അരച്ച ചന്ദനത്തിന്റെ ഗന്ധമുള്ള നമ്മുടെ ചേച്ചിയമ്മയെ ഒരിക്കല്‍ കൂടി കണ്ടെങ്കില്‍..
എവിടെയേലും പോകുമ്പോളൊക്കെ അമ്മ വാങ്ങിച്ചു കൊടുത്ത തവിട്ടിൽ വലിയ വെള്ളപ്പൊട്ടുകളുള്ള ചുരിദാറാണ് അവരുടെ വേഷം. സ്ഥിരമായി ഉപയോഗിക്കുന്നവയല്ലാതെ നല്ല ഒന്നു രണ്ട് ചുരിദാറുള്ളതിനെ പെട്ടിക്കുള്ളിൽ അരച്ച ചന്ദനത്തിന്റെ മണം കൊടുത്ത് മയക്കി കിടത്തിയിട്ടുണ്ടാവും.
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
രാത്രിയുടെ അത്ര തന്നെ ഭംഗിയുണ്ട് രജനി ചേച്ചിക്ക്. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് കുഞ്ചുവിന്റെ ചേച്ചിയമ്മയാകാൻ അവരാദ്യമായി വീട്ടിലേക്ക് വരുന്നത്. മുഖത്താകെ ഒരുദാസീന ഭാവവും ശരീരത്തേക്കാൾ ഭാരം തോന്നിക്കുന്ന ആത്മാവ് പേറിയുള്ള നടപ്പും മങ്ങിയ ഒരു ചിരിയുമായി, ഒപ്പമുള്ള കാഴ്ച്ചയിൽ അവരുടെ അമ്മയെന്ന് തോന്നിക്കുന്ന നീണ്ട നരച്ച മുടിയുള്ള സ്ത്രീയുടെ പുറകിലേക്ക് അവരൊതുങ്ങി നിന്നു. കുറച്ചേറെ നേരം നീണ്ടുനിന്ന സംസാരങ്ങൾക്കൊടുവിൽ പുള്ളിക്കാരിയെ അവിടെയാക്കി ആ സ്ത്രീ തിരിച്ചു പോയി. മടിച്ചു മടിച്ചാണെങ്കിലും ഞാനവർക്ക് മുകളിലത്തെ മുറി കാണിച്ചു കൊടുത്തു. അന്നത്തെ മടിയും പേടിയും ഒഴിച്ചു നിർത്തിയാൽ, കൃത്യമായി പറഞ്ഞാൽ പിറ്റേന്ന് കാലത്ത് ആറുമണി മുതൽ ചേച്ചി കുഞ്ചുവിന് പുറകേയുള്ള മാരത്തോൺ ആരംഭിച്ചു.
രണ്ടു വയസ്സാണവനപ്പോൾ. ഇതിനിടയിൽ അമ്മമ്മയുടെ 'മുറുക്കാൻ കഥ' കേൾക്കാനും പൂച്ചപ്പെണ്ണിന്റെ 'മീനിന്റെ വഴിയേ' എന്ന നിലവിളി നാടകത്തിലെ സഹനടിയായും തുടങ്ങി ഒരുവിധം എല്ലാവർക്കും 'അരക്കൈ സഹായം ' എന്ന മുദ്രാവാക്യത്തിലേക്കുള്ള അവരുടെ ഊക്കൻ ചാട്ടം ഒരു സംസ്ഥാന റെക്കോർഡൊക്കെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു. ഇതിനൊക്കെ ഇടയിലുള്ള സ്വയം പ്രഖ്യാപിത അനൗദ്യോഗിക സന്ദർശനങ്ങൾ കുറച്ചപ്പുറത്തുള്ള അവരുടെ ബന്ധുവീട്ടിൽ ഞങ്ങൾ മുറയ്ക്ക് നടത്തിപ്പോന്നിരുന്നു. ഞങ്ങളങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്കും.. കൂട്ടത്തിൽ, പറക്കുന്ന അപ്പൂപ്പൻ താടികളെ കൂടുതൽ ശക്തിയിൽ ഊതി പറപ്പിക്കൽ, വഴിയിലെ മഞ്ഞപ്പൂക്കൾ പറിച്ചു പരസ്പരം പുഷ്പവൃഷ്ടി നടത്തൽ, ഞങ്ങളെ നോക്കി മുരളാൻ നിൽക്കുന്ന കാടൻ പൂച്ചയെ തിരിച്ച് പേടിപ്പിച്ചോടിക്കൽ തുടങ്ങി പല കലാപരിപാടികളും അരങ്ങേറും. ഇങ്ങനെ എവിടെയേലും പോകുമ്പോളൊക്കെ അമ്മ വാങ്ങിച്ചു കൊടുത്ത തവിട്ടിൽ വലിയ വെള്ളപ്പൊട്ടുകളുള്ള ചുരിദാറാണ് അവരുടെ വേഷം. സ്ഥിരമായി ഉപയോഗിക്കുന്നവയല്ലാതെ നല്ല ഒന്നു രണ്ട് ചുരിദാറുള്ളതിനെ പെട്ടിക്കുള്ളിൽ അരച്ച ചന്ദനത്തിന്റെ മണം കൊടുത്ത് മയക്കി കിടത്തിയിട്ടുണ്ടാവും. അതിലേതെങ്കിലുമൊക്കെ പുറംലോകം കാണുന്നത് അവരുടെ വീട്ടിലേക്കുള്ള മിന്നൽ സന്ദർശനങ്ങളിൽ മാത്രമായിരുന്നു.
ഇടയ്ക്കൊക്കെ അവരുടെ അമ്മ തിരിച്ചും ചില വിസിറ്റുകളൊക്കെ നടത്തും. വന്നാലുടനെ ചേച്ചിയെ പിടിച്ചോണ്ട് പുറത്തെ ബാത്റൂമിൽ പോയി കതകടച്ചു ചില കുശുകുശുക്കലുകൾ ഉണ്ടാവും. ചേച്ചിയുടെ കയ്യിലുള്ളതിലേറെയും അമ്മ വഴിച്ചെലവിനായി കൊടുക്കുന്നതുമായ കാശ് കിട്ടിയാൽ വരുമ്പോഴുണ്ടായിരുന്ന മോണ വീങ്ങിയ ഭാവം വിട്ട് ആയമ്മയൊന്നു ഭവ്യയാകും. അഥവാ ഉദ്ദേശിച്ചത് കയ്യിൽ തടഞ്ഞില്ലെങ്കിൽ ബാത്റൂം ചർച്ച പിന്നെയും നീളും മണിക്കൂറുകളോളം.
അവരങ്ങ് പോയാൽ രജനിചേച്ചി അതും പറഞ്ഞ് കണ്ണു നിറയ്ക്കും. എന്റെയും കുഞ്ചുവിന്റെയും 'ചേച്ചിയമ്മേ..' വിളികളൊന്നും അപ്പോൾ മാത്രം ഏശില്ല.
പച്ചയും വെള്ളയും ചേർന്ന് അരികിൽ നൂല് കൊണ്ട് വേലി തീർത്ത ഒരു പുതപ്പുണ്ടായിരുന്നെനിക്ക്. അകാരണമായി പ്രിയപ്പെട്ടതായിത്തീരുന്ന പല വസ്തുക്കളിലും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു അതന്ന്. അമ്മയത് അവർക്ക് കൊടുക്കാൻ പറഞ്ഞതിന്റെ പേരിൽ തല്ലു പിടിച്ച് ഒടുവിൽ വിട്ടുകൊടുത്തതിന്റെ വീമ്പും പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു നടന്നതിനാണോ ചേച്ചി കരഞ്ഞതെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിരുന്നു. അന്നവർക്ക് ധൈര്യം കൊടുക്കാനോ പറയുന്നത് മനസ്സിലാക്കാനോ ഉള്ള തിരിച്ചറിവെനിക്കില്ലായിരുന്നു... വർഷങ്ങളിത്ര കഴിഞ്ഞിട്ടും അരച്ച ചന്ദനത്തിന്റെ കുഞ്ചു വിശേഷിപ്പിക്കാറുള്ള 'ആയുർവേദ ഗന്ധ'ത്തെ മറവിയുടെ വാട പോലും തീണ്ടി നോക്കിയിട്ടില്ല. രണ്ടരക്കൊല്ലം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിയ അവർ എപ്പോഴോ ഒരിക്കൽ ഭർത്താവും കുട്ടികളുമൊത്തു വീട്ടിൽ വന്നതായി അമ്മ പറഞ്ഞറിഞ്ഞതൊഴിച്ചാൽ അവരെ പിന്നെ ഞാനറിഞ്ഞിട്ടില്ല.
പടിക്കെട്ടുകൾ കയറിപ്പോകുമ്പോൾ കണ്ണിൽ തെളിയുന്ന ആകാശത്തിന്റെ ഒരു പാതിയാണ് അവരെനിക്ക് കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. അതിന്റെ മറുപാതിയിലെവിടെയോ നിങ്ങളൊളിച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം.. നിങ്ങളെവിടെയാണ് പ്രിയപ്പെട്ട ചേച്ചിയമ്മ?
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം