എന്നാലും അച്ചാച്ചാ, ഒട്ടും പ്രതീക്ഷിക്കാതെ, ഒന്നും പറയാതെ പോയതെന്തിന്?

ഏതായാലും ഏഴ് മണിയോട് കൂടി വീടെത്തി. സ്റ്റെയർകേസ് കയറുമ്പോൾ തന്നെ അപ്പനെ വെൽക്കം ചെയ്യാൻ പതിവുപോലെ ചൈൽഡ് ഗേറ്റിനു പുറകിലായി ഏതനും ഹന്നയും ഉണ്ട്. സ്റ്റെപ്പ് കയറിത്തീരുന്നതിനു മുമ്പ് തന്നെ ഫോൺ ബെല്ലടിക്കുന്നു. നോക്കിയപ്പോൾ അമ്മയാണ്. ചങ്കൊന്നു കാളി. ഈ സമയത്തു വിളി പതിവില്ലാത്തതാണ്. 

deshantharam sumesh jacob

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam sumesh jacob

ഒക്ടോബര്‍ 19 ഒരു വെള്ളിയാഴ്ച  അയിരുന്നു. പതിവ് പോലെ  രാവിലെ എണീറ്റ് ഹന്നയെ സ്കൂളിൽ കൊണ്ട് വിട്ടു തിരിച്ചു പോരുമ്പോൾ കാറിലെ  റേഡിയോയിൽ അമേരിക്കൻ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന ലോട്ടറി പ്രൈസ് ആയ 1.6 ബില്യൺ ഡോളറിനെ പറ്റി ഘോരഘോരം പ്രസംഗം നടക്കുന്നു. അപ്പോഴേ മനസ്സിൽ ഒരു ഉൾവിളി, ഇത് നിനക്കു പറഞ്ഞിട്ടുള്ളതാണ്, ഇതോടു കൂടി നീ ഒരു ബില്ല്യണയര്‍ ആവാൻ പോവുകയാണ്. മനസ്സിൽ പലവിധങ്ങളിലുള്ള ലഡു പൊട്ടിത്തുടങ്ങി. ഞാൻ വർക്ക് ചെയുന്ന കമ്പനിയെക്കാളും, ക്ലയന്‍റ് കമ്പനിയെക്കാളും ഒറ്റ ദിവസത്തിൽ പണക്കാരൻ ആവുക. സംഗതി കൊള്ളാം. ഓഫീസിൽ ചെന്ന് ആദ്യം ചെയ്തത് ഫാമിലി ഗ്രൂപ്പിൽ  പ്രൈസ് അടിച്ചാൽ പെങ്ങന്മാർക്കുള്ള  ഷെയർ  അനൗൺസ് ചെയ്യലാണ്. അതിനുശേഷം എന്‍റെ ഭാഗ്യരേഖ വളരെ വീക്ക് ആയതു കൊണ്ട് കുറച്ചു അത്യാഗ്രഹികളായ കൂട്ടുകാരെ കൂട്ടി ഒരു പൂള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഉള്ളതിൽ എന്നെ പോലെ ഏറ്റവും അത്യാഗ്രഹിയും ലോട്ടറി  അടിച്ചെങ്കിലും രക്ഷപ്പെടണം എന്ന് ആഗ്രഹവും  ഉള്ള ബിലഹരിയെ(IHRD) തന്നെ വിളിച്ചു. അവന്‍റെ ഡൊണേഷനായ പത്തു ഡോളർ ബെഞ്ച്മാർക് ആക്കി രാജീവ് (JNVI), പിന്നെ, കുറച്ചു ഇന്ത്യൻ സഹപണിയൻമാർ (പെട്ടന്ന് കോടീശ്വരൻമാരാകാൻ വിരോധമില്ലാത്ത ചിലർ) എന്നിവരെയും കൂട്ടി ഒരു വാട്‍സാപ്പ് ഗ്രൂപ്പും ക്രിയേറ്റ് ചെയ്തു. എല്ലാ പ്ലാനും പെർഫെക്റ്റ്. ഇനി മെഗാമില്ലിയൺ ഒന്നടിച്ചാൽ മാത്രം മതി.

അച്ചാച്ചന് വളരെ നാളായിട്ടുള്ള സങ്കടമാണ്, മകൻ അമേരിക്കയിലായിട്ടും അഞ്ചിന്‍റെ സേവിങ്സ് ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നുള്ളത്. നാട്ടിലെ വിദേശീയരെ പോലെ ഒരു കൊള്ളാവുന്ന കാര്‍ മേടിക്കാനും, അത് ചുമ്മാതെ ആണേലും വീട്ടിൽ ഇടാനും കഴിഞ്ഞിട്ടില്ല. ആകപ്പാടെ ഉണ്ടായിരുന്ന ഒരു സ്വിഫ്റ്റ്, VDI ലോൺ അടക്കണമല്ലോ എന്നോർത്ത് ഞാൻ വിറ്റിട്ടും പോന്നു. അമ്മയ്ക്കാണെങ്കിൽ, മകന് ജീവിച്ചു പോകാൻ ഉള്ളതല്ലേ ഒന്നും ഉണ്ടാക്കുന്നില്ല എന്നുള്ള വിഷമവും. എല്ലാത്തിനും ഇന്ന് രാത്രിയിൽ പരിഹാരം ഉണ്ടാവുകയാണ്.

വെള്ളിയാഴ്ച  ആയിട്ടു കൂടി തീർക്കാനുള്ള കുറച്ചു പണി കൂടി ആവേശത്തോടു തീർക്കാന്‍ വല്ലാത്ത  ഊർജ്ജം. പണിയും തീർത്തു നേരെ അടുത്തുള്ള ഡോണട്ട് ഷോപ്പിലേക്. എന്താ? കാപ്പി കുടിക്കാൻ അല്ല 60 ഡോളറിന് ലോട്ടറി വാങ്ങണം. അപ്പോഴാണ്, പ്രൈവറ്റായി ഒരു ദ്വീപു തന്നെ വേണം എന്ന് ആഗ്രഹിച്ചു ജീവിക്കുന്ന മനോജിനെ കൂട്ടാതിരുന്നാൽ മോശം ആകുമല്ലോ എന്ന് കരുതി അവനെ വിളിച്ചത്. അത് പ്രശ്നമായി. മനോജിന് പതിനൊന്നായിരം കോടി ഏഴായി വീതിക്കാൻ മടി. ബാക്കിയുള്ളവരെ തേച്ച് ഞാൻ മനോജുമായി ചേർന്ന് മറ്റൊരു പൂള് കൂടി ഉണ്ടാക്കി. പതിനൊന്നായിരം കോടി രണ്ടായി വീതിക്കാം. മനസ് വളരെ സംഘര്‍ഷഭരിതമാണ്. ലോട്ടറി അടിച്ചു രക്ഷപ്പെടേണ്ട എന്ന അഭിപ്രായം ഉള്ള ഭാര്യ ജോമിയ എങ്ങാനും ലോട്ടറി അടിക്കണ്ട എന്ന് പ്രാർത്ഥിച്ചാലോ, വീട്ടിലെ കാർ പോർച്ചിൽ ഏത് വണ്ടിയാവും ചേരുക, നാട്ടിലോട്ട് തിരിച്ചു പോകുമ്പോൾ ഇനി ഫാമിലിയായി എമിറേറ്റസിന്‍റെ ഫസ്റ്റ് ക്ലാസ്സ് മതിയോ, അതോ പ്രൈവറ്റ് ജെറ്റ് വേണോ  അകപ്പാടെ സംഘര്‍ഷം.

പതിവില്ലാത്തൊരു ഫോണ്‍കോള്‍

ഏതായാലും ഏഴ് മണിയോട് കൂടി വീടെത്തി. സ്റ്റെയർകേസ് കയറുമ്പോൾ തന്നെ അപ്പനെ വെൽക്കം ചെയ്യാൻ പതിവുപോലെ ചൈൽഡ് ഗേറ്റിനു പുറകിലായി ഏതനും ഹന്നയും ഉണ്ട്. സ്റ്റെപ്പ് കയറിത്തീരുന്നതിനു മുമ്പ് തന്നെ ഫോൺ ബെല്ലടിക്കുന്നു. നോക്കിയപ്പോൾ അമ്മയാണ്. ചങ്കൊന്നു കാളി. ഈ സമയത്തു വിളി പതിവില്ലാത്തതാണ്. ഈ സമയത്തല്ല, എപ്പോഴാണെങ്കിലും അമ്മ ഇങ്ങോട്ടു വിളിച്ചാൽ ടെൻഷൻ ആണ്. കാരണം, അതുപോലെ അത്യാവശ്യം ഇല്ല എങ്കിൽ വിളിക്കില്ല. ഞാൻ ഡെയിലി അങ്ങോട്ടുള്ള വിളിയേ പതിവുള്ളൂ. കഴിഞ്ഞ 'താങ്ക്സ് ഗിവിങ്ങി'നു വീണ അമ്മ പത്തുമാസങ്ങൾക്കു ശേഷം പിച്ചവെച്ച് നടന്നു തുടങ്ങിയതേ ഉള്ളൂ. എന്‍റെ ഹൃദയമിടിപ്പ്‌ പുറത്തു കേൾക്കാം.

ജോമിയയോട് 'എന്തോ പ്രശ്നം ഉണ്ടല്ലോ' എന്നു സ്റ്റെയർകേസിൽ നിന്ന് തന്നെ പറഞ്ഞു ഫോൺ എടുത്തു. പ്രതീക്ഷിച്ചതു പോലെ നല്ല വാർത്ത അല്ല. അച്ചാച്ചനു ഒരു നെഞ്ചു വേദന. കട്ടപ്പന സെന്‍റ്. ജോൺസ് ആശുപത്രിയിലേക്ക് ബാബുച്ചായനും ജൈനിച്ചേച്ചിയും കൂടി കൊണ്ടുപോയി. അമ്മ കൂടെ പോകാൻ അച്ചാച്ചൻ സമ്മതിച്ചില്ല. എന്‍റെ ഹൃദയമിടിപ്പ്‌ ഒന്ന് കുറഞ്ഞു. കാരണം, അച്ചാച്ചൻ ഹെൽത്തി ആണ്. പറമ്പിൽ താഴെ മുതൽ മുകളിൽ വരെ ഡെയിലി ഒരു മൂന്നു തവണ മിനിമം കയറുന്ന ആളാണ്. അമ്മയെ ഒന്ന് സമാധാനിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു.

അപ്പോഴും അച്ചാച്ചന്‍റെ ചോദ്യം 'രാവിലെ പോയാൽ മതിയോ' എന്നാണ്

അച്ചാച്ചന് രാത്രിയിൽ പതിനൊന്നിന് തുടങ്ങിയ തലവേദനയും പെടലിക്ക് വേദനയും ആണ്. ആശുപത്രിയിൽ പോകാൻ എങ്കിലും സഹായത്തിന് ആരെയെങ്കിലും വിളിക്കാം എന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല. എന്നെ ഒന്ന് വിളിച്ചു പറയട്ടെ എന്ന് അമ്മ പറഞ്ഞപ്പോൾ 'അവനെ വിളിച്ചിട്ട് എന്തിനാ അവനിപ്പോ അമേരിക്കയിൽ നിന്ന് ഡോക്ടറെ അയക്കാൻ പറ്റില്ലല്ലോ. പിന്നെന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത്' എന്നായിരുന്നു മറുപടി. അവസാനം ഒരു രണ്ടു മണിയോട് കൂടി തീരെ സഹിക്കാൻ വയ്യ എന്ന സ്ഥിതി വന്നപ്പോൾ അമ്മയോട് ഒരുങ്ങാൻ പറയുന്നു. അണക്കര ഉള്ള അൽഫോൻസാ ഹോസ്പിറ്റലിൽ പോകാം എന്ന്. അപ്പോഴും ആരെയും സഹായത്തിനു വിളിക്കാൻ സമ്മതിക്കുന്നില്ല. കാറുമെടുത്ത് സ്വന്തമായി ഓടിച്ച് അവിടെ എത്തി. ഇസിജി എടുത്തപ്പോൾ തന്നെ ഡോക്ടറിന് ഒരു വശപ്പിശകു ഫീൽ ചെയ്തു. കട്ടപ്പനയിലേക്ക് റെഫറും ചെയ്തു. അപ്പോഴും അച്ചാച്ചന്‍റെ ചോദ്യം 'രാവിലെ പോയാൽ മതിയോ' എന്നാണ്. അപ്പോൾ തന്നെ ഡോക്ടറുടെ വഴക്കു കേട്ടു. വേറെ ആരെയെങ്കിലും വെച്ച് വണ്ടി ഓടിപ്പിച്ച് ഉടനെ കട്ടപ്പനക്കു പോകാൻ. അങ്ങനെയാണ് ഇതുവരെയുള്ള സംഭവം അമ്മ പറഞ്ഞു.

ഏകദേശം ഒരു മണിക്കൂർ എടുക്കും കട്ടപ്പന എത്താൻ. ബാബുച്ചായനെ ഫോണിൽ വിളിച്ചാൽ അച്ചാച്ചനോട് സംസാരിക്കാം. പക്ഷെ, പേടി കാരണം വിളിച്ചില്ല. കാരണം ആശുപത്രിയിൽ നിന്ന് തിരിച്ചു വരുമ്പോൾ എനിക്കും അമ്മയ്ക്കും കണക്കിന് കിട്ടും. എന്നെ അസമയത്തു വിളിച്ചു ടെൻഷൻ അടിപ്പിച്ചതിന് അമ്മയ്ക്കും, ടെൻഷൻ അടിച്ചു വിളിച്ചതിന് എനിക്കും. അങ്ങനെ ഒരു മണിക്കൂർ വെയിറ്റ് ചെയ്തു. ആശുപത്രി എത്താനുള്ള സമയം കഴിഞ്ഞപ്പോൾ ബാബുച്ചായനെ വിളിച്ചു. അപ്പോഴാണ്  ഒരു ചെറിയ സമാധാനമായത്. ബാബുച്ചായൻ തിരിച്ചു പൊന്നു. രാവിലെ സ്കൂൾ ഓട്ടം ഉള്ളതാണ്. അച്ചാച്ചൻ തന്നെ പറഞ്ഞു വിട്ടതാണ്, എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാം എന്ന്. പക്ഷെ, ആ സമാധാനം ജൈനിച്ചേച്ചിയെ വിളിച്ചപ്പോൾ പോയി. കാരണം അച്ചാച്ചൻ ICU -വിൽ ആണ്‌. എന്തോ ഇൻജെക്ഷൻ കൊടുക്കാൻ കൺസെന്‍റ് സൈൻ ചെയ്യണം. അപ്പോൾ തന്നെ മൂത്ത ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ ചേച്ചിയും, ഇത് നോർമൽ ആണ്. സാധാരണ ഹാർട്ട് അറ്റാക്ക് കേസിലെ നോർമൽ പ്രോസീജിയർ ആണ് എന്നാണ് പറയുന്നത്. ഇതിനിടയിൽ പല തവണ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു. ജൈനിച്ചേച്ചിയെ ഇടതടവില്ലാതെ വിളിക്കുന്നതിനിടയിൽ 'അൽപ്പം സീരിയസ് ആണ്' എന്ന് ആദ്യമായി പറഞ്ഞു. പിന്നീട് അൽപ്പസമയത്തിനകം അച്ചാച്ചൻ മരിച്ചു എന്ന വാർത്ത...

കയ്യും കാലും ഒക്കെ ആകെ തളർന്നു പോകുന്ന അവസ്ഥ. ഹീറ്റർ ഇട്ടിട്ടും പുതച്ചിട്ടും തണുപ്പ് മാറാത്ത അവസ്ഥ. ജോമിയ അവളെക്കൊണ്ടാവുന്നപോലെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഒന്നും മനസിലാവാതെ എന്‍റെ അടുത്ത് കൊഞ്ചിയും കളിച്ചും ഏതനും ഹന്നയും. എങ്ങനെയോ രാജീവിനെ വിളിച്ചു കാര്യം പറഞ്ഞു. നാട്ടിൽ പോകാൻ ഉള്ള ടിക്കറ്റ് എടുത്തു തരണം. പിന്നെയുള്ള മണിക്കൂറുകളിൽ നടന്നതൊന്നും കൃത്യമായി ഓര്‍മ ഇല്ല. നാട്ടിൽ എത്തി. ഇതുവരെ ഉള്ള എല്ലാ യാത്രകളിലും എന്നെ കൊണ്ട് വിടാനും കൊണ്ടുപോകാനും ഒറ്റയ്ക്ക് കാറുമായി വരുന്ന അച്ചാച്ചൻ ഇല്ല. എത്ര പറഞ്ഞിട്ടും ആലോചിട്ടും വിശ്വാസം വരുന്നില്ല. ഇതുവരെ ഒരു ദിവസം പോലും ആശുപത്രിയിൽ ചികിത്സയ്ക്കായി കിടന്നിട്ടില്ലാത്ത മനുഷ്യൻ ആണ്. പിന്നെ അടക്കം വരെയുള്ള സംഭവങ്ങള്‍ ഓര്‍ക്കാൻ കൂടി കഴിയുന്നില്ല. എന്നാലും എന്‍റെ അച്ചാച്ച... 

മോർച്ചറിയിൽ നിന്ന് എടുത്തു ആദ്യമായി കാണുന്ന രംഗം. ദൈവമേ, ആലോചിക്കാൻ വയ്യ ആ മുഖം. അച്ചാച്ചനെ അടക്കിയും കഴിഞ്ഞാണ് ആ മനുഷ്യന്‍ എത്ര സക്സസ്സ്ഫുൾ ആണ് എന്ന് ഞാൻ ആലോചിക്കുന്നത്. എന്നെയും ചേച്ചിമാരേയും കൃഷി ചെയ്തും, വണ്ടി ഓടിച്ചും, പഠിപ്പിച്ചു. മോശമല്ലാത്ത സ്ഥിതിയിൽ എത്തിച്ചു. കഷ്ടപ്പാട് സ്വയം അനുഭവിച്ചതല്ലാതെ ഞങ്ങളെ അറിയിച്ചിട്ടില്ല. അച്ചാച്ചൻ ഇല്ലാതായപ്പോഴാണ് ഉത്തരവാദിത്തം എന്നാലെന്തെന്ന് ജീവിതത്തിൽ ആദ്യമായി അറിയുന്നത്. അതിന്‍റെ ബുദ്ധിമുട്ടുകളും.

അവസാനം 42 ദിവസങ്ങൾക്കു ശേഷം അമ്മയ്ക്ക് കൂട്ടായി ഭാര്യയെയും മക്കളേയും നിർത്തി ജോലി സ്ഥലത്തേക്ക്. ആദ്യമായി വീട് വിട്ടിറങ്ങിയപ്പോൾ മനസ് വല്ലാതെ നൊന്തു. ഇനി എന്നാണ് അച്ചാച്ചനെ കാണുക? ജോമിയ ഒറ്റയ്ക്ക് എങ്ങനെ അമ്മയെയും കുട്ടികളെയും മാനേജ് ചെയ്യും? കുട്ടികൾ കൂടെ ഉണ്ടായിരുന്ന സമയം മരണ വീടായിട്ടു പോലും അതൊരു മരണവീട് ആയി തോന്നിയില്ല. പക്ഷെ, തിരിച്ചെത്തിയപ്പോൾ ഞാൻ അവരെ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് മനസിലായി.

ഏകാന്തത മാറ്റാൻ പല അടവും പയറ്റി

ജോമിയ, നീ അല്ലാതെ വേറെ ആരാണെങ്കിലും എനിക്ക് ഇത് സർവൈവ് ചെയ്യാൻ പറ്റുമായിരുന്നില്ല. എന്നെ താങ്ങി നിർത്തിയതിന്, ഞാൻ പറയാതെ തന്നെ എന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തത്തിന്. ഏകാന്തത മാറ്റാൻ പല അടവും പയറ്റി. നെറ്റ്ഫ്ളിക്സ്, എക്സ് ബോക്സ്, അവസാനം ഈ എഴുത്തെന്ന കടുംകയ്യും. ഇതെല്ലാം  ഇപ്പോൾ റീവൈൻഡ് ചെയ്യാൻ കാരണം എന്‍റെ ഹന്നയുടെ അഞ്ചാം ജന്മദിനമാണ്. 'My dear Hannah, I have never loved and cared anyone more than you. I miss you sooo badly and I wish you the best birthday ever and a thousand more to come. You are my big girl now. take care of your granny, little brother and your mom for me.

യാത്ര പോയ അച്ചാച്ചനേയും, എന്‍റെ ഹന്നയേയും ഓര്‍ത്തുപോകുന്നു. പ്രവാസികളുടെ ജീവിതം ഇത്തരം മിസ്സിങ്ങുകളാണ്. എന്നേക്കുമായതും, താല്‍ക്കാലികമായതും. 

(വാൽകഷ്ണം : ആദ്യം പറഞ്ഞു വന്ന ലോട്ടറിയിൽ ഒരു നാലു ഡോളർ സമ്മാനം അടിച്ചിരുന്നു.)

Latest Videos
Follow Us:
Download App:
  • android
  • ios