പാക്കിസ്താനി ചോദിച്ചു, മമ്മുട്ടിയെയോ  മോഹന്‍ലാലിനെയോ ഇഷ്ടം?

ദേശാന്തരത്തില്‍ ഇന്ന് റാസ് അല്‍ ഖൈമ വിശേഷങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതുന്നു

Ras al khaimah  Desantharam by Smith Anthikkad

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Ras al khaimah  Desantharam by Smith Anthikkad

 

ഉം അല്‍ ഖുവൈനിലെ കടലോരത്തുള്ള വില്ലയ്ക്ക് പിറകില്‍ കാണുന്ന നീല നിറമുള്ള മലനിരകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ പേര് ആദ്യം കേള്‍ക്കുന്നത്. റാസ് അല്‍ ഖൈമ!

നാട്ടില്‍ കാണാത്ത ആകൃതികളോടെ ചന്ദ്രനുദിക്കുന്ന നേരങ്ങളിലാണ് മലനിരകള്‍ തെളിഞ്ഞു വരിക. പകല്‍ അവ്യക്തമായ നിഴല്‍ ചിത്രങ്ങളായി അവ എപ്പോഴും അവിടെയുണ്ടായിരുന്നെങ്കിലും. 

പരിചയക്കാരും ബന്ധുക്കളും പക്ഷെ അധികവും ഷാര്‍ജയിലും ദുബായിലും ആയതിനാല്‍ റാസ് അല്‍ ഖൈമ യാത്രകളിലൊന്നും വന്നില്ല. ഇരുണ്ട നിഴല്‍നിരകളായി അവ മനസ്സിലെവിടെയോ മറഞ്ഞുകിടന്നു.

അച്ഛന് ഒരു വിസകാര്യം വന്നപ്പോഴാണ്, റാസ് അല്‍ ഖൈമയില്‍ നിന്നും സുരേഷേട്ടന്‍ വിളിച്ചത്. പരിചയമുള്ള ഒരു അറബിയുടെ ടാക്‌സി ഒഴിവുണ്ടെന്നും വേണേല്‍ നമുക്ക് ആ വിസ എടുക്കാമെന്നും നീ സൗകര്യം പോലെ ഇവിടെക്കൊന്നു വരാനും പറഞ്ഞതോടെ റാസ് അല്‍ ഖൈമയിലേക്കുള്ള യാത്രയ്ക്കുള്ള സമയമായി.

വ്യാഴാഴ്ച വൈകീട്ട് ഷാര്‍ജയില്‍ നിന്നും ടാക്‌സിയില്‍ ഉം അല്‍ ഖുവൈനില്‍ എത്തുക. അവിടെ നിന്നും ദുബായ് -റാസ് അല്‍ ഖൈമ ഹൈവെയില്‍ നിന്നാല്‍ ഏതെങ്കിലും വണ്ടിയില്‍ ലിഫ്റ്റ് കിട്ടും. അതാണ് എളുപ്പം. 

ഷാര്‍ജയില്‍ നിന്നും നേരിട്ട് റാസ് അല്‍ ഖൈമയ്ക്ക് ഷെയര്‍ ടാക്‌സി കിട്ടാന്‍ പാടാണ്. യാത്രക്കാര്‍ തീരെ കുറവായിരിക്കും. കേട്ടിടത്തോളം ആരും ഒഴിവു ദിവസങ്ങളില്‍ പോകാന്‍ ആഗ്രഹിക്കാത്ത പഴയ ഒരു നാട്ടിന്‍പുറം പോലെയുള്ള ഒരു എമിറേറ്റ് ആണത്. ചുണ്ണാമ്പ് മലകളുടെ നാട്. റാസ് അല്‍ ഖൈമ. വലിയ പാറ കല്ലുകള്‍ ട്രക്കുകളില്‍ അവിടെ നിന്നും യുഎ ഇയുടെ പല എമിറേറ്റുകളിലേയ്ക്കും കൊണ്ട് പോകുന്നത് കാണാം. ആകര്‍ഷണീയമായി ഒന്നും അവിടെയുള്ളതായി ആരും അതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അന്ന് ഷാര്‍ജയില്‍ ഒരു അഡ്വേര്‍ടൈസിംഗ് കമ്പനിയില്‍ ആയിരുന്നു ജോലി. വ്യാഴാഴ്ച വൈകീട്ട് കുറച്ചു നേരത്തെ ഇറങ്ങി ഉം അല്‍ ഖുവൈന്‍ എത്തിയിട്ടും കുറെ നേരം നിന്നതിനു ശേഷമാണ് ഒരു പാകിസ്താനിയുടെ പിക്അപ്പ് കിട്ടിയത്. അയാള്‍ ദുബൈയില്‍ നിന്നും പുല്ലുകെട്ടുകളും കൊണ്ട് വരായിരുന്നു. 

അയാള്‍ കൈനീട്ടി ഡോര്‍ തുറന്നു തന്നു. പിന്നെ ചിരിച്ചു കൊണ്ട് മലബാറി എന്നും.

'സുഖമാണോ?'

കൊഞ്ചിയ മലയാളത്തില്‍ അയാള്‍ എന്നെ അത്ഭുതപ്പെടുത്താനുള്ള ശ്രമമാണ്. ഞാന്‍ ചിരിച്ചു.

'അതെ.' 

ഗള്‍ഫില്‍ വന്നതിനുശേഷം മലയാളം പറഞ്ഞു എന്നെ അത്ഭുതപ്പെടുത്തുന്ന രണ്ടാമത്തെ പാക്കിസ്ഥാനി ആണിയാള്‍. മുന്‍പ് ഉം അല്‍ ഖുവൈനിലെ ഡ്രൈവിംഗ് ഉസ്താദ്, പേരിപ്പോള്‍ ഓര്‍മയില്ല.

കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നതും അയാള്‍ പറഞ്ഞു, 'സീറ്റ് ബെല്‍റ്റ് ഇടൂ..'

ഞാന്‍ ബെല്‍റ്റ് ഇട്ടു.

'നാട്ടില്‍ എവിടെ?'

'തൃശൂര്‍...'

'ഉം.' അയാള്‍ മൂളി.

'ഞാന്‍ തിരുവനന്തപുരം.' അയാള്‍ പറഞ്ഞു.

ഞാന്‍ തല കുലുക്കി. വണ്ടി ഓടി തുടങ്ങിയപ്പോള്‍ അയാള്‍ പാട്ടു വെച്ചു.

'നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍
മുടിയില്‍..,'-അയാള്‍ പാട്ടിനൊപ്പം പാടി.

'മമ്മുട്ടിയെയോ മോഹന്‍ലാലിനെയോ ഇഷ്ടം?' 

അയാള്‍ ചോദിച്ചു. 

'മോഹന്‍ലാല്‍', ഞാന്‍ പറഞ്ഞു. 

പിന്നെ അയാള്‍ 'കണ്ണീര്‍ പൂവിന്റെ കവിളില്‍...'എന്ന പാട്ടു മൂളാന്‍ തുടങ്ങി. പിന്നെ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. 

'ഞാന്‍ ബലൂചി ആണ്...'അത് ഞാന്‍ ആദ്യം കേള്‍ക്കുന്ന പേരായിരുന്നു. എന്താണ് ബലൂച്ചിയെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ ചിരിച്ചു. അയാളും. പിന്നെ വൈകീട്ട് അച്ഛനാണ് ഉസ്താദ് ബലൂചിയെകുറിച്ചു പറഞ്ഞു തന്നത്.

'എവിടെ ജോലി..'

പാക്കിസ്ഥാനി വിടാന്‍ ഭാവമില്ല. ഒറ്റയ്ക്കിരുന്നു മുഷിഞ്ഞതിന്റെ മടുപ്പുണ്ടായിരിക്കാംഅയാള്‍ക്ക്. 

ഞാന്‍ ജോലി പറഞ്ഞു.

'ഷാദി..?'

ഇല്ലെന്നു പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തു അവിശ്വാസനീയത നിറഞ്ഞു. അയാള്‍ പിന്നെ അയാളുടെ കുടുംബത്തെ കുറിച്ചു പറയാന്‍ തുടങ്ങി. പിന്നെ അയാളുടെ നാടിനെ കുറിച്ച്. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത്
അയാള്‍ക്കൊരു വിഷയമേ അല്ലായിരുന്നു. 

ദീര്‍ഘയാത്രകളില്‍ അതൊരു പക്ഷെ അവരുടെ ശീലമായിരിക്കാം. തനിച്ചു സംസാരിക്കുക. മറ്റൊരാളോട് ആണെങ്കില്‍ പോലും തനിച്ചെന്നവണ്ണം സംസാരിക്കുക. ഞാന്‍ പിറകിലേക്ക് ഓടി മറയുന്ന മണല്‍പരപ്പിന്റെ കാഴ്ചകളില്‍ ആയിരുന്നു. തിരമാല പോലെ നീണ്ടു കിടക്കുന്ന മരുക്കടല്‍.  പോക്കുവെയിലില്‍ മണല്‍ക്കാട് വശ്യമായൊരു കാഴ്ചയാണ്.  സ്വര്‍ണ്ണതിരമാലകളുടെ ഒരു കടല്‍.

റാസ് അല്‍ ഖൈമയുടെ ടാക്‌സി സ്റ്റാന്‍ഡിന് അരികില്‍ അയാള്‍ വണ്ടിയൊതുക്കി. എനിക്ക് പോകേണ്ട സ്ഥലം അയാള്‍ ആദ്യമേ ചോദിച്ചറിഞ്ഞിരുന്നു. അയാള്‍ ആ വഴി അല്ലെന്നും ദിഗ്ദാക്കയില്‍ ശൈഖിന്റെ ഫാമിലേയ്ക്കുള്ള പുല്ലാണിതെന്നും അയാള്‍ പറഞ്ഞിരുന്നു. പിന്നെ എനിക്ക് പോകേണ്ട സ്ഥലത്തേയ്ക്ക് എങ്ങിനെ എത്താമെന്നും.

ഖുദാ ഹഫീസ്..' അയാള്‍ കൈകള്‍ നീട്ടി. ഞാനും.

''ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും കയറിയാല്‍ അവര്‍ നഖീലില്‍ ഇറക്കും. അവിടെ നിന്നും ടാക്‌സിയില്‍ ഫയര്‍ സ്റ്റേഷന്റെ അരികില്‍, അല്‍ വാദി സ്റ്റുഡിയോ എന്ന് പറഞ്ഞാല്‍ മതി. ഞാന്‍ ഇവിടെ ഉണ്ടാകും'-വഴി പറഞ്ഞു തന്ന് സുരേഷേട്ടന്‍ ഫോണ്‍
വെച്ചു. നഖീലിലേയ്ക്കുള്ള ഷെയര്‍ ടാക്‌സി കാത്ത് ഞാന്‍ റോഡരികില്‍ നിന്നു.

പഴയ നരച്ച ഒരു നാട്ടിന്‍പ്പുറം പോലെ റാസ് അല്‍ ഖൈമ. മഞ്ഞച്ച ചായമടിച്ച 3/ 4 നിലയുള്ള കെട്ടിടങ്ങള്‍ ഷാര്‍ജയില്‍ നിന്നും വന്ന എന്നെ നിരാശപ്പെടുത്തി. പ്രായമായ കുറച്ചു അറബികള്‍ ടാക്‌സി സ്റ്റാന്‍ഡിന് അരികില്‍ ഹുക്ക വലിച്ചു ഇരിക്കുന്നുണ്ട്. അവരാണ് ദുബൈയിലേക്ക് ഉള്ള യാത്രക്കാരെ കൊണ്ട് പോകുന്നത്. പിന്നെ കുറച്ചു പാഠാണികള്‍. അവരും ടാക്‌സി തന്നെ.

തിരക്കൊഴിഞ്ഞ പാത. കുറച്ചു നേരത്തിനുള്ളില്‍ ടാക്‌സി കിട്ടി. ഒറ്റപ്പെട്ട കെട്ടിടങ്ങള്‍. ഗ്രോസറികള്‍. പിന്നെയും ചെറിയ തെരുവുകള്‍, ഇടയ്ക്ക് വണ്ടി നിര്‍ത്തുമ്പോള്‍ മസാല നിറച്ച ഇറച്ചി വേവുന്ന മണം..തിരക്കുക്കൂട്ടി നീങ്ങുന്ന ആള്‍ക്കൂട്ടം.
അതിനിടയില്‍ ഒരു പാലവും. ഗള്‍ഫില്‍ ഏറ്റവും കുറവുള്ള കാര്യമായി തോന്നിയിട്ടുള്ളത് അതാണ്. പാലങ്ങള്‍. നമ്മുടെ 
നാടിനെ വെച്ച് നോക്കുമ്പോള്‍,പ്രത്യേകിച്ചും.

നഖീല്‍ ഇവിടെ കടന്നു പോന്നതില്‍ വെച്ച് ഭേദപ്പെട്ട ഒരു ബസാര്‍ ആണ്. കുറേക്കൂടി ആളുകള്‍. കൂടുതലും മലയാളികള്‍. പട്ടണത്തിനു നടുവില്‍ തന്നെ ഒരു സിനിമ ടാക്കീസ്. 

അടുത്ത് കണ്ട കടയില്‍ കയറി മത്താഫി എവിടെയെന്ന് തിരക്കി. പരിചയമില്ലെന്നു കൊണ്ടാവാം അയാള്‍ അടുത്തുള്ള ടാക്്‌സിക്കാരനെ എനിക്ക് വേണ്ടി ഏര്‍പ്പാടാക്കി. നഖീലില്‍ നിന്നും അധികം ദൂരെയല്ല ജൂലാന്‍. 

''ദുബൈയില്‍ നിന്നാണോ..''-ടാക്‌സിക്കാരന്‍ മലയാളി ആയിരുന്നു. കുന്നംകുളത്തുകാരന്‍.

അയാള്‍ കൃത്യം അല്‍ വാദിയുടെ മുന്‍പില്‍ കൊണ്ട് ചെന്ന് നിര്‍ത്തി തന്നു. 

അലസമായ ഒരു നാട്ടിന്‍പുറം പോലെ ജൂലാന്‍. അകത്തെ ഡാര്‍ക്ക് റൂമിന് അരികില്‍ സുരേഷേട്ടന്‍. ഏതോ ഫോട്ടോയുടെ ഫിനിഷിങ് തിരക്കിലായിരുന്നു. അതിനിടയിലും വിശേഷങ്ങളും നാട്ടുകാര്യങ്ങളും അച്ഛന്റെ സുഖ വിവരങ്ങളും. 

ഫോട്ടോ തയ്യാറാക്കി ബിജുവിനെ ഏല്‍പ്പിച്ചു. 

'നമുക്കെന്നാ ഇറങ്ങിയാലോ' എന്നായി സുരേഷേട്ടന്‍. 

ആദ്യമേ അറബിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇന്ന് വൈകിയാലും പാസ്‌പോര്‍ട്ട് കോപ്പിയുമായി ചെല്ലാമെന്നും ഏറ്റിരുന്നു.  റംസിലാണ് അറബിയുടെ വീട്. നല്ല മനുഷ്യനാണ്. 

സുരേഷേട്ടന്‍ വളരെ നാളായി റാസ് അല്‍ ഖൈമയിലാണ്. സ്റ്റുഡിയോ ആണ്. അറബികള്‍ക്കിടയിലും അല്‍ വാദി സ്റ്റുഡിയോ പ്രശസ്തമാണ്. നന്നായി അറബ് സംസാരിക്കും. സുരേഷേട്ടന്റെ ക്ലയന്റ് ആണ് ഈ അറബി.

റാസ് അല്‍ ഖൈമയിലെ രാത്രി. 

യുഎ ഇ യുടെ പൗരാണിക മുഖമാണ് റാസ് അല്‍ ഖൈമയുടേത്. പഴക്കം ചെന്ന കോട്ടകളും നൂറ്റാണ്ടുകള്‍ക്ക്
മുന്‍പുള്ള ജന സംസ്‌കൃതികളും ഉള്ള നാട്. പുറത്തു ഇരുട്ട് പരന്നിരുന്നു. വിളര്‍ത്തു നനഞ്ഞ ഇരുട്ട്. തിളങ്ങുന്ന പാതകള്‍. വീണ്ടും ഹൈവേ..അത് നേരെ ഷാമിലേയ്ക്കും അവിടെ നിന്ന് ഒമാനിലേക്കും പോകുന്നുവെന്നു സുരേഷേട്ടന്‍ പറഞ്ഞു.

ഇരുട്ടിനു കുറേക്കൂടി കനം വെച്ചിരുന്നു മലനിരകള്‍ ഇപ്പോള്‍ വളരെ അടുത്താണ്. റോഡിനപ്പുറം അത് കറുത്തിരുണ്ടു ഭീമാകാരമായി നിന്നു. ഇടയ്ക്കു വരുന്ന സമതലങ്ങളില്‍ ഇടവിട്ട്  കുറ്റിക്കാട്. വളര്‍ച്ച മുരടിച്ച പോലെ ഉയരമില്ലാത്ത
മരങ്ങള്‍. ഇടയ്ക്കിടയ്ക്ക് അറബികളുടെ പാര്‍പ്പിടങ്ങള്‍. ഷാബിയകള്‍. പല വഴികളായി പിരിയുന്ന വിളക്ക് കാലുകള്‍.

വിജനമായ പാതയിലൂടെ കുറച്ചു ദൂരം വന്നിരിക്കണം. വീണ്ടും മറ്റൊരു ഷാബിയ. പെട്രോള്‍ പമ്പ്. ചെറിയ ഗ്രാമ പാതയിലൂടെ ഓടി വണ്ടി കുറച്ചു വീടുകള്‍ നിറഞ്ഞ ഒരുള്‍വഴിയിലേക്ക് കയറി.

അതാണ് നമ്മുടെ അറബിയുടെ വീടുള്ള ഷാബിയ. 

ആടുകളുടെ പുഴുക്ക മണം നിറഞ്ഞ ഒരിടം. എല്ലാ വീടുകള്‍ക്കും മുന്‍പില്‍ വലിയ കൂടുകള്‍. വണ്ടി ഒതുക്കി നിര്‍ത്തി ഇറങ്ങുമ്പോള്‍ മുന്നിലെ വീടിന്റെ ഉയര്‍ത്തികെട്ടിയ നമ്മുടെ നാട്ടിലെ ഇറയം പോലെയുള്ള ഭാഗത്തിരിക്കുന്ന ഒരു പ്രായമുള്ള അറബിയുടെ നേരെ ചിരിച്ചു സുരേഷേട്ടന്‍ സലാം പറഞ്ഞു. ഞാനും. 

'ഇതാണ് നമ്മുടെ അറബി, അബ്ദുല്ല.'

അറബി ചിരിച്ചുകൊണ്ട് എണീറ്റു. സലാം പറഞ്ഞു കൈനീട്ടി.

'കൈഫ ഹാലക്ക്...'

സുരേഷേട്ടന്‍ അറബിയില്‍ തന്നെ അതിനു മറുപടി പറഞ്ഞു. അറബിയുടെ അരികില്‍ ഇരുന്നു.എന്നോടും ഇരിക്കാന്‍ പറഞ്ഞു. 

ആദ്യമായിട്ടായിരുന്നു ഒരു അറബിയുടെ വീട്ടില്‍. ചുറ്റും ചെറുതും വലുതുമായി കുറച്ചു വീടുകള്‍. ഇടയ്ക്ക് തലമൂടിയ അറബി പെണ്ണുങ്ങളും സിലോണികളും കൈയില്‍ പാത്രങ്ങളുമായി വീടുകള്‍ക്കിടയിലെ ഇരുട്ടിലൂടെ അയല്‍ വീടുകളിലേക്ക് പൊയ്‌കൊണ്ടിരുന്നു. ചില വീടുകളുടെ മുന്‍പില്‍ ഒട്ടകങ്ങള്‍ വലിയ കണ്ണുകള്‍ മിഴിച്ചു രാത്രിയിലേക്ക് നോക്കി കിടന്നു.

കുറച്ചു നേരം സുരേഷേട്ടനും അറബിയും തമ്മില്‍ സംസാരം തുടര്‍ന്നു. അകത്തു നിന്നും ഒരു പയ്യന്‍ വന്നു അറബിയുടെ അടുത്തിരുന്നു. അലി.

അരികില്‍ നിന്നിരുന്ന വീട്ടു ഡ്രൈവറോട് അറബി എന്തോ മന്ത്രിച്ചു. അയാള്‍ അകത്തേക്ക് പോയി. പിറകെ അലിയും. മുറ്റത്തുള്ള, പുളിമരം പോലെ തോന്നിച്ച മരത്തിനിടയിലൂടെ നിലാവ് വീഴാന്‍ തുടങ്ങിയിരുന്നു. അറബിയും സുരേഷേട്ടനും
വേറെ എന്തൊക്കെയോ കാര്യങ്ങളിലാണ് സംസാരം. കൈയും ആംഗ്യവും കാട്ടിയാണ് അറബിയുടെ സംസാരം. ഞാന്‍ ചുറ്റും നോക്കിയിരുന്നു.

നിഴലുകള്‍ കൂടുതല്‍ ഇരുണ്ടു. അകത്തു പോയ ആള്‍ ഒരു ട്രേയില്‍ രണ്ടു ഗ്‌ളാസ്സുകളുമായി വന്നു. അറബി അതെടുത്തു എനിക്കും സുരേഷേട്ടനും നീട്ടി..അറബിയില്‍ എന്തോ പറഞ്ഞു.

സുരേഷേട്ടന്‍ ഗ്‌ളാസ്സില്‍ നിന്നും കുറച്ചു മാത്രം മറ്റൊരു ഗ്‌ളാസ്സിലേയ്ക്ക് പകര്‍ന്നു. പിന്നെ 'കുടിക്കൂ' എന്ന് എന്നോടും. േനര്‍ത്ത് തണുപ്പുള്ള ഗ്ലാസ്സ്. വല്ലാത്തൊരു വാടയുള്ള ഗ്ലാസ്സ് നിറയെ പുളിയും രുചിയും തോന്നാത്ത എന്തോ ഒരു കൊഴുത്ത ദ്രാവകം. 

കണ്ണടച്ചു മുഴുവന്‍ വലിച്ചു കുടിച്ചപ്പോള്‍ അറബിക്ക് കൂടുതല്‍ ചിരി. 'ഇനിയും വേണോ' എന്ന് എന്നോട് ചോദിക്കാന്‍
സുരേഷേട്ടനോട് പറയുന്നത് അറബി അറിയാതെ പോലും എനിക്ക്  മനസ്സിലായി.

എന്റെ ദയനീയഭാവം സുരേഷേട്ടന് പിടികിട്ടിയത് കൊണ്ട് മാത്രം ഞാന്‍ രക്ഷപ്പെട്ടു.

സുരേഷേട്ടന്‍ എണീറ്റു. അറബിയും. പിന്നെയും കൈകള്‍ നീട്ടി യാത്ര പറഞ്ഞു.

തിരിച്ചു വരുമ്പോള്‍ മലനിരകള്‍ക്ക് കൂടുതല്‍ ഭംഗി തോന്നി. മലനിരകള്‍ക്ക് മീതെ നാട്ടില്‍ കാണാത്തത്രയും വലുപ്പത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍.

അച്ഛന്റെ വിസ കാര്യം ശരിയായ സന്തോഷം ഉള്ളില്‍ ഉള്ളതിനാല്‍ എനിക്ക് ആ നിലാവുള്ള രാത്രി ഏറെ പ്രിയപ്പെട്ടതാണ്. പിറ്റേന്ന് തിരിച്ചു വരുമ്പോള്‍ റാസ് അല്‍ ഖൈമ എന്നില്‍ നഷ്ടബോധമൊന്നും ഉണര്‍ത്തിയില്ല. ഷാര്‍ജയുടെ ഒതുക്കത്തിനും
ദുബായുടെ പ്രലോഭനങ്ങള്‍ക്കും മീതെ എന്റെ മനസ്സ് കീഴടക്കാന്‍ മാത്രം ഒന്നും അപ്പോള്‍ റാസ് അല്‍ ഖൈമയില്‍ ഉണ്ടായിരുന്നില്ല.

പിന്നെയും അവിടേക്ക് തിരിച്ചു വരാനും ജീവിതത്തിലെ ഏറ്റവും വേദനാഭരിതവും സ്‌നേഹഭരിതവുമായ വര്‍ഷങ്ങള്‍ അവിടെ ചിലവഴിക്കാനും ഇടവരുമെന്ന് എന്റെ ഭ്രാന്തന്‍ സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിരുന്നുമില്ല. ജീവിതം എപ്പോഴും കരുതി വെക്കുന്നത് അത്തരം ട്വിസ്റ്റുകള്‍ ആയിരുന്നിട്ടുപോലും.

Latest Videos
Follow Us:
Download App:
  • android
  • ios