വീടിനുള്ളില്‍ ഒരു കമ്യൂണിസ്റ്റ് ചാരന്‍; ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിം ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്!

ചൈനയില്‍ സി ജിന്‍ പിങ് ഭരണത്തിലേറിയപ്പോള്‍ മുതല്‍ ഉയിഗൂര്‍ മുസ്ലിങ്ങളുടെ തെരുവുകളില്‍ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോള്‍ തന്നെ, മുഖം തിരിച്ചറിയാന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ക്ക് മുന്നിലൂടെയല്ലാതെ അവര്‍ക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട്

Communist party workersin  Uighur muslims living rooms in China

ഒരു ദിവസം യൂനുസിന്റെ ഉപ്പയും ഉമ്മയും സഹോദരനും തടങ്കലിലായതിനുശേഷം വീട്ടില്‍ പെങ്ങളും അഞ്ചുവയസ്സുള്ളൊരു കുഞ്ഞനുജനും മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഒരു സുപ്രഭാതത്തില്‍ പരിസരവാസിയായ ഒരു പാര്‍ട്ടി അനുയായി ബലാല്‍ക്കാരമായി വന്നു താമസമാക്കിയത്രേ അവരോടൊപ്പം ആ വീട്ടില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം.

അത് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇദ്രിസിന്റെ കുടുംബത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചാരയാണ്

ഹല്‍മുറാത് ഇദ്‌രീസ് ഒരു ഉയിഗൂര്‍  മുസ്ലിമാണ്. പെട്രോളിയം എഞ്ചിനീയര്‍. ചൈനയിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ന്യൂനപക്ഷ വേട്ടയാടലുകളില്‍ നിന്നും ഒളിച്ചോടി പ്രവാസജീവിതം നയിക്കുന്ന അപൂര്‍വം ചില ഭാഗ്യവാന്മാരിലൊരാള്‍. അയാള്‍ ചെന്നുപെട്ടിരിക്കുന്നത് ഇസ്താംബുളിലാണ്. അവിടിരുന്നുകൊണ്ടയാള്‍ രാത്രിയില്‍ തന്റെ കുടുംബക്കാരെ ഓര്‍ക്കുന്നു. യാദൃച്ഛികമെന്നോണം, അതേ നിമിഷം തന്നെ സോഷ്യല്‍ മീഡിയ സൈറ്റുകളിലൊന്നില്‍ നിന്നും അയാള്‍ക്കൊരു മെസേജ് പൊന്തിവരുന്നു, അയാളുടെ മുപ്പത്തൊമ്പതുകാരിയായ പെങ്ങളുടെ അക്കൗണ്ടില്‍ നിന്നും. 

'അല്ല.. ഇതാരാണ്, പെങ്ങളോടൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഈ മധ്യവയസ്‌ക..?'

പെങ്ങളുടെ മുഖത്ത് ചിരിയുണ്ടെങ്കിലും, എവിടെയോ എന്തോ പിശകുണ്ടെന്ന് ഇദ്രിസിന്റെ മനസ്സുപറഞ്ഞു. ചിത്രത്തിന് ചുവട്ടില്‍ പെങ്ങളുടെ വക ഒരു കാപ്ഷനുമുണ്ട്.. 

'ഞങ്ങളുടെ പുതിയ ഹാന്‍ അമ്മയെ കണ്ടോളൂ....' 

അടുത്ത നിമിഷം ഇദ്‌രീസിന് കാര്യം പിടികിട്ടി.. അത് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇദ്രിസിന്റെ കുടുംബത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചാരയാണ്. ഒറ്റപ്പെട്ട ഒരു വിന്യാസമല്ല അവരുടേത്. 'പീപ്പിള്‍സ് ഡെയ്ലി' എന്ന ചൈനീസ് കമ്യൂണിസ്റ്റ്  ഗവണ്മെന്റിന്റെ പത്രം പറയുന്നത്, ഏകദേശം പതിനൊന്നു ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഗവണ്മെന്റ് ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്വീകരണ മുറികളും കിടപ്പറകളുമെല്ലാം പങ്കിട്ടുകൊണ്ട് അവരെ നിരീക്ഷിക്കാനും അവരില്‍ കമ്യൂണിസം അടവെച്ചു വിരിയിച്ചെടുക്കാനുമായി നിയോഗിച്ചിരിക്കുന്നത് എന്നാണ്. ആതിഥേയന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. ഒരു ഉയിഗൂര്‍ മുസ്ലിം കുടുംബമായിപ്പോയി എന്നൊരൊറ്റക്കാരണം കൊണ്ട്, അവരുടെ സ്വകാര്യതകളിലേക്ക്, നിസ്‌ക്കാരപ്പായകളിലേക്ക്, തീന്‍മുറികളിലേക്ക്, ഇനിയും സ്വകാര്യമായ വിവാഹങ്ങളിലേക്ക്, കബറടക്കങ്ങളിലേക്ക് ഒക്കെ ആ അതിഥി നിര്‍ബാധം കടന്നുകേറും. നിഴലുപോലെ കൂടെക്കഴിഞ്ഞ് അവരെ  നിരീക്ഷിക്കും. 

നടന്നതൊന്നും ഒന്നുമല്ലെന്ന് തോന്നിക്കുന്ന പരിഷ്‌കാരമാണ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ഈ 'വീട്ടില്‍ ഒരു ചാരന്‍' പദ്ധതി. 

ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത് ചൈനയുടെ വടക്കന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങിലാണ്. അവിടെയാണ് ചൈനയുടെ ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന മുസ്ലിം ന്യൂനപക്ഷക്കാര്‍ കഴിഞ്ഞുകൂടുന്നത്. അവരെയാണ് കാലങ്ങളായി ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പലപല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് പീഡിപ്പിക്കുന്നത്.. അവര്‍ക്കാണ്  അവിടത്തെ കമ്യൂണിസ്റ്റ്‌സര്‍ക്കാര്‍  പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്നത്. ഇതുവരെ നടന്നതൊന്നും ഒന്നുമല്ലെന്ന് തോന്നിക്കുന്ന പരിഷ്‌കാരമാണ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ഈ 'വീട്ടില്‍ ഒരു ചാരന്‍' പദ്ധതി. 

എന്തിനെന്നോ..? 'അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന പാര്‍ശ്വവല്‍കൃതരായ ഉയിഗൂര്‍ മുസ്ലീങ്ങളെ അതില്‍ നിന്നെല്ലാം അടര്‍ത്തിയെടുത്ത് മതേതര മുഖ്യധാരാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന്'. ഇങ്ങനെ നിഴല്‍പോലെ കൂടെ നടക്കുന്ന നവാഗത ബന്ധുക്കള്‍, കുടുംബാംഗങ്ങളിലുണ്ടാവുന്ന ആകസ്മികമായ സ്വഭാവവ്യതിയാനങ്ങളെ, ഉദാഹരണത്തിന് പെട്ടന്ന് മദ്യപാനം നിര്‍ത്തുന്നത്, അല്ലെങ്കില്‍ താടി നീട്ടി വളര്‍ത്തുന്നത്, അല്ലെങ്കില്‍ സാമാന്യത്തില്‍ കവിഞ്ഞൊരു മതനാമം കൊണ്ടുനടക്കുന്നത് ഒക്കെ തീവ്രസ്വഭാവത്തിന്റെ ലക്ഷണങ്ങളായി വ്യാഖ്യാനിച്ചെന്നുവരും..

ചൈനയില്‍ സി ജിന്‍ പിങ് ഭരണത്തിലേറിയപ്പോള്‍ മുതല്‍ ഉയിഗൂര്‍ മുസ്ലിങ്ങളുടെ തെരുവുകളില്‍ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോള്‍ തന്നെ, മുഖം തിരിച്ചറിയാന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ക്ക് മുന്നിലൂടെയല്ലാതെ അവര്‍ക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഉയിഗൂറുകള്‍ക്ക്  നിര്‍ഭയം അവരുടെ വ്യക്തിമുദ്രകള്‍ നിലനിര്‍ത്താനും മനസ്സമാധാനത്തോടെ ഒന്ന് നെടുവീര്‍പ്പിടാനുമൊക്കെ കഴിഞ്ഞിരുന്ന ഒരേയൊരിടം കൂടി അവര്‍ക്ക് ഇതോടെ നഷ്ടമായിരിക്കുന്നു. ഇസ്താംബുളില്‍ ജീവിക്കുന്ന അഞ്ചോളം ഉയിഗൂര്‍ മുസ്ലിം പ്രവാസികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ സര്‍ക്കാരിന്റെ അതിഥികളെ സ്വീകരിക്കേണ്ടി വന്നതിന്റെ  നേരനുഭവങ്ങള്‍ വിവരിച്ചു. തങ്ങളുടെ കുടുംബങ്ങള്‍ കഴിഞ്ഞുപോരുന്ന ദുരവസ്ഥ വിശദീകരിക്കവേ അവര്‍ക്ക് തൊണ്ടയിടറി. പെരുമാറ്റത്തിലെ ഒരു ചെറിയ പിഴവ്, ഒരു പക്ഷേ, ഇടം തെറ്റിയ ഒരു ഖുര്‍ആന്‍, അലക്ഷ്യമായി വാവിട്ട ഒരു വാക്ക് ഒക്കെ മതിയാവും അവരെ സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും തുടര്‍ന്നുള്ള പീഡനങ്ങള്‍ക്കിരയാക്കാനും.. 

പത്തുലക്ഷത്തോളം ഉയിഗൂര്‍ മുസ്ലിങ്ങള്‍ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതല്‍ തടങ്കലുകളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്

തന്റെ പെങ്ങളോടൊപ്പം ആ ഹാന്‍സ് ചൈനീസ് വൃദ്ധയെ കണ്ടതിന്റെ ഓര്‍മ്മ, അവരുടെ ചെലുത്തിയുള്ള ആ പുഞ്ചിരി, ഒക്കെ  ഇദ്‌രീസിനെ വല്ലാതെ അലട്ടുന്നുണ്ട്. 'എനിക്ക് മനം പിരട്ടുന്നുണ്ടായിരുന്നു..' വെറുപ്പോടെ തല കുലുക്കിക്കൊണ്ട് അയാള്‍ തുടര്‍ന്നു, 'ആ നാശം പിടിച്ച തള്ളയെ കണ്ട നിമിഷമേ ഇവര്‍ ഞങ്ങളുടെ ശത്രുവാണ് എന്നെന്റെ മനസ്സുപറഞ്ഞു. നിങ്ങളുടെ ശത്രു മാതൃരൂപം പൂണ്ട് നിങ്ങളുടെ വീട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ക്കെന്തു തോന്നും..? പറയു..?'

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂര്‍ മുസ്ലിങ്ങള്‍ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതല്‍ തടങ്കലുകളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ഇത്തരത്തില്‍ ഇഷ്ടത്തോടു കൂടിയല്ലാതെ തങ്ങളുടെ വീടുകള്‍ക്കുള്ളിലേക്ക് സ്വീകരിച്ചിരുത്തേണ്ടി വരുമ്പോള്‍, ഓരോ ഉയിഗൂറിന്റെയും മനസ്സില്‍ പെരുമ്പറയടിയാണ്. നരകം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന തടങ്കല്‍ ക്യാമ്പുകളിലേക്ക് വലിച്ചെറിയപ്പെടുമോ എന്ന ഭീതിയാണ്. 

കഴിഞ്ഞ ഡിസംബറില്‍ സിം ജിയാങ്ങിലെ പ്രവിശ്യാഭരണകൂടത്തിന്റെ മുന്‍കൈയില്‍ 'ഒരേ കുടുംബമാവല്‍' വാരം സംഘടിപ്പിക്കുകയുണ്ടായി.  ഫോട്ടോ പ്രചാരവേലകളുടെ മേളമാണ് എല്ലാ പ്ലാറ്റുഫോമുകളിലും സര്‍ക്കാര്‍ വക. ഉയിഗൂര്‍ കുട്ടികളെ ഗൃഹപാഠം ചെയ്യാന്‍ സഹായിക്കുന്ന, അവര്‍ക്കുവേണ്ടി കറിക്കരിഞ്ഞുകൊടുക്കുന്ന, അവര്‍ക്കൊപ്പം അത്താഴമുണ്ണുന്ന നവാഗതബന്ധുജനങ്ങളുടെ നന്മനിറഞ്ഞ സേവനങ്ങളുടെ  സചിത്ര വര്‍ണ്ണനകള്‍. പ്രവിശ്യയിലെങ്ങും അലയടിക്കുന്ന സന്തോഷം, സമാധാനം, സാഹോദര്യം. നിശാവസ്ത്രം ധരിച്ച് ഒരേ കട്ടിലില്‍ കിടന്നുറങ്ങുന്ന മൂന്നു യുവതികളുടെ ചിത്രത്തിന് ചുവട്ടിലെ വാചകം നോക്കൂ, 'നവാഗത ബന്ധുവിനൊപ്പം സുഖനിദ്രയില്‍..'. മറ്റൊരു ഫോട്ടോയില്‍ ഒരു വട്ടമേശയ്ക്കരികില്‍ പുസ്തകം വായിക്കുന്ന രണ്ടു യുവതികള്‍. കാപ്ഷനോ, 'പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെപ്പറ്റി  പഠിച്ചറിഞ്ഞ്, പുതുയുഗത്തിലേക്ക് നടന്നുകേറുന്ന  രണ്ടു യുവതികള്‍' എന്നും..  

സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ക്കുള്ള ടെസ്റ്റ് റണ്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഡിസംബറിലെ 'ഒരേ കുടുംബമാവല്‍' വാരാഘോഷം..  ഫെബ്രുവരിയായപ്പോഴേക്കും,  സിന്‍ ജിയാങ് യുണൈറ്റഡ് ഫ്രണ്ട് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റ് വക ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ നിയുക്ത ബന്ധുകുടുംബങ്ങളോടൊപ്പം രണ്ടുമാസത്തിലൊരിക്കല്‍ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കെങ്കിലും താമസിച്ചിരിക്കണം'. പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇതിനകം നല്‍കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നവബന്ധുക്കളുടെ കുടിപാര്‍പ്പുകളില്‍, സുന്നത്തുകല്യാണങ്ങളില്‍, പേരിടല്‍ ചടങ്ങുകളില്‍, അടുത്ത ബന്ധുജനങ്ങളുടെ ജനന മരണ വിവാഹ അടിയന്തിരങ്ങളില്‍ ഒക്കെ ഇനി അവര്‍ പങ്കെടുത്തേ മതിയാവൂ..  ഓരോ കുടുംബാംഗത്തിന്റെയും രാഷ്ട്രീയ ചായ്വ്, സാമൂഹികവ്യാപാരങ്ങള്‍, മതം, വരുമാനം, അവരുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ഇതിനൊക്കെപ്പുറമെ, അവരുടെ അടുത്ത ബന്ധുക്കളുടെ വിശദവിവരങ്ങള്‍ ഒക്കെയും അറിഞ്ഞിരിക്കാന്‍ പാര്‍ട്ടി ചാരന്മാര്‍  ബാധ്യസ്ഥരാണ്. കുടുംബങ്ങള്‍ക്ക് ഈ സൗജന്യനിരീക്ഷണത്തിനു പുറമെ സര്‍ക്കാര്‍ നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമിടയില്‍ ഒരു സംഖ്യ, ഭക്ഷണച്ചെലവുകള്‍ വഹിക്കുന്നതിലേക്കായി സര്‍ക്കാര്‍ അനുവദിക്കുന്നതാണ്. ഇങ്ങനെ ബന്ധുത്വത്തിന് നിയുക്തരാവുന്ന സഖാക്കന്മാര്‍ 'ഉയിഗര്‍ വംശജരുടെ വീടുകള്‍ക്കുള്ളില്‍ മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ക്കുള്ളില്‍കൂടിയാണ് അധിവസിക്കുന്നത് ' എന്നാണ് പാര്‍ടി പത്രം മുഖപ്രസംഗമെഴുതിയത്. 

ഗവണ്മെന്റ് ഉയിഗൂര്‍ - ഹാന്‍ മിശ്രവിവാഹങ്ങളും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

'ഒന്ന് റാഹത്തായി നിസ്‌കരിക്കാനുള്ള ഒഴിവു തരില്ല ഇവര്‍' -സിന്‍ ജിയാങിലെ ഉറുംബിയില്‍ നിന്നും വന്ന അബ്ദുസാഹിര്‍ യൂനുസ് അമര്‍ഷം കൊണ്ടു. 'പ്രാര്‍ത്ഥിക്കുന്നത് പോട്ടെ, വീട്ടില്‍ പരിശുദ്ധ ഖുര്‍ആന്‍ സൂക്ഷിക്കുന്നതുപോലും കുടുംബത്തെ ഒന്നടങ്കം അപകടത്തിലാക്കി എന്നുവരാം ചിലപ്പോള്‍'. 

യൂനുസ്  ഇസ്താംബുളില്‍ ആണ് ഇപ്പോള്‍ താമസം. ഫോണ്‍ ചെയ്യുമ്പോഴൊക്കെ, 'ആഴ്ചയ്ക്കാഴ്ചയ്ക്ക് വീട്ടില്‍ വന്ന് വിരട്ടിയിട്ടു പോവുന്ന' പാര്‍ടി ലോക്കല്‍ സെക്രട്ടറിയെപ്പറ്റിയുള്ള പരാതിയേ ഉപ്പയ്ക്ക് പറയാനുള്ളൂ എന്ന് യൂനുസ് പറഞ്ഞു. 'ഞങ്ങളുടെ വംശത്തെ അവരുടെതിലേക്ക് അലിയിച്ചു ചേര്‍ക്കുകയാണ് അവരുടെ അന്തിമ ലക്ഷ്യം.. അവരെപ്പോലെ ഞങ്ങള്‍ ഉണ്ണണം, ഉറങ്ങണം, ഉടുക്കണം..' 

ഒരു ദിവസം യൂനുസിന്റെ ഉപ്പയും ഉമ്മയും സഹോദരനും തടങ്കലിലായതിനുശേഷം വീട്ടില്‍ പെങ്ങളും അഞ്ചുവയസ്സുള്ളൊരു കുഞ്ഞനുജനും മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഒരു സുപ്രഭാതത്തില്‍ പരിസരവാസിയായ ഒരു പാര്‍ട്ടി അനുയായി ബലാല്‍ക്കാരമായി വന്നു താമസമാക്കിയത്രേ അവരോടൊപ്പം ആ വീട്ടില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം. ഇസ്ലാമിക് വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുന്ന ഉയിഗൂര്‍ വംശജരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങള്‍ പരപുരുഷന്മാര്‍ക്കു മുന്നില്‍ വരുന്നത്, അവര്‍ക്കൊപ്പം ഒരേ മേല്‍ക്കൂരയ്ക്ക് ചുവട്ടില്‍ ഉണ്ടുറങ്ങുന്നത് ഒക്കെ  സങ്കല്‍പിക്കാന്‍ പോലുമാവാത്ത ഒന്നാണ്. വീട്ടിലെ പുരുഷന്മാരെ ഒന്നടങ്കം കരുതല്‍ തടങ്കലുകളില്‍ അടച്ചുകഴിയുമ്പോള്‍ സംഭവിക്കുന്നതും അതേ ദുരവസ്ഥ തന്നെയാണ്. 

പ്രവാസികളായ ഉയിഗൂര്‍ മുസ്ലീങ്ങള്‍ ഒട്ടു ഭീതിയോടെ ഈ മാറ്റങ്ങള്‍ കാണുന്നു

ഈയടുത്തായി ചൈനീസ് ഗവണ്മെന്റ് ഉയിഗൂര്‍ - ഹാന്‍ മിശ്രവിവാഹങ്ങളും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന അന്നുതൊട്ട് അഞ്ചുവര്‍ഷത്തേക്ക് പതിനായിരം യുവാന്‍ വെച്ച് വര്‍ഷാവര്‍ഷം  സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട് പ്രോത്സാഹനമായി. ഇങ്ങനെ വിവാഹിതരായും അല്ലാതെയും പരസ്പരം ഇഴചേര്‍ന്നു ജീവിക്കുന്ന ഹാന്‍-ഉയിഗൂര്‍ കുടുംബങ്ങള്‍ മേഖലയിലെ തീവ്രവാദ ഭീഷണിക്ക് അയവുവരുത്തുമെന്നും ജനങ്ങളെ ഒരുമിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പരസ്പരം ആചാരങ്ങളെ ബഹുമാനിക്കാനും ഇരുകൂട്ടരും ഈ വ്യവസ്ഥയില്‍ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന്, ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ പൊതുവെ ആചരിക്കുക പതിവില്ലാത്ത  ചാന്ദ്ര വര്‍ഷം പുതിയ സാഹചര്യത്തില്‍ ആഘോഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. വീടുകളില്‍ ബഹുവര്‍ണ്ണറാന്തലുകള്‍ കത്തിച്ചു തൂക്കാനും, ചുവന്ന റിബണുകളാല്‍ വീടലങ്കരിച്ച് ചെങ്കൊടി പാറിച്ച് വിപ്ലവഗാനങ്ങള്‍ ആലപിക്കാനും ഒക്കെ ശീലിക്കുന്നു അവരിപ്പോള്‍.. ആയിരക്കണക്കിന് കാതം അപ്പുറം, അങ്ങ് ഇസ്താംബുളിലിരുന്ന് പ്രവാസികളായ ഉയിഗൂര്‍ മുസ്ലീങ്ങള്‍ ഒട്ടു ഭീതിയോടെ ഈ മാറ്റങ്ങള്‍ കാണുന്നു. 

തീന്മേശയില്‍ തന്റെ അമ്മാവന്റെയൊപ്പം കുഞ്ഞുങ്ങളെയും മടിയിലിരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഹാന്‍ ചൈനീസ് വംശജനെ കണ്ടപ്പോള്‍ തന്റെ ശ്വാസം നേരെ വീണു  എന്ന് അബ്ലികിം അബ്ലീസ് എന്ന മറ്റൊരു പ്രവാസി പറഞ്ഞു. അതിനുമുമ്പ് അദ്ദേഹത്തിന്റെ അമ്മാവന്‍ കുടുംബസമേതം തടങ്കലിലായിരുന്നത്രെ. 'ഒരു ഹാന്‍ ചൈനീസ് ബന്ധുവിനെ അലോട്ട് ചെയ്തു കിട്ടി' എന്നുപറഞ്ഞാല്‍ ഒരു പരിധി വരെ ആ കുടുംബത്തിന് അപായമേതുമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

തന്റെ പെങ്ങളൊരിക്കലും ഇങ്ങനൊരു അതിഥിയെ താമസിപ്പിക്കാന്‍ സ്വമനസ്സാലേ അനുമതികൊടുക്കില്ല എന്ന് ഇദ്‌രീസിനുറപ്പുണ്ട്. എങ്ങനെയെങ്കിലും തന്റെ അവശേഷിച്ച കുടുംബാംഗങ്ങളെക്കൂടി ഇസ്താംബുളിലേക്ക് കൊണ്ടുവരാനുള്ള രേഖകള്‍ തയ്യാറാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ഇദ്‌രീസ്. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ ഒന്നിനുപിറകെ ഒന്നായി, അകാരണമായി നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നയാള്‍  പറയുന്നു. 

കഴിഞ്ഞ മാസം ഇദ്‌രീസിന്റെ രണ്ടുപെങ്ങന്മാരും  WeChat'ല്‍ നിന്നും ഇദ്രിസിനെ നീക്കം ചെയ്തു. ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ അമ്മായിയും.. ഒരുവര്‍ഷമായി ഇദ്രിസ് അവരോടൊക്കെ ഒന്ന് മിണ്ടിയിട്ട്.. ഉള്ളില്‍ തിക്കുമുട്ടുന്ന ഹൃദയത്തോടെ ഇദ്‌രീസ് ഉത്കണ്ഠാകുലനാകുന്നു, തന്റെ പെങ്ങന്മാര്‍ക്കും അവരുടെ പുതിയ ബന്ധുക്കള്‍ക്കുമെല്ലാം നാട്ടില്‍ സുഖം തന്നെയോ എന്തോ..!

 

Courtesy: AP

Latest Videos
Follow Us:
Download App:
  • android
  • ios