കേരളത്തിലെ സംഗീത പഠന കേന്ദ്രം; സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് സരോദ് മാന്ത്രികന്‍ അംജദ് അലി ഖാന്‍
സരോദ് മാന്ത്രികന്‍ അംജദ് അലി ഖാനുമായി കെ. ടി നൗഷാദ് നടത്തിയ അഭിമുഖം
2013-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അന്താരാഷ്ട്ര സംഗീത പഠന കേന്ദ്രം സ്ഥാപിക്കാന്‍ രണ്ടേക്കര്‍ സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. 2016-ല്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷേ, ഇപ്പോഴും സ്ഥലം കൈമാറുന്ന നടപടി ക്രമങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: കേരളത്തില്‍ സംഗീത പഠന കേന്ദ്രം സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് അഞ്ച് വര്‍ഷമായെങ്കിലും ഔദ്യോഗിക രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉസ്താദ് അംജത് അലി ഖാന്‍. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
2013-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അന്താരാഷ്ട്ര സംഗീത പഠന കേന്ദ്രം സ്ഥാപിക്കാന്‍ രണ്ടേക്കര്‍ സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. 2016-ല്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷേ, ഇപ്പോഴും സ്ഥലം കൈമാറുന്ന നടപടി ക്രമങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം:
സംഗീതം താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്?
എനിക്ക് സംഗീതം ഒരു ജീവിത രീതിയാണ്. പഠിക്കാനും പഠിപ്പിക്കാനും ഏറെയുളള മേഖല. എങ്ങനെ മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും കുട്ടികളെ സ്നേഹിക്കണമൊന്നുമൊക്കെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണത്. അടിസ്ഥാനപരമായി രണ്ട് സമാന്തര ലോകങ്ങളാണുളളത്. ഒന്ന് ഭാഷയുടെ ലോകം, മറ്റേത് ശബ്ദത്തിന്റെ ലോകം. ഞാന്‍ ശബ്ദത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. ഭാഷയുടെ ലോകത്ത് കൃത്രിമം കാണിക്കുന്നതു പോലെ ശബ്ദലോകത്ത് അത് ചെയ്യാനാകില്ല. ചെറിയൊരു പിശക് പോലും പെട്ടെന്ന് തിരിച്ചറിയാനാകും. എല്ലാ ഭാഷയും മനസ്സിലാക്കുക എന്നതും അപ്രായോഗികമാണ്.
സോഷ്യല്‍ മീഡിയയുടെ കാലഘട്ടമാണല്ലോ ഇപ്പോള്‍? ഇത് സംഗീതത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടോ?
സോഷ്യല്‍ മീഡിയ എത്രമാത്രം സംഗീതത്തിന് ഗുണമാകുന്നുണ്ട് എന്ന കാര്യത്തില്‍ എനിക്ക് നിശ്ചയമില്ല. എന്നാല്‍ പുതുതലമുറ പല കാര്യങ്ങളിലും ഭാഗ്യവാന്മാരാണ്. സാഹചര്യവും സാങ്കേതിക വിദ്യയും എന്തും എളുപ്പം കിട്ടാവുന്നതാക്കി മാറ്റിയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ടേപ്പ് റിക്കോഡര്‍ പോലും സ്വന്തമാക്കാനോ കേള്‍ക്കാനോ കഴിഞ്ഞിരുന്നില്ല. യുട്യൂബ് നല്ലൊരു പ്ലാറ്റ് ഫോമാണ്. പക്ഷെ സംഗീതം കേള്‍ക്കാന്‍ എത്തുന്ന സ്വദേശിയോ വിദേശിയോ ആയ സാധാരണക്കാരന് ഏത് നിലവാരത്തില്‍ പെടുന്ന ആളുടേതാണ് വീഡിയോ എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. പ്രഗത്ഭര്‍, സീനിയര്‍, ജൂനിയര്‍ എന്ന നിലയില്‍ വര്‍ഗീകരിക്കാന്‍ സംവിധാനമുണ്ടായാല്‍ ആസ്വാദകര്‍ക്ക് ആവശ്യമനുസരിച്ച് തെരഞ്ഞടുക്കാന്‍ കഴിയും.
നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ ശക്തിയെന്ന് താങ്കള്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നത് കേട്ടു. ഈ ശക്തിക്ക് ഏതെങ്കിലും തരത്തിലുളള ഭീഷണിയുളളതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
മതങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ പരസ്പരാശ്രിത ജീവിതം നയിക്കുന്നവരാണ്. എന്റെ സംഗീത ഉപകരണം പോലും ആശ്രിതത്വത്തിന്റെ ഉദാഹരണമാണ്. മിയാ താന്‍സെന്‍ സ്വാമി ഹരിദാസിന്റെ ഗുരുവായിരുന്നു. ഈ ആശ്രിതത്വമാണ് നമ്മുടെ ശക്തി. ഒന്നിച്ച് നിന്നാലേ മുന്നോട്ട് പോകാനാകൂ എന്ന യാഥാര്‍ത്ഥ്യം ഇന്ത്യയിലെ ഓരോ പൗരനും മനസ്സിലാക്കണം. തീവ്രവാദ നിലപാടുളളവര്‍ എല്ലാ മതങ്ങളിലുമുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനും പോരാടാനും നമുക്ക് കഴിയണം. ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാതെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
ഇന്ത്യന്‍ ജനത ഏപ്പോഴും ദിവ്യാത്ഭുതങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. മിത്തോളജിക്കല്‍ കഥകള്‍ ടി.വിയില്‍ കാണുന്നവര്‍ സ്‌ക്രീനില്‍ കാണുന്നതു പോലുളള അത്ഭുതങ്ങള്‍ ജീവിതത്തിലും പ്രതീക്ഷിക്കുന്നവരാണ്. ഇത് ജീനില്‍ കലര്‍ന്നതു കൊണ്ടാണ് വ്യാജ ദൈവങ്ങള്‍ക്കും കളള സ്വാമികള്‍ക്കും എളുപ്പം നമ്മുടെ ജനതയെ കബളിപ്പിക്കാന്‍ കഴിയുന്നത്. നമുക്കൊരു പൊതു ദൈവമുണ്ടെന്നത് എല്ലാവരും ഉള്‍ക്കൊളളണമെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം എല്ലാ മതങ്ങളിലെയും പുരോഹിതന്മാര്‍ പ്രഭാഷണങ്ങളില്‍ എടുത്ത് പറയണം. അവരവരുടെ അജണ്ടകള്‍ പ്രസംഗിക്കാനുളള വേദിയാകരുത് മത പ്രഭാഷണങ്ങള്‍.
........................................................................................................................................................................
അംജദ് അലിഖാന്റെ സംഗീത സ്‌കൂളിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കാന്‍
സര്‍ക്കാര്‍ തീരുമാനം
........................................................................................................................................................................
ലോകമാകെ തീവ്ര സങ്കുചിത ആശയങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ലോകമാകെ സഞ്ചരിക്കുന്ന കലാ-സംഗീത പ്രവര്‍ത്തകരെ ഇത് എങ്ങനെ ബാധിക്കും
കാലപുരോഗതിയനുസരിച്ച് സമാധാന പൂര്‍ണമായിരിക്കേണ്ടതാണ് 21-ാം നൂറ്റാണ്ട്. പക്ഷെ കൂടൂതല്‍ പ്രശ്നങ്ങള്‍ നിറഞ്ഞ സമയമായിപ്പോയിരിക്കുന്നു ഈ നൂറ്റാണ്ട്. മതത്തിന്റെ പേരില്‍ ഇന്നും മനുഷ്യര്‍ പര്സപരം കൊല്ലുന്നത് കാണുമ്പോള്‍ സംഗീതജ്ഞന്‍ എന്ന നിലയില്‍ എനിക്ക് ദു:ഖം തോന്നുന്നു. ഡോക്‌ടേറേറ്റ് എടുത്തൊരാള്‍ എങ്ങനെയാണ് വര്‍ഗീയവാദിയും തീവ്രവാദിയുമാകുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല. ലോകമാകെയുളള വിദ്യാഭ്യാസ സംവിധാനത്തില്‍ എന്തോ തകരാറുണ്ടെന്നാണ് തോന്നുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക ബന്ധം നേര്‍ത്തുവരികയും ഇല്ലാതാവുകയുമാണ്. ഫീസ് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ തമ്മിലുളള ബന്ധം മാത്രമാണ് ഇവിടെ രൂപപ്പെടുന്നത്. സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെയോ ആശുപത്രികളില്‍ രോഗികളെയോ അല്ല മറിച്ച് ഉപഭോക്താക്കളെയാണ് അഭിമുഖീകരിക്കുന്നത് എന്ന നില വന്നിരിക്കുന്നു. എല്ലാവിടെയും ആഴത്തിലുളള കച്ചവടവത്കരണമാണ്. ഞാനൊരിക്കലും അറിവ് പകരുന്നതിന് ഫീസ് വാങ്ങാറില്ല. എന്റെ പിതാവില്‍ നിന്ന് പഠിച്ചതാണിത്.
സംഗീതം ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്. സംഗീതം ഒരു മതത്തിന്റെയും സ്വന്തമല്ല. വായുവും വെളളവും പോലെ സുഗന്ധങ്ങളും നിറങ്ങളും പോലെ സംഗീതവും ഒരു മതത്തിന്‍േറതല്ല. നമുക്കെല്ലാവര്‍ക്കും ഒരു പൊതു ദൈവമുണ്ട്. നമ്മളെല്ലാം ഒരു വര്‍ഗ്ഗവുമാണ്. എല്ലാവരും ഭൂമിയിലേക്കും വരുന്നതും പോകുന്നതും ഒരു പോലെയായതു കൊണ്ട് രണ്ടാമതൊരു ദൈവത്തിന് സാദ്ധ്യതയില്ല.
സരോദിന് എത്ര മാത്രം ആസ്വാദകരും സ്വീകാര്യതയുമുണ്ട് വിദേശ രാജ്യങ്ങളില്‍?
ഏത് രാജ്യത്തിലെ ഏത് സംഗീതമാണെങ്കിലും ഏഴ് സ്വരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. യൂറോപ്യന്‍ സംഗീതമാണെങ്കിലും അറേബ്യന്‍ സംഗീതമാണെങ്കിലും ഈ പൊതു ഘടകം കാണാനാകും. സംഗീതം ഇങ്ങനെ ലോകത്തെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബഹ്റൈന്‍ സിംഫണി ഓര്‍ക്കസ്ട്രയുമായി സംഹകരിക്കാന്‍ ഞാന്‍ ആലോചിക്കുന്നു. സ്‌കോട്ടിഷ് ചേംബര്‍ ഓര്‍ക്കസ്ട്രക്ക് വേണ്ടി 45 മിനുട്ടുളള സരോദ് സംഗീത മേളം ക്രമപ്പെടുത്തിക്കഴിഞ്ഞു. സംഗീതത്തിലുടെ രാജ്യങ്ങളും മനുഷ്യരും ബന്ധിപ്പിക്കപ്പെടുകയാണ്. സരോദ് ഇന്ന് വളരെ ജനകീയമായി തീര്‍ന്നിട്ടുണ്ട്. എന്റെ രണ്ടു മക്കളുള്‍പ്പെടെ പുതുതലമുറയില്‍ അഞ്ഞുറോളം സരോദ് വായനക്കാര്‍ ലോകമാകെയുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ഫ്രാന്‍സിലും അമേരിക്കയിലുമൊക്ക സരോദ് വായിക്കുന്നവരുണ്ട്.
കേരളത്തെ രണ്ടാമത്തേ വീടായി കാണാന്‍ കാരണം.
സാക്ഷരതയിലും മതസൗഹാര്‍ദ്ദത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എനിക്ക് ഒരു പാട് സ്നേഹം തരുന്ന സംസ്ഥാനം എന്ന നിലയിലാണ് ഞാന്‍ കേരളത്തെ രണ്ടാമത്തെ ഭവനമായി കാണുന്നത്. വിവിധ പരിപാടികളില്‍ പങ്കെടുത്തതിലൂടെയാണ് കേരളവുമായി അടുത്തത്.
അംജദ് അലി ഖാനുമായി നാലു വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖം