ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയവരില്‍ ഒരാള്‍ തകര്‍ന്നടിഞ്ഞത് എങ്ങനെയാണ്?
വ്യവസായലോകത്തെ ഈ ഹീറോ ഇനി ഇരുമ്പഴി എണ്ണുമോ? ലോകജാലകം . അളകനന്ദ എഴുതുന്നു.
എന്തായാലും പന്ത് ഇപ്പോള്‍ ലബനന്റെ കോര്‍ട്ടിലാണ്. ലബനന്റെ പോസ്‌റ്റേജ് സ്റ്റാമ്പിലെ മുഖംകൂടിയായ കാര്‍ലോസിന്റെ കാര്യത്തില്‍ ലബനന്‍ ജപ്പാന് വഴങ്ങാന്‍ സാധ്യത കുറവാണ്. കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകാന്‍, ഇനി തികച്ച് 40 ദിവസങ്ങളില്ല.
ജാപ്പനീസ് വ്യവസായലോകത്തെ ഹീറോ, നഷ്ടത്തിലായിരുന്ന നിസാനെ കരകയറ്റിയ ബിസിനസ് വിദഗ്ധന്‍, നിസാന്‍, റെനോ , മിത്സുബിഷി എന്നീ മൂന്ന് ഭീമന്‍മാരുടെ സഖ്യത്തെ നയിച്ച അതിബുദ്ധിമാന്‍, കാര്‍ലോസ് ഖോസന്‍ ജപ്പാനിലെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പുസ്തകത്തിലെ നായകന്‍ വരെയായിട്ടുണ്ട്. ശരിക്കും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച, പക്ഷേ അതുപോലെ അത്ഭുതപ്പെടുത്തുന്ന വീഴ്ചയുമായിരുന്നു അദ്ദേഹത്തിന്‍േറത്. 24 മണിക്കൂറും നിരീക്ഷണത്തിലായിരുന്ന കാര്‍ലോസ് എങ്ങനെ ജപ്പാനില്‍ നിന്ന് പുറത്തുകടന്നുവെന്ന് ജാപ്പനീസ് സര്‍ക്കാരിന് മനസ്സിലായതേയില്ല. കാര്‍ലോസിന്റെ അഭിഭാഷകന് തീരെയും മനസ്സിലായില്ല. ലബനനിലെത്തി കാര്‍ലോസ് തന്നെ അറിയിച്ചപ്പോഴാണ് ജാപ്പനീസ് സര്‍ക്കാരും കാര്യമറിയുന്നത്.
ലബനന്‍ സ്വദേശികളായ അച്ഛനമ്മമാര്‍, ബ്രസീലില്‍ ജനനം, പാരിസില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം. അഞ്ച് ഭാഷകളില്‍ പ്രാവീണ്യം. റെനോയുടെ തെക്കന്‍ അമേരിക്കന്‍ വിഭാഗം നയിക്കാനെത്തിയ കാര്‍ലോസ് ഗോസന്‍ നഷ്ടത്തില്‍ നിന്ന് അതിനെ കരകയറ്റിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. അതുകൊണ്ടാണ് ജപ്പാന്റെ അഭിമാനമായ നിസാന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ നിസാനില്‍ ഓഹരിവാങ്ങിയ റെനോ കാര്‍ലോസിനെത്തന്നെ ജപ്പാനിലേക്ക് വിട്ടത്. പുറംരാജ്യക്കാരെ എപ്പോഴും അവിശ്വസിക്കുന്ന ജപ്പാനിലേക്ക് പിന്‍സ്‌ട്രൈപ്പ് സൂട്ടും സണ്‍ഗ്ലാസസുമായി വിമാനമിറങ്ങിയ കാര്‍ലോസ് വിജയിക്കുമെന്ന് നിസാനില്‍ ആരും കരുതിയില്ല.
35 ബില്യനായിരുന്നു നിസാന്റെ കടം. സ്ഥിരം തൊഴിലാളികളുടെ ശമ്പളം തന്നെ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ. കാറുകളാണെങ്കില്‍ പഴഞ്ചനും.
പക്ഷേ കാര്‍ലോസിന്റെ നിഘണ്ടുവില്‍ പരാജയം എന്ന വാക്കിന് സ്ഥാനമുണ്ടായിരുന്നില്ല. കടുത്ത നടപടികളാണുണ്ടായത് നിസാനില്‍. പല ഫാക്ടറികളും അടച്ചു, 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. നിസാന്റെ ഡിസൈന്‍ തന്നെ മാറ്റി.
ആറുവര്‍ഷത്തിനകം നിസാന്‍ ഹോണ്ടയെ കടത്തിവെട്ടി, ജപ്പാന്റെ രണ്ടാമത്തെ മികച്ച കാര്‍ കമ്പനിയായി. നിസാന്റെ സെഡാനുകളും പിക് അപ് ട്രക്കുകളും എസ് യു വികളും അമേരിക്കന്‍ വിപണി പിടിച്ചടക്കി. 2000 തുടക്കത്തോടെ റെനോ നിസാന്‍ സഖ്യത്തിന്റെ മേധാവിയായി കാര്‍േലാസ്. ഒരേസമയം അത്തരത്തിലെ രണ്ട് കമ്പനികളുടേയും മേധാവിയാകുന്ന ആദ്യത്തെയാളായി. ജപ്പാനില്‍ വിദേശീയരായ ചുരുക്കം പേര്‍ക്കുമാത്രം കിട്ടുന്ന ബഹുമതികള്‍ക്കും അര്‍ഹനായി. ബ്ലൂ റിബണ്‍ മെഡല്‍ കിട്ടുന്ന ആദ്യത്തെ വിദേശിയും. പക്ഷേ നിസാനില്‍ തന്നെ പലര്‍ക്കും ഈ വിജയം അത്ര രുചിച്ചില്ല.
എളിമയുടെ സംസ്‌കാരമാണ് ജപ്പാന്‍േറത്. നേരെ മറിച്ചായിരുന്നു കാര്‍ലോസിന്റെ ജീവിതരീതി. നിസാനിലെ 21,000 ജീവനക്കാരെ പിരിച്ചുവിട്ട് കോസ്റ്റ് കില്ലര്‍ എന്ന പേര് നേടിയെടുത്ത കാര്‍ലോസ് ഖോസന്‍ റിയോ ഒളിമ്പിക്‌സില്‍ സ്‌പോണ്‍സര്‍ഷിപ്പിന് ചെലവഴിച്ചത് 200 മില്യനാണ്. നിസാന്റെ പ്രൈവറ്റ് ജെറ്റുകളില്‍ സഞ്ചാരം, അത് കമ്പനികാര്യങ്ങള്‍ക്കാണെങ്കിലും. ബ്രസീലിലും ബെയ്‌റൂത്തിലും ജപ്പാനിലും നിസാന്റെ ചെലവില്‍ ഫ്‌ലാറ്റുകളും വീടുകളും. ഫ്രാന്‍സിലെ വേര്‍സയ് കൊട്ടാരത്തിലെ ആര്‍ഭാടപൂര്‍ണമായ വിവാഹവിരുന്ന്. നിസാനില്‍ മാത്രമല്ല, ജപ്പാനിലെ വ്യവസായരംഗത്തിനുതന്നെ രുചിക്കാത്ത ജീവിത ശൈലി.
ഏറ്റവും വലിയ അസംതൃപ്തി കാര്‍ലോസിന്റെ ശമ്പളക്കാര്യത്തിലായിരുന്നു. കമ്പനി ഡയറക്ടര്‍മാരുടെ ശമ്പളം വെളിപ്പെടുത്തണമെന്ന നിയമം ജപ്പാനില്‍ നടപ്പിലായത് 2008 ലാണ്. അതിനുശേഷം നിസാന്റെ ഓഹരിയുടമകള്‍ ചേര്‍ന്ന് ഡയറക്ടമാരുടെയെല്ലാംകൂടി ശമ്പളം 27 മില്യനില്‍ കൂടാന്‍ പാടില്ലെന്നും തീരുമാനിച്ചിരുന്നു. പക്ഷേ 2017ല്‍ കാര്‍ലോസിന്റെ മാത്രം ശമ്പളം 16.9 മില്യനായിരുന്നു ടൊയോട്ട ചെയര്‍മാനേക്കാളും പതിനൊന്നിരട്ടി. നിയമവിരുദ്ധമായതുകൊണ്ട് തന്റെ ശമ്പളം കുറവാണെന്ന കണക്കുകളാണ് കാര്‍ലോസ് പുറത്തുവിട്ടിരുന്നത്. സത്യം നിസാനില്‍തന്നെ കാര്‍ലോസിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളു.
പക്ഷേ നിസാനുള്ളില്‍ത്തന്നെ ചോദ്യങ്ങളുയര്‍ന്നു. ഫ്രഞ്ച് സര്‍ക്കാരിനു ഓഹരിയുള്ള റെനോയിലും പുരികങ്ങള്‍ ചുളിഞ്ഞു. അതുമാത്രമല്ല, കാര്‍ലോസ് നിസാനുവേണ്ടി റെനോയുടെ സാധ്യതകള്‍ ബലികഴിക്കുന്നു എന്ന് റെനോയും നിസാന്റെ സാങ്കേതികമികവുകള്‍ റെനോ മുതലെടുക്കുന്ന എന്ന് നിസാനും വിശ്വസിച്ചുതുടങ്ങി. അതിനിടെയാണ് നിസാന്‍ ചില ആരോപണങ്ങള്‍ നേരിട്ടതും കാറുകള്‍ പിന്‍വലിക്കേണ്ടിവന്നതും. അതിന്റെ കുറ്റം തലയിലേറ്റിയത് കമ്പനി ചീഫ് എക്‌സിക്യൂട്ടിവായ ഹിരോതോ സയ്കാവ ആണ്. കാര്‍ലോസിനെ കാണാനുണ്ടായിരുന്നില്ല. ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം നേരത്തെതന്നെ ഒഴിഞ്ഞ കാര്‍ലോസ് റെനോയിലെയും കുറേ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞിരുന്നു, വിശ്രമജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു കാര്‍ലോസ് എന്നു പറയുന്നു, മകള്‍.
അതിനുശേഷമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായത്. കാര്‍ലോസിന്റെ സാമ്പത്തിക തിരിമറികള്‍ എന്ന പേരില്‍ ശമ്പളത്തിന്റെ തെളിവുകളടക്കം ചിലര്‍ പുറത്തുവിട്ടു. അതോടെ നിസാന്‍ കമ്പനിതന്നെ പ്രോസിക്യൂട്ടര്‍മാരെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാര്‍ലോസിന്റെ സുഹൃത്തുക്കളും അറസ്റ്റിലായി. അതും അതീവരഹസ്യമായി.
വിമാനമിറങ്ങുന്ന കാര്‍ലോസിനെ കാത്തുനിന്ന ഡ്രൈവര്‍ ഇക്കാര്യം അറിഞ്ഞത് മണിക്കൂറുകള്‍ക്കുശേഷമാണ്. വീട്ടില്‍ കാത്തിരുന്ന മകളും അതു തന്നെ. വധശിക്ഷക്കു വിധിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ജയില്‍ മുറിയില്‍ താമസം. ലൈറ്റുകള്‍ അണക്കില്ല, രാജ്യത്തിന്റെ വിദേശീയനായ ശത്രുവെന്ന പോലെയായിരുന്നു കാര്യങ്ങളെന്ന് കാര്‍ലോസിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ആരോപണങ്ങളെല്ലാം കാര്‍ലോസ് നിഷേധിച്ചിരുന്നു. നിസാനില്‍ തന്നെയുള്ളവര്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നു എന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.
മാര്‍ച്ചില്‍ കാര്‍ലോസിനെ ജാമ്യത്തില്‍ വിട്ടു. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലേക്ക്. പുറംലോകവുമായി ഒരു ബന്ധവുമില്ല, നാല പാസ്‌പോര്‍ട്ടുകളും അഭിഭാഷകന്റെ കസ്റ്റഡിയില്‍. വളരെ ദുര്‍ബലമായ കേസ് എന്നൊക്കെ എല്ലാവരും പറഞ്ഞെങ്കിലും ജാപ്പനീസ് നീതിന്യായ വ്യവസ്ഥയുടെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമായിരിക്കും എന്നായിരുന്നു വിധിയെഴുത്ത്.
എന്തായാലും അതിനൊന്നും കാത്തിരിക്കാതെ കാര്‍ലോസ് രക്ഷപ്പെട്ടു. സ്വദേശമായ ലബനനിലേക്ക്. അതും തുര്‍ക്കി വഴി. ഇതറിഞ്ഞ് തുര്‍ക്കിയില്‍ അറസ്റ്റുകള്‍ പൊടിപൊടിച്ചു, കുറ്റക്കാരനെന്ന മുന്‍ധാരണയും വിവേചനവും മനുഷ്യാവകാശലംഘനവും ഒക്കെയുള്ള ജാപ്പനീസ് നീതിന്യായവ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടുകയാണ് താന്‍ ചെയ്തതെന്നാണ് ഗോസ്‌ന്റെ വിശദീകരണം.
സ്വകാര്യ സെക്യൂരിറ്റി കമ്പനിയാണ് കാര്‍ലോസിനെ ജപ്പാനില്‍നിന്ന് കടത്തിയതെന്നാണ് നിഗമനം. മാസങ്ങളെടുത്തുകാണും അത് ആസൂത്രണം ചെയ്യാന്‍.
ലബനണും ജപ്പാനുമായി കുറ്റവാളികളെ കൈമാറാനുള്ള ധാരണയില്ല. പക്ഷേ ഖോസനെ കൈമാറണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇതിനായി ഔദ്യോഗികമായി അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് ലബനണ്‍. അപേക്ഷ കിട്ടിയാല്‍ 40 ദിവസത്തിനകം ജപ്പാനുമായി ധാരണയിലെത്തണമെന്നാണ് ലബനന്റെ നിയമം. എങ്കിലും സ്വന്തം പൗരന്‍മാരെ വിട്ടുകൊടുക്കാന്‍ ലബനന്‍ തയ്യാറായേക്കില്ല. അതുകൊണ്ട് വിചാരണ നേരിടേണ്ടിവന്നാല്‍ അത് ലബനനില്‍തന്നെയാകാമെന്നും കാര്‍ലോസിന്റെ അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നു.
കാര്‍ലോസ് രക്ഷപ്പെട്ടതോടെ അമ്പരന്നുപോയ ജപ്പാന് മറ്റൊരു തിരിച്ചടിയായിരുന്നു ജപ്പാന്റെ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള കാര്‍ലോസിന്റെ വിമര്‍ശനങ്ങള്‍. തങ്ങളുടെ നീതിന്യായ വ്യവസ്ഥ പരിഷ്‌കരിക്കാന്‍ തയ്യാറെന്നാണ് ഇപ്പോള്‍ ജപ്പാന്റെ നിലപാട്. തെറ്റുകുറ്റങ്ങള്‍ ഉണ്ടെന്ന് വിശദീകരിക്കാനൊന്നും തയ്യാറായില്ലെങ്കിലുംപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് അറിയിച്ചിരിക്കയാണ് നീതി ന്യായ മന്ത്രി.
ജപ്പാനിലെ നീതിന്യായ വ്യവസ്ഥ കുറച്ച് വ്യത്യസ്തമാണ്. കുറ്റം നിര്‍ണയിച്ച്, ശിക്ഷ വിധിക്കുന്നതല്ല അവിടത്തെ രീതി. പകരം സ്വന്തം തെറ്റ് ബോധ്യപ്പെടുത്തി, പശ്ചാത്താപത്തിന് പ്രേരിപ്പിച്ച് , വീണ്ടും സമൂഹത്തിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറാക്കുക, അതാണ് ജപ്പാനിലെ പ്രോസിക്യൂട്ടര്‍മാര്‍ ചെയ്യുന്നത്. കുറ്റവാളി അതിന് തയ്യാറായാല്‍ ശിക്ഷ ഇളവുചെയ്യാനും പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിയും. വിചാരണ വരെയത്തുന്നത് വലിയ കുറ്റങ്ങള്‍ ചെയ്തവര്‍ മാത്രമാണ്. പക്ഷേ കാര്‍ലോസ് ഖോസന്റെ കാര്യത്തില്‍ നിസാന്‍ കമ്പനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടേക്കും. അപ്പോള്‍ കാര്യങ്ങള്‍ കാര്‍ലോസിന് അനുകൂലമാവില്ല.
എന്തായാലും പന്ത് ഇപ്പോള്‍ ലബനന്റെ കോര്‍ട്ടിലാണ്. ലബനന്റെ പോസ്‌റ്റേജ് സ്റ്റാമ്പിലെ മുഖംകൂടിയായ കാര്‍ലോസിന്റെ കാര്യത്തില്‍ ലബനന്‍ ജപ്പാന് വഴങ്ങാന്‍ സാധ്യത കുറവാണ്. കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകാന്‍, ഇനി തികച്ച് 40 ദിവസങ്ങളില്ല.