നാട്ടില്‍ മുതലിറക്കാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
എനിക്കും ചിലതു പറയാനുണ്ട്: റഫീസ് മാറഞ്ചേരി എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
നാട്ടിലേക്ക് തിരിച്ചു പോകണം, എന്തെങ്കിലും സംരംഭം തുടങ്ങണം, കുടുംബത്തോടൊപ്പം കഴിയണം. ഗള്‍ഫിലെ ആദ്യരാത്രി മുതല്‍ ഓരോ പ്രവാസിയും കണ്ടുതുടങ്ങുന്ന സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്ക് പിന്നെ പ്രായമേറും, പതിറ്റാണ്ടുകള്‍ പിന്നിട്ടാലും അതങ്ങിനെ ഉള്ളില്‍ കൊണ്ട് നടക്കും. ഓരോ അവധിക്കാല യാത്രകളിലും അതിന്റെ നിറങ്ങള്‍ക്കും ഭാവങ്ങള്‍ക്കും വിത്യാസം വന്നാലും തിരിച്ചു പോക്കെന്ന സ്വപ്നം മായാതെ നില്‍ക്കും.
ആരിലാണ് ഈ സ്വപ്നം പൂവണിഞ്ഞിട്ടുള്ളത്? എത്ര പേരുടെ സംരഭങ്ങളാണ് വിജയക്കൊടി പാറിച്ചിട്ടുള്ളത് ചുറ്റുവട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ.. അപൂര്‍വ്വം ചില വിജയഗാഥകളും നിലനില്‍പിനായി കേഴുന്ന ബഹുഭൂരിപക്ഷം സംരംഭങ്ങളും വീണ്ടും പ്രവാസത്തിലേക്ക് പറിച്ചു നട്ട കഥകളും അറിയാന്‍ കഴിയും. അതിനോടൊപ്പം പതിറ്റാണ്ടുകളുടെ സമ്പാദ്യം കൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിയുന്നത് കാണുമ്പോള്‍ മരണമല്ലാതെ മറ്റൊന്നിനു മുമ്പില്‍ കീഴടങ്ങാന്‍ താത്പര്യമില്ലാതെ മടങ്ങിയവരുടെ എണ്ണം ഒരുപാടുണ്ട്.
പല സംരംഭങ്ങളുടെയും തകര്‍ച്ചയുടെയും ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നാല്‍ അവിടെയെല്ലാം ഉദ്യോഗസ്ഥ, രാഷ്ട്രീയ, അധികാര ലോബികളുടെ സാന്നിധ്യം കാണാന്‍ കഴിയും. ഗള്‍ഫിലെ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലെ നേര്‍വഴികളിലൂടെ വര്‍ഷങ്ങള്‍ പലതും സഞ്ചരിച്ച് ശീലിച്ചവര്‍ക്ക് പിന്നാമ്പുറ കതകിലൂടെ അനുമതികളും നോട്ടുകെട്ടിന്റെ കനത്തില്‍ ആശീര്‍വാദങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൊണ്ട് സംരക്ഷണവും നേടിയെടുക്കാന്‍ അറിയാതെ പോകുമ്പോള്‍ നാട്ടിലൊരു സംരംഭമെന്ന സ്വപ്നത്തിന്റെ കഴുത്തില്‍ പിടിവാശികളുടെ കയറു മുറുകുന്നു.
ഈ പ്രശ്‌നങ്ങളിലൊന്നും മുഖ്യധാരാ പ്രവാസി സംഘടനകള്‍ ചെറു വിരലനക്കുന്നില്ല എന്നതാണ് സങ്കടകരം. ദിനംപ്രതി ചെറുതും ചെറുതും വലുതുമായ ഒട്ടനേകം രാഷ്ട്രീയ നേതാക്കളാണ് പ്രവാസികള്‍ വിരിച്ച സുപ്രയിലിരുന്നു വിരുന്നുണ്ടും തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടങ്ങളെ നോക്കി നിങ്ങളാണ് ഞങ്ങളുടെ നട്ടെല്ലെന്നും പറഞ്ഞു ഏമ്പക്കം വിട്ടും തിരിച്ചു പറക്കുന്നത്. വലിയവര്‍ക്കൊപ്പമുള്ള സെല്‍ഫി എടുപ്പും അവാര്‍ഡ് വിതരണവും മെഗാ സ്‌റ്റേജ് ഷോ പ്രോഗ്രാമുകളുമല്ലാതെ മറ്റൊന്നിനും താത്പര്യമില്ലാതെ ബഹുഭൂരിപക്ഷം വരുന്ന പ്രവാസി നേതാക്കളും തുടരുമ്പോള്‍ സാധാരണ പ്രവാസിക്ക് വേണ്ടി സംസാരിക്കാനുള്ള നാവുകള്‍ ഇല്ലാതെ പോകുന്നു.
തകര്‍ന്ന സ്വപ്നങ്ങള്‍ക്കൊപ്പം ജീവനും സമര്‍പ്പിച്ച ഓരോ മുന്‍പ്രവാസികളും ഒരു ഓര്‍മ്മപ്പെടുത്തലാണ്. കലാ സാംസ്‌കാരിക മേഖലയിലും ആരോഗ്യ സാന്ത്വന മേഖലയിലും ഓരോ കൂട്ടായ്മകളും അവരുടേതായ രീതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നാടിന്റെ അഭിവൃദ്ധിയില്‍ നല്ല രീതിയില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ വിസയില്ലാതെ കൂടെ നില്‍ക്കുമെന്നുറപ്പുള്ളവര്‍ക്ക് മാത്രം പിന്തുണ നല്‍കാനും നേരിടുന്ന പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ആശയവും ദേശവും മാറ്റി വെച്ച് പ്രവാസി എന്ന ഒറ്റക്കൊടിയുടെ പിന്നില്‍ നിന്ന് അവയ്ക്കെതിരെ പ്രതികരിക്കാനും തയ്യാറാവണം. അല്ലെങ്കില്‍ ഇനിയും സ്വപ്നങ്ങള്‍ തകരും; കൂടെ പതിറ്റാണ്ടുകള്‍ വെയില് കൊണ്ട ജീവനും പോകും. ഡ്രാഫ്റ്റ് കാത്തിരുന്ന നമ്മുടെ വീട്ടുകാര്‍, അല്ലലറിയിക്കാതെ വളര്‍ത്തിയ മക്കള്‍ക്കൊപ്പം വിധവാ പെന്‍ഷനായി അലയേണ്ടി വരരുത്!
എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം