വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  ആംഗ്ലൊ-ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോറിന്റെ 'വിശ്വസ്ത ഹൃദയം' എന്ന കഥ

Marukara a column for translation short story by  George Moore translation by Reshmi Kittappa

വിവര്‍ത്തകയുടെ കുറിപ്പ്

ചിത്രകാരനാവണമെന്നായിരുന്നു അയര്‍ലണ്ടുകാരനായ ജോര്‍ജ് മോറിന്റെ ആഗ്രഹം. അതിനായി അദ്ദേഹം അന്ന് പാരീസില്‍ പോവുകയും ചിത്രകല പഠിക്കുകയും പല ഫ്രഞ്ച് കലാകാരന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.  എന്നാല്‍, ചിത്രകാരനായല്ല, എഴുത്തുകാരനായാണ് അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എറ്റവും ജനസമ്മതിയുണ്ടായിരുന്ന ആംഗ്ലൊ-ഐറിഷ് എഴുത്തുകാരന്‍. ബഹുമുഖപ്രതിഭ. 

 

Marukara a column for translation short story by  George Moore translation by Reshmi Kittappa

ജോര്‍ജ് മോര്‍. പ്രശസ്ത ചിത്രകാരന്‍ എഡ്വേഡ് മാനെ വരച്ച ചിത്രം
 

ആധുനിക ഐറിഷ് നോവലിസ്റ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനാണ് മോര്‍. അദ്ദേഹം ആധുനികതയില്‍ വിശ്വസിക്കുകയും വിക്ടോറിയന്‍ ഭരണത്തിന്റെ നടപടികളെയും സമ്പ്രദായങ്ങളെയും എതിര്‍ക്കുകയും ചെയ്തു. പ്രകൃതിവാദത്തെ പ്രചരിപ്പിച്ച എഴുത്തുകാരന്‍ എന്ന നിലയിലാണ് ജോര്‍ജ് മോര്‍ ഇന്ന് അറിയപ്പെടുന്നത്. ഐറിഷ് സാഹിത്യ നവോത്ഥാനത്തിന് സംഭാവനകള്‍ നല്‍കിയ അദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, കലാനിരൂപകന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു

ജോര്‍ജ് മോറിന്റെ വിശ്വസ്ത ഹൃദയം എന്ന കഥയാണ് ഇത്തവണ മറുകരയില്‍. 

 

Marukara a column for translation short story by  George Moore translation by Reshmi Kittappa

 

ഭാഗം ഒന്ന്

അതൊരു മനോഹരമായ പ്രഭാതമായിരുന്നു, മേജര്‍ ഷെപ്പേര്‍ഡ് തിരക്കിട്ട് നടന്നു, അയാളുടെ കാല്‍വിരലുകള്‍ നന്നായി പുറത്തേക്ക് തള്ളിയും ചുമലുകള്‍ നന്നായി നിവര്‍ന്നുമിരുന്നു. അയാളുടെ പിറകില്‍ ഷെപ്പേര്‍ഡുകളുടെ കുടുംബവീടായ ആപ്പിള്‍ട്ടന്‍ പാര്‍ക്കിന്റെ വേനല്‍പ്പച്ച പൊങ്ങി. നിരപ്പാര്‍ന്ന, നരച്ച നിരത്തിന്റെ അറ്റത്ത് മേജറുടെ ലക്ഷ്യസ്ഥാനമായ ബ്രാന്‍ബറി എന്ന ചെറിയ പട്ടണം കിടന്നു.

ഇടത്തരം ഉയരമായിരുന്നു മേജര്‍ക്ക്, സാധാരണവും വെടിപ്പുള്ളതുമായ മുഖലക്ഷണങ്ങളായിരുന്നു അയാള്‍ക്ക്. തീര്‍ത്തും ഒരു ഭാവവുമില്ലാതെ അടുത്തടുത്ത് കിടക്കുന്ന ഇരുണ്ട ചെളിനിറമുള്ള രണ്ട് കുത്തുകളായിരുന്നില്ല അയാളുടെ കണ്ണുകളെങ്കില്‍ അയാളൊരു സുമുഖനായ മനുഷ്യനായേനെ. ഒരു നീണ്ടമീശ ആകര്‍ഷകമായി അയാളുടെ തെളിച്ചമുള്ള മിനുസമാര്‍ന്ന കവിളുകളിലേക്ക് പടര്‍ന്നുകിടന്നു, ആ അലങ്കാരത്തിന്റെ അറ്റങ്ങള്‍ നരയ്ക്കാന്‍ തുടങ്ങിയിരുന്നു. 

നാല്പതിന് മുകളിലായിരുന്നു മേജറുടെ പ്രായം. ബ്രൗണ്‍ പേപ്പറിന്റെ ഒരു പൊതി അയാള്‍ കക്ഷത്തില്‍ തിരുകിയിരുന്നു (ബ്രൗണ്‍ പേപ്പറിന്റെ  പൊതിയില്ലാതെ മേജറെ അപൂര്‍വ്വമായിട്ടേ കണ്ടിരുന്നുള്ളു), അതിനുള്ളിലെ സാധനങ്ങളില്ലാതെ അയാള്‍ക്ക് ജീവിതം പ്രയാസമായിരുന്നു-അയാളുടെ ഡയറിയും കത്തുകള്‍ സൂക്ഷിക്കുന്ന പുസ്തകവുമായിരുന്നു അവ. 

ആ ബ്രൌണ്‍ പേപ്പര്‍ പൊതിക്കുള്ളില്‍ അതുപോലെ വേറെയും ഒരുപാട് കടലാസുകളുണ്ടായിരുന്നു. ബക്കിങ്ഹാംഷെയറിലെ പ്രധാനപ്പെട്ട കൗണ്ടി കുടുംബങ്ങളെക്കുറിച്ച് അയാളെഴുതിക്കൊണ്ടിരുന്ന ഒരു പുസ്തകത്തിലേക്കുള്ള കുറിപ്പുകളാണ് അതിലുണ്ടായിരുന്നത്. ആ പുസ്തകത്തിനാവശ്യമായ വിവരങ്ങള്‍ വര്‍ഷങ്ങളായി മേജര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ നിന്നും അത്യാവശ്യമുള്ള ഇരുനൂറോ മുന്നൂറോ പൗണ്ട് പണമുണ്ടാക്കാമെന്നും അങ്ങനെ ആ പ്രദേശത്ത് തന്റെ നില മെച്ചപ്പെടുത്താമെന്നും അയാള്‍ പ്രതീക്ഷിച്ചു. അയാളുടെ അഭിപ്രായത്തില്‍ കുടുംബത്തിന്റെ നില അതുപോലെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അയാളുടെ പിതാവ് ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല, അത് ഒത്തുതീര്‍പ്പാക്കാന്‍ അയാളുടെ സഹോദരിമാര്‍ ഇപ്പോള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ് എന്നതില്‍ അയാള്‍ക്ക് അതിയായ ഖേദമുണ്ട്.

ആ ദിവസം രാവിലെ തന്റെ ബ്രൗണ്‍ പേപ്പര്‍ പൊതി കെട്ടുന്നതിന് പതിനഞ്ച് മിനുട്ട്  മുന്‍പ് ഒരു വിഷയത്തെച്ചൊല്ലി സഹോദരിമാരുമായി ഏറെക്കുറെ ദേഷ്യത്തോടെയുള്ള ചില സംഭാഷണങ്ങളുണ്ടായി. ലണ്ടനില്‍ നിന്നും അയല്‍പക്കത്ത് താമസത്തിനായെത്തിയ ഏതോ ചില നിസ്സാര പുരുഷന്മാരുമായി അവര്‍ കൂട്ടുകൂടുന്നതിനെ ശാസിക്കേണ്ടത് തന്റെ കടമയാണെന്ന് അയാള്‍ കരുതി. അയാള്‍ക്കിഷ്ടമില്ലെന്ന് കരുതി തങ്ങളുടെ സുഹൃത്തുക്കളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഏതെല്‍ പറഞ്ഞിരുന്നു, ബ്രാന്‍ബറിയില്‍ അയാള്‍ കാണാന്‍ പോകാറുള്ള സുഹൃത്തിനെപ്പോലെ തന്നെ നല്ലതാണ് തങ്ങളുടെ കൂട്ടുകാരുമെന്ന കാര്യം ഉറപ്പുണ്ടെന്ന് മോഡും അര്‍ത്ഥഗര്‍ഭമായി കൂട്ടിച്ചേര്‍ത്തു. മേജര്‍ പെട്ടെന്ന് തിരിഞ്ഞ് വീടുവിട്ട് പുറത്തേക്കിറങ്ങി.

ബ്രാന്‍ബറിയിലേക്ക് നടക്കുമ്പോള്‍ ഷാര്‍ലറ്റ് തെരുവിനെക്കുറിച്ച് അവരെന്തെങ്കിലും അറിയാനുള്ള സാദ്ധ്യതയുണ്ടോയെന്ന് അയാള്‍ സ്വയം ചോദിച്ചു, ടൗണിലെത്തിയപ്പോള്‍ ഏതെങ്കിലുമൊരു സുഹൃത്ത് അവിചാരിതമായി മുന്നില്‍ വന്ന് പെടുമോയെന്ന് പേടിച്ച് അയാള്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി, ഒന്ന് മടിച്ചുനിന്നതിനുശേഷം അയാള്‍ക്കറിയാവുന്ന ചിലരുടെ വീടുകള്‍ ഒഴിവാക്കാന്‍ വേണ്ടി ദൂരം കൂടുതലുള്ള ഒരു വളഞ്ഞവഴിയിലൂടെ നടക്കാന്‍ അയാള്‍ തീരുമാനിച്ചു. 

അധികമാരും നടക്കാത്ത ഒരു തെരുവിലേക്ക് കടന്നപ്പോള്‍ അയാളുടെ കാലുകള്‍ക്ക് വേഗത കൂടി, ഷാര്‍ലറ്റ് തെരുവിന്റെ അറ്റത്തെത്തിയപ്പോള്‍ തന്നെയാരും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ തിരിഞ്ഞ് എല്ലായിടത്തും നോക്കി. പിന്നീടയാള്‍ കീശയില്‍ നിന്നും താക്കോലെടുത്ത് താണനിലയിലുള്ളതെന്ന് തോന്നിക്കുന്ന ഒരു വീടുതുറന്ന് ഉള്ളില്‍ക്കയറി.

മേജര്‍ ഷെപ്പേര്‍ഡ് ഒരുപക്ഷെ ഈ മുന്‍കരുതലുകളുടെയെല്ലാം ബുദ്ധിമുട്ടുകള്‍ സ്വയം ഏറ്റെടുത്തതാവണം. ആരും അയാളെ ശ്രദ്ധിക്കാന്‍ മിനക്കെട്ടില്ല, കാരണം ഷാര്‍ലറ്റ് തെരുവിലെ ഇരുപത്തിയേഴാം നമ്പര്‍ വീട്ടില്‍ ആരാണ് താമസിക്കുന്നതെന്ന് എല്ലാവര്‍ക്കും വളരെ നന്നായി അറിയാമായിരുന്നു. 

ഇരുപത്തിയേഴില്‍ താമസിച്ചിരുന്ന ഉയരമുള്ള കറുത്ത സ്ത്രീ മിസ്സിസ് ചാള്‍സ് ഷെപ്പേര്‍ഡാണെന്ന് പൊതുവായ ഒരു സംസാരമുണ്ടായിരുന്നു, അപൂര്‍വ്വം ചില അവസരങ്ങളില്‍ മിസ്സിസ് ഷെപ്പേര്‍ഡിന്റെ അരികില്‍ ഓടിക്കളിക്കാറുള്ള ചെറിയ പെണ്‍കുട്ടി മേജറിന്റെ മകളാണെന്നും, മേജര്‍ അവളെ പട്ടണത്തില്‍ വളരെയധികമൊന്നും നടക്കാന്‍ അനുവദിക്കാത്തത് അവള്‍ ജിജ്ഞാസയുള്ള മനുഷ്യരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നും, അവര്‍ക്ക് ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ അന്വേഷിക്കാന്‍ ആഗ്രഹമുണ്ടായാലോ എന്ന് കരുതിയാണെന്നും ആളുകള്‍ പറഞ്ഞു.  

ഇടക്കിടക്ക് ആ കൊച്ചുപെണ്‍കുട്ടി കൈയിലൊരു കൊട്ടയുമായി അങ്ങാടിയിലേക്ക് പോകുന്നതും എല്ലാവരും ശ്രദ്ധിച്ചിരുന്നു. മേജര്‍ താമസിച്ചുകൊണ്ടിരുന്ന ഏതോ ലോഡ്ജിലെ വേലക്കാരിയായിരുന്നു മിസ്സിസ് ഷെപ്പേര്‍ഡ് എന്നും പറയപ്പെട്ടു. അപവാദം പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ പ്രഖ്യാപിച്ചത് മേജര്‍ തന്റെ ഭാര്യയെ പരിചയപ്പെട്ടത് തെരുവില്‍ വെച്ചാണെന്നകാര്യം ഉറപ്പായും അവര്‍ക്കറിയാം എന്നാണ്. കേട്ടുകേള്‍വികള്‍ സത്യത്തില്‍ നിന്നും ഒരിക്കലും ദൂരെയായിരുന്നില്ല.  

ഒരു ദിവസം രാത്രി ക്ലബ്ബില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു മേജര്‍ തന്റെ ഭാര്യയെ കണ്ടുമുട്ടിയത്. അവര്‍ക്ക് പരസ്പരം ചേര്‍ച്ചയുള്ളതായി തോന്നി, അനേകമാസങ്ങള്‍ അയാളവളെ തുടര്‍ച്ചയായി കണ്ടു, പിന്നീട് അവളെ നഷ്ടപ്പെടുമെന്ന് പേടിച്ച്, അല്‍പകാലം മുന്‍പ് അയാള്‍ ദയനീയമായി വഞ്ചിക്കപ്പെട്ടതിനാലും, പെട്ടെന്നുണ്ടായ ഒരു അസൂയകൊണ്ടും അയാളവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. 

എടുത്തുചാടി ഒന്നും ചെയ്യരുതെന്ന് കേണപേക്ഷിക്കാനായി അയാളുടെ മാതാപിതാക്കള്‍ എത്തിയത് അയാളുടെ ദൃഢനിശ്ചയത്തിന്റെ തീവ്രത കൂട്ടിയതേയുള്ളു. തന്റെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഇനിയവര്‍ മുതിരുകയാണെങ്കില്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആപ്പിള്‍ട്ടണ്‍ പാര്‍ക്കില്‍ ഒരിക്കലും കാലുകുത്തില്ലെന്ന് തീര്‍ത്തും രോഷാകുലനായി തന്റെ മാതാപിതാക്കളോട് അയാള്‍ പറഞ്ഞു. തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറയാന്‍ വിസമ്മതിച്ച് അവരോട് അയാളുടെ താമസസ്ഥലത്തുനിന്നും നിന്നും ഇറങ്ങിപ്പോകാനും പറഞ്ഞു. അതിനുശേഷം അയാളെന്താണ് ചെയ്തതെന്ന് അവരറിഞ്ഞില്ല, വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ നെടുവീര്‍പ്പിടുകയും അത്ഭുതപ്പെടുകയും ചെയ്‌തെങ്കിലും ആ വിഷയം ഒരിക്കലും ആപ്പിള്‍ട്ടണ്‍ പാര്‍ക്കില്‍ പരാമര്‍ശിക്കപ്പെട്ടില്ല.

പക്ഷെ മേജര്‍ക്ക് ഒരു വര്‍ഷത്തില്‍ 400 പൗണ്ട് മാത്രമേ ലഭിച്ചിരുന്നുള്ളു, ആപ്പിള്‍ട്ടണ്‍ പാര്‍ക്കിലാണ് അയാള്‍ താമസിച്ചിരുന്നതെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ ഒരു ചില്ലിക്കാശ് പോലും അയാള്‍ ചിലവാക്കിയിരുന്നില്ല. ഒരാഴ്ചയില്‍ മൂന്നു പൗണ്ടില്‍ കൂടുതല്‍ മിസ്സിസ് ഷെപ്പേര്‍ഡിന് അനുവദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.  അയാള്‍ക്കൊരുപാട് ചിലവുകളുണ്ടായിരുന്നു. അയാളുടെ ക്ലബ്, വസ്ത്രങ്ങള്‍, താമസിക്കാന്‍ പോകുന്ന പ്രൗഢിയുള്ള വീടുകളില്‍ അവിചാരിതമായി കൊടുക്കേണ്ടി വരുന്ന ചിലവുകള്‍ എന്നിങ്ങനെ. 

എന്നാലും കര്‍ശനമായ സാമ്പത്തികനയം കൊണ്ട് മിസ്സിസ് ഷെപ്പേര്‍ഡ് ഒരുവിധം ചിലവുകള്‍ നടത്തിപ്പോന്നു. വയ്യാതെ ഇരിക്കുമ്പോള്‍ മാത്രം ഭാരപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഒരു ജോലിക്കാരിയെ വിളിക്കുന്നതൊഴിച്ചാല്‍ വീട്ടുജോലികള്‍ മുഴുവന്‍ അവളാണ് ചെയ്തത്. വല്ലാതെ ബുദ്ധിമുട്ടുള്ള ഒരു സമയം വന്നപ്പോള്‍ അവള്‍ വാടക വാങ്ങി ഒരു താമസക്കാരനെക്കൂടി വെച്ചു, സ്വന്തം അഭിമാനത്തെക്കുറിച്ചൊന്നും ഓര്‍ക്കാതെ ഭക്ഷണം പാകം ചെയ്യുകയും അയാള്‍ക്കുള്ള അത്താഴം ഉണ്ടാക്കുകയും ചെയ്തു. തന്റെ ചിലവുചുരുക്കല്‍ മേജറെ പ്രീതിപ്പെടുത്തിയെന്ന കാര്യം അവള്‍ ശ്രദ്ധിച്ചിരുന്നു. അയാളെ പ്രീതിപ്പെടുത്തുന്നത് സന്തോഷപ്രദമായിരുന്നു. 

ദുര്‍ഭാഗ്യം ഭൂമിയിലേക്ക് കൊണ്ടുവന്ന കരുണാര്‍ദ്രമായ ഹൃദയവും, സരളസ്വഭാവവുമായിരുന്നു അവളുടേത്. പക്ഷെ ദുര്‍ബ്ബല സ്വഭാവമുള്ള ആളുകളില്‍ കാണാറുള്ളതുപോലെ വ്യക്തമായ, വിവേകമുള്ള ഒരു മനസ്സുണ്ടായിരുന്നു അവള്‍ക്ക്, അതവളെ കാര്യങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണാന്‍ അനുവദിക്കുകയും മാറ്റാനാവാത്ത തന്റെ അവസ്ഥയെ ബുദ്ധിമുട്ടില്ലാതെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തു. മേജര്‍ അവളെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല, അയാളുടെ കുടുംബത്തിന് ഒരിക്കലും അവളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല., സമൂഹത്തിന്റെ വാതില്‍ എന്നേക്കുമായി അവള്‍ക്കെതിരെ അടഞ്ഞുകിടന്നു. 

അങ്ങനെ മേജറുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹം രഹസ്യമാക്കി വെക്കുന്നതായിരിക്കും നല്ലതെന്ന് അവള്‍ക്ക് ബോധ്യം വന്നു. അത് രഹസ്യമാക്കി വെക്കാനുള്ള ശ്രമത്തിനിടയില്‍ അവളെ വിവാഹം കഴിച്ച മനുഷ്യനില്‍ സ്പഷ്ടമായ മാറ്റങ്ങള്‍ വരുത്താന്‍ അവള്‍ക്ക് കഴിയും, ലോകത്തോട് ഇക്കാര്യം വിളിച്ചുപറയുകയാണെങ്കില്‍ അവള്‍ അയാളുടെ സ്‌നേഹത്തെ അകറ്റിനിര്‍ത്തുക മാത്രമാവും ചെയ്യുന്നത്. അതവള്‍ നന്നായി മനസ്സിലാക്കുകയും എല്ലാ വിധേയത്വത്തോടും അനുസരണയോടും കൂടി തന്നെത്തന്നെ വഞ്ചിച്ചുകൊണ്ട് പരാതികളൊന്നുമില്ലാതെ വിലകെട്ടതും രഹസ്യവുമായ ഒരു നിലനില്‍പ്പിനെ സ്വീകരിക്കുകയും ചെയ്തു. പക്ഷെ തന്റെ കുഞ്ഞുമകളെ ഒരു ജഗ്ഗ് ചൂടുവെള്ളം എടുക്കാന്‍ പോലും അവള്‍ സമ്മതിക്കാറില്ല, വളരെ അപൂര്‍വ്വമായി മാത്രം, വേദന തന്നെ കീഴടക്കുമ്പോള്‍ മാത്രം അവള്‍ നെല്ലിയെ കൊട്ടയെടുത്ത് അത്താഴത്തിനുള്ള ഒരിത്തിരി മാംസം വാങ്ങിക്കാന്‍ ഇറച്ചിക്കടക്കാരന്റെ അടുത്തേക്ക് പോകാന്‍ അനുവദിക്കും. 

 

..................................................

അധികമാരും നടക്കാത്ത ഒരു തെരുവിലേക്ക് കടന്നപ്പോള്‍ അയാളുടെ കാലുകള്‍ക്ക് വേഗത കൂടി, ഷാര്‍ലറ്റ് തെരുവിന്റെ അറ്റത്തെത്തിയപ്പോള്‍ തന്നെയാരും പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ തിരിഞ്ഞ് എല്ലായിടത്തും നോക്കി.

Marukara a column for translation short story by  George Moore translation by Reshmi Kittappa

 

ആപ്പിള്‍ട്ടണ്‍ പാര്‍ക്കിന്റെ അനന്തരാവകാശി അപമാനിതമാകുന്ന എല്ലാ ഓര്‍മ്മകളില്‍ നിന്നും മുക്തയാവണം. പക്ഷെ അവള്‍ക്ക് തന്നെക്കുറിച്ച് ശ്രദ്ധയൊന്നുമുണ്ടായിരുന്നില്ല. ആപ്പിള്‍ട്ടണ്‍ പാര്‍ക്ക് ഒരിക്കലും അവള്‍ക്ക് ഒന്നുമായിരുന്നില്ല, അവള്‍ അവിടുത്തെ വയസ്സായവരേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചാല്‍ പോലും അതിനുള്ള സാധ്യത കുറവായിരുന്നു. അശക്തയായ ഒരു പാവം സ്ത്രീ അവിടെ എന്തു ചെയ്യാനാണ്? തന്റെ ഭര്‍ത്താവിന്റെ ഭാവിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവളാഗ്രഹിച്ചില്ല, അതിലും കുറഞ്ഞതായിരുന്നു അവള്‍ക്ക് തന്റെ ഓമനയായ മകളുടെ ഭാവിപോലും. മരിച്ചുകഴിഞ്ഞാല്‍ തന്റെ പാപങ്ങള്‍ പൊറുക്കണമെന്ന് മാത്രം പ്രതീക്ഷിക്കാനും, ആ വിടവാങ്ങല്‍ വളരെയധികമൊന്നും നീട്ടരുതെന്ന് ഇടക്കെല്ലാം പ്രാര്‍ത്ഥിക്കാനുമേ അവള്‍ക്ക് കഴിഞ്ഞുള്ളു. 

വീടിന്റെ അവസ്ഥ മോശമായിരുന്നു, അവള്‍ ദുരിതത്തിലായിരുന്നു, പക്ഷെ കഷ്ടപ്പെടാനാണെങ്കില്‍ ഏതുസ്ഥലവും നല്ലതാണ്. അങ്ങനെ പറഞ്ഞുകൊണ്ട് അവളെഴുന്നേറ്റ് ഒരല്പം ഭക്ഷണമുണ്ടാക്കാന്‍ ബുദ്ധിമുട്ടി താഴേക്ക് പോയി. ഏതാനും പൗണ്ടുകള്‍ കൊണ്ട് വാങ്ങാന്‍ കിട്ടുന്ന മണ്ണെണ്ണ വിളക്കും, ഒരു വട്ടമേശയും, കുറച്ച് കസേരകളും, മോശം കവറിട്ട ഒരു ചാരുകസേരയും കൊണ്ട് സജ്ജീകരിച്ച ചെറിയ സ്വകാര്യമുറിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അതേ ചിന്ത തന്നെ അവളിലേക്ക് വന്നു. 

ആ മുറിയില്‍ കിടക്കുന്നതുതന്നെ പീഡനമായിരുന്നു, നെരിപ്പോടിന് മുകളില്‍ അലങ്കാരങ്ങളൊന്നുമില്ല, ഒരു പൂവോ, ഒടുങ്ങാത്ത മണിക്കൂറുകള്‍ തള്ളിനീക്കാന്‍ ഒരു പുസ്തകമോ ഇല്ല. വെള്ളം നനയാത്ത തരത്തിലുള്ള ഒരു ചെറിയ കഷ്ണം തുണികൊണ്ട് മറച്ച ഒഴിഞ്ഞ ചെറിയ ഇടനാഴി മുതല്‍ ആ ഇരുപത്തിയേഴാം നമ്പര്‍ വീട്ടിലുള്ളതെല്ലാം തുച്ഛവും ചിന്തിക്കാന്‍ പറ്റാത്തതുമായിരുന്നു. 

മേജര്‍ ആ വീടിന് മേല്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. എല്ലാം ചുരണ്ടിക്കളഞ്ഞതുപോലെ തോന്നിച്ചു. തരിശായ തന്റെ ജീവിതത്തെ മിസ്സിസ് ഷെപ്പേര്‍ഡ് ശ്രദ്ധിച്ച ഒരു സമയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതവള്‍ക്ക് ശീലമായിക്കഴിഞ്ഞു, എറ്റവും മോശമായ ആ ചാരുകസേരയില്‍ അവള്‍ മേജറെയും കാത്തിരുന്നു, അയാളുടെ കാലൊച്ച കേട്ടപ്പോള്‍ അവള്‍ക്ക് ആഹ്ലാദം തോന്നി, അയാള്‍ അവളുടെ അടുത്തിരുന്ന് 'വീട്ടില്‍' നടക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ ഏറെക്കുറെ സന്തോഷമുണ്ടായി.

അയാളവളുടെ കൈപിടിച്ച് അവളെങ്ങനെയിരിക്കുന്നുവെന്ന് ചോദിച്ചു. 'നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, ആലിസ്.'

'അതെ, എനിക്കിത്തിരി ക്ഷീണമുണ്ട്. രാവിലെ മുഴുവന്‍ ഞാന്‍ പണിയെടുക്കുകയായിരുന്നു. ഞാനെന്റെ മുറി വൃത്തിയാക്കി, അതുകഴിഞ്ഞ് പുറത്തുപോയി ഇറച്ചിക്കടയില്‍ നിന്നും കുറച്ച് മാംസം വാങ്ങി. ഉച്ചഭക്ഷണത്തിന് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വളരെ നല്ലൊരു പുഡിങ്ങ് ഉണ്ടാക്കിയിട്ടുണ്ട്, നിങ്ങള്‍ക്കത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു.'

'നീയുണ്ടാക്കുന്ന മാട്ടിറച്ചി പുഡിങ്ങ്  എനിക്കിഷ്ടപ്പെടുമോ എന്ന പേടിയൊന്നും വേണ്ട, പ്രിയപ്പെട്ടവളേ, അതുപോലെ പുഡിങ്ങ്  ഉണ്ടാക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷെ നീ സ്വയം തളര്‍ത്തരുത്, നിന്റെ ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെടാന്‍ തുടങ്ങിയിട്ടേയുള്ളു.'

മിസ്സിസ് ഷെപ്പേര്‍ഡ് ചിരിച്ചുകൊണ്ട് തന്റെ ഭര്‍ത്താവിന്റെ കൈയ്യമര്‍ത്തി. സംസാരം മുറിഞ്ഞു. ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം മിസ്സിസ് ഷെപ്പേര്‍ഡ് പറഞ്ഞു: എന്താണ് നിങ്ങളെ വിഷമിപ്പിക്കുന്നത്? എന്തോ ഉണ്ടെന്ന് എനിക്കറിയാം, നിങ്ങളുടെ മുഖത്ത് എനിക്കത് കാണാന്‍ കഴിയുന്നുണ്ട്.'

അപ്പോള്‍, അവരുടെ സമൂഹം ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത, ലണ്ടനില്‍ നിന്നുള്ള വെറും സാധാരണക്കാരായ അയല്‍ക്കാരെ അനാവശ്യമായി തന്റെ സഹോദരിമാര്‍ കാണുന്ന കാര്യം അവരോട് സൂചിപ്പിച്ചപ്പോള്‍ എത്ര മുഷിച്ചിലോടെയാണ് അവര്‍ മറുപടി പറഞ്ഞതെന്ന് മേജര്‍ അറിയിച്ചു, 'എന്റെ ഇങ്ങോട്ടുള്ള വരവുകളെക്കുറിച്ച് ആരോ അവരോട് പറഞ്ഞിട്ടുണ്ട് എന്നകാര്യം ഉറപ്പാണ്, അവരെന്തോ സംശയിക്കുന്നുണ്ടെന്ന് തീര്‍ച്ചയാണ്...ഇക്കാലത്ത് പെണ്‍കുട്ടികള്‍ വളരെ കൗശലക്കാരാണ്.'

'എനിക്ക് സങ്കടമുണ്ട്, പക്ഷെ അതെന്റെ തെറ്റല്ലല്ലോ. ഞാന്‍ വല്ലപ്പോഴുമേ വീടുവിട്ട് പുറത്തുപോകാറുള്ളു, പറ്റുന്ന സമയത്തൊക്കെ ഞാന്‍ പ്രധാനപ്പെട്ട തെരുവുകളിലൂടെ നടക്കാറുമില്ല.'

'എനിക്കറിയാം, ഓമനേ, നിന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധ മറ്റാര്‍ക്കും ഉണ്ടാവില്ലെന്ന്. പക്ഷെ നമ്മള്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും ആളുകള്‍ സംശയിക്കുകയാണെങ്കില്‍ ലണ്ടനിലേക്ക് തിരിച്ചുപോവുകയില്ലാതെ മറ്റു വഴിയില്ലെന്ന് എനിക്ക് തോന്നുന്നു.'

'ഓ, ലണ്ടനിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നില്ല, ഉണ്ടോ? കുട്ടിക്ക് ഈ സ്ഥലം നന്നായി ചേരുന്നുണ്ട്, കൂടാതെ മിക്കവാറും എല്ലാ ദിവസവും നിങ്ങളെ കാണാന്‍ കഴിയുന്നത് എത്രനല്ല കാര്യമാണ്, നിങ്ങളിവിടെ ഇല്ലാത്തപ്പോള്‍ കുറച്ച് മൈലുകള്‍ക്കപ്പുറത്ത് നിങ്ങളുണ്ട് എന്നറിയുന്നത് എന്തൊരു ആശ്വാസമാണ്. കുന്നിന്‍മുകളില്‍ നിന്നും ആപ്പിള്‍ട്ടണ്‍ പാര്‍ക്കിലെ മരങ്ങള്‍ കാണാം, എനിക്ക് സുഖം തോന്നുമ്പോഴെല്ലാം ഞാനവിടേക്ക് നടക്കുകയും നമ്മുടെ നെല്ലി അത്രയും വിശാലമായ ആ ഏക്കറുകളുടെ യജമാനത്തി ആകുന്ന സമയത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും.'

'അന്യന്റെ കാര്യങ്ങള്‍ ചികയുന്നവരുടെ കുറ്റമാണത്.' അയാള്‍ പറഞ്ഞു, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതുകൊണ്ട് ആളുകള്‍ക്ക് എന്താനന്ദമാണ് കിട്ടുന്നതെന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരെന്താണ് ചെയ്യുന്നതെന്ന് ഞാനൊരിക്കലും ശ്രദ്ധിക്കാറില്ല. എന്റെ സ്വന്തം കാര്യങ്ങള്‍ തന്നെ ചിന്തിക്കാന്‍ വേണ്ടുവോളമുണ്ട്.'

മിസ്സിസ് ഷെപ്പേര്‍ഡ് ഉത്തരം പറഞ്ഞില്ല. 'എനിക്കറിയാം,' അയാള്‍ പറഞ്ഞു, നിനക്ക് പോകാന്‍ ഇഷ്ടമില്ലെന്ന്, പക്ഷെ നീ ഇവിടെത്തന്നെ നിന്നാല്‍ കണ്ടുപിടിക്കാതിരിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി നമ്മളെടുത്തിരുന്ന ബുദ്ധിമുട്ടുകളെല്ലാം വെറുതെയായിപ്പോകും. കൂടുതല്‍ വിഷമങ്ങളും ശല്യങ്ങളുമുണ്ടാകും, ഇതില്‍ക്കൂടുതല്‍ സഹിക്കാന്‍ എന്നെക്കൊണ്ട് കഴിയുമെന്ന് സത്യമായും എനിക്ക് തോന്നുന്നില്ല, തീര്‍ച്ചയായും ഭ്രാന്തായിപ്പോകുമെന്ന് ഞാന്‍ വിചാരിക്കുന്നു.' ആ ചെറിയ മനുഷ്യന്‍ ശാന്തതയും, സമചിത്തതയുമുള്ള ശബ്ദത്തോടെ പറഞ്ഞുകൊണ്ട് ഗൗരവത്തോടെ തന്റെ മിനുസമുള്ള മീശ തടവി.

'അങ്ങനെയാണെങ്കില്‍ വളരെ നല്ലത്, നിങ്ങളുടെ ഇഷ്ടംപോലെ എത്രയും പെട്ടെന്ന് ഞാന്‍ പട്ടണത്തിലേക്ക് യാത്രതിരിക്കാം, എപ്പോഴാണോ സൗകര്യം അപ്പോള്‍ത്തന്നെ, നിങ്ങളാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.'

'ഞാനാണെന്ന് എനിക്കുറപ്പുണ്ട്. ഇതുവരെ എപ്പോഴെങ്കിലും തെറ്റായ ഉപദേശം നിനക്ക് ഞാന്‍ തന്നതായി അറിയുമോ, പ്രിയേ?

പിന്നീടവര്‍ താഴെ അടുക്കളയിലേക്ക് ഇറച്ചി പുഡിങ്ങ് കഴിക്കാന്‍ പോയി. രണ്ടാംതവണ വിളമ്പി കഴിച്ചതിനുശേഷം മേജര്‍ തന്റെ പൈപ്പ് കത്തിച്ചു, അവരുടെ വീട് എങ്ങനെയാണ് ഒഴിക്കേണ്ടതെന്നും, ഫര്‍ണീച്ചറുകള്‍ക്ക് എത്ര പണംകിട്ടും എന്നതിലേക്കും സംസാരം തിരിഞ്ഞു. അയാള്‍ ഫര്‍ണീച്ചര്‍ വില്‍ക്കാനും, അവര്‍ക്ക് പോകാനുള്ള തീയതി ഉറപ്പിച്ചും കഴിഞ്ഞപ്പോള്‍ മിസ്സിസ് ഷെപ്പേര്‍ഡ് പറഞ്ഞു.

'ഒരു കാര്യം നിങ്ങളോട് ചോദിക്കാനുണ്ട്, എന്റെ അപേക്ഷ നിങ്ങള്‍ നിരസിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പോകുന്നതിനു മുന്‍പ് നിങ്ങളുടെ വീടായ ആപ്പിള്‍ട്ടണ്‍ പാര്‍ക്ക് കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. നെല്ലിയുടെ കൂടെ അവിടെപ്പോയി ഒരു ദിവസം അവളുടേതാകുന്ന ആ വീടും സ്ഥലങ്ങളും കാണണമെന്നുണ്ട്.'

'അതെങ്ങനെ പറ്റുമെന്ന് എനിക്കറിഞ്ഞുകൂടാ. നീയെന്റെ അമ്മയേയും പെങ്ങന്മാരെയും കാണുകയാണെങ്കില്‍ അവര്‍ പെട്ടെന്നുതന്നെ എന്തെങ്കിലും സംശയിക്കുമെന്ന കാര്യം ഉറപ്പാണ്.'

'ഞാനാരാണെന്ന് ആരുമറിയില്ല. ആ മണ്ണിലൂടെ കുട്ടിയുമായി അരമണിക്കൂര്‍ നടക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ ആപ്പിള്‍ട്ടണ്‍ കണ്ടില്ലെങ്കില്‍ പിന്നീടൊരിക്കലും ഞാനത് കാണുകയില്ല.'

ഞണ്ടിന്റേതുപോലുള്ള തന്റെ ചെറിയ കൈകള്‍ കൊണ്ട് മേജര്‍ നീണ്ട മീശ തലോടി. പെട്ടെന്ന്, രണ്ടുമണിക്ക് ആപ്പിള്‍ട്ടണ്‍ പാര്‍ക്കിലേക്ക് താന്‍ വണ്ടി വരാന്‍ പറഞ്ഞ കാര്യം അയാളോര്‍ത്തു. വീട്ടുകാരെല്ലാവരും ഏതാനും മൈലുകള്‍ ദൂരെ ഒരു ടെന്നിസ് പാര്‍ട്ടിക്ക് പോവുകയായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അവള്‍ക്ക് വീടിന് ചുറ്റും ആരും കാണാതെ നടക്കാന്‍ കഴിഞ്ഞേക്കും. ഏതെങ്കിലുമൊരു തോട്ടക്കാരന്‍ അവളെ ചോദ്യം ചെയ്യുമെന്ന് അയാള്‍ കരുതിയില്ല, അഥവാ ചോദിച്ചാല്‍ തന്നെ പിടികൊടുക്കാത്ത എന്തെങ്കിലും ഉത്തരം അവള്‍ പറയുമെന്ന കാര്യത്തില്‍ അയാള്‍ക്കവളെ വിശ്വസിക്കാം. അവളാ സ്ഥലം കാണണമെന്ന് അപ്പോള്‍ അയാളാഗ്രഹിച്ചു, അവളെന്താണ് വിചാരിക്കുന്നതെന്ന് അറിയാന്‍ വേണ്ടിമാത്രം.

'നിങ്ങള്‍ അതെ എന്ന് പറയില്ലെ?' ഒടുവില്‍ നിശബ്ദതയെ മൂര്‍ച്ചയോടെ ഭേദിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

'ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു, അവരെല്ലാവരും ഇന്ന് ടെന്നിസ് പാര്‍ട്ടിക്ക് പോയിരിക്കുകയാണ്. വീട്ടില്‍ ആരുമുണ്ടാവില്ല.'

'നല്ല കാര്യം! എന്തുകൊണ്ട് ഇന്ന് പോയ്ക്കൂടാ?'

'അങ്ങനെയാവട്ടെ, ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത് വെബ്‌സ്റ്റെര്‍ കുടുംബത്തെക്കുറിച്ചാണ്, അവരുടെ പൂര്‍വ്വികനായ, ഉപദ്വീപില്‍ സ്വയം പ്രമുഖനായ സര്‍ തോമസിനെക്കുറിച്ച് വളരെ രസകരമായ ചില വിവരങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി, അത് നമുക്ക് മറ്റൊരവസരത്തില്‍ നോക്കുന്നതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. മറ്റൊരു കാര്യമുള്ളത്, നീയെങ്ങനെയാണ് അവിടെയെത്തുക എന്നതാണ്. അത്രയും ദൂരം നടക്കാനുള്ള കഴിവ് നിനക്കില്ല.'

'ഞാനാലോചിക്കുകയായിരുന്നു, ഒരു കുതിരവണ്ടി എടുത്താലോയെന്ന്. ചിലവുണ്ടാകും എന്നെനിക്കറിയാം..എന്നാലും...'

'അതെ, കുറഞ്ഞത് അഞ്ചോ ആറോ ഷില്ലിങ്ങുകള്‍. കുതിരവണ്ടി നീ എവിടെ വിടും? വീടിന്റെ ഗേറ്റിന് മുന്നിലോ? കുതിരവണ്ടിക്കാരന്‍  കാര്യസ്ഥനോടോ അയാളുടെ ഭാര്യയോടോ സംസാരിക്കുമെന്ന കാര്യം ഉറപ്പാണ്. അയാളെവിടുന്നാണ് വന്നതെന്ന് അയാളവരോട് പറയും, പിന്നെ..' 

'ഒരു ഇരുചക്രവണ്ടി എവിടുന്നെങ്കിലും കിട്ടിയാല്‍ നിങ്ങള്‍ക്ക് തന്നെ ഡ്രൈവ് ചെയ്ത് എന്നെ കൊണ്ടുപോകാമല്ലോ, അതും നല്ലതായിരിക്കും.'

'ഞാനെന്തൊരു നിര്‍ഭാഗ്യവാനാണ്, ആരെങ്കിലും ഉറപ്പായും എന്നെ കാണും.'

മേജര്‍ നിശബ്ദനായി പൈപ്പ് വലിച്ചു. എന്നിട്ടയാള്‍ പറഞ്ഞു, 'നീ കട്ടിയുള്ള ഒരു മൂടുപടം അണിയുകയാണെങ്കില്‍, നമുക്ക് ഈ അറ്റത്തുകൂടെ കടന്ന് ഇടവഴികളിലൂടെ പട്ടണത്തില്‍ നിന്നും പുറത്തെത്താം. അതൊരു നീണ്ട വഴിയായിരിക്കും, പക്ഷെ ആ വഴിയില്‍ കഷ്ടിച്ച് മാത്രമേ ആരെയെങ്കിലും കണ്ടുമുട്ടാറുള്ളു, ഒരേയൊരു അപകടം പോവുക എന്നുള്ളതാണ്. സന്ധ്യയാകുമ്പോഴേക്കും നമുക്ക് തിരിച്ചെത്താം. നീ എത്ര വൈകുന്നു എന്നതൊന്നും ഞാന്‍ കാര്യമാക്കില്ല, രാത്രി ഒന്‍പതോ പത്തോ ആകുന്നതുവരെ എന്റെ വീട്ടുകാര്‍ തിരിച്ചെത്തുകയില്ല, ഒരു പക്ഷെ അതിലും വൈകും. അവിടെ നൃത്തവുമുണ്ടാകും, തീര്‍ച്ചയായും അവര്‍ രാത്രി വൈകുന്നതുവരെ തങ്ങും.'

അവസാനം സംഗതി തീരുമാനിക്കപ്പെട്ടു, ഏകദേശം നാലുമണിയായപ്പോള്‍ മേജര്‍ കുതിരവണ്ടികള്‍ വാടകക്ക് കൊടുക്കുന്ന സ്ഥലത്തേക്ക് പോയി. മിസ്സിസ് ഷെപ്പേര്‍ഡും നെല്ലിയും അല്പം കഴിഞ്ഞപ്പോള്‍ അയാളോടൊപ്പം ചേര്‍ന്നു. കുതിരക്കുട്ടിയുടെ മൂക്ക് തടവിക്കൊണ്ടിരുന്ന അയാള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു:

'കട്ടിയുള്ള ഒരു ഷോള്‍ നീയെടുത്തിട്ടുണ്ടെന്ന് കരുതുന്നു, വൈകീട്ട് തിരിച്ചുവരുമ്പോള്‍ തണുപ്പായിരിക്കും.'

'അതെ, മേജര്‍, ഇതാ, നെല്ലിക്കും ഒന്നെടുത്തിട്ടുണ്ട്. ഈ മൂടുപടത്തെക്കുറിച്ച് എന്ത് പറയുന്നു?'

'അത് വളരെ നന്നായി. കുതിരലായത്തിലെ പണിക്കാര്‍ ഒന്നും സംസാരിക്കുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, നമുക്ക് വേഗം പോവാം.' മേജര്‍ കുട്ടിയെ എടുത്ത്, കമ്പിളി അവര്‍ക്ക് ചുറ്റും തിരുകിക്കൊണ്ട് കുതിരക്കാരനോട് പോകാന്‍ അനുവദിക്കണമെന്ന് ഉച്ചത്തില്‍ പറഞ്ഞു. 

ഓരോ നിമിഷത്തിലും കുതിര കുതിച്ചുചാടുമെന്ന് പേടിച്ച്, അയാള്‍ പരിഭ്രമത്തോടെയാണ് വണ്ടിയോടിച്ചത്, എന്നാല്‍ ആ മൃഗത്തിന്റെ അങ്ങേയറ്റത്തെ വിധേയത്വം അത്തരത്തിലുള്ള അപകടമൊന്നുമില്ലെന്ന് അയാള്‍ക്ക് ഉറപ്പുകൊടുത്തപ്പോള്‍ ഏതുനിമിഷവും ഒരു സുഹൃത്ത് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് അയാള്‍ ഇടത്തും വലത്തും നോക്കി. പക്ഷെ വഴികള്‍ വിജനമായിരുന്നു, വയലേലകള്‍  മുറിച്ചുവന്ന കാറ്റ് പുതുമയുള്ളതും ശുദ്ധവുമായിരുന്നു. അവര്‍ സ്വയം അതാസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു വണ്ടി തങ്ങളെ പിന്തുടരുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു. 

അയാള്‍ കുതിരയെ ചാട്ടവാറുകൊണ്ടടിക്കുകയും സാങ്കല്പികമായ തന്റെ എതിരാളിയില്‍ നിന്നും ദൂരെപ്പോകാന്‍ ആലോചിക്കുകയും ചെയ്തു, അതില്‍ ജയിച്ചപ്പോള്‍ അയാള്‍ തന്റെ കുതിരയോടിക്കലിനെ സ്വയം പ്രശംസിച്ചു. നാല്‍ക്കവലയില്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു 'ഇനി മുന്നോട്ട് പോകാനുള്ള ധൈര്യം എനിക്കില്ല, പക്ഷെ മരക്കൂട്ടങ്ങളുടെ ഇടയിലുള്ള ആ വീടിന്റെ ഗേറ്റ് നീ കാണാതിരിക്കരുത്, നീ എത്തുന്ന ആദ്യത്തെ വെള്ള ഗേറ്റ്. ചോദ്യങ്ങളൊന്നും ചോദിക്കരുത്, മിക്കവാറും ഗേറ്റ് തുറന്നായിരിക്കും കിടക്കുന്നത്, നേരെ ഉള്ളിലേക്ക് നടക്കുക, വീടിന്റെ പിറകിലുള്ള ഉങ്ങുമരങ്ങള്‍ക്കിടയിലൂടെ പോകാന്‍ മറക്കരുത്, താഴെ കുന്നിനെ ചുറ്റി പുഴയൊഴുകുന്നുണ്ട്. ആ കാഴ്ചയെക്കുറിച്ച് നീയെന്താണ് പറയുന്നതെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷെ ദയവുചെയ്ത് വീട് കാണണമെന്ന് പറയരുത്, അവിടെ ഒന്നും കാണാനില്ല, വീട്ടുവേലക്കാരികള്‍ തീര്‍ച്ചയായും സംസാരിക്കും, എന്നിട്ട് നിന്നെക്കുറിച്ച് എന്റെ സഹോദരിമാര്‍ക്ക് വിവരിച്ചുകൊടുക്കും. അപ്പോള്‍ വിടതരൂ, നീ സ്വയം ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഹംബ്രൂക്കില്‍ പോയിവരാനുള്ള സമയമുണ്ട്, വക്കീലിനെ കാണണം. രണ്ടുമണിക്കൂറിനുള്ളില്‍ നീയെല്ലാം കണ്ടുകഴിഞ്ഞിട്ടുണ്ടാവും, എന്നാല്‍ ശരി, രണ്ടുമണിക്കൂറില്‍ ഞാന്‍ നിന്നെ ഇവിടെ കാത്തു നില്‍ക്കാം.'

 

...............................................

തോട്ടങ്ങളില്‍ ഇലകളുടെയും വിടര്‍ന്ന പൂക്കളുടെയും ബഹളമായിരുന്നു, കൊച്ചുപെണ്‍കുട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടി,

Marukara a column for translation short story by  George Moore translation by Reshmi Kittappa

 

ഭാഗം രണ്ട്

മേജര്‍ പറഞ്ഞതുപോലെത്തന്നെയായിരുന്നു. വീട് സൂക്ഷിക്കുന്നവര്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. കുറ്റിച്ചെടികളും, ചുവപ്പും വയലറ്റും പൂക്കളും ക്രമാതീതമായി വളര്‍ന്നു നില്‍ക്കുന്ന നിശ്ശബ്ദതയിലൂടെ അവര്‍ നടവഴി പിന്നിട്ടു. അതുകഴിഞ്ഞപ്പോള്‍ മുന്നില്‍ ആപ്പിള്‍ട്ടണ്‍ പാര്‍ക്ക് കണ്ടു. 

ഉയരം കുറഞ്ഞ, മൂര്‍ച്ചയുള്ള, പഴകിയ പുല്ലില്‍ക്കിടന്ന് നെല്ലി ഉരുളുകയും തുമ്പികളുടെ പിറകെ ഓടുകയും ചെയ്തു. പടര്‍ന്നുപന്തലിച്ച മരങ്ങള്‍ അവളെ ആകര്‍ഷിച്ചു, ദേവദാരുക്കളുടെയും നിത്യഹരിതമായ ഓക്കുമരങ്ങളുടെയും ഇടയില്‍ ഒളിഞ്ഞുകിടക്കുന്ന, ചാരനിറത്തിലുള്ള കല്ലുകൊണ്ടുണ്ടാക്കിയ, പടികളും, തൂണുകളും, ചതുരസ്തംഭങ്ങളുമുള്ള വീട്ടിലേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു, 'ഇത്ര മനോഹരമായ ഒന്നും ഞാനിതുവരെ കണ്ടിട്ടില്ല, നമ്മളെ വിട്ട് മേജര്‍ വരാറുള്ളത് ഇങ്ങോട്ടാണോ? പൂക്കളും റോസുകളും നോക്കൂ അമ്മേ. നമ്മള്‍ക്കങ്ങോട്ട് പോകാന്‍ കഴിയില്ലേ, ഞാന്‍ പറഞ്ഞത് വീട്ടിനുള്ളിലേക്കല്ല, വീട്ടുവേലക്കാരികളെ കണ്ടുമുട്ടുമെന്ന് പേടിച്ച് ഉള്ളിലേക്ക് പോകരുതെന്ന് മേജര്‍ നിങ്ങളോട് പറഞ്ഞത് ഞാന്‍ കേട്ടു. പക്ഷെ ഈ കമ്പിവേലി കടന്ന് പൂന്തോട്ടത്തിലേക്ക് പോകാന്‍ കഴിയുമോ? ഇതാ ഗേറ്റ്.' 

കുട്ടി ചെറിയ ഗേറ്റില്‍ കൈവെച്ചുകൊണ്ട് മറുപടിക്ക് വേണ്ടി കാത്തുനിന്നു. ചില്ലുജനാലകള്‍ക്കപ്പുറത്ത് കിടക്കുന്ന ചിത്രങ്ങളെയും, ഇടനാഴികളെയും, കോണിപ്പടികളെയും കുറിച്ച് അവ്യക്തമായി ചിന്തിച്ചുകൊണ്ട് അമ്മ ഒരു സ്വപ്നത്തിലെന്നപോലെ വീട്ടിലേക്ക് നോക്കിക്കൊണ്ട് നിന്നു.

'ശരി, എന്റെ കുട്ടി ഉള്ളിലേക്ക് കടന്നോളു.'

തോട്ടങ്ങളില്‍ ഇലകളുടെയും വിടര്‍ന്ന പൂക്കളുടെയും ബഹളമായിരുന്നു, കൊച്ചുപെണ്‍കുട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടി, ഒറ്റപ്പൂവുകള്‍ ശേഖരിച്ചുകൊണ്ട്, പിന്നെ അവളുടെ കൈയില്‍ എത്തുന്ന എല്ലാത്തിനെയും പൂച്ചെണ്ടുകളായി അവള്‍ ഒരുമിച്ചു ചേര്‍ത്തു-ഒന്ന് അമ്മയ്ക്ക്, ഒന്ന് മേജര്‍ക്ക്, പിന്നൊന്ന് അവള്‍ക്കും. പുതിയതും വളരെ പകിട്ടേറിയതുമായ ഒരു റോസാപ്പൂവുമായി നെല്ലി ഓടിവന്നപ്പോള്‍ മിസ്സിസ് ഷെപ്പേര്‍ഡ് ദു:ഖത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവള്‍ കുട്ടിയെ ശാസിക്കാന്‍ മുതിര്‍ന്നില്ല. എന്തിനവള്‍ അങ്ങനെ ചെയ്യണം? ഇവിടെയുള്ള എല്ലാം ഒരുദിവസം അവളുടേതായിരിക്കും. പിന്നെ വര്‍ത്തമാനകാലത്തെ എന്തിനവള്‍ക്ക് നിഷേധിക്കണം? ചെങ്കുത്തായ കുന്നിന്‍ ചരിവിനെ പുടവയണിയിച്ച ഉങ്ങുമരക്കൂട്ടത്തിലേക്ക് നെല്ലിയുടെ പിറകെ പുല്‍ത്തകടിയും കടന്ന് നടക്കുമ്പോള്‍ അവളുടെ ചിന്തകള്‍ ആ വിധത്തില്‍ ഓടിക്കൊണ്ടിരുന്നു. 

ഊടുവഴി ചെന്നെത്തിയത് ഡെന്മാര്‍ക്ക് പട്ടാളത്തിന്റെ ഏതോ മണ്‍കോട്ടയിലേക്കാണ്, നിറയെ ഇലകളും മൗനവും നിറഞ്ഞ പുരാതനമായ പൊത്തുകള്‍. വിശാലമായ പച്ചപ്പടര്‍പ്പില്‍ പ്രാവുകള്‍ കുറുകുന്നുണ്ടായിരുന്നു, ഇടക്കിടെ പുഴയില്‍ നിന്നും തുഴകളുടെ ഒരേ താളത്തിലുള്ള ശബ്ദം ഉയര്‍ന്നുവന്നു. സുഖകരമായ അകലങ്ങളില്‍ പരുക്കന്‍ ഇരിപ്പിടങ്ങളുണ്ടായിരുന്നു, ഒരല്പം ക്ഷീണം തോന്നിയപ്പോള്‍ മിസ്സിസ് ഷെപ്പേര്‍ഡ് അതിലൊന്നിലിരുന്നു. ചില്ലകള്‍ക്കിടയിലൂടെ പുഴയുടെ വെള്ളി വെളിച്ചം അവള്‍ക്ക് കാണാമായിരുന്നു, പുഴയുടെ അപ്പുറത്ത് കന്നുകാലികളും കുതിരകളും മേയുന്ന, സന്ധ്യയുടെ നീല മൂടല്‍മഞ്ഞിനാല്‍ അപ്പോള്‍ത്തന്നെ മങ്ങിത്തുടങ്ങിയ താഴ്ന്ന നദീതട പ്രദേശങ്ങള്‍. കാറ്റിന്റെ ഊഷ്മളമായ ഏകാന്തതയില്‍ തന്റെ സ്വന്തം ജീവിതത്തിന്റെ ദുര്‍ഭാഗ്യം അവളെ ഞെരിച്ചുകൊണ്ടിരുന്നു, മ്ലാനമായ ആ സമയത്തുള്ള ഒറ്റപ്പെടല്‍ അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് തോന്നിച്ചു.

മേജര്‍ നല്ലവനും ദയാലുവുമായിരുന്നു, പക്ഷെ അയാള്‍ അവളില്‍ എടുത്തുവെച്ച ഭാരത്തെയും ചുമടിനെയും കുറിച്ച് അയാള്‍ക്കൊന്നുമറിയില്ലായിരുന്നു. ചുമടിനേക്കാള്‍ വലിയൊരു ഭാരം ഈ നിമിഷത്തില്‍ ഉണ്ടെന്ന് ആരും അറിയാന്‍ പാടില്ല. ഡെന്മാര്‍ക്കുകാരും സാക്‌സന്‍ വംശജരും ഒരിക്കല്‍ യുദ്ധം ചെയ്ത പുരാതന അറകള്‍ പരിശോധിക്കുകയായിരുന്ന നെല്ലി അവളുടെ കണ്ടുപിടിത്തങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു, അപ്പോഴാണ് മിസ്സിസ് ഷെപ്പേര്‍ഡിന്റെ ദു:ഖപൂര്‍ണ്ണമായ ചിന്തകള്‍ പെട്ടെന്നുള്ള ഒരു കാലൊച്ച കൊണ്ട് മുറിഞ്ഞത്.

അതിക്രമിച്ചുകടന്നത് ഒരു ചെറുപ്പക്കാരിയായിരുന്നു. വെളുത്ത വസ്ത്രം  ധരിച്ചിരുന്ന അവളുടെ മങ്ങിയ സ്വര്‍ണ്ണനിറമുള്ള മുടിയ്ക്ക് തന്നെ ഒരു കുലീനതയുണ്ടായിരുന്നു, നേരിയ ചെരിപ്പിട്ട അവളുടെ കാലുകള്‍ മനോഹരമായ കാഴ്ചയായിരുന്നു. 

'നിങ്ങളെ ശല്യപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല,' അവള്‍ പറഞ്ഞു. 'ഇതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇരിപ്പിടമാണ്, പക്ഷെ അവിടെനിന്നും എഴുന്നേല്‍ക്കരുതെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ഇവിടെ ധാരാളം സ്ഥലമുണ്ട്.' 

മേജറിന്റെ സഹോദരിമാരില്‍ ഒരാളാണ് അവളെന്ന് അതിനകം തന്നെ തിരിച്ചറിഞ്ഞെങ്കിലും അവളുടെ ശബ്ദത്തിലും പെരുമാറ്റത്തിലും വളരെയധികം സൗമ്യതയുണ്ടായിരുന്നതിനാല്‍ മിസ്സിസ് ഷെപ്പേര്‍ഡിന് ഇളകാതെ അവിടെത്തന്നെ ഇരിക്കാനേ കഴിഞ്ഞുള്ളു. സ്വയം ഒറ്റുകൊടുക്കുമോ എന്ന് ഭയന്നുകൊണ്ട് മിസ്സിസ് ഷെപ്പേര്‍ഡ് വലിയ പരിഭ്രമത്തോടെ അവിടുത്തെ കാഴ്ചയുടെ സൗന്ദര്യത്തെക്കുറിച്ച് തനിക്ക് തോന്നിയത് ചുരുക്കിപ്പറഞ്ഞു.

'നിങ്ങള്‍ക്കെന്റെ സഹോദരനെ അറിയാമെന്ന് എനിക്ക് തോന്നുന്നു, മേജര്‍ ഷെപ്പേര്‍ഡിനെ.'

മിസ്സിസ് ഷെപ്പേര്‍ഡ് ഒന്ന് സംശയിച്ചതിനുശേഷം പറഞ്ഞു: 'ഇല്ല, ഞാനൊരിക്കലും ആ പേര് കേട്ടിട്ടില്ല.'

'നിങ്ങള്‍ക്കുറപ്പാണോ? തീര്‍ച്ചയായും എനിക്ക് തെറ്റിപ്പോയതാകണം, പക്ഷെ..'

ഏതെല്‍ ഒന്ന് നിര്‍ത്തി, എന്നിട്ട് നേരെ മിസ്സിസ് ഷെപ്പേര്‍ഡിന്റെ മുഖത്തേക്ക് നോക്കി.

ദു:ഖത്തോടെ ചിരിച്ചുകൊണ്ട് മിസ്സിസ് ഷെപ്പേര്‍ഡ് പറഞ്ഞു-

'സമാനതകള്‍ എത്രമാത്രം വഴിതെറ്റിക്കുന്നതാണ്.'

'ചിലപ്പോള്‍, പക്ഷെ മുഖങ്ങളെ സംബന്ധിച്ചുള്ള എന്റെ ഓര്‍മ്മശക്തി ഒരുവിധം നല്ലതാണ്...രണ്ടോ മൂന്നോ മാസം മുന്‍പ് ഞങ്ങള്‍ ലണ്ടന്‍ വരെ പോകുമ്പോള്‍, എന്റെ സഹോദരന്‍ നിങ്ങളെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയുടെ കൂടെ തീവണ്ടിയില്‍ കയറുന്നത് ഞാന്‍ കണ്ടു. സത്യമായും അവള്‍ നിങ്ങളെപ്പോലെ തന്നെയായിരുന്നു.'

മിസ്സിസ് ഷെപ്പേര്‍ഡ് ചിരിച്ചുകൊണ്ട് തലയിളക്കി.

'എന്റെ സഹോദരന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ എനിക്കറിയില്ല, പക്ഷെ അവരെ കാണണമെന്ന് ഇടയ്‌ക്കൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്.'

'ഒരുപക്ഷെ നിങ്ങളുടെ സഹോദരന്‍ തീര്‍ച്ചയായും നിങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തും.'

'ഇല്ല, അദ്ദേഹമത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അവള്‍ ബ്രാന്‍ബറിയിലേക്ക് താമസത്തിനായി വന്നിട്ടുണ്ട്, ഇപ്പോള്‍ ആളുകള്‍ എന്നത്തേക്കാളും കൂടുതല്‍ സംസാരിക്കുന്നു. അവര്‍ പറയുന്നത് അദ്ദേഹം രഹസ്യമായി വിവാഹം കഴിച്ചു എന്നാണ്.'

'നിങ്ങളത് വിശ്വസിക്കുന്നോ?'

'അത് സത്യമല്ലാതിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പലവിധത്തിലും എന്റെ സഹോദരന്‍ ഒരു നല്ല മനുഷ്യനാണ്, എന്നാല്‍ മറ്റെല്ലാ പുരുഷന്മാരെയും പോലെ അദ്ദേഹം സ്വാര്‍ത്ഥനാണ്. താന്‍ താണനിലയിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു എന്ന് സമ്മതിക്കുന്നതിനു പകരം തന്റെ ഭാര്യയെ ഒറ്റപ്പെട്ട ഒരു കൊച്ചുവീട്ടില്‍ താമസിപ്പിക്കുന്ന ഒരു വെറും മനുഷ്യനാണ് അദ്ദേഹം. എനിക്ക് മനസ്സിലാവാത്തത് അവളെന്തിന് ഇങ്ങനെ തന്നെ അകറ്റി നിര്‍ത്താന്‍ സമ്മതിക്കുന്നു എന്നതാണ്. ഈ മനോഹരമായ സ്ഥലം, ഈ മരങ്ങളും പാടങ്ങളും, ഈ പൂന്തോട്ടങ്ങള്‍, ആ വീട് എല്ലാം വെറുതെ ഉപേക്ഷിക്കുന്നത് ഒന്നോര്‍ത്തുനോക്കൂ...

'ആ സ്ത്രീ ഈ കാര്യങ്ങളെല്ലാം ഉപേക്ഷിക്കാനുള്ള കാരണം അവള്‍ നിങ്ങളുടെ സഹോദരനെ സ്‌നേഹിക്കുന്നതുകൊണ്ടായിരിക്കും എന്ന് ഞാന്‍ കരുതുന്നു. സ്വയം ത്യജിക്കുക എന്നത് നിങ്ങള്‍ക്ക് മനസ്സിലാവില്ലേ?'

'അതെ, ഞാനൊരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍...പക്ഷെ ഞാന്‍ വിചാരിക്കുന്നത് അതിയായ താല്പര്യത്തോടെ തന്നെ ചതിക്കാനും വിഡ്ഡിയാക്കാനും ഒരു പുരുഷനെ അനുവദിക്കുന്ന സ്ത്രീ വിവരംകെട്ടവളാണെന്നാണ്.'

'അവള്‍ സന്തോഷവതിയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം?'

ഏതെല്‍ തലയിളക്കി. പിന്നെ ഒരു നീണ്ട നിശബ്ദതക്ക് ശേഷം അവള്‍ പറഞ്ഞു:

'നിങ്ങള്‍ക്ക് വീട് കാണണമെന്ന് ആഗ്രഹമുണ്ടോ?'

'ഇല്ല, നന്ദി മിസ്സ്. ഞാന്‍ പോകട്ടെ, നേരം ഇരുട്ടുന്നുണ്ട്, വിട.'

'ആ വഴി നിങ്ങള്‍ക്ക് തിരിച്ചുപോകാന്‍ കഴിയില്ല, ഉല്ലാസത്തിനുള്ള മൈതാനത്തിലൂടെയാണ് നിങ്ങള്‍ക്ക് തിരിച്ചുപോകേണ്ടത്. ഞാന്‍ നിങ്ങളുടെ കൂടെ നടക്കാം. ഇന്നുച്ചയ്ക്കുണ്ടായ ഒരു തലവേദനയാണ് എന്നെ വീട്ടിലിരുത്തിയത്. ബാക്കിയുള്ളവരെല്ലാം ഒരു ടെന്നിസ് പാര്‍ട്ടിക്ക് പോയിരിക്കുകയാണ്. ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് കഷ്ടമായി. എല്ലാ ദിവസവും എന്റെ സഹോദരന്‍ ബ്രാന്‍ബറിയില്‍ കാണാന്‍ പോകാറുള്ള ആളെ കാണാന്‍ എനിക്കാഗ്രഹമുണ്ട്. അവളോട് സംസാരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഞങ്ങളവളെ സ്വീകരിക്കില്ല എന്നാണ് എന്റെ സഹോദരന്‍ അവളെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്. അത് പക്ഷെ ശരിയല്ല, അവളെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളു. അച്ഛനുമമ്മയും അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ചാള്‍സിനോടല്ല, അവര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാനുള്ള ധൈര്യമില്ല, പക്ഷെ അവരെന്നോട് പറയാറുണ്ട്.'

'തന്റെ വിവാഹം രഹസ്യമാക്കി വെക്കുന്നതിന് നിങ്ങളുടെ സഹോദരന് തീര്‍ച്ചയായും മതിയായ എന്തെങ്കിലും കാരണങ്ങളുണ്ടാകും. ആ സ്ത്രീക്ക് ചിലപ്പോള്‍ ഒരു ഭൂതകാലം കാണും.'

'അതെ, എല്ലാവരും അത് പറയാറുണ്ട്, പക്ഷെ എനിക്കവളെ ഇഷ്ടമാവുകയാണെങ്കില്‍, അവളൊരു നല്ല സ്ത്രീയാണെന്ന് അറിയുകയാണെങ്കില്‍ ഞാനത് കാര്യമാക്കുന്നില്ല.'

മേജറുടെ രഹസ്യം സൂക്ഷിക്കാന്‍ വേണ്ടി മിസ്സിസ് ഷെപ്പേര്‍ഡ് സുഹൃത്തുക്കളെയും പരിചയക്കാരെയുമെല്ലാം ഉപേക്ഷിച്ചിരുന്നു. വര്‍ഷങ്ങളായി അവള്‍ക്കൊരു കൂട്ടുകാരി പോലും ഉണ്ടായിരുന്നില്ല. സ്ത്രീ സഹജമായ സമാനതകള്‍ അവളെ പ്രലോഭനം നല്‍കുന്ന ആ സഹാനുഭൂതി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. പത്തുവര്‍ഷത്തെ ആത്മനിഷേധം അവളുടെയുള്ളില്‍ കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു, തീര്‍ച്ചയായും സംസാരിക്കേണ്ടതുണ്ടെന്നും, തന്റെ രഹസ്യം ഉള്ളില്‍ നിന്നും വലിച്ച് പുറത്തിടേണ്ടതുണ്ടെന്നും അവള്‍ക്ക് തോന്നി. 

ഏതലിന്റെ കണ്ണുകള്‍ അവളില്‍ തറഞ്ഞിരിക്കുകയായിരുന്നു, അടുത്ത നിമിഷത്തില്‍ അവള്‍ സംസാരിക്കുമായിരുന്നു പക്ഷെ ആ സമയത്ത് കുത്തനെയുള്ള മണല്‍ത്തിട്ട കയറി നെല്ലി വരുന്നത് കണ്ടു. 'അത് നിങ്ങളുടെ കൊച്ചു പെണ്‍കുട്ടിയാണോ? ഹോ, എന്തൊരു ഓമനത്തമുള്ള കുട്ടി!' പിന്നെ കുട്ടിയില്‍ നിന്നും കണ്ണുയര്‍ത്തി നേരെ അമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഏതെല്‍ പറഞ്ഞു-

'ആശ്ചര്യമായിരിക്കുന്നു അവള്‍..അവള്‍ ചാള്‍സിനെപ്പോലെയുണ്ട്.'

മിസ്സിസ് ഷെപ്പേര്‍ഡിന്റെ കണ്ണുകളില്‍ കണ്ണീര്‍ തിളങ്ങി, മിസ്സിസ് ഷെപ്പേര്‍ഡ് പൊട്ടിക്കരയുമെന്നും കണ്ണീരിന്റെ കുത്തൊഴുക്കില്‍ അവള്‍ തന്റെ ജീവിതകഥ മുഴുവന്‍ പറയുമെന്നും വിശ്വസിക്കാതെ ഏതെല്‍ വിജയത്തിന്റെ ഒരു ധ്വനി സ്വരത്തില്‍ വരാനനുവദിച്ചുകൊണ്ട്, സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പറഞ്ഞു, 'ആ കൊച്ചുപെണ്‍കുട്ടിയാണ് ആപ്പിള്‍ട്ടണ്‍ പാര്‍ക്കിന്റെ അവകാശി.'

മിസ്സിസ് ഷെപ്പേര്‍ഡിന്റെ മുഖത്തെ ഭാവം മാറി.

'നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു മിസ്സ് ഏതെല്‍,' അവള്‍ പറഞ്ഞു, പക്ഷെ എന്നെങ്കിലും ഞാന്‍ നിങ്ങളുടെ സഹോദരനെ കാണുകയാണെങ്കില്‍ ഞാനദ്ദേഹത്തോട് പറയും എന്റെ മകള്‍ അദ്ദേഹത്തെപ്പോലെയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്ന്.'

അസ്തമയത്തിലേക്ക് തന്റെ ക്ഷീണിച്ച നീണ്ട ശരീരത്തെ കാണിച്ചുകൊണ്ട്,  കൂര്‍ത്ത പുല്ലുകളിലുരയുന്ന കറുത്ത ഉടുപ്പുമായി മിസ്സിസ് ഷെപ്പേര്‍ഡ് പതുക്കെ പാര്‍ക്കിനെതിരെ നടന്നു. ഇടയ്ക്ക് അവള്‍ നില്‍ക്കാന്‍ നിര്‍ബന്ധിതയായി, മനോവികാരവും ആ ദിവസത്തെ ശാരീരിക വ്യായാമവും നടുവേദന കൊണ്ടുവന്നിരുന്നു, അവളുടെ ശരീരം മുഴുവനും അത് ത്രസിച്ചുനിന്നു. കുട്ടിയുണ്ടായതു മുതല്‍ അവള്‍ വേദനയിലാണ് ജീവിച്ചത്. പക്ഷെ വെളുത്ത ഗേറ്റില്‍ ചാരിനിന്നുകൊണ്ട്, ഇനിയവള്‍ ഒരിക്കലും വീണ്ടും കാണാനിടയില്ലാത്ത മനോഹരമായ ആപ്പിള്‍ട്ടണ്‍ പാര്‍ക്കിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍, തന്റെ ത്യാഗത്തെക്കുറിച്ചുള്ള ബോധം അവളുടെയുള്ളിനെ ഉത്തേജിപ്പിച്ചു. 

ആ വീടും പാര്‍ക്കും, ചെറുപ്പക്കാരിക്കുട്ടിയുടെ പെരുമാറ്റവും സംസാരവുമെല്ലാം കൂടി അവള്‍ വിട്ടുകൊടുത്തതിനെക്കുറിച്ചെല്ലാം മുഴുവനായും അഭിനന്ദിക്കാന്‍ അവളെ സഹായിച്ചു. അവളൊന്നിനെക്കുറിച്ചും ഖേദിച്ചില്ല. അത്രമാത്രം വിലകെട്ടതും സങ്കീര്‍ണ്ണവുമായിരുന്നു അവളുടെ ജീവിതമെങ്കിലും, അതിനുള്ളില്‍ കുറഞ്ഞത് മഹത്തായ ഒരു നിമിഷം അടങ്ങിയിരുന്നു. നെല്ലി, തുമ്പികളുടെ പിന്നാലെ പോയി, മിസ്സിസ് ഷെപ്പേര്‍ഡ് പതുക്കെ ഒരു വലിയ പോരാട്ടത്തിലെ ജേതാവിനെപ്പോലെ അവളെ പിന്തുടര്‍ന്നു. അവള്‍ തന്റെ വിശ്വസ്തതയെ തകര്‍ത്തിരുന്നില്ല, തന്റെ വാഗ്ദാനം അവള്‍ കോട്ടമില്ലാതെ കാത്തുസൂക്ഷിച്ചു, നാളെയോ അതിനടുത്ത ദിവസമോ അവള്‍ ലണ്ടനിലേക്ക് മടങ്ങിപ്പോകും, അല്ലെങ്കില്‍ ആഴ്ചയുടെ അവസാനം, എപ്പോഴാണോ മേജര്‍ ആഗ്രഹിക്കുന്നത് അപ്പോള്‍.

പാതയുടെ ഒരു മൂലയില്‍ അയാള്‍ അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, നെല്ലി അപ്പോള്‍ത്തന്നെ ആ വീടിനെക്കുറിച്ചും, മരങ്ങളെക്കുറിച്ചും, പൂക്കളെക്കുറിച്ചും, പിന്നെ നദിയുടെ മേലെയുള്ള ബെഞ്ചില്‍ അമ്മയുടെ കൂടെയിരുന്ന സ്ത്രീയെക്കുറിച്ചുമുള്ള അവളുടെ വിചാരങ്ങള്‍ അയാളോട് പറയാന്‍ തുടങ്ങിയിരുന്നു. സംശയത്തോടെയും പേടിയോടെയും മേജര്‍ തന്റെ ഭാര്യയെ നോക്കി, എന്നാലും അവളുടെ ചിരി അയാള്‍ക്ക് ധൈര്യം നല്‍കി. നെല്ലി പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി, അവള്‍ പൂമ്പാറ്റകളേയും പൂക്കളെയും സ്വപ്നം കാണുന്ന നെരത്ത് മിസ്സിസ് ഷെപ്പേര്‍ഡ് അയാളോട് നദിയുടെ മുകളിലെ ഉങ്ങുമരക്കൂട്ടത്തില്‍ വെച്ച് അവളുടെയും അയാളുടെ സഹോദരിയുടെയും ഇടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു.

'നോക്ക്, ഞാന്‍ നിന്നോട് പറഞ്ഞത് ശരിയായിരുന്നു. നിന്റെ രൂപം തന്നെ അവരോടെല്ലാം വിവരിച്ചു, അവരെന്തോ സംശയിക്കുന്നുണ്ട്, ഇനി എല്ലാം കണ്ടുപിടിക്കുന്നതുവരെ അവര്‍ വേവലാതികള്‍ നിര്‍ത്തുകയില്ല. എനിക്കിത്തിരി പോലും അത്ഭുതമില്ല. രണ്ടുപേരിലും വെച്ച് ഏതലാണ് എപ്പോഴും കൂടുതല്‍ കൗശലവും അസൂയയും ഉള്ളവള്‍.'

കുറ്റസമ്മതത്തിന്റെ എത്രയടുത്തുവരെ താനെത്തി എന്നകാര്യം മിസ്സിസ്.ഷെപ്പേര്‍ഡ് അയാളോട് പറഞ്ഞില്ല. ഏത് മാനസികാവസ്ഥയിലാണ് അയാളുടെ സഹോദരി തന്നെ പിടികൂടിയതെന്ന കാര്യം വിവരിച്ചാല്‍ അയാള്‍ക്കത് മനസ്സിലാവുകയില്ലെന്ന് അവള്‍ക്ക് തോന്നി. പുരുഷന്മാര്‍ക്ക് വളരെക്കുറച്ചേ സ്ത്രീകളെ മനസ്സിലാവുകയുള്ളു. അയാളോടത് പറയുന്നത്  അയാള്‍ക്കവളിലുള്ള വിശ്വാസം വെറുതെ നശിപ്പിലാകും. 

അസ്തമയശോഭയിലൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍, നെല്ലി അവരുടെ ഇടയില്‍ ഗാഢനിദ്രയിലായപ്പോള്‍, അവള്‍ക്ക് യാത്രതിരിക്കേണ്ടതിനെക്കുറിച്ച് അയാള്‍ പറഞ്ഞു, ആ ആഴ്ചയുടെ അവസാനത്തേക്കായിരുന്നു അത് ഏര്‍പ്പാട് ചെയ്തിരുന്നത്. 

പിന്നെ തന്റെ കൈ അവളുടെ അരയില്‍ ചുറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു: 'നീ എനിക്കെപ്പോഴും നന്മയുള്ള ഒരു കൊച്ചു സ്ത്രീയായിരുന്നിട്ടുണ്ട്.'

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ
 

Latest Videos
Follow Us:
Download App:
  • android
  • ios