക കടകളും ആറേഴുമണിയാകുമ്പോൾ ഷട്ടർ താഴ്ത്തും. നാളെ രാവിലെ ആറുമണിക്ക് തന്നെ ഞങ്ങൾക്ക് ട്രോൾതുങ്ക കയറണം. ഏതാണ്ട് ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥ.. നിരാശരായി ഞങ്ങൾ യാത്ര തുടർന്നു.
അതിനിടക്ക് ഒരു ഐഡിയ തോന്നി എയർബിഎൻബിയിൽ ബുക്ക് ചെയ്തിരിക്കുന്ന വീടിന്‍റെ ഉടമസ്ഥൻ സായിപ്പിനെ ഒന്നു മുട്ടി നോക്കാം. ഗതികെട്ടാൽ വേറെ വഴി ഒന്നുമില്ല ഇരക്കുക അത്ര തന്നെ. സംഭവം ക്ലിക്ക് ആയി. മെമ്മറികാർഡ് തരാം എന്ന് പറഞ്ഞതിന്റെ കൂടെ സായിപ്പിന്റെ വക ഒരു പരിഹാസവും “It’s a surprise..!! Trolltunga without memory card and camera?”
ഇരന്നിട്ടാണെങ്കിലും മെമ്മറികാർഡ് കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം പതിനൊന്നുമണി ആയപ്പോൾ താമസസ്ഥലത്തെത്തി. നാളെയാണ് യഥാര്‍ത്ഥ പരീക്ഷണം.. ഇരുപത്തെട്ടു കിലോമീറ്റർ മലകയറി ഇറങ്ങണം. എന്നെ സംബന്ധിച്ച് അതൊരു കഠിനപരീക്ഷണം തന്നെയാണ്. പോരാത്തതിന് ട്രോൾതുങ്ക എങ്ങാനും കയറാതെ തിരികെ ചെല്ലുന്ന അവസ്ഥ ആലോചിക്കാനേ കഴിയില്ല. യാത്രാക്ഷീണം കാരണം കട്ടിൽ ലക്ഷ്യമാക്കി നടന്നു..
ക്ഷീണം കാരണം ഉറങ്ങിപ്പോകും എന്ന് കരുതിയെങ്കിലും മലകയറ്റം ഓർക്കുമ്പോൾ മനസിലെ പിരിമുറുക്കം വർദ്ധിച്ചു കൊണ്ടേയിരുന്നു. ഇവിടെ പ്രത്യേകിച്ച് പ്രാധാന്യം ഒന്നുമില്ല. എങ്കിലും, മറ്റൊരുകാര്യം പറയാൻ വിട്ടുപോയി. വീട്ടുടമസ്ഥൻ പറഞ്ഞിരുന്നു, വീടിനു ബയോ ടോയിലെറ്റ് സിസ്റ്റം ആണെന്ന്. അതിനെപ്പറ്റി വല്യ ധാരണ ഒന്നുമില്ലാത്ത ഞങ്ങൾ അതത്ര കാര്യമാക്കിയില്ല. അതായത് ടോയിലെറ്റ് എന്നാൽ വെറുമൊരു തുറന്ന കുഴിയും അതിന്റെ മുകളിൽ ഒരു ക്ലോസെറ്റും. എന്തെല്ലാം പരീക്ഷണങ്ങൾ കഴിഞ്ഞു വേണം ട്രോൾതുങ്ക കീഴടക്കാൻ..
രാവിലെ ഏകദേശം ആറര മണിക്ക് ഞങ്ങൾ എല്ലാവരും തയ്യാറായി. പറഞ്ഞുകേട്ടതു പ്രകാരം ഏകദേശം പതിനാലു കിലോമീറ്റർ മലകയറ്റവും പതിനാലു കിലോമീറ്റർ മല ഇറക്കവും ഉണ്ട്. മുമ്പെങ്ങും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ സ്ഥലത്തിന്റെ വിനോദസഞ്ചാര, കച്ചവടസാധ്യതകൾ പരിഗണിച്ചു പാർക്കിങ്സ്ലോട്ടുകളെ പലതായി തരം തിരിച്ചിട്ടുണ്ടായിരുന്നു. നാല്കിലോമീറ്റർ നടത്തം ലഭിക്കത്തക്ക വിധത്തിലുള്ള പാർക്കിംഗ് സ്ലോട്ടുകൾ വെറും ഇരുപത്തിയഞ്ചെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും നടത്തം ഒഴിവാക്കി മുകളിലെത്താൻ ലക്ഷ്യം വച്ചുള്ള ഞങ്ങൾക്ക്, അതിൽ ഒരെണ്ണമാണ് ലക്ഷ്യം.
നിർഭാഗ്യം എന്ന്പറയട്ടെ, ഈ പറഞ്ഞ സ്ലോട്ടുകൾ എല്ലാം ഞങ്ങൾ എത്തിയപ്പോഴേക്കും നിറഞ്ഞിരുന്നു. ഞങ്ങൾക്ക് നാലുകിലോമീറ്റർ താഴെയുള്ള പാർക്കിംഗ്സ്ലോട്ടു കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നിരുന്നാലും ട്രോൾതുങ്ക കയറണം എന്ന ഞങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ നാല്കിലോമീറ്റര് അധികദൂരം ഒന്നുമല്ലായിരുന്നു.
ഇനി അൽപ്പം ട്രോൾതുങ്ക പുരാണം:
Odda സിറ്റിയിൽനിന്നും പതിനേഴു കിലോ മീറ്റർ മാറിയാണ് ട്രോൾതുങ്ക സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിപത്തു വരെ വർഷം വെറും എണ്ണൂറു സഞ്ചാരികൾ മാത്രം വന്നിരുന്ന ഈ സ്ഥലം പിന്നീട് രണ്ടായിരത്തിപതിനാറോടു കൂടി വര്‍ഷം ഏകദേശം എൺപതിനായിരം സഞ്ചാരികൾ വന്നുചേരുന്ന ഒരു സ്ഥലമായി മാറി. നാക്കുപോലെ നീണ്ടുനിൽക്കുന്ന ഈ പാറക്കഷ്ണം ഏകദേശം എഴുന്നൂറ്മീറ്റർ നീളവും ഉപരിതലത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ശൈത്യകാലത്ത് പൂർണമായും സഞ്ചാരികൾക്കു നിരോധനം ആണ്.
ഓരോ കിലോമീറ്ററിലും ഇനിയുള്ള ദൂരം സൂചിപ്പിക്കുന്ന ബോർഡുകൾ ഉണ്ടായിരുന്നു
'Norwegian Trekking Association' ഈ ട്രെക്കിങ്ങിനെ ചാലഞ്ചിങ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം പതിനായിരം വർഷത്തെ പഴക്കമുള്ള ഇതിന് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സന്ദര്‍ശിക്കുവാനുള്ള അഭികാമ്യമായ സമയം. ട്രോൾതുങ്കയിൽ ചിത്രീകരിച്ച ഇന്ത്യൻ ചിത്രം കെ വി ആനന്ദ് സംവിധാനം ചെയ്ത 'കോ' എന്ന തമിഴ്ചിത്രം ആണെന്നാണ് എന്റെ അറിവ്. ട്രോൾതുങ്ക പുരാണത്തിന്റെ ഇടയിൽ ഞങ്ങളുടെ യാത്രയെപ്പറ്റി മറന്നു.
ഞങ്ങൾ യാത്ര തുടങ്ങി.. ഒരുസാൻഡ് വിച്ച്, ഒരു പഴം, രണ്ട് എനര്‍ജി ബാറുകൾ, ഒരു കാലിക്കുപ്പി, എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന നിശ്ചയദാർഢ്യം ഇതൊക്കെയാണ് യാത്രയിൽ ഞങ്ങളുടെ മുതൽക്കൂട്ട്. മഞ്ഞുരുകി വരുന്ന വെള്ളം കുടിക്കാൻ സാധിക്കുന്നതായതു കൊണ്ടാണ് ഞങ്ങൾ കാലിക്കുപ്പി മാത്രം കയ്യിൽ കരുതിയത്.
പതിനാലു കിലോമീറ്റർ യാത്രയിൽ ഓരോ കിലോമീറ്ററിലും ഇനിയുള്ള ദൂരം സൂചിപ്പിക്കുന്ന ബോർഡുകൾ ഉണ്ടായിരുന്നു. ആദ്യ നാല് കിലോമീറ്റർ വളരെ കുത്തനെയുള്ള റോഡ് ആണ്. മുമ്പ് സൂചിപ്പിച്ച പോലെ പാർക്കിംഗ്സ്ലോട്ടിലേക്കുള്ള വഴിയാണ് അത്. അതുകഴിഞ്ഞു പിന്നീട് കുറച്ചു സമതലപ്രദേശം ആണ്. ഓരോ കിലോമീറ്റർ കഴിയുമ്പോളും കാണുന്ന സൂചനാ ബോർഡുകൾ ഞങ്ങൾക്ക് പിന്നിട്ട ദൂരത്തെ കുറിച്ചുള്ള സന്തോഷവും ഇനിയും താണ്ടാനുള്ള ദൂരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും നൽകിക്കൊണ്ടിരുന്നു.
പോകുന്ന വഴിയിൽ കണ്ടവർ എല്ലാം തന്നെ ട്രോൾതുങ്കയെ പറ്റി കേട്ടറിഞ്ഞു വന്നവർ ആണ്
ട്രെക്കിങ്ങിൽ മുൻപരിചയം ഇല്ലാത്തതിനാലും വ്യായമസംബന്ധമായ തയ്യാറെടുപ്പുകൾ ഒട്ടും തന്നെ ചെയ്യാത്തതിനാലും ഞാൻ നന്നേ കിതക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ കണ്ടവർ എല്ലാം തന്നെ ട്രോൾതുങ്കയെ പറ്റി കേട്ടറിഞ്ഞു വന്നവർ ആണ്. ക്ഷീണം വകവെക്കാതെ മുന്നോട്ടു നീങ്ങി. ഏകദേശം ഒന്നര രണ്ടുമണി ആയപ്പോൾ ലക്ശ്യസ്ഥാനത്തു എത്തി. അപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. നമ്മുടെ നാട്ടിലെ ബീവറേജ്ഷോപ്പിന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ വളരെ അച്ചടക്കത്തോടെ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ഏകദേശം എണ്പതോളം ആൾക്കാർ ഫോട്ടോ എടുക്കാനായി വരിവരിയായിനിൽക്കുന്നു.
വളരെ പ്രത്യേകത തോന്നിയ ഒന്ന്, കാഴ്ച്ചയിൽ ചൈനീസ് എന്ന് തോന്നിപ്പിക്കുന്ന വധൂവരന്മാർ വിവാഹവസ്ത്രങ്ങൾ ഒക്കെ ധരിച്ചു ഇവിടെനിന്ന് ഫോട്ടോ എടുക്കാനായി വന്നിരിക്കുന്നു. ഇത്രയും യാത്ര ചെയ്തുവന്ന എല്ലാവരും അല്പം പോലും അക്ഷമരാകാതെ വരിവരിയായി നിൽക്കുന്ന കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.
വന്ന വഴി മറക്കരുത് എന്നാണെങ്കിലും ഞങ്ങൾ കുറച്ചുകൂടെ മനോഹരമായ മറ്റൊരു റൂട്ട് പിടിക്കാൻ തീരുമാനിച്ചു
ഫോട്ടോപിടിത്തം തകൃതിയായി നടന്നതിനുശേഷം തിരികെയുള്ള യാത്ര. വളരെ ലളിതം എന്ന് തോന്നുമെങ്കിലും കയറ്റത്തേക്കാൾ വെല്ലുവിളിയാണ് ഇറക്കം. ഏകദേശം അഞ്ചുമണിക്കൂർ എടുത്തു തിരികെയിറങ്ങാൻ. തിരികെയെത്തിയതിനുശേഷം ചെയ്യുവാനുള്ള കലാപരിപാടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. മീറ്റ് ഗ്രിൽ ചെയ്യുക, ചൂണ്ടയിട്ട് മീൻപിടിക്കുക തുടങ്ങി ഒരു നീണ്ട നിര തന്നെ പ്ലാൻ ചെയ്തിരുന്നു. നന്നേ ക്ഷീണിച്ചതു കാരണം വൈകിട്ടത്തെ അത്താഴം ഹോട്ടലിൽ നിന്നാവാം എന്ന് തീരുമാനിച്ചു.
ഗൂഗിൾ എടുത്തു പരതിയപ്പോൾ കണ്ട ഹോട്ടലിൽ വിളിച്ചു ഭക്ഷണം ഓർഡർ ചെയ്തു. മുൻധാരണ പ്രകാരമുള്ള ആക്ടിവിറ്റീസ് വേണ്ട എന്നു തീ രുമാനിച്ചു. ഒരു കുളി പാസ്സാക്കിയതിനുശേഷം ഇന്ത്യൻ ഭക്ഷണം എന്ന് ഹോട്ടലുകാർ പറയാൻ പറഞ്ഞ ഭക്ഷണവും എങ്ങനെയൊക്കെയോ കഴിച്ചു എന്ന് വരുത്തി തീർത്തു. ഇനിയൊരു സത്യം പറയെട്ടെ, എല്ലുനുറുങ്ങുന്ന വേദനയും നല്ല ക്ഷീണവും വേഗം കട്ടിലിലേക്ക് ചെരിഞ്ഞു. നാളെയാണ് മടക്കയാത്ര. 'വന്നവഴി മറക്കരുത്' എന്നാണെങ്കിലും ഞങ്ങൾ കുറച്ചുകൂടെ മനോഹരമായ മറ്റൊരു റൂട്ട് പിടിക്കാൻ തീരുമാനിച്ചു.
ഏകദേശം വൈകുന്നേരം ആറുമണി ആയപ്പോൾ ഞങ്ങൾ തിരികെ ഓസ്ലോയിൽ എത്തി. നാട്ടിൽനിന്നു കൊണ്ടുവന്ന കൊട്ടൻചുക്കാദി തൈലം തേച്ചുപിടിപ്പിച്ചു, ചൂടുവെള്ളത്തിൽ ഒരു കുളി കുളിച്ചു. നാളെ ജോലിക്കു പോകുമ്പോൾ പറയാനുള്ള വീരകഥകളും ഓർത്തു നിദ്രയിലാണ്ടു.