ഇന്ത നാട് താൻ വാഴ്‌കൈ, ഇത് താൻ ഉയിര്...

പിന്നെയും  ഞാൻ ഫിറോസിനെ കണ്ടു. അയാളെ കാണുമ്പോഴെല്ലാം വര്‍ഷങ്ങളുടെ കണക്കെടുക്കാതെ നിസ്സംഗരായി ഈ മരുഭൂമിയിൽ ജീവിച്ചു തീർക്കുന്ന പേരില്ലാത്ത അനേകരെ കുറിച്ച് ഞാൻ ഓർത്തു. ഓടിയോടിമറഞ്ഞു പോകുന്ന പുരുഷാരത്തിൽ എത്രയെത്ര ഫിറോസുമാർ, സുഖദുഃഖ വേർതിരിവുകൾ അറിയാതെ, ഒരേ ചിന്തയും ഒരേ പ്രവൃത്തിയും മടിയില്ലാതെ മടുപ്പില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്നു.
 

deshantharam niroopa

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam niroopa

"ഇന്ത വാരം എൻ വിസ ക്യാൻസൽ ശെയ്യ പോറേൻ" ഫിറോസ് പറഞ്ഞു. എല്ലാ വൈകുന്നേരങ്ങളിലും അതാതു ദിവസത്തെ വരവുകാശ് വാങ്ങാൻ വരുന്നതാണ് ഫിറോസ്. നിസ്സംഗതയാണ് മുഖമുദ്ര. എങ്കിലും വലിയ ചുണ്ടുകളിലൊളിപ്പിച്ച ചിരി ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയെ ഓർമപ്പെടുത്തും.

അറിയാവുന്ന മുറി തമിഴച്ചുവയോടെ ഞാൻ ചോദിച്ചു, "സഡൻലി എന്നാച്ച്?". "അപ്പടിയെല്ലാമൊന്നുമില്ല, വയസു വന്ത് അറുപതുക്കു മേലെ, ഇനി വിസ അടിക്കതു റൊമ്പ കഷ്ടം." അതേ നിസ്സംഗതയോടെ ഫിറോസ് പറഞ്ഞു. "ഉങ്കൾക്കു അറുപതു വയസ്സാച്ചാ? അപ്പൊ ഇങ്കെ വന്ത് എത്തന നാളാച്ചു?" ഞാൻ ചോദിച്ചു. "ഇന്ത ഊരിൽ വന്ത് ഇപ്പ നാല്പത്തിരണ്ട്‌ വർഷം". കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല.

അന്നാദ്യമായി ഫിറോസിനെ യൂണിഫോമിൽ അല്ലാതെ ഞാൻ കണ്ടു

''നാല്‍പത്തിരണ്ടു വര്ഷം മുന്നാടി നിങ്ങൾ എങ്ങനെ വന്നു?" തമിഴ് മറന്നു, അതല്ലെങ്കിലും അങ്ങനെ ആണ്. ആദ്യം തുടങ്ങും. പിന്നെ പിന്നെ മലയാളത്തിലേക്ക് മാറും, കേൾക്കുന്നവരും പറയുന്നവരും അറിയില്ല. 42 വർഷത്തെ പ്രവാസം സമ്മാനിച്ച കുടവയർ കുലുക്കി പോകുന്ന വഴി ഫിറോസ് പറഞ്ഞു, "ഷിപ്പിൽ താൻ വന്തേൻ". ഫിറോസ് ഞങ്ങളുടെ സന്ദേശവാഹകൻ ആണ്. ദുബായിലെ തെരുവീഥികളിൽ വെയിലോ ചൂടോ നോക്കാതെ മോട്ടോർബൈക്കിൽ സന്ദേശങ്ങൾ എത്തിക്കുന്ന ഞങ്ങളുടെ മെസ്സഞ്ചർ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തി ആക്കിയിട്ടാവണം പതിനെട്ടാം വയസിൽ തഞ്ചാവൂര് നിന്നും ബോംബെയിൽ എത്തി അവിടെ നിന്നും കപ്പൽ കയറിയത്. അല്ലറ ചില്ലറ ജോലികൾ പലയിടങ്ങളിലും ചെയ്തു ഇവിടെ എത്തുകയായിരുന്നു, പേരില്ലാത്ത മറ്റു ചിലരെപ്പോലെ.

വിജയിച്ചു മുന്നേറിയ പ്രവാസികളുടെ കഥകൾ പുതിയ വഴികളിൽ നടക്കുവാൻ പ്രേരിപ്പിക്കുമ്പോൾ, ജീവിതത്തിന്‍റെ മുക്കാൽപങ്കും സന്ദേശങ്ങൾ വഹിച്ചു കൊണ്ട് കറങ്ങാൻ മാത്രം അറിയാവുന്ന ഫിറോസിന് മറ്റൊന്നും വശമില്ല. അതിനിടയ്ക്കെപ്പോഴോ അയാൾ വിവാഹിതനായി, മക്കളുണ്ടായി, അയാൾ പോലുമറിയാതെ അവർ വളർന്നു.

പിന്നെയും  ഞാൻ ഫിറോസിനെ കണ്ടു. അയാളെ കാണുമ്പോഴെല്ലാം വര്‍ഷങ്ങളുടെ കണക്കെടുക്കാതെ നിസ്സംഗരായി ഈ മരുഭൂമിയിൽ ജീവിച്ചു തീർക്കുന്ന പേരില്ലാത്ത അനേകരെ കുറിച്ച് ഞാൻ ഓർത്തു. ഓടിയോടിമറഞ്ഞു പോകുന്ന പുരുഷാരത്തിൽ എത്രയെത്ര ഫിറോസുമാർ, സുഖദുഃഖ വേർതിരിവുകൾ അറിയാതെ, ഒരേ ചിന്തയും ഒരേ പ്രവൃത്തിയും മടിയില്ലാതെ മടുപ്പില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്നു.

ഇന്ന് ഫിറോസിന്റെ യാത്രയയപ്പ്  ആണ്. അന്നാദ്യമായി ഫിറോസിനെ യൂണിഫോമിൽ അല്ലാതെ ഞാൻ കണ്ടു. ഇവിടെ അങ്ങനെ ഒരു  പതിവില്ല, നീണ്ട വര്‍ഷങ്ങളുടെ സേവനം കണക്കിലെടുത്ത് ഒരു  സമ്മാനത്തുക ഫിറോസിന് നല്‍കി. വളരെ സന്തോഷത്തോടെയും അതിലുപരി ദുഃഖത്തോടെയും ഫിറോസ് അതേറ്റു വാങ്ങി. ചടങ്ങിൽ ഫിറോസിനെ കുറിച്ച് പലരും വികാരവായ്‌പോടെ സംസാരിച്ചു. അതു കഴിഞ്ഞു മുഖം മൂടി അഴിച്ചുവെച്ച് എല്ലാവരും വീണ്ടും അവനവന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു. ഇടയിലെപ്പോഴോ ആരോ പറയുന്നത് ഞാൻ കേട്ടു, "അയാൾക്ക്‌ ജീവിക്കാനറിയില്ല, വന്നത് പോലെതന്നെ തിരിച്ചുപോകുന്നു, ഇത്രയും കൊല്ലം ഇതിലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ട് ഇപ്പോൾ നാടും അറിയില്ല, നാട്ടുകാരെയും അറിയില്ല."

"ഇനിയെങ്കിലും ജീവിക്കൂ, നാട്ടിൽ പോയി ബീവിയോടും മക്കളോടുമൊത്ത്."

തിരക്കെല്ലാം ഒഴിഞ്ഞു പോകാനിറങ്ങിയപ്പോൾ ഫിറോസ് എന്‍റെ അടുത്ത് വന്നു. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന അയാളുടെ കണ്ണിൽ ഞാൻ എന്‍റെ കണ്ണിലെ ഓളങ്ങൾ കണ്ടു. രണ്ടു കയ്യും ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു, "ഇനിയെങ്കിലും ജീവിക്കൂ, നാട്ടിൽ പോയി ബീവിയോടും മക്കളോടുമൊത്ത്." അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ കരുതി, പറഞ്ഞത് മനസ്സിലായില്ലെന്ന്. പിന്നെ, എന്‍റെ  കയ്യെടുത്തുമാറ്റി നടന്നു കൊണ്ടു പറഞ്ഞു, "ഇന്ത നാട് താൻവാഴ്‌കൈ, ഇത് താൻ ഉയിര്." 

നാല്‍പത്തിരണ്ടു വർഷങ്ങൾ കൊണ്ടു നീറ്റിയെടുത്ത നിസ്സംഗതയും ജീവിക്കാൻ മറന്നു പോയ മനസുമായി ഫിറോസ് പോകുന്നു, എന്‍റെ ചെവിയിൽ പേരില്ലാത്തവരുടെ ശബ്ദം മുഴങ്ങുന്നു; "ഇന്ത നാട് താൻ വാഴ്‌കൈ, ഇത് താൻ ഉയിര്."

Latest Videos
Follow Us:
Download App:
  • android
  • ios