'ഇത്രയൊക്കെ അനുഭവിച്ച ഞാൻ എങ്ങനെയാ മോനെ നിന്നോട് ചിരിക്കുക?'

12 വർഷത്തിന് ശേഷം അവനു ജാമ്യം ലഭിച്ചു. പക്ഷെ, ഞാൻ ആ തടവറയിൽ തന്നെയായി. പുറത്തിറങ്ങി, എന്‍റെ ജീവിതം കളഞ്ഞ അവനെ തീർക്കണമെന്നായിരുന്നു എന്‍റെ പ്ലാൻ. പക്ഷെ, രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിൽ അവൻ മരിച്ചെന്ന് അറിഞ്ഞു.

deshantharam harshad

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam harshad

ആകാശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങളെക്കാളും കൂടുതൽ കണ്ടിരുന്നത് വിമാനങ്ങളെയായിരുന്നു. ഈ അടുത്തകാലത്ത് നാട്ടിൽ പോയി വന്നതാണെങ്കിലും വിമാനങ്ങൾ പോകുന്നത് കാണുമ്പോൾ വീണ്ടുമൊന്നു നാട്ടിൽ പോയി വന്നാലോ എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. ജീവിതത്തിലെ ഓരോ യാത്രയും ഓരോരോ അനുഭവമായിരുന്നു.

അന്ന്, പ്രവാസത്തിനിടയിലെ രണ്ടാമത്തെ നാട്ടിലേക്ക് പോക്കായിരുന്നു. റൂമിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രയിലുടനീളം പച്ചപ്പ് വിരിച്ച എന്‍റെ നാടും വയലുകളും തോടും കുളങ്ങളും ഓർമ്മകൾ തഴുകുന്ന ആ കടൽ തീരവുമൊക്കെയായിരുന്നു. വീട്ടിലേക്കു വിളിക്കുമ്പോഴൊക്കെ പത്തിരിയും കോഴി വറുത്തതും, ഇറച്ചി കുരുമുളകിൽ വറ്റിച്ചത് എന്നൊക്കെ പറയുമ്പോൾ ഉമ്മാന്‍റെ കൈകൊണ്ടുണ്ടാക്കിയ ആ വിഭവങ്ങളെ ഓർത്തു വായിൽ വെള്ളമൂറിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഉമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങളും കഴിച്ച്, കുഞ്ഞു പെങ്ങളുടെ നിഷ്കളങ്കമായ കളിയും ചിരിയുമൊക്കെ ആസ്വദിച്ച്, ചങ്കുകളായ ചങ്ങായിമാരോടൊത്തുള്ള നിമിഷങ്ങളും സ്വപ്‌നം കാണുമ്പോഴേക്കും എയർപോർട്ട് എത്തിയിരുന്നു. ചെക്കിനൊക്കെ കഴിഞ്ഞ് വിമാനത്തിൽ കയറി, മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ്.

19 വർഷത്തെ ജയിൽവാസം കഴിഞ്ഞ് നാട്ടിലേക്കു പോകുന്നവനാണ് ഞാൻ

അടുത്തിരുന്ന സഹയാത്രികനോട് സമയമെന്തായെന്ന് ചോദിച്ചു. അയാള്‍ കേട്ടിട്ടും കേൾക്കാത്ത ഭാവം കാണിച്ചപ്പോൾ അവന്‍റെയൊക്കെ ഒരു ജാഡ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് നീങ്ങി. എയർഹോസ്റ്റസ് കുടിക്കാനുള്ള വെള്ളവുമായി വന്നപ്പോൾ പെട്ടെന്ന് ഞെട്ടി ഉണർന്നു. വെള്ളം കുടിക്കുമ്പോൾ ആ സഹയാത്രികൻ എന്നോട് മോന്‍റെ പേരെന്താ, നാടെവിടെയാ, എവിടെ ജോലിചെയ്യുന്നു എന്നൊക്കെ ചോദിച്ചു. എല്ലാത്തിനും മറുപടി പറഞ്ഞതിന് ശേഷം ഞാൻ അയാളോട് പറഞ്ഞു നിങ്ങളൊരു പ്രവാസിയല്ലേ നാട്ടിലേക്ക് പോകുമ്പോഴെങ്കിലും ഈ ഗൗരവം മാറ്റി ചിരിക്കാൻ ശ്രമിച്ചു കൂടെ എന്ന്. അയാളുടെ മുഖത്തെ ഗൗരവം വീണ്ടും കൂടിയത് കൊണ്ട് തന്നെ ഞാൻ കണ്ണടച്ച് കിടന്നു. അപ്പൊ തന്നെ അയാൾ എന്നെ തട്ടി വിളിച്ചു പറഞ്ഞു, 'മോനെ, നിന്‍റെ പ്രായത്തിൽ ഒരുപാട് ചിരിച്ചും കളിച്ചും നടന്നിട്ടുള്ളവനാ ഞാൻ. പക്ഷെ, ഇപ്പോ ചിരിക്കാൻ പറ്റിയ സാഹചര്യമല്ല. കാരണം 19 വർഷത്തെ ജയിൽവാസം കഴിഞ്ഞ് നാട്ടിലേക്കു പോകുന്നവനാണ് ഞാൻ.' ഇത്രയും കേട്ടപ്പോൾ തന്നെ പേടിച്ച് എഴുന്നേറ്റു പോയാലോ എന്ന് തോന്നി. എന്‍റെ മുഖഭാവം കണ്ടത് കൊണ്ടാവണം അയാൾ തുടർന്നു, 'ചെറുപ്പത്തിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് ഞാൻ ജീവിച്ചത്. എന്‍റെ അച്ഛൻ എനിക്ക് എല്ലാം ചെയ്തു തന്നു.' 

'ഞാൻ പഠിച്ചു എൻജിനീയറായി, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി. വിവാഹമൊക്കെ കഴിച്ച് അടിച്ചു പൊളിച്ച് കഴിയുമ്പോൾ ഒരു സുഹൃത്തു മുഖേന അമേരിക്കയിൽ  ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി കിട്ടി. ഒന്നുരണ്ടു വര്‍ഷം നന്നായി കടന്നു പോയി. സുഖ ജീവിതമായിരുന്നു. സ്വന്തമായി റൂം, കാർ  എന്തിനും തയ്യാറായ ഒരുപാട് സുഹൃത്ത് ബന്ധങ്ങൾ. ജോലി കഴിഞ്ഞു റൂമിൽ വന്നപ്പോൾ ഒരു സുഹൃത്തു വന്നു പറഞ്ഞു, എനിക്കൊരിടം വരെ പോകണം  ഒരാൾക്ക് ഒരു പൊതി കൊടുക്കാനുണ്ട് നിന്‍റെ  കാർ   വേണമെന്ന്. ഒറ്റയ്ക്കു പോകേണ്ട നാളെ ഓഫാണ് ഞാനും വരാമെന്ന് പറഞ്ഞു ഞങ്ങൾ യാത്രയായി.'

സമയം ഒരു മണി കഴിഞ്ഞിരുന്നു. റോഡിൽ വണ്ടികൾ തീരെ കുറവായിരുന്നു. പക്ഷെ, ഞങ്ങൾ പുറപ്പെട്ടത് മുതൽ ആരോ ഞങ്ങളെ ഫോളോ ചെയ്യുന്ന പോലെ തോന്നിയിരുന്നെങ്കിലും കാര്യമാക്കാതെ  ഞങ്ങൾ യാത്ര തുടർന്നു. പെട്ടെന്ന് മൂന്ന് നാല് പോലീസ് വണ്ടികൾ ഞങ്ങളെ വളഞ്ഞു. ഞാൻ ലൈസൻസും മറ്റുള്ള പേപ്പേഴ്സും പോലീസുകാർക്ക് കാണിച്ചുവെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവർ വണ്ടി പരിശോധന തുടങ്ങി. പോലീസുകാർ ആ പൊതി തുറന്നു നോക്കി. കോടികൾ വിലമതിക്കുന്ന മയക്കുമരുന്നായിരുന്നു അതിൽ. പിന്നെ വാ തുറക്കാൻ സമ്മതിക്കാതെ അവർ എന്നെയും അവനെയും ജയിലിലടച്ചു. മനസ്സാ വാചാ അറിയാത്ത ഒരു തെറ്റിന് എന്‍റെ 19 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എനിക്കൊന്നും അറിയില്ല ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടും ആരും എന്നെ വിശ്വസിച്ചില്ല. കൂടെ ഉണ്ടായ അവൻ പോലും പൊലീസിന് മൊഴി കൊടുത്തത്  അവന്‍റെ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട് നീയും കൂടെ വാ എന്ന് പറഞ്ഞപ്പോ അവന്‍റെ കൂടെ കമ്പനിക്ക് പോയത് എന്നാണ്. എന്‍റെ വണ്ടിയും കൂടി ആയതിനാൽ എന്നെ കുറ്റക്കാരനാക്കാൻ അവർക്ക് ഈ തെളിവുകൾ ധാരാളമായിരുന്നു. ഒന്നാം പ്രതി ഞാനും അവൻ രണ്ടാം പ്രതിയുമായി.'

ആ മനുഷ്യൻ ജീവിക്കുന്നത് കാണണം, ചിരിക്കുന്നത് കാണണം

'12 വർഷത്തിന് ശേഷം അവനു ജാമ്യം ലഭിച്ചു. പക്ഷെ, ഞാൻ ആ തടവറയിൽ തന്നെയായി. പുറത്തിറങ്ങി, എന്‍റെ ജീവിതം കളഞ്ഞ അവനെ തീർക്കണമെന്നായിരുന്നു എന്‍റെ പ്ലാൻ. പക്ഷെ, രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിൽ അവൻ മരിച്ചെന്ന് അറിഞ്ഞു. ഇത്രയൊക്കെ അനുഭവിച്ച ഞാൻ എങ്ങനെയാ മോനെ നിന്നോട് ചിരിക്കുക?' എന്ന് പറയുമ്പോൾ അയാളുടെ കണ്ണിൽ നനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, എന്‍റെ കണ്ണുനീർ പൊഴിയാൻ തുടങ്ങി. സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെയായി. 'ഉറ്റവരെയും ഉടയവരെയും കാണാതെ 19 വര്‍ഷം ആ ഇരുണ്ട തടവറയിൽ യാതനകളും വേദനകളും അനുഭവിച്ച് ഞാൻ ഇന്ന് വീട്ടിൽ തിരിച്ചെത്തുമെന്നറിഞ്ഞതോടെ വീട്ടുകാർ കാത്തിരിപ്പിലാണ്' എന്ന് അയാൾ പറഞ്ഞു. 

വിമാനമിറങ്ങി പോരുമ്പോൾ അയാളുടെ വീടിന്‍റെ അഡ്രെസ്സ് ഞാൻ അയാളോട് ചോദിച്ചു വാങ്ങി. കാരണം, കുറച്ച് കാലം കഴിയുമ്പോള്‍ ആ മനുഷ്യനെ എനിക്ക് ഒന്നുകൂടി കാണണം. എല്ലാ വിഷമങ്ങളും മാറി ഭാര്യയോടൊത്ത് കുടുംബത്തോടൊത്ത് ആ മനുഷ്യൻ ജീവിക്കുന്നത് കാണണം, ചിരിക്കുന്നത് കാണണം... അദ്ദേഹത്തെ കെട്ടിപിടിച്ച് 'ഇനിയും നമുക്ക് കാണാം' എന്ന് പറഞ്ഞാണ് ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios