സാമ്പത്തിക സംവരണം: സിപിഎമ്മിന്റെ  സവര്‍ണ്ണ പ്രേമത്തിന് പിന്നിലെന്ത്?

ഇന്ത്യയിലെ മുഖ്യ ശത്രു എന്ന് സി പി എം സ്വയം വിശേഷിപ്പിക്കുന്ന ബി ജെ പിയുമായാണ് സാമ്പത്തിക സംവരണ വിഷയത്തിലെ കൈകോര്‍ക്കല്‍. പ്രത്യയശാസ്ത്രത്തില്‍ തന്നെ ദളിത് വിരുദ്ധതയുള്ള പ്രസ്ഥാനമാണ് സംഘപരിവാര്‍. ദളിത് വിരുദ്ധതയുടെ മറ്റാരു ഉദാഹരണമാണ് സി പി എം പേറുന്ന ബ്രാഹ്മണ പിന്തുടര്‍ച്ചയുടെ അലയൊലികള്‍.

CPIM stand on reservation bill analysis by Jomit Jose

ബി ജെ പി ഇലക്ഷന്‍ മുന്‍നിര്‍ത്തി അവതരിപ്പിച്ച ബില്ലില്‍ ആദ്യം പിന്തുണയറിയിച്ച പാര്‍ട്ടികളിലൊന്നാണ് സി പി എം. ബില്‍ പാസായാല്‍ അത് ബി ജെ പിയുടെ ചരിത്രനീക്കം എന്ന പേരിലാകും അറിയപ്പെടുക. അത് വ്യക്തമായി അറിയുന്ന ഒരു പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ദൗത്യം എന്ന നിലയ്ക്കല്ല, ബ്രാഹ്മണിക്കല്‍ വേരുകള്‍ പേറുന്നതും ജാതിയെ കുറിച്ചുള്ള അജ്ഞതയും കൊണ്ടാണ്.

CPIM stand on reservation bill analysis by Jomit Jose

ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിക്കൊണ്ടിരിക്കെ, നവോത്ഥാന മതില്‍ കെട്ടിയ രാഷ്്ട്രീയ പ്രസ്ഥാനമാണ് സി പി എം. പിന്നോക്ക വിഭാഗങ്ങളുടെ ജാതി സംഘടനകളായിരുന്നു ഈ മുന്നേറ്റത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കരുത്തേകിയത്. 'ജാതി മതില്‍' എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയില്‍ സി പി എം നവോത്ഥാനം എന്ന വാക്കുകൊണ്ട് ചരിത്ര മതില്‍ പണിതു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമപ്പുറമുള്ള ഒരു വലിയ സമൂഹത്തെ മതിലില്‍ അണിനിരത്താനായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുമ്പോള്‍ സി പി എം നവോത്ഥാനം എന്ന വാക്കും പിന്നോക്ക സമുദായങ്ങളെയും മറക്കുകയാണ്. 

ഇന്ത്യയിലെ മുഖ്യ ശത്രു എന്ന് സി പി എം സ്വയം വിശേഷിപ്പിക്കുന്ന ബി ജെ പിയുമായാണ് സാമ്പത്തിക സംവരണ വിഷയത്തിലെ കൈകോര്‍ക്കല്‍. പ്രത്യയശാസ്ത്രത്തില്‍ തന്നെ ദളിത് വിരുദ്ധതയുള്ള പ്രസ്ഥാനമാണ് സംഘപരിവാര്‍. ദളിത് വിരുദ്ധതയുടെ മറ്റാരു ഉദാഹരണമാണ് സി പി എം പേറുന്ന ബ്രാഹ്മണ പിന്തുടര്‍ച്ചയുടെ അലയൊലികള്‍. 'ബ്രാഹ്മണ പയ്യന്‍മാരുടെ കൂട്ടം' എന്ന് കമ്യൂണിസറ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള അംബേദ്കറുടെ വിശേഷണം ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ ബ്രാഹ്മണിക്കല്‍ യുഗത്തില്‍ നിന്ന് സി പി എം പടിയിറങ്ങിയിട്ടില്ല എന്നാണ് ഇപ്പോഴത്തെ സംവരണ നിലപാട് തെളിയിക്കുന്നത്. ഇതാണ് സി പി എമ്മിന്റെ സംവരണ നിലപാട് കൂടുതല്‍ വിമര്‍ശനവിധേയമാകാന്‍ കാരണം. 

'ബ്രാഹ്മണ പയ്യന്‍മാരുടെ കൂട്ടം' എന്ന് കമ്യൂണിസറ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള അംബേദ്കറുടെ വിശേഷണം ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും

സിപിഎമ്മും സാമ്പത്തിക സംവരണവും തമ്മിലെന്ത്?
രാജ്യത്ത് സാമ്പത്തിക സംവരണത്തിന് കേന്ദ്രമന്ത്രിസഭാ തീരുമാനം എന്ന വാര്‍ത്ത വന്നയുടന്‍ കേരളത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ  വകുപ്പ് മന്ത്രിയായ എ കെ ബാലന്റെ പ്രതികരണം ഇതായിരുന്നു: 'മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ എന്നേ പറഞ്ഞതാണിത്. ഇതില്‍ ഞങ്ങള്‍ക്ക് പുതുമയില്ല. രാജ്യത്താദ്യമായി കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണ്. അത് നടപ്പിലാക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്'.

സാമ്പത്തിക സംവരണ വിഷയത്തില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ബി ജെ പി ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സ്വാഗതം ചെയ്യുകയല്ലാതെ സി പി എമ്മിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. കാരണം, സംവരണ വിഷയത്തില്‍ സി പി എം പലപ്പോഴും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇക്കാര്യം വിശാലമായി പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതുമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്താലും എതിര്‍ത്താലും സി പി എം പ്രതിരോധത്തിലാകുന്ന സാഹചര്യമുണ്ടായി. 

സാമ്പത്തിക സംവരണം സ്വാഗതം ചെയ്താല്‍ പിന്നോക്ക വിഭാഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കും. സാമ്പത്തിക സംവരണത്തെ എതിര്‍ത്താല്‍ മുന്‍ നിലപാട് ചോദ്യം ചെയ്യപ്പെടും. ഈ കുരുക്കില്‍ ബി ജെ പി നൈസായി സി പി എമ്മിനെ പെടുത്തി. അതിനാലാണ് മന്ത്രി എ.കെ ബാലന്‍ കേന്ദ്ര തീരുമാനം വലിയ ആവേശത്തോടെ സ്വാഗതം ചെയ്തത്. താന്‍ ഭരിക്കുന്ന വകുപ്പിനെ പ്രതിനിധീകരിക്കാന്‍ പോലും ജനപ്രതിനിധി എന്ന നിലയില്‍ എ കെ ബാലനായില്ല. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെ ഉദ്ധരിക്കുമ്പോഴും അതിലെ ജനാധിപത്യവിരുദ്ധത തിരിച്ചറിയാന്‍ മന്ത്രിക്കായില്ല. ഇന്ത്യന്‍ സാമൂഹികസാഹചര്യങ്ങളില്‍ ജാതിയുടെ വേരാഴവും മന്ത്രിയും സി പി എമ്മും തിരിച്ചറിഞ്ഞില്ല.

ഇതിന് പിന്നാലെ വിഎസ് അച്ചുതാനന്ദന്‍ പാര്‍ട്ടി നിലപാടില്‍ കടുത്ത വിയോജിപ്പുമായി രംഗത്തെത്തി. വി എസിന്റെ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി കല്‍പിച്ച പരിഗണന വ്യക്തമല്ലെങ്കിലും സി പി എം സ്വീകരിച്ച നിലപാടില്‍ അയവുണ്ടായി. സംവരണത്തിന് എട്ട് ലക്ഷം രൂപയെന്ന പരിധി കുറയ്ക്കണമെന്നത് അടക്കമുള്ള ഭേദഗതികളാണ് സി പി എം നിര്‍ദേശിച്ചത്. പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ച വേണമെന്നും ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നാലെ ഈ നിലപാട് സി പി എം മറവിക്ക് വിട്ടുനല്‍കി. ലോക്സഭയില്‍ സാമ്പത്തിക സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് സി പി എം നേരത്തെ ഉയര്‍ത്തിയ എല്ലാ ആവശ്യങ്ങളും പിന്‍വലിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്ന് നിലപാടില്‍ നിന്ന് ഒരടി സി പി എം പിന്നോട്ടില്ല എന്നാണ് സി പി എം വീണ്ടുമാവര്‍ത്തിച്ചത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബി ജെ പി ഇപ്പോള്‍ സാമ്പത്തിക സംവരണ തീരുമാനമെടുത്തത്.

ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്
രാജ്യത്ത് ജാതി സംവരണവും സാമ്പത്തിക സംവരണവും തമ്മിലുള്ള പോര് തുടങ്ങിയിട്ട് ഏറെക്കാലമായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മണ്ഡലാനന്തര രാഷ്ട്രീയ മുന്നേറ്റങ്ങളും കണ്ട നാടാണ് ഇന്ത്യ. ഇവിടെ സാമ്പത്തിക സംവരണം എന്ന വാക്ക് ഒരു സുപ്രഭാതത്തില്‍ അപ്രതീക്ഷിതമായി കൊട്ടിഘോഷിച്ച് ബി ജെ പി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമ്പോഴാണ് ഈ നാടകം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ബി ജെ പി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കാലാവധി തികയ്ക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഈ വിഷയം പൊതു ചര്‍ച്ചയിലേക്ക് വീണ്ടുമെത്തിയത്. അതും മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച്. 

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബി ജെ പി ഇപ്പോള്‍ സാമ്പത്തിക സംവരണ തീരുമാനമെടുത്തത്. കൊഴിഞ്ഞുതുടങ്ങിയ ബ്രാഹ്മണ വോട്ടുകള്‍ തിരിച്ചുപിടിക്കാനും ശബരിമല പ്രക്ഷോഭത്തിനിടെ തങ്ങളുമായി അടുത്ത വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്താനുമാണ് ബി ജെപി ബില്‍ അവതരിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പിന്തുണയും ബി ജെ പി ലക്ഷ്യമിടുന്നു. അതായത് ഭൂരിപക്ഷത്തെയും ഒരു വിഭാഗം ന്യൂനപക്ഷങ്ങളെയും കൂടെക്കൂട്ടി വോട്ട് പിടിക്കുക എന്നതാണ് ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍. സാമൂഹിക ധ്രുവീകരണത്തില്‍ പല അടവുകളും പയറ്റിയ സംഘത്തിന്റെ പുതിയ പദ്ധതി. 

മുന്നോക്ക വിഭാഗങ്ങളെയും ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും പരിഗണിക്കുന്ന ഭരണഘടനാ ഭേദഗതി മാത്രമല്ല സംഘപരിവാറിന്റെ മനസിലുള്ളത്. ഇവരെ ചേര്‍ത്തുനിര്‍ത്തി വാസ്തവത്തില്‍ മധ്യവര്‍ഗത്തെയാണ് പരിവാരം ചാക്കിലാക്കാന്‍ പരിശ്രമിക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരും ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ മധ്യവര്‍ഗ വോട്ടാണ്. ഈ മധ്യവര്‍ഗ പ്രീണനതന്ത്രത്തിലും ബിജെപി ഒരുക്കിയ കെണിയില്‍ സി പി എം വീണു. മധ്യവര്‍ഗത്തെ കൈവിട്ട് പിന്നോക്ക ക്ഷേമം എന്ന തത്വം സി പി എം അജണ്ടയിലില്ല. 

പത്ത് ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ കൂടി സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ സാമൂഹിത അനീതി കൂടുകയാണ് സംഭവിക്കുകയെന്ന പ്രാഥമിക പാഠം കമ്മ്യൂണിസ്റ്റ് കൂട്ടത്തിന് തിരിച്ചറിയാനായില്ല. സാമ്പത്തിക സംവരണത്തിന്റെ അനന്തരഫലം പിന്നോക്ക വിഭാഗങ്ങള്‍ പിന്നോക്കമായി തന്നെ നിലനില്‍ക്കും എന്നതാണ്. ഈ തിരിച്ചറിവില്ലാതെ പോയത് വര്‍ഗമല്ല, ജാതിയാണ് ഇന്ത്യന്‍ സാമൂഹികഘടനയുടെ അടിസ്ഥാനം എന്ന യാഥാര്‍ത്ഥ്യം സി പി എമ്മിന് മനസിലാവാത്തതുകൊണ്ടാണ്. തനിക്കെതിരായ ജാതീയാധിക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മറുപടി പറഞ്ഞത് കഴിഞ്ഞ വാരമാണ്. അതിന് തൊട്ടുപിന്നാലൊണ് സി പി എം ജാതിയെന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ ഉപേക്ഷിച്ചത്. 

ഇനി വരാനിരിക്കുന്നത് ശബരിമല വിവാദ നാളുകള്‍ പോലെ സങ്കീര്‍ണ ദിനങ്ങളായിരിക്കാം. ഭരണഘടനാ ഭേദഗതി എളുപ്പം സാധ്യമല്ലെന്നിരിക്കെ സംവരണം നടപ്പായാല്‍ മധ്യവര്‍ഗം ബി ജെ പിയിലേക്ക് കൂടുതല്‍ അടുക്കും. നിലവില്‍ ബി ജെ പിയുടെ വോട്ട് ബാങ്ക് തന്നെയാണ് ഈ മധ്യവര്‍ഗം. ഭേദഗതി സാധ്യമായില്ലെങ്കില്‍ ആ പേര് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഭേദഗതി നടപ്പായില്ലെങ്കിലും ബി ജെ പി നേട്ടം കൊയ്യുമെന്ന് ചുരുക്കം. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സി പി എം സ്വീകരിച്ച നിലപാട് കൂടിതല്‍ ജനവിരുദ്ധമാകുന്നത്. മധ്യവര്‍ഗത്തോടൊപ്പം ചേര്‍ന്ന് അവര്‍ണരെ തഴഞ്ഞുവെന്ന വിമര്‍ശനം സി പി എമ്മിനെതിരെ ഉയരുന്നത് ഇതിനാലാണ്. പുതിയ ഭേദഗതിയുടെ ഗുണം ചെയ്യുക സാധാരണക്കാര്‍ക്കല്ല. നിലവിലെ തീരുമാനപ്രകാരം, ഇതിന്റെ ഗുണഭോക്താക്കള്‍ എട്ട് ലക്ഷത്തോളം വാര്‍ഷിക വരുമാനമുള്ള മധ്യവര്‍ഗമാണ്.  

സി പി എം മുന്നോട്ടുവെക്കുന്ന നവോത്ഥാനം എന്താണെന്ന മറുചോദ്യം മതി ന്യായീകരണ വാദങ്ങളെ അടക്കിനിര്‍ത്താന്‍.

സി പി എമ്മിന് നേട്ടമോ കോട്ടമോ
ബി ജെ പി ഇലക്ഷന്‍ മുന്‍നിര്‍ത്തി അവതരിപ്പിച്ച ബില്ലില്‍ ആദ്യം പിന്തുണയറിയിച്ച പാര്‍ട്ടികളിലൊന്നാണ് സി പി എം. ബില്‍ പാസായാല്‍ അത് ബി ജെ പിയുടെ ചരിത്രനീക്കം എന്ന പേരിലാകും അറിയപ്പെടുക. അത് വ്യക്തമായി അറിയുന്ന ഒരു പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ദൗത്യം എന്ന നിലയ്ക്കല്ല, ബ്രാഹ്മണിക്കല്‍ വേരുകള്‍ പേറുന്നതും ജാതിയെ കുറിച്ചുള്ള അജ്ഞതയും കൊണ്ടാണ്. അതാണ് സി പി എം ഇടയ്ക്കിടയ്ക്ക് സാമ്പത്തിക സംവരണ നയം പൊടിതട്ടിയെടുക്കുന്നത്. ഇത്തരമൊരു 'ബ്രാഹ്മണിക്കലിസം' സി പി എമ്മിനില്ല എന്ന് വിശ്വസിക്കുന്നവര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള ചോദ്യം നവോത്ഥാന മതില്‍ കെട്ടുന്നതിനിടെ ഇത്തരൊരു അരാഷ്ട്രീയ നിലപാട് പാര്‍ട്ടി സ്വീകരിക്കുമോ എന്നായിരിക്കും. 

എന്നാല്‍ സാമ്പത്തിക സംവരണത്തിനെ പിന്തുണയ്ക്കുന്നതിലൂടെ സി പി എം മുന്നോട്ടുവെക്കുന്ന നവോത്ഥാനം എന്താണെന്ന മറുചോദ്യം മതി ന്യായീകരണ വാദങ്ങളെ അടക്കിനിര്‍ത്താന്‍. നവോത്ഥാനമല്ല, സവര്‍ണ സ്വീകാര്യതയാണ് സി പി എം ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാകുന്നത് ഇവിടെയാണ്. ബി ജെ പി ആഗ്രഹിക്കുന്നതുപോലെ മുന്നോക്ക വോട്ട് സി പി എമ്മും ലക്ഷ്യമിടുന്നുണ്ട്. ശബരിമല അടക്കമുള്ള വിഷയങ്ങളും നവോത്ഥാന ഗീര്‍വാണങ്ങളും കാരണം അകന്നുപോയ വിഭാഗങ്ങളെ വലിച്ചെടുപ്പിക്കുക എന്നതും അതിന്റെ ലക്ഷ്യമാണ്. സംഘപരിവാറിന്റെ ഹിന്ദു ഏകീകരണ ശ്രമങ്ങളെ എതിര്‍ക്കുന്നതിന് സിപിഎം മുന്നോട്ടുവെച്ച ദലിത് സൗഹൃദ നിലപാടുകള്‍ സവര്‍ണ്ണവിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അകല്‍ച്ച ഇല്ലാതാക്കാന്‍ ഇത്തരമൊരു നയം  സിപിഎമ്മിന് അനിവാര്യമാണ്.  

എന്നാല്‍, ഇതത്ര എളുപ്പമാവില്ല. സവര്‍ണ്ണ, മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കാന്‍  സംഘപരിവാറിന്റെ ശബരിമല കാമ്പെയിനിന് കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ അവിശ്വാസികളുടെയും ദൈവനിഷേധികളുടെയും ഒക്കെ പാര്‍ട്ടിയാക്കി ലേബല്‍ ചെയ്യാന്‍ സംഘപരിവാരം ആഞ്ഞുശ്രമിച്ചത് ഈ സാഹചര്യത്തില്‍ വേണം കാണാന്‍. പിന്നോക്ക വിഭാഗങ്ങളും ദലിത് വിഭാഗങ്ങളുമാണ് നിര്‍ണായകമായ ആ ഘട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത്. പുതിയ മാറ്റം ഈ വിഭാഗങ്ങള്‍ക്കിടയില്‍ അസംത്പ്തിയും രോഷവുമാണ് സൃഷ്ടിക്കുക. കേരളത്തില്‍ പിന്നോക്കവിഭാഗങ്ങളെ പിണക്കി സി പി എം ഈ കഠിന ശ്രമത്തിന് മുതിരുന്നത് വലിയ കോട്ടങ്ങളുണ്ടാക്കും. പ്രത്യേകിച്ച് ഇടത് സര്‍ക്കാര്‍ വലിയ സ്വീകാര്യതയും വിമര്‍ശനങ്ങളും ഒരേസമയം നേരിടുന്ന ഈ ഘട്ടത്തില്‍. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. 

സാമ്പത്തിക സംവരണത്തിനെ എതിര്‍ത്ത് എസ്എന്‍ഡിപി രംഗത്തെത്തിക്കഴിഞ്ഞു. 'സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കാരോടുള്ള അവഗണനയാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്എന്‍ഡിപി എതിരല്ല. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണം' എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടത്. സി പി എം നിലപാട് തള്ളിക്കളയുന്ന എസ്എന്‍ഡിപി കേരളത്തിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഒരു പ്രബല വിഭാഗമാണെന്ന് ഓര്‍ക്കുക. ശബരിമല വിഷയത്തില്‍ രണ്ട് ധ്രുവങ്ങളിലായിരുന്ന വെള്ളാപ്പള്ളി നടേശനും തുഷാറും സംവരണ വിഷയത്തില്‍ അഭിപ്രായ വ്യത്യസങ്ങള്‍ മാറ്റിവെച്ച് ഒരേ നിലപാട് സ്വീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 

ഇതുപോലെ മറ്റ് ദളിത്- ഈഴവ സംഘടനകളും രംഗത്തെത്തിയാല്‍ ഇടത് സര്‍ക്കാരിനും പാര്‍ട്ടിക്കും അത് തലവേദന കൂട്ടാനാണിട. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിലപാട് സി പിഎമ്മിനെ സംബന്ധിച്ച് ഗുണകരമാകില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ പിന്തുണച്ച് നവോത്ഥാനം പണിയാന്‍ ശ്രമിക്കുമ്പോള്‍ പിന്നോക്കക്കാരിലെ നവോത്ഥാനം എവിടെയെത്തി എന്ന ചോദ്യവും സി പി എമ്മിനെ തിരിഞ്ഞുകുത്തും. 

എല്ലാ പൗരനും തുല്യ വരുമാനം സര്‍ക്കാര്‍ ഉറപ്പുവരുത്തിയാലും ഇവിടെ ജാതി നിലനില്‍ക്കുമെന്നതാണ് വസ്തുത.

അതെങ്ങനെ രാഷ്ട്രീയ അന്ധതയാവുന്നു? 
ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ അടിസ്ഥാനമാണ് ജാതി. വര്‍ഗം ഇന്ത്യയില്‍ ജാതിയുടെ ഉല്‍പന്നമാണ്. അതിനാലാണ് ജാതി സാമൂഹിക അനീതിയുണ്ടാക്കുന്നത്. ഈ ബോധ്യമാണ് സി പി എമ്മിന് കൈമോശം വന്നത്. സി പി എം വര്‍ഗത്തെ കുറിച്ച് പഠിക്കുമ്പോള്‍ ജാതിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ചിന്തിച്ചിരുന്നെങ്കില്‍ പിന്നോക്ക വിഭാഗങ്ങളെ പിന്തുണയ്‌ക്കേണ്ടിവരുമായിരുന്നു. ദളിതനും ഈഴവനും തല്‍സ്ഥിതി തുടരണം എന്ന നിലപാട് എടുക്കേണ്ടിവരില്ലായിരുന്നു. 

സംവരണം സാമ്പത്തിക ഉയര്‍ച്ചയ്‌ക്കോ  പട്ടിണി മാറ്റാനോ അല്ല. സാമൂഹിക നീതി ഉറപ്പുവരുത്താനാണ്. സാമ്പത്തികമാണ് സാമൂഹ്യഘടനയുടെ അടിസ്ഥാനമെങ്കില്‍ പണം സമ്പാദിക്കുന്ന ദളിതനെ മാലയിട്ട് സ്വീകരിക്കുമായിരുന്നു നമ്മള്‍. അതിന് നാം തയ്യാറാകാത്തതിന്റെ കാരണമാണ് ജാതി. ഈ സങ്കീര്‍ണ ജാതിശ്രേണിയുടെ ഇടയിലാണ് സാമ്പത്തിക സംവരണം കൊണ്ട് സാമൂഹിക നീതി ഉറപ്പാക്കാനുള്ള അനൗചിത്യ ശ്രമം നടക്കുന്നത്. എല്ലാ പൗരനും തുല്യ വരുമാനം സര്‍ക്കാര്‍ ഉറപ്പുവരുത്തിയാലും ഇവിടെ ജാതി നിലനില്‍ക്കുമെന്നതാണ് വസ്തുത. അത് അനീതിയെയും സംരക്ഷിക്കും. 

തൂപ്പുകാരന്റെ ജോലിക്ക് എട്ട് ലക്ഷം വാര്‍ഷിക വരുമാനമുള്ളയാള്‍ അപേക്ഷിക്കില്ല. കാരണം, താന്‍ ചെയ്യേണ്ട ജോലി ഇതല്ല എന്നാണ് അയാളുടെ ജാതിബോധം. പൗരന്‍മാര്‍ക്ക് ജാതി കേന്ദ്രീകൃതമായ തൊഴില്‍ ചരിത്രപരമായി അനുവദിച്ചുകൊടുക്കപ്പെട്ട സമൂഹമാണിത്. ഇതിനെ മറികടക്കുക എന്നത് നവോത്ഥാനത്തിന്റെ കടമയാണ്. ഇതിനുള്ള ശ്രമമാണ് ജാതീയാധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നല്‍കിയ ചുട്ട മറുപടി. ശബരിമല സ്ത്രീ പ്രവേശനവും വനിതാ മതിലും നവോത്ഥാനവുമെല്ലാം നിലപാടുകളില്‍ നിലനില്‍ക്കേ സാമ്പത്തിക സംവരണത്തെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്ന സി പി എം നിലപാട് രാഷ്ട്രീയ അന്ധതയാകുന്നത് ഇതുകൊണ്ടാണ്. മധ്യവര്‍ഗത്തിനെ പിന്തുണച്ച് ആദിവാസി- ദളിത് വിരുദ്ധതയ്‌ക്കൊപ്പം ചേരുകയാണ് സി പി എം ഇപ്പോള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios