ഇടയ്ക്കിടെ, എച്ച്.ഐ.വി പരിശോധനക്ക് എത്തിയിരുന്ന ഒരാള്‍!

അന്ന് ആ പകലിൽ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ ഞാന്‍ ഡിപ്പാർട്മെന്‍റിൽ. പകലിലെ കനത്ത ചൂടൊന്നു അടങ്ങുന്നതേയുള്ളു. പെട്ടെന്നാണ് ഒരു യുവതിയും അവരെക്കാളും പ്രായം കുറവ് തോന്നിക്കുന്ന ഒരു യുവാവും കയറി വന്നത്, പുറത്തെ പൊള്ളുന്ന ചൂടാവും കാരണം, രണ്ടു പേരും നന്നേ ക്ഷീണിച്ചിരുന്നു.
 

desantharam smitha aju

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

desantharam smitha aju

നേരം സന്ധ്യയോടടുത്തിരുന്നു. സന്ധ്യയാലും പാതിരാത്രി ആയാലും ഈ നഗരം എപ്പോഴും ഇങ്ങനെയാണ്. സദാസമയവും നഗരവീഥികളിലും റെസ്റ്റോറന്‍റുകളിലും ആളുകളുണ്ടാവും. ധൃതിയിൽ നടന്നു വരുമ്പോഴാണ് പരിചയമുള്ള ഒരു മുഖം കാണുന്നത്.

ബസ് ഇറങ്ങി അവിടെ നിന്നും വീട്ടിലേക്കുള്ള വഴിയിലെ ഒരു ഗല്ലിയിൽ ഷീഷ വലിക്കുന്ന തെരുവോരത്തിരിക്കുന്ന അയാളെ. അയാൾ എന്നെയും ശ്രദ്ധിച്ചിരുന്നു. അതോ തോന്നലായിരുന്നോ? വീട്ടിലെത്തിയിട്ടും എന്തോ എന്നെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു ആ മുഖം.

അല്ലെങ്കിലും ഈയിടെയായി എന്‍റെ ഓർമകളൊക്ക പിന്നാക്കം പോകുന്നുണ്ട്‌. പണ്ടൊക്കെ എന്‍റെ ഓർമയെ ഒരുപാടു പുകഴ്ത്തിയിരുന്ന സഹപാഠികളും സഹപ്രവർത്തകരും കുറെയായി പല കാര്യങ്ങളും ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും എന്‍റെ മേലധികാരി പാതി കളിയാക്കി എന്നോട് പറയാറുണ്ട് എന്‍റെയോർമ്മക്ക്‌ തകരാർ പറ്റിയോയെന്ന്‌.

അന്ന് ആ പകലിൽ ഞാന്‍ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ ഡിപ്പാർട്മെന്‍റിൽ

വീട്ടിലെത്തിയിട്ടും ചിന്തകളെ പിടിച്ചു നിർത്താനാവാതായി, ഭ്രാന്ത് പിടിക്കുമെന്നു തോന്നി, കുറെ നേരം ഞാൻ കണ്ണടച്ചിരുന്നു. പതിയെ എനിക്ക് എല്ലാം ഓർമ വരാൻ തുടങ്ങി, എങ്ങനെ പെട്ടെന്ന് ഓർമ വരാനാണ് വർഷങ്ങൾ പലതായി, ഞാൻ ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപെടാത്ത, നിസ്സഹായായ ആയ ആ ദിവസം.

അന്ന് ആ പകലിൽ ഞാന്‍ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ ഡിപ്പാർട്മെന്‍റിൽ. പകലിലെ കനത്ത ചൂടൊന്നു അടങ്ങുന്നതേയുള്ളു. പെട്ടെന്നാണ് ഒരു യുവതിയും അവരെക്കാളും പ്രായം കുറവ് തോന്നിക്കുന്ന ഒരു യുവാവും കയറി വന്നത്, പുറത്തെ പൊള്ളുന്ന ചൂടാവും കാരണം, രണ്ടു പേരും നന്നേ ക്ഷീണിച്ചിരുന്നു.

അവർ എന്നോട് പറഞ്ഞു, ആ യുവതിയുടെ മെഡിക്കൽ ടെസ്റ്റ്‌ ചെയ്തിടത്തു നിന്നും വിളിച്ചു, ഏതോ ഒരു ടെസ്റ്റ് വീണ്ടും ചെയ്യണം, അവിടെ എത്രയും പെട്ടെന്ന് എത്തണം, അത് കൊണ്ട് അവിടെ പോകുന്നതിനു മുമ്പ് അവർക്കു അവരുടെ ഹെപ്പറ്റൈറ്റിസ് ടെസ്റ്റ് ചെയ്യണം എന്ന്.

ഞാൻ അവരോടു റിസപ്ഷനിൽ ബില്ലടിച്ചു രസീതുമായി വരാൻ പറഞ്ഞു, റിസൾട്ടിന് വൈകിട്ട് വരാൻ പറഞ്ഞിട്ട് അവർ കൂട്ടാക്കിയില്ല, 'വെയിറ്റ് ചെയ്യാം, റിസൾട്ട് കിട്ടിയാലേ പോവുന്നുള്ളൂ' എന്നും പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ചെയ്തു, റിസൾട്ട് നെഗറ്റീവാണ്. അപ്പോൾ അവർ ചോദിച്ചു, 'വേറെ എന്തൊക്കെ ചെയ്യും മെഡിക്കലിനെ'ന്ന്‌. 'ഹെപ്പറ്റൈറ്റിസ്, ടിബി, സിഫിലിസ് പിന്നെ എച്ച്‌ ഐ വി' - ഞാൻ മറുപടി കൊടുത്തു.

എനിക്ക് പെട്ടന്ന് അവരുടെ എച്ച്‌.ഐ.വി ടെസ്റ്റ് ചെയ്യണം എന്ന് തോന്നി

അവർ എന്നോട് പറഞ്ഞു, സിഫിലിസ് കൂടി ടെസ്റ്റ് ചെയ്യണം, അതിനു അവരുടെ കയ്യിലുള്ള പൈസ തികയുമാരുന്നില്ല, എന്നിട്ടും എനിക്കെന്തോ അവരെ തിരിച്ചയക്കാൻ ഒരു മടി, കയ്യിലുള്ള പൈസ അടച്ചു ബാക്കി ഡിസ്‌കൗണ്ടിൽ ബില്ലടച്ചു വീണ്ടും അവർ വന്നു. പിന്നെയും, കാത്തിരിപ്പിനൊടുവിൽ ആ ടെസ്റ്റും നെഗറ്റീവ്. എനിക്ക് പെട്ടന്ന് അവരുടെ എച്ച്‌.ഐ.വി ടെസ്റ്റ് ചെയ്യണം എന്ന് തോന്നി.

ടെസ്റ്റ്‌ ചെയ്യുമ്പോൾ ഞാൻ ശരിക്കും വിറക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ റിസൾട്ട് കയ്യിലെടുത്തു നെഞ്ചിടിപ്പോടു കൂടി ഞാൻ അവരുടെയടുത്തു വന്നു പറഞ്ഞു, നിങ്ങൾ എത്രയും വേഗം നാട്ടിൽ പോകണം, ഇനിയിവിടെ നില്‍ക്കാൻ പാടില്ല എന്ന്.

അവർ പെട്ടന്ന് എന്‍റെ കൈ രണ്ടും ചേർത്ത് പിടിച്ചെന്നോടു ചോദിച്ചു, 'ഞാൻ മരിക്കാൻ പോകുവാണോ' എന്ന്. നിറവയറുമായി നിൽക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷം എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മറ്റൊരാളുടെ സങ്കടത്തിൽ അവരുടെ കണ്ണ് നിറയുന്നതിനു മുമ്പേ പൊട്ടിക്കരയുന്ന എനിക്കറിയില്ലായിരുന്നു എന്ത് പറയണം അവരോട് എന്ന്, ഞാൻ മെല്ലെ പറഞ്ഞു, 'സിഫിലിസ് നെഗറ്റീവ് ആണ് പക്ഷെ...'

ഏതായാലും അവർ രണ്ടു പേരും പോയി, എന്‍റെ മനസ്സാകെ അസ്വസ്ഥമായി

അവർ എന്നെ മുഴുമിപ്പിക്കാൻ വിട്ടില്ല. പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു, 'എനിക്ക് നാട്ടിൽ ഭർത്താവും കുഞ്ഞുങ്ങളും ഉണ്ട്, എന്‍റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്' എന്ന്. എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ നിൽക്കുന്ന ഞാൻ കണ്ടത് വിളറിയ മുഖവുമായി നിൽക്കുന്ന അവളുടെ കൂട്ടുകാരനെയാണ്. പെട്ടെന്ന് അവൻ എന്നോട് പറഞ്ഞു, 'എന്‍റെ കയ്യിൽ പൈസ ഇല്ല.' പക്ഷെ, എനിക്കറിയാമായിരുന്നു അവന്‍റെ ആവശ്യം, ഞാൻ അവനും ടെസ്റ്റ് ചെയ്തു, അവന്‍റെ റിസൾട്ട് നെഗറ്റീവായിരുന്നു.

ഏതായാലും അവർ രണ്ടു പേരും പോയി, എന്‍റെ മനസ്സാകെ അസ്വസ്ഥമായി. എവിടെയോ അമ്മക്കായി, അമ്മയുടെ വരവിനായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ പറ്റിയുള്ള ഓർമ്മകൾ എന്‍റെ സമാധാനം കളഞ്ഞു.

അയാൾ പിന്നെയും ഇടക്കൊക്കെ വരും ഏതെങ്കിലും രാജ്യത്തെ പെൺകുട്ടികളെയും കൊണ്ട്. എച്ച്.ഐ.വി ടെസ്റ്റ് ചെയ്യാൻ. എന്‍റെ കൂടെ ജോലി ചെയ്യുന്ന, എന്‍റെ സുഹൃത്ത് പലപ്പോഴും കളിയായി അയാളോട് ചോദിക്കുമായിരുന്നു ഇതിന്‍റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്ന്. അപ്പോഴൊക്കെ അയാൾ വളരെ ലാഘവത്തോടെ പറയും, 'ജീവിതം ഒന്നേയുള്ളു ആസ്വദിക്കട്ടെ'യെന്ന്‌.

എനിക്കാ പഴയ സ്ത്രീയെ ഓർമ്മ വന്നു

അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം പെട്ടന്ന് അയാൾ കടന്നു വന്നു. പക്ഷെ പതിവ് തെറ്റിച്ച് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും കൂടെയുണ്ട്. കുഞ്ഞിന് പനി ആയി ഡോക്ടറിനെ കാണിക്കാൻ കൊണ്ടുവന്നതാണ്. അന്ന്, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ അയാളെ കണ്ടപ്പോൾ ഭയങ്കരമായി വെറുപ്പ് തോന്നി. എനിക്കാ പഴയ സ്ത്രീയെ ഓർമ്മ വന്നു. എന്‍റെ മനസ്സിൽ, അമ്മയെ അകലെയേതോ രാജ്യത്ത്‌ കാത്തിരിക്കുന്ന കുഞ്ഞുങ്ങളായിരുന്നു.

ഇതൊക്കെ കഴിഞ്ഞു ഇപ്പോൾ വർഷമെത്ര കടന്നു പോയി, ആ ഗല്ലിയിൽ ഷീഷ വലിച്ചിരുന്നത് അവനായിരുന്നു. കണ്ടത് അവന്‍റെ മുഖമെങ്കിലും, എന്നെ അസ്വസ്ഥമാക്കിയത്‌ അവളുടെ ഓർമ്മകളായിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios