മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്...
"എടാ നിന്‍റെ ഇക്കാമ്മ നമ്പറിൽ നിന്നു തന്നെയാണ് അയച്ചിരിക്കുന്നത് എന്നാണ് പൊലീസുകാർ പറയുന്നത്. എന്തായാലും നീ അവരുടെ കൂടെ പോകൂ. നീ മെഡിസിൻ അയച്ചിട്ടില്ലലോ.. ചുമ്മാ ടെൻഷനടിക്കാതെ. കഫീലുമായി ഞങ്ങൾ സ്റ്റേഷനിൽ വരാം." കണ്ണൂരുകാരനായ എന്റെ സീനിയർ എൻജിനിയർ ആയ ബാലേട്ടൻ ആശ്വസിപ്പിച്ചു.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
2007 -ന്‍റെ രണ്ടാംപകുതി, എന്‍റെ ഗൾഫ് ജീവിതത്തിന്‍റെ തുടക്കകാലം.. സൗദി അറേബ്യയിലെ ദമാമിൽ, ഒരു സ്വകാര്യകമ്പനിയിൽ ജോലി...
അന്നൊരു വ്യാഴാഴ്ച്ച രാത്രിയായിരുന്നു, രാത്രിഭക്ഷണം കഴിഞ്ഞു മറ്റുള്ളവർക്കൊപ്പം കഥകൾ പറഞ്ഞു സമയം കളയുന്നതിനിടയിലാണ് സൗദിപൊലീസിന്‍റെ വാഹനം ക്യാമ്പിലേക്ക് കടന്നുവരുന്നത്. പതിവില്ലാതെയുള്ള പോലീസ് വാഹനത്തിന്‍റെ ആഗമനം എല്ലാവരിലും ആശങ്ക ഉണ്ടാക്കി. ഇത്തിരി കൂടുതൽ ആശങ്ക എനിക്കും.. കാരണം പുതുക്കകാരൻ ആണല്ലോ.
അറബി അറിയാവുന്ന ആളുകളുമായി പൊലീസുകാര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കിടെ പൊലീസുകാരുമായി സംസാരിക്കുന്ന ക്യാമ്പ് ബോസ്സിന്‍റെ നോട്ടം, എനിക്ക് നേരെ.. എന്നെ, ചൂണ്ടിഎന്തൊക്കെയോ പറയുന്നു. പണ്ട് കോളേജിൽ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി നിന്ന കാലത്ത് പൊലീസിനോട് കയര്‍ത്തു പരിചയമുണ്ടേലും, ആ നോട്ടം കണ്ടപ്പോൾ തന്നെ ഞാൻ നിന്ന് ഉരുകാന്‍ തുടങ്ങി.
"കെ ആർ.. നീ ഇവിടുന്നു റിയാദിലോട്ട് പോസ്റ്റൽവഴി വല്ല മെഡിസിൻസ് ആർക്കേലും അയച്ചുകൊടുത്തോ?'' ക്യാമ്പ്ബോസ്സിന്‍റെ ചോദ്യം.
"മരുന്നോ! ഞാനോ?!" ഒന്നും മനസിലാകാതെ ഞാൻ വായ്പൊളിച്ചു നിൽക്കവെ ക്യാമ്പ്ബോസ്സ് ബാക്കികാര്യങ്ങൾ കൂടി വിശദീകരിച്ചു, "ഇവിടുന്നു നീ റിയാദിൽ ആർക്കോ അയച്ചുകൊടുത്ത മെഡിസിനിൽ ഏതോ നിരോധിത മയക്കുമരുന്നിന്‍റെ അംശം ഉണ്ടെന്ന്."
"അതിന് ഞാൻ ആർക്കും അയച്ചിട്ടുമില്ല,എനിക്ക് റിയാദിൽ പരിചയക്കാരുമില്ല" എന്റെ വിറയാർന്ന വാക്കുകൾ കരച്ചിലിന്‍റെ അകമ്പടിയോടെ പുറത്തേക്കൊഴുകി. പക്ഷെ, അതൊന്നും സൗദി പോലീസിന്റെ മനസ്സ് അലിയുന്നതിന് കാരണമായില്ല.
തലയാകെ കറങ്ങുന്നതുപോലെ, ശരീരമാകെ വിയർക്കുന്നു
"എടാ നിന്‍റെ ഇക്കാമ്മ നമ്പറിൽ നിന്നു തന്നെയാണ് അയച്ചിരിക്കുന്നത് എന്നാണ് പൊലീസുകാർ പറയുന്നത്. എന്തായാലും നീ അവരുടെ കൂടെ പോകൂ. നീ മെഡിസിൻ അയച്ചിട്ടില്ലലോ.. ചുമ്മാ ടെൻഷനടിക്കാതെ. കഫീലുമായി ഞങ്ങൾ സ്റ്റേഷനിൽ വരാം." കണ്ണൂരുകാരനായ എന്റെ സീനിയർ എൻജിനിയർ ആയ ബാലേട്ടൻ ആശ്വസിപ്പിച്ചു.
ആ രാത്രിയിൽ പൊലീസുവണ്ടിയിലേക്ക് കയറുമ്പോൾ തന്നെ പൊലീസുകാർ ഫോൺ വാങ്ങിവെച്ചു. ഒന്നുറപ്പിച്ചു, ഇനി ഞാൻ പുറംലോകം കാണില്ല. എന്‍റെ അമ്മയുമായി ഒന്ന് സംസാരിക്കാൻ പോലും പറ്റില്ല... മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
"അയ്യോ ഞാനൊന്നും ചെയ്തിട്ടില്ല സാറന്മാരെ..." വണ്ടിയിലിരുന്ന് പൊലീസുകാരോട് മലയാളത്തിലും ആംഗലേയത്തിലും ഞാൻ കരഞ്ഞു പറഞ്ഞു കൊണ്ടേയിരുന്നു. ആര് കേൾക്കാൻ... അങ്ങനെ ഏകദേശം പത്തുമണിയോടെ എന്നെയും കൊണ്ടുള്ള പൊലീസുവാഹനം സ്റ്റേഷനിൽ എത്തി.
ഭാഗ്യം നാട്ടിലെ പോലെ 'നടയടി' ഒന്നുമില്ല. നേരെ പൊലീസുകാർ എന്നെയും കൊണ്ട് അകത്തെ ഒരു മുറിയിലേക്ക്. ഗൾഫ് നാടുകളിൽ അബദ്ധത്തിലും ചതിയിലുമൊക്കെ പെട്ട് വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരെക്കുറിച്ചൊക്കെ കേട്ടിട്ടുള്ള വാർത്തകൾ ആയിരുന്നു എന്‍റെ മനസ്സിൽ.
ഒരുതെറ്റും ചെയ്യാത്ത താൻ ഇതാ ജയിലിലേക്ക്, തലയാകെ കറങ്ങുന്നതുപോലെ, ശരീരമാകെ വിയർക്കുന്നു, ടോയിലെറ്റിൽ പോകാനും, വെള്ളംകുടിക്കാനും അങ്ങനെയങ്ങനെ പലപല വികാരങ്ങള്‍ ഒരേ സമയത്ത്.. ഒപ്പം "പെരുമഴക്കാലം" സിനിമയിൽ സലിംകുമാർ ആവർത്തിച്ചുപറയുന്ന ഡയലോഗും ഓർമ്മയിലേക്ക്, "സൗദിയാണ് രാജ്യം.. ശരിഅത്ത് ആണ് കോടതി.. വെട്ടുമെന്നു പറഞ്ഞാൽ വെട്ടും."
ഉയർന്ന ഉദ്യോഗസ്ഥൻ എന്നുതോന്നിക്കുന്ന ഒരാളുടെ മുറിയിലേക്ക് പൊലീസ് സംഘം എന്നെയും കൊണ്ട് കടന്നുചെന്നു. ഏതോ ഒരു സെറ്റ് ഗുളികയുടെ കവർ എനിക്കുനേരെ നീട്ടിയിട്ട് ഇത് നീയാണോ സുലൈമാന് അയച്ചത്? (ചോദ്യം അറബിയിലാണ്, എന്റെ ഉത്തരം ഹിന്ദിയിലും.. പരിഭാഷകനായി വേറൊരാൾ ഉണ്ട്.) "എനിക്ക് ഒരു സുലൈമാനെയും അറിയില്ല, ആകെ അറിയാവുന്നത് വീടിനടുത്ത് കപ്പക്കച്ചവടം നടത്തുന്ന സുലൈമാൻ ഇക്കായെ മാത്രമാണ്."
കരഞ്ഞുകൊണ്ട്, ഇരു കൈയുംകൂപ്പി ഞാൻ പറഞ്ഞുതീരുമ്പോഴേക്കും, "ഹറാമി@@*@*@*%%*-@-@--- -" ആ ഓഫീസറുടെ വലതുകൈ എന്‍റെ കവിളിൽ വീണു. പിന്നീട് അവിടെനിന്ന മറ്റു പോലീസുകാരുടെവക സംഭാവനകള്‍ വേറെയും. "സത്യം പറയുന്നതാണ് ബായി നിനക്ക് നല്ലത്, ഇത് കേസ് വേറെയാ, മയക്കുമരുന്നുകേസാ തെളിവെല്ലാം നിനക്കെതിരും.. ഈ കേസ് ആയതിനാൽ നിന്റെ കമ്പനിയിൽ നിന്നു പോലും നിന്നെ രക്ഷിക്കാൻ ആരും വരുമെന്ന് തോന്നുന്നില്ല. വെറുതെ കള്ളംപറഞ്ഞു ഇവരുടെ ഇടി മേടിച്ചുകൂട്ടുന്നതിലും നല്ലത് ഉള്ളത് തുറന്നുസമ്മതിക്കുന്നതാണ്."
പരിഭാഷകനായ ഹിന്ദിക്കാരന്റെ വക ഉപദേശം കൂടി കേട്ടതോടെ, മരണം ഉറപ്പിച്ചുകഴിഞ്ഞു ഞാൻ. "സൗദിയിൽ മയക്കുമരുന്നുകേസിൽ മലയാളി യുവാവിന്റെ തലവെട്ടി" പത്രത്താളുകളിൽ എന്‍റെ ഫോട്ടോ വരുന്നത് മനസില്‍ക്കണ്ട നിമിഷങ്ങള്‍. ഏറെ കഴിയും മുന്നേ പോലീസ് സ്റ്റേഷനിലെ സെല്ലിലേക്ക് മാറ്റി, അവിടെ രണ്ടുമൂന്ന് പാകിസ്ഥാനികൾ, ഒരു ഈജിപ്ഷ്യൻ, ഒരു സുഡാനി, പിന്നെ ഒരു മലയാളി... ഇത്രയും അന്തേവാസികൾ അപ്പോൾ ആ സെല്ലിൽ ഉണ്ടായിരുന്നു.
പിടിച്ചുകൊണ്ടുവരുന്ന കുറ്റവാളികളെ താൽക്കാലികമായി ഇടാനാണ് ഈ സെൽ. നാട്ടിലെ ലോക്കപ്പ് പോലെ. ഞാൻ കരഞ്ഞുകൊണ്ട് സെല്ലിലോട്ട് കയറിയപ്പോൾ "മലയാളിയാണ് അല്ലേ? വാ, എന്താ കേസ്?" വിരുന്നിനു വരുന്ന അതിഥിയെ സ്വാഗതം ചെയ്യുന്ന വീട്ടുകാരനെ പോലെ ചിരിച്ചു കൊണ്ട് എന്നോട് കൂട്ടത്തിലുള്ള മലയാളി കാര്യങ്ങൾ തിരക്കി.
പുള്ളിക്കാരന് ചിരിക്കാമല്ലോ.. കാരണം ലൈസൻസ് കൈയിലില്ലാതെ ഡ്രൈവ് ചെയ്തതാണ് കുറ്റം. നാളെ പുള്ളിക്കാരന്‍റെ അറബി വരുമ്പോൾ പുറത്തിറങ്ങാം. എന്‍റെ കാര്യം അങ്ങനെയാണോ? അറബിയല്ല, ഇന്ത്യൻ പ്രസിഡന്റ് പറഞ്ഞാലും വിടുന്ന കേസല്ലലോ, തലവെട്ടും. സെല്ലിന്‍റെ ഒരു മൂലക്കിരുന്ന് വാവിട്ടുകരഞ്ഞ എന്നെ ആ മലയാളിചേട്ടൻ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
ആ സെല്ലിനകത്ത് ഞാൻ ഒറ്റയ്ക്ക്..
അതിനിടയിൽ കമ്പനിയിൽനിന്ന് ബാലേട്ടനും വേറെ ഒന്നുരണ്ടുപേരും വന്നു. "നാളെ കഫീൽ വരും.. നീ വിഷമിക്കാതെ." അവരുടെയും വക ആശ്വാസവാക്കുകൾ. ഇതൊക്കെ കേൾക്കുമ്പോഴും എന്റെ സങ്കടം വർദ്ധിക്കുകയായിരുന്നു. അങ്ങനെ കരഞ്ഞും, ആലോചിച്ചും കുത്തിയിരുന്നു നേരംവെളുപ്പിച്ചു, അതിരാവിലെത്തന്നെ കൂടെയുണ്ടായിരുന്ന മലയാളിയുടെ കഫീൽ വന്നു. അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുപോയി.
കുറച്ചുനേരംകൂടെ കഴിഞ്ഞപ്പോൾ എന്റെ കഫീലും ബാലേട്ടനുമടക്കം കമ്പനിയിൽനിന്നു കുറച്ചുപേര്‍ എത്തി. "നീ മെഡിസിൻ അയച്ചിട്ടില്ലലോ, ഉറപ്പല്ലേ "
''ഇല്ല എനിക്കൊന്നും അറിയില്ല'', എന്റെ അറബിക്കുമുന്നിൽ കൈകൂപ്പി എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. എന്റെ തോളിൽതട്ടി "പേടിക്കേണ്ടാ.." എന്നു പറഞ്ഞ് അദ്ദേഹം നടന്നുനീങ്ങി.
അതിനിടയിൽ പൊലീസുകാർ സെല്ലിൽ ഉണ്ടായിരുന്ന ഞാൻ ഒഴികെ ബാക്കിയുള്ളവരെ പുറത്തേക്കിറക്കി ഒരു വണ്ടിയിലേക്ക് കയറ്റി. ജയിലിലേക്കോ, കോടതിയിലേക്കോ മറ്റോ കൊണ്ടുപോവുകയാണ്. ആ സെല്ലിനകത്ത് ഞാൻ ഒറ്റയ്ക്ക്..
വീണ്ടും പത്തു മിനിറ്റോളം കഴിഞ്ഞപ്പോൾ മറ്റൊരു പോലീസുകാരൻ വന്ന്, എന്നെയും കൂട്ടി പഴയ ഓഫീസറുടെ മുറിയിലേക്ക്.. അവിടെയപ്പോള്‍, സീറ്റിൽ തലേദിവസം തല്ലിയ പോലീസുകാരനല്ല, വേറൊരാൾ ആയിരുന്നു. എന്റെ അറബിയും അടുത്തിരിപ്പുണ്ട്. പുള്ളിക്കാരൻ ഉറക്കെ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്.
ഒടുവിൽ ആ പോലീസ് ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തെത്തി, വീണ്ടുമിനി ഇങ്ങേരുടെ വക അടി തരാനായിരിക്കുമോ? ഞാൻ അല്പം പിന്നോട്ടുമാറി. "വാട്ട്സ് യുവർ നെയിം?" പോലീസുകാരന്റെ ചോദ്യം. "രാജേഷ്.."
"സോറി മിസ്റ്റർ രാജേഷ്, ഇറ്റ്സ് ഔർ മിസ്റ്റേക്ക്."
മരണം ഉറപ്പിച്ച നിമിഷങ്ങൾക്കുശേഷം സ്വാതന്ത്ര്യം തിരികെ കിട്ടിയവന്‍റെ സന്തോഷം
അറബികലർന്ന ഇംഗ്ലീഷിൽ ആ പോലീസ് ഉദ്യോഗസ്ഥൻ തോളിൽത്തട്ടിപറയുമ്പോൾ എന്റെ മനസ്സിനുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. റിയാദ്പോലീസ് സ്റ്റേഷനിൽനിന്നു ഈ പോലീസ് സ്റ്റേഷനിലേയ്ക്ക് അയച്ച, പ്രതിയെന്നു കരുതുന്നയാളിന്റെ ഇക്കാമനമ്പറിന്റെ ഏതോ അക്കം തെറ്റിയപ്പോൾ, നിര്‍ഭാഗ്യവാനായ എന്റെ ഇക്കാമ-നമ്പർ ആണ് ദമാം പൊലീസിന് ലഭിച്ചത്. അതിന്റെ പരിണിതഫലമായിരുന്നു തലേന്നു രാത്രി മുതൽ ഞാൻ അനുഭവിച്ചത്.
കുറ്റവിമുക്തനായി കഫീലിനും ബാലേട്ടനുമൊപ്പം ക്യാമ്പിലേക്ക് മടങ്ങുമ്പോൾ പാതയോരത്ത് കാണുന്ന ഓരോ കാഴ്ച്ചകൾക്കും പ്രത്യേക സുഖമുണ്ടായിരുന്നു. മരണം ഉറപ്പിച്ച നിമിഷങ്ങൾക്കുശേഷം സ്വാതന്ത്ര്യം തിരികെ കിട്ടിയവന്‍റെ സന്തോഷം എന്‍റെ കണ്ണുകളിൽ നിറന്നിരുന്നു..