വിപ്ലവ ഗായികയ്ക്കപ്പുറം കെ. പി എ സി സുലോചന

വിപ്ലവ ഗായിക എന്ന വിളിപ്പേരില്‍ മൂടിപ്പോയ കെ പി എ സി സുലോചനയുടെ സംഗീതജീവിതം.  പാട്ടുറവകള്‍. പാര്‍വതിയുടെ കോളം തുടരുന്നു.

detailed study of SInger  KPAC Sulochana's music career by Parvathi

ഇത് സുലോചനയുടെ പാട്ടിലൂടെയുള്ള ഒരു സഞ്ചാരമാണ്. ആ പാട്ടുറവകളില്‍നിന്നും ചിലതിനെ പെറുക്കിയെടുക്കാനുള്ള ശ്രമം. അവരുടെ തുടര്‍ച്ചകള്‍ എന്തായിരുന്നിരിക്കണം, എവിടെയായിരിക്കണം എന്ന ആലോചനകള്‍. 

 

detailed study of SInger  KPAC Sulochana's music career by Parvathi

 

''അമ്പിളിയമ്മാമാ താമരക്കുമ്പിളിലെന്തൊണ്ട്..'' എന്ന പാട്ട്, അതിലെ ശബ്ദം, നിലാവിന്റെ വെളിച്ചം കൊണ്ട് ഗായിക ആ പാട്ടിനെ ഒരു കൊച്ചുസംസാരത്തില്‍ പൊതിഞ്ഞെടുക്കുന്ന ലാളിത്യം. ഇങ്ങനെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ളില്‍ പതിഞ്ഞുപോയൊരു പാട്ട് എന്നതിനപ്പുറം ഈ നാടകഗാനത്തിന് ഇന്നെന്താണ്പ്രസക്തി? 

കെ.പി.എ.സി സുലോചന എന്ന പാട്ടുകാരി പാടിയ പാട്ട് എന്നതു മാത്രമാണ് അതിന്റെ ഈ കുറിപ്പിലുള്ള പ്രസക്തി. ആ പാട്ടിന്റെ ജീവനാഡിയാണ് സുലോചനയുടെ സ്വരം. നേര്‍ത്തതും എന്നാല്‍ ഉറച്ചതുമായ ശബ്ദം. ഉറച്ച സ്വരങ്ങള്‍ (notes), എന്നാല്‍ ആവശ്യത്തിന് നേര്‍പ്പിച്ചെടുക്കുന്ന ശബ്ദവിന്യാസങ്ങള്‍-സുലോചനയുടെ ഏറ്റവും വലിയ ഗായകഗുണമായി തോന്നിയിട്ടുള്ള ഒരു സവിശേഷതയാണിത്. 

ഓ.എന്‍.വി. കുറുപ്പും, ദേവരാജന്‍ മാഷും കൂടി ആ പാട്ട് ഉണ്ടാക്കിയെടുക്കുമ്പോള്‍, അവരതില്‍ പാവങ്ങളുടെ പായസച്ചോറും, മാനത്തെ മാളികയും ഒക്കെ രചിച്ചെടുക്കുമ്പോള്‍ കെ. സുലോചന അതിനെ ശബ്ദത്തിലൂടെ ഒരു കുഞ്ഞിന്റെ അനുഭവലോകം , ജീവിതലോകം ഉണ്ടാക്കിത്തരുകയാണ്. ആ സുലോചനയില്‍ നിന്നും പിന്നീട് മലയാളപ്പാട്ടുകളില്‍ നിരനിരയായി വന്നിട്ടുള്ള, മാനത്തെ ചന്ദ്രന്‍ കഥാപാത്രമായി വന്നിട്ടുള്ള എല്ലാ പാട്ടുകളിലേക്കും നീളുന്ന തുടര്‍ച്ചയുടെ ഒരു അദൃശ്യരേഖയുണ്ടാവാതിരിക്കുമോ? മലയാളപ്പാട്ടുകളുടെ തുടക്കത്തില്‍, അത്തരമൊരു  ഭാവപ്രപഞ്ചത്തെ ഉണ്ടാക്കിയെടുത്ത അവര്‍ക്ക് അങ്ങിനെയൊരു തുടര്‍ച്ച ഉണ്ടായോ? അതോ അവര്‍ ആരുമല്ലാതായി അപ്രസക്തമായ ലോകത്തേക്ക് മാഞ്ഞുപോയൊരു കലാകാരിയാണോ?  മലയാള ഗായികാലോകം അതിന്റെ ഭാവതീക്ഷ്ണതയോടെ ഇന്നിന്റെ ആധുനികതയിലേക്ക് തുറന്നുവരുമ്പോള്‍, അതിന്റെ ആദ്യ പെണ്‍ ശബ്ദങ്ങളില്‍ ഒന്നായ കെ.പി.എ.സി. സുലോചനയെ മറക്കുകയാണോ ചെയ്തത്?  

ഇത് സുലോചനയുടെ പാട്ടിലൂടെയുള്ള ഒരു സഞ്ചാരമാണ്. ആ പാട്ടുറവകളില്‍നിന്നും ചിലതിനെ പെറുക്കിയെടുക്കാനുള്ള ശ്രമം. അവരുടെ തുടര്‍ച്ചകള്‍ എന്തായിരുന്നിരിക്കണം, എവിടെയായിരിക്കണം എന്ന ആലോചനകള്‍. 

 

detailed study of SInger  KPAC Sulochana's music career by Parvathi
  
 

പാട്ടിന്റെ പെണ്‍വഴികള്‍ 

പാട്ടില്‍ സ്ത്രീവഴികള്‍ എന്നൊന്നുണ്ടോ? സ്ത്രീകള്‍ പാടുമ്പോള്‍ പാട്ടുകള്‍ക്ക് എന്തെങ്കിലും  സംഭവിക്കുന്നുണ്ടോ? 

പാടുന്ന തൊണ്ടയില്‍ -അത് സ്ത്രീയുടേതായാലും പുരുഷന്‍േറതായാലും- ഗായകരുടെ മൗലികഗുണങ്ങള്‍ കൂടി അടയാളപ്പെട്ടിട്ടുണ്ടാകും. പാടുന്ന വഴിയില്‍ അതിന് വ്യത്യാസങ്ങളില്ല. പക്ഷേ പാട്ടിന്റെ ഭാവങ്ങള്‍ക്ക് സ്ത്രീ -പുരുഷ സ്വരങ്ങള്‍ വ്യത്യസ്ത അനുഭൂതികള്‍ തന്നെയാണുണ്ടാക്കുക. ശ്രുതി ചേര്‍ന്ന് പാടുന്ന ഏത് ശബ്ദവും സുന്ദരവും ആസ്വാദ്യകരവുമാകുമ്പോഴും സ്ത്രീയും പുരുഷനും തീര്‍ക്കുന്ന പാട്ടിന്റെ ഭാവപ്രപഞ്ചങ്ങള്‍ രണ്ടായി തന്നെ ഇണങ്ങിച്ചേര്‍ന്നു നില്‍ക്കും. യുഗ്മഗാനങ്ങള്‍ ഏറ്റവും മനോഹരമാവുന്നത് ഈ ജലച്ചായ ചേര്‍ച്ചയിലാണ്.  

എന്നാല്‍ ചലച്ചിത്രഗാനലോകത്തെ സ്ത്രീ ശബ്ദങ്ങള്‍ക്ക് മൗലികമായ ഒരു ഗാനശൈലി ഉണ്ടായിവന്നിട്ടുണ്ട് എന്നത് സത്യമാണ്. എങ്ങിനെയാണ് മുഹമ്മദ് റഫിയുടെ പാട്ടുകളെ ഇങ്ങ് തെക്കേ ഇന്ത്യയിലെ കെ.ജെ.യേശുദാസും, എസ്.പി. ബാലസുബ്രഹ്മണ്യവും ടെക്സ്റ്റ് ബുക്കായി കണ്ടിരുന്നത്, അതുപോലെ നമ്മുടെ ഗായികമാര്‍ക്കും ടെക്സ്റ്റ് ബുക്കുകളായി ചില മുന്‍ കാല ഗായികമാര്‍  ഉണ്ടായിരുന്നു. അതിലൂടെ അവര്‍ നെയ്‌തെടുത്ത ഭാവപ്രപഞ്ചവും ഗാനശൈലിയും അതിന്റെ തുടര്‍ച്ചകളും ഉണ്ട്. 

ഉദാഹരണമായി, ഇന്നത്തെ മുഖ്യ ഗായികയായ കെ.എസ് ചിത്ര. അവര്‍ക്കു മുമ്പ് ഒരു എസ് ജാനകിയും, എസ് ജാനകിക്ക് ടെക്സ്റ്റ് ബുക്കായി ലതാമങ്കേഷ്‌കറും ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, ഇവര്‍ക്ക് അരികിലും തണലിലും പിന്‍പറ്റിയും എത്രയോ പ്രതിഭാധനരായ ഗായികമാര്‍ ചേര്‍ന്ന് നെയ്‌തെടുത്ത ഭാവപ്രപഞ്ചവും അവരുണ്ടാക്കിയെടുത്ത ഗാനശൈലികളും നമുക്ക് സ്വന്തമായുണ്ട്. മലയാളനാട്ടില്‍ തന്നെ പ്രാദേശികഭാഷയില്‍ സംസാരിക്കുന്ന, പാടിയിരുന്ന ഗായികമാരുടെ പാട്ടു ശൈലികളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്. 

ഇന്നുള്ള ഒരനുകൂലസാഹചര്യവും അന്നവര്‍ക്ക് ഇല്ലായിരുന്നു. അഭിനയിച്ചും പാടിയും അന്നവര്‍ കലകളെ വാരിപ്പുണര്‍ന്നിരുന്നത്  വല്ലാത്തൊരു മനോധൈര്യത്തോടെ ആയിരുന്നിരിക്കണം. ആ ധൈര്യത്തിന്റെ സൗന്ദര്യം മുഴുവനും അവരുടെ കലയിലേക്ക് പ്രതിഫലിപ്പിച്ചിട്ടുണ്ടാകണം. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ കാണുന്ന ആ കലാകാരികളുടെ കണ്ണുകളിലെ തിളക്കം കേവലം ബാഹ്യസൗന്ദര്യമായിരിക്കില്ല. കടന്നുപോന്ന ജീവിതത്തിന്റെയും അതിനെ മുറിച്ചുകടക്കാന്‍ സഹായകമായ ആത്മധൈര്യത്തിന്റെയും മനോബലത്തിന്റെയും സ്ഫുലിംഗങ്ങള്‍ ഉറപ്പായും ആ കണ്ണുകളില്‍ ഉണ്ടാവും. അങ്ങനെയൊരു അഗ്‌നിനാളം സുലോചനയുടെ കണ്ണുകളിലും നമുക്ക് കാണാം.

 

 


വൈവിധ്യങ്ങളുടെ പാട്ടുകള്‍ 

നമ്മുടെ പെണ്‍ഗാനങ്ങള്‍ക്ക് പ്രണയാതുരഭാവങ്ങള്‍ മാത്രമായിരുന്നില്ല. അതില്‍ വിപ്ലവഗാനങ്ങളും, വീരഗാനങ്ങളും, ദുഃഖഗാനങ്ങളും, തമാശഗാനങ്ങളും അടങ്ങുന്ന വൈവിധ്യം ഉണ്ടായിരുന്നു. 

അങ്ങിനെ നോക്കിയാല്‍ കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത പെണ്‍ വിപ്ലവനാദമാണ് കെ. പി.എ.സി.സുലോചന. സമകാലീനരായ ഗായകമാര്‍ പാടിയതിനേക്കാള്‍ ചുരുങ്ങിയ പാട്ടുകളേ സുലോചന പാടിയിട്ടുള്ളു. പക്ഷേ അതിലവര്‍ ശക്തമായി ആവിഷ്‌കരിച്ച  ഭാവപ്രപഞ്ചവും ഗാനശൈലിയും ഉണ്ട്. സുലോചന എന്ന വ്യക്തിയ്ക്കുമപ്പുറം, കേരളത്തെ പാടിച്ചുവപ്പിച്ച ആ വിപ്ലവഗായികയ്ക്കപ്പുറം, സുലോചനയിലെ സംഗീതം സഞ്ചരിച്ച വഴികളെ തിരഞ്ഞുപോയാല്‍, ആ ശബ്ദമുണ്ടാക്കിയ സംഗീതത്തെ അതില്‍ നിന്നെല്ലാം നമുക്ക് വേര്‍തിരിച്ചെടുക്കാനാവും. ഗായകരെ ഗായകരാക്കുന്നത് അവരിലെ സംഗീതമാണ്. അത് നിറയ്ക്കുന്ന പാട്ടുകളാണ്. ഒരുപക്ഷേ അവരുടെ കേവലം ശബ്ദസൗകുമാര്യ വാഴ്ത്തുകളെക്കാള്‍, കൃത്യതയാര്‍ന്ന വ്യക്തിപരതയുടെ അളവുകോലുകളെക്കാള്‍ സ്വന്തം സംഗീതത്തെ അടയാളപ്പെടുത്താനാവണം ഏതൊരു ഗായികയും ഗായകനും ഉള്ളാലെ ആഗ്രഹിക്കുന്നതും.  എന്നാല്‍ സ്ത്രീഗായകരെ 'അതുല്യ പ്രതിഭാശാലികള്‍' എന്ന് സമ്മതിച്ചതിന്റെയോ അവരുടെ ധീരമായ ചുവടുവെയ്പുകളെ ധീരതയായി കണക്കാക്കിയതിന്റെയോ അനുഭവങ്ങള്‍ നമ്മുടെ ഗായികാചരിത്രത്തില്‍ അധികമില്ല.  

പകരം അവരെ നമ്മള്‍  എളുപ്പത്തില്‍ വാനമ്പാടികളും, കുയിലുകളും, രാജ്ഞിമാരും, അമ്മയും ഒക്കെയാക്കി. തീവ്രവികാരങ്ങള്‍ ഇളകിമറിഞ്ഞ ആ ജീവിതത്തെ മൃദുലതയുടെ പര്യായങ്ങളാക്കി മാറ്റിനിര്‍ത്തി. വിപ്ലവഗായികമാരോ കാല്‍പ്പനിക ഗായികമാരോ ആക്കി ഒതുക്കി. എന്നാല്‍, നമ്മുടെ മിക്ക ഗായികമാരും അതിസൂക്ഷ്മമായ, അതിതീക്ഷ്ണമായ പ്രതിഭയുടെ, ചിന്തയുടെ, സര്‍ഗ്ഗാത്മകതയുടെ  തീനാളങ്ങള്‍ കൊളുത്തി വിട്ടവരാണ്. അവരുടെ ആവിഷ്‌ക്കാരരീതികള്‍ വിശദമായ പഠനം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍, ആ പ്രതിഭയെ അംഗീകരിക്കുന്ന സംബോധന പോലും സ്ത്രീഗായകര്‍ക്കായി നമുക്കില്ല എന്നതാണ് വാസ്തവം.  

 

detailed study of SInger  KPAC Sulochana's music career by Parvathi

 

കെ. പി.എ.സി സുലോചനയില്‍ നിന്നും 
കെ. സുലോചന എന്ന ഗായികയിലേക്ക്

സുലോചനയുടെ സംഗീതം നമുക്കെന്തായിരുന്നു എന്നത് വിടാം. പക്ഷേ, സുലോചനയ്ക്ക് സംഗീതം എന്തായിരുന്നു എന്നാലോചിക്കേണ്ടതുണ്ട്. അവരതിനെ ആവിഷ്‌കരിച്ചിരുന്നതെങ്ങിനെയായിരുന്നു? അവരുടെ സംഗീത പ്രതിഭ എന്തായിരുന്നു? 

അതിനാദ്യം, കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനവുമായുള്ള സുലോചനയുടെ ആത്മബന്ധം ചികയണം. കെ.പി.എ.സി എന്ന നാടകപ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും കൃത്യമായ രാഷ്ട്രീയ-സാമൂഹിക ഉദ്ദേശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അത്തരമൊരു സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തന ശ്രമങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ആ നാടക കൂട്ടായ്മ. കൃത്യമായ ഒരു സാസ്‌കാരിക നിര്‍മ്മിതിയും അത് നിര്‍വ്വഹിച്ചിട്ടുണ്ട്.

ദേവരാജന്‍ മാഷും ഒ.എന്‍.വി.കുറുപ്പും ചേര്‍ന്ന് ബോധപൂര്‍വ്വം ചിന്തിച്ച് പ്രവര്‍ത്തിച്ചതിന്റെ ഒരു സംഗീത ചരിത്രം കെ.പി.എ.സി നാടകഗാനങ്ങളില്‍ അടരായി മറഞ്ഞു കിടപ്പുണ്ട്. വ്യക്തിപരമായി ഉണ്ടായിരുന്ന ഉറച്ച സാമൂഹ്യ -രാഷ്ട്രീയ ബോധ്യങ്ങളെ അവര്‍ പാട്ടിലൂടെ ആവിഷ്‌ക്കരിക്കുകയായിരുന്നു. അതോടൊപ്പം, അത് പുതിയൊരു പാട്ട് സംസ്‌കാരത്തെ കടി സൃഷ്ടിച്ചു. ദേവരാജന്‍ മാഷ് തുടര്‍ന്നുപോന്നിരുന്ന സംഗീത പരീക്ഷണങ്ങള്‍-രാഗങ്ങളെ നേര്‍പ്പിച്ചെടുത്ത് കവിതക്കനുസരിച്ച് മിതപ്പെടുത്തി പാടുക എന്നത്- മാഷ് കൂടുതല്‍ സര്‍ഗ്ഗാത്മകതയോടെ കെ.പി.എ.സി ക്കു വേണ്ടി ചെയ്തു. ലളിതഗാനങ്ങള്‍ എന്ന പാട്ടു രൂപത്തെ സാക്ഷാത്ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കം ചികഞ്ഞു പോയാല്‍ കെ.പി.എ.സി. നാടക ഗാനങ്ങളില്‍ നമുക്ക് ചെന്നെത്താം. 

ആ കൃത്യനിര്‍വ്വഹണത്തില്‍ അത്രതന്നെ പ്രാധാന്യം ഗായകര്‍ക്കുമുണ്ടായിരുന്നു. 'നീലക്കുയില്‍' എന്ന സിനിമയിലെ പാട്ടുകള്‍ ഉണ്ടാവുന്നതിനും മുമ്പേ കെ.പി.എ.സി. നാടക ഗാനങ്ങള്‍ കേരളത്തില്‍ അലയടിച്ചു തുടങ്ങിയിരുന്നു. 
  
കെ. സുലോചന പാടിത്തുടങ്ങുന്നത് 50- കളിലാണ്. പാടി അഭിനയിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരുന്ന കാലം. തുടക്കത്തില്‍ സുലോചന അഭിനയത്തേക്കാള്‍ സ്വായത്തമാക്കിയ കല പാട്ട് പാടല്‍ തന്നെയായിരുന്നു. കര്‍ണ്ണാടക സംഗീതാഭ്യസനത്തിന്റെ വ്യക്തമായ സ്വാധീനം ആ സമയത്തെ പാട്ടുകളുടെ പ്രത്യേകതയായിരുന്നു. കര്‍ണ്ണാടക സംഗീതാഭ്യസനം തൊണ്ടക്ക് നല്‍കുന്ന ബൃഗകള്‍, അഴുത്തം, അടിച്ചു പാടല്‍ തുടങ്ങിയ സാങ്കേതികത്തികവിന്റെ തൊണ്ടയിലെ സ്വാധീനം അന്നത്തെ ഗായകരുടെ ശബ്ദത്തിന്റെ പ്രത്യേകത ആയിരുന്നു. സുലോചനയുടേതും അത്തരത്തിലുള്ള ശാരീരമായിരുന്നെങ്കിലും അതിനെ അനന്യമാക്കുന്ന ഒരു സൗന്ദര്യഘടകം ആ പാട്ടുശൈലിയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടായിരുന്നു. 

കര്‍ണ്ണാടക സംഗീതലോകത്ത് ശബ്ദക്രമീകരണം (Voice Modulation) കൃത്യമായി, അടയാളപ്പെടുത്തിയിട്ടില്ലാത്ത ആ കാലത്ത് സുലോചന തന്റെ ഗാനശൈലിയില്‍ അത് വഴക്കത്തോടെ സന്നിവേശിപ്പിച്ചിരിക്കുന്നത് സാകൂതം കേട്ടുനോക്കിയിട്ടുണ്ട്.  'അമ്പിളിയാമ്മാവാ താമരകുമ്പിളിലെന്തുണ്ട്' എന്ന പാട്ട്, എങ്ങിനെയായിരിക്കും കുട്ടിയായിരിക്കെ മനസ്സിനകത്ത് ഭാവനാലോകങ്ങള്‍ വരഞ്ഞുതീര്‍ത്തത് എന്ന ചിന്തയാണ് അതിലെത്തിച്ചത്.  'മാനത്തെ കൊമ്പനാനപുറത്ത്' എന്ന ഭാഗത്ത്, 'കൊമ്പനാന' എന്ന വാക്ക് ബലം കൊടുത്തു പാടുമ്പോള്‍ തന്നെ 'പുറത്ത്' എന്ന വാക്കിനെ അങ്ങേയറ്റം ശ്രുതിയിലേക്ക് മയപ്പെടുത്തി 'കൊമ്പനാനപ്പുറത്ത്' എന്ന അനുഭൂതിയെ സംഗീതലയമാക്കി തീര്‍ക്കുകയാണ് സുലോചനയിലെ ഗായിക. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ അതിലുണ്ട്. 

ഒച്ച കൂട്ടിയും കുറച്ചും മയപ്പെടുത്തിയും ദൃഢപ്പെടുത്തിയും ഉണ്ടാക്കേണ്ട ശബ്ദഭാഷയുടെ പ്രയോഗാര്‍ത്ഥത്തിലുള്ള മാനങ്ങള്‍ ഇന്നത്തെ പോലെ അന്ന് ദക്ഷിണേന്ത്യന്‍ സംഗീതലോകത്ത് അധികം കണ്ടുവെന്ന് വരില്ല. ഒരു പാട്ടിനെ പാട്ടാക്കുന്ന ഘടകങ്ങളായ, കാലപ്രമാണം, ശ്രുതി, ഗാനശൈലി എല്ലാം മറ്റൊരു ഭാവതലത്തിലായിരുന്നു. അക്കാലത്തെ ഉത്തരേന്ത്യന്‍ ഗാനങ്ങള്‍ ഇതില്‍ നിന്നും വ്യത്യാസപ്പെട്ടു നിന്നിരുന്നു. ഇന്നത്തെയത്ര സാങ്കേതികത്തികവോടെ സംഗീതത്തില്‍ അവയുടെ പ്രയോഗങ്ങള്‍  വികസിച്ചുവന്നിട്ടില്ലായിരുന്നു. 

കര്‍ണ്ണാടകസംഗീത ശൈലിയിലെ പ്രയോഗങ്ങളും, ലളിതമായ സംഗീതവഴികളും തമ്മിലുള്ള അനുപാതം ക്രമീകരിച്ച് കൊണ്ടുപോകുകയാണ് അന്ന് അവലംബിച്ചിരുന്ന ഒരു വഴി. ലളിതമായ സംഗീതവഴികളിലും ഒരു കുനിപ്പോ, സംഗതിയോ കര്‍ണ്ണാടക സംഗീതഭാവത്തില്‍ വന്നുപോകുക സാധാരണമാണ്.  ആ നാടകഗാനങ്ങളുടെ മനോഹാരിത അലിഞ്ഞു നില്‍ക്കുന്നതും ഈ രണ്ട് ശൈലികളുടെ അനുപാതത്തിലും ഗായകര്‍ അതിനെ സമര്‍ത്ഥമായി ക്രമീകരിക്കുന്നതിലും ആയിരുന്നു. സുലോചന ഈ വഴി ഏറ്റവും സുന്ദരമായി ആവിഷ്‌കരിച്ചത് കേള്‍ക്കാനാവും.

 

 


'മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു

'മുടിയനായ പുത്രന്‍' എന്ന നാടകത്തില്‍, ഒ എന്‍.വി.കുറുപ്പ് എഴുതി ദേവരാജന്‍ മാഷ് സംഗീതം നല്‍കിയ 'മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു' എന്ന ഗാനം സുലോചനയുടെ അതിമനോഹരമായ ഗാനങ്ങളില്‍ ഒന്നാണ്.  'ബലികുടീരങ്ങളേ' എന്ന വിപ്ലവഗാനത്തേക്കാള്‍ മനോഹരമായി സുലോചന ആലപിച്ച ഗാനമാണത്. കാംബോജി രാഗത്തിന്റെ സ്വരങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ പാട്ട് സുലോചനയുടെ ഗായികഗുണങ്ങളെ  എടുത്തു കാണിക്കുന്നു. മലയാളരുചി കിട്ടുന്ന ഉച്ചാരണത്തില്‍, രാഗത്തിന്റെ ലയത്തിലൂന്നി അങ്ങിങ്ങായി സുലോചന കൊടുക്കുന്ന ഊന്നലുകളും, മയപ്പെടുത്തലുകളും കൊണ്ട് നെയ്തെടുക്കുന്ന സ്വരവിന്യാസത്തിന്റെ കലയാണ് ഈ പാട്ട്. ''എന്റെ  മാടപ്പിറാവും കൊതിച്ചിരുന്നു' എന്ന ഭാഗത്ത്  സുലോചനയുടെ കര്‍ണ്ണാടകസംഗീതത്തിന്റെ  'അഴുത്തവും' ലളിതഗാനത്തിന്റെ ലാളിത്യവും ഒരുമിച്ച് അനുഭവപ്പെടും. അനുപല്ലവിയില്‍ എത്തുമ്പോള്‍ 'മാവിന്‍ ചുവട്ടില്‍ അലിഞ്ഞു' എന്നത് മേല്‍ സ്ഥായിയിലേക്ക് ഏറ്റവും മൃദുവായി പോയി, 'വീണു' എന്നത് ഒരു പൊട്ടി സംഗതിയില്‍ താഴേക്കു വീഴുകയാണ്. 

മനോഹരമായ ഒരു പദം പാടുന്നയത്രയും ശ്രദ്ധയോടെയും, ഗായകഗുണങ്ങളോടെയും ആവിഷ്‌ക്കരിക്കുന്നു സുലോചന. ഒരുപക്ഷേ ഗായകരാണ് ശ്രോതാവിലേക്ക ഗാനരചനയുടെ ഉള്‍രഹസ്യങ്ങളെ നമുക്ക് കൊണ്ടുവന്നു തരുന്നത്. ദേവരാജന്‍ മാഷിന്റെ രചനയെ സുലോചന തന്റെ പ്രതിഭ കൊണ്ട് വിവര്‍ത്തനം ചെയ്ത് നമ്മളിലെത്തിക്കുന്നു. അതുപോലെ മനോഹരമാണ് അതിലെ വാദ്യങ്ങളും.

ഇതിന്റെ നേര്‍വിപരീത ഭാവത്തിലാണ് 'ചെപ്പു കിലുങ്ങണ ചങ്ങാതി' എന്ന പാട്ട്. 

എടുത്തു പറയേണ്ട മറ്റൊന്നാണ് സുലോചന പാടിയ യുഗ്മഗാനങ്ങള്‍. ഡ്യുയറ്റ് പാടുമ്പോള്‍ സുലോചനയുടെ പാട്ടിന്, കൂടെപ്പാടുന്നവരുടെ ശബ്ദവുമായി ലയിക്കുന്ന (merge) അങ്ങേയറ്റത്തെ സാമര്‍ഥ്യമുണ്ട്. 'ബലികുടീരങ്ങളേ' എന്ന വിപ്ലവഗാനത്തില്‍ സുലോചന കോറസ് ആയി മാത്രമേ പാടുന്നുള്ളു. എന്നാല്‍ ആ ശബ്ദം ആ പാട്ടിനെ ഒരു 'സംഘഗാനമാക്കി' മാറ്റുന്നു. കെ. എസ്. ജോര്‍ജ്ജുമായി സുലോചന പാടിയ നാടകപ്പാട്ടുകള്‍ സംവഹിക്കുന്നത് മലയാളത്തിന്റെ പാട്ടുസംസ്‌കാരങ്ങള്‍ കൂടിയാണ്. അതില്‍ ഗായികനിലയില്‍ സുലോചന വഹിച്ച പങ്ക് മലയാളപാട്ടുകളുടെ, ലളിതഗാനങ്ങളുടെ അടിവേരുകളായി  മണ്ണിലാണ്ടുകിടക്കുന്നതാണ്. ഒരുപക്ഷേ പെണ്‍പാട്ടുചരിത്രത്തിന്റെ അടിവേരുകളില്‍ ഒഴുകുന്ന ജലമായി തന്നെ.  

എന്നാല്‍ കമുകറയോടൊപ്പം സുലോചന പാടിയ 'തുമ്പപ്പൂ പെയ്യണ പൂനിലാവേ' എന്ന ഏറ്റവും ലളിതമായ ആ പാട്ട് അതിഗംഭീര ഡ്യുയറ്റ് ആയിരുന്നു. ബൃഗാ ശാരീരമുള്ള രണ്ടു പേര്‍ മുഖാമുഖം നിന്നുകൊണ്ട് അതിമനോഹരമായി പാട്ടിനെ ഏറ്റവും സരളമായി ആവിഷ്‌ക്കരിക്കുന്ന ഗാംഭീര്യം ആ പാട്ടില്‍ നിന്നുമറിയാനാവും. അതിലോരോ വരിയുടെ തുടക്കവും സുലോചന പാടുമ്പോള്‍, സഹഗായകന്‍ പാടിക്കഴിഞ്ഞതിന്റെ തുടര്‍ച്ചയെന്നോണം, ശ്രുതിയില്‍ നിന്നും പതുക്കെ ഉയര്‍ന്നു വരുന്ന ആദ്യ note-ഉം, രണ്ടാമതത് ആവര്‍ത്തിക്കുമ്പോള്‍, ഒരു കുനിപ്പ് കൂട്ടിപ്പാടുന്നതുമടക്കം ഏറ്റവും  സ്വാഭാവികതയോടെ വരുന്ന ഒരു ഒഴുക്ക് പാട്ടിന് അനുഭവപ്പെടുന്നുണ്ട്. ഈ പാട്ടില്‍ സുലോചന പാടുന്നതിന്റെ  സുഭഗത എടുത്തു പറയേണ്ടതാണ്. ചെറിയ കുനിപ്പുകളും, ഒരു നോട് അവസാനിച്ചതില്‍ നിന്നും അടുത്ത നോട് തുടങ്ങുന്നയിടത്തിനു കൊടുക്കുന്ന തുടര്‍ച്ച, link തുടങ്ങിയ സൂക്ഷ്മസഞ്ചാരങ്ങള്‍ സുലോചന ഉള്‍ച്ചേര്‍ത്തിരുന്നു.

സുലോചന കര്‍ണ്ണാടക സംഗീതത്തില്‍ ശിക്ഷണം നേടിയിരുന്നു. എന്നാലും ദേവരാജന്‍ മാഷ് എന്ന ഒരു പരിശീലകന്‍ തീര്‍ച്ചയായും സുലോചനയുടെ പാട്ടുകളെ 'ലളിതഗാനമാക്കി' മാറ്റുവാന്‍ സഹായിച്ചിട്ടുണ്ടാവണം. അക്ഷരകൃത്യതയും രാഗവ്യക്തതയും സുലോചനയുടെ പാട്ടിന്റെ സവിശേഷതയായി അന്ന് ദേവരാജന്‍ മാഷ് പറഞ്ഞിരുന്നുവത്രേ. ഇത് അന്നത്തെ പാട്ടു സമീപനങ്ങളാണ്, ലളിതഗാനങ്ങള്‍ എന്ന ഒരു പാട്ടുധാര ഉണ്ടായി വരുന്ന സന്ദര്‍ഭമാണ്. 

കര്‍ണ്ണാടക സംഗീതശിക്ഷണം നേടിയിട്ടുള്ള ഒരു ശബ്ദത്തിന് എളുപ്പത്തില്‍ വഴങ്ങാവുന്ന ശൈലിയല്ല 'ലളിതഗാനശൈലി.' ലളിതഗാനങ്ങള്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കണമെങ്കില്‍, അതിന് സാരള്യത്തിന്റെ അതിരുകളില്ലാത്ത വ്യാപനശേഷി കൂടി വേണം. അത് സംഗീതം കൊണ്ടും, പാട്ടിലെ കവിത കൊണ്ടും സാധിക്കണം. അതിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഗായകര്‍. അന്ന് വരെ തൊണ്ട ശീലിച്ചെടുത്തിട്ടുള്ള ഗായകക്രമങ്ങളെയൊക്കെ ക്ഷമയോടെ മാറ്റിപ്പാടേണ്ടതുണ്ട്. നാടകരംഗത്ത്, അരങ്ങിനു മുന്നിലുള്ള അഭിനയ ശൈലിയും, സിനിമാരംഗത്ത് കാമറക്ക് മുന്നിലുള്ള അഭിനയശൈലിയിലും ഉള്ള വ്യത്യാസങ്ങള്‍ പോലെ, കര്‍ണ്ണാടക സംഗീതശൈലിയും ലളിതഗാനശൈലിയും തമ്മിലുമുണ്ട് ആവിഷ്‌കരിക്കുന്നതില്‍ വ്യത്യാസം. അത് സുലോചന സ്വായത്തമാക്കിയിരുന്നു. അതിലും ഒരുപടി കൂടി കടന്ന്, നാടക അരങ്ങില്‍ അഭിനയിച്ച് പാടിയിരുന്ന ഒരു മുഴുകലാകാരി ആയിരുന്നു സുലോചന.  

നാടകഗാനങ്ങളായ ആ പാട്ടുകളൊക്കെയും കേരളത്തിന്റെ പാട്ടുസംസ്‌കാരങ്ങളായി എങ്ങും അലയടിക്കുന്നവ തന്നെയായിരുന്നു. ഒരുപക്ഷേ കെ.എസ്. ജോര്‍ജ്ജിനെ അന്നത്തെ കേരളത്തിന്റെ ഒരു മുഹമ്മദ് റഫിയോ, കിഷോര്‍കുമാര്‍ ആയോ സുലോചനയെ ലതാമങ്കേഷ്‌കറായോ ഒന്ന് സങ്കല്പിച്ചാല്‍ നമുക്കാ ലളിതഗാനസംസ്‌കാരത്തെ ഉള്‍ക്കൊള്ളാനാവും. 'തലയ്ക്കു മീതെ ശൂന്യാകാശം', 'ആ മലര്‍പൊയ്കയില്‍, 'വെള്ളാരംകുന്നിലെ പൊന്മുളം' ഈ പാട്ടുശീലുകള്‍ തന്നെ ഇതിന് ഉദാഹരണങ്ങള്‍.

അന്ന് തമിഴ്നാട്ടില്‍ 'മെല്ലിസൈ' എന്ന ആശയം വന്നുതുടങ്ങിയിട്ടുണ്ട്. 'മെല്ലിസൈ മന്നര്‍' ആയ എം.എസ്.വിശ്വനാഥന്‍, 'തിരൈ ഇസൈ തിലകം'' ആയി കെ.വി. മഹാദേവനും അവിടെ മനോഹരങ്ങളായ സിനിമാസംഗീതവഴികള്‍ തെളിച്ചു തുടങ്ങി. എന്നാല്‍ പോലും തമിഴകത്തില്‍ വന്നിരുന്ന  ടി.എം സൗന്ദര്‍രാജനെ പോലെയോ, ശീര്‍കാഴി ഗോവിന്ദരാജനെ പോലെയോ 'കര്‍ണ്ണാടക സംഗീത ശൈലിയില്‍' അടിയുറച്ചുള്ള ഗായകശൈലികള്‍ കേരളത്തില്‍ അക്കാലത്ത്  വിരളമായിരുന്നു എന്ന് തന്നെ പറയാം. ദേവരാജന്‍ മാഷ് 'കവിതക്കനുരൂപമായ സംഗീതം' എന്ന തത്വത്തെ പിന്തുടര്‍ന്നിരുന്ന സംഗീതസംവിധായകനായിരുന്നു. പിന്നീടങ്ങോട്ട്  ചുക്കാന്‍ പിടിച്ച കെ.രാഘവന്‍ മാഷും. ചുരുക്കത്തില്‍ ദേവരാജന്‍ മാഷ് സംഗീതം നല്‍കിയ ആ നാടകഗാനങ്ങളൊക്കെയും റഫിയോ, ലതയോ പാടിയിരുന്ന പാട്ടുകളോളം തന്നെ, ഭാവുകത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവ ആയിരുന്നു. 

50 -കളില്‍ ലതാ മങ്കേഷ്‌ക്കര്‍ പാടിയിരുന്ന പാട്ടുകളില്‍ (ആയേഗാ, തും ന ജാനേ, ആജ് മേരെ നസീബ് തുടങ്ങി ഒരുപാട് ) ഉണ്ടായിരുന്ന അതേ ഭാവദീപ്തമായ, കാല്പനികഭാവം കലര്‍ന്ന ഗാനങ്ങളെ കൈകാര്യം ചെയ്തിരുന്ന ഗായികയായിരുന്നു കെ. സുലോചന. ആ കാല്‍പനിക അംശം സുലോചനയുടെ ഡ്യുയറ്റ് ഗാനങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരുപക്ഷേ ലതയും സുലോചനയും പാടിയിരുന്ന  ശ്രുതിയിലുള്ള (pitch) , ശൈലികളിലുള്ള വ്യത്യാസങ്ങള്‍ രണ്ടു പേരുടെയും പാട്ടുകളെ ഒത്തുവെക്കാനുള്ള തോന്നലില്ലാതെ പോകുന്നതിന് ഒരു ഘടകമായിരുന്നിരിക്കാം. ഒപ്പം അത്രയും വൈവിധ്യഭാവങ്ങളിലുള്ള പാട്ടുകള്‍ എണ്ണത്തില്‍  സുലോചന പാടിയിട്ടില്ലാത്തതു കൊണ്ടുമായിരിക്കാം.    

 

detailed study of SInger  KPAC Sulochana's music career by Parvathi

 

കലയും കലാകാരിയും 

ഈയിടെ കണ്ട ഉള്ളില്‍ തറച്ചു പോയൊരു സിനിമയായിരുന്നു 'At eternity's  gate.' വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതം പറയുന്ന സിനിമ. വാന്‍ഗോഗിന്റെ കണ്ണുകള്‍ എങ്ങനെയാണ് പ്രകൃതിയെ കാണുന്നതെന്നും അയാള്‍ അതെങ്ങനെ നിറങ്ങളിലേക്ക് പകര്‍ത്തുന്നത് എന്നുമാണ് ആ സിനിമ പറയുന്നത്. അതൊരുപക്ഷേ ഒരു ചിത്രകാരന്റെ  ഭാവനാലോകത്തേക്കും ആ ലോകത്തയാള്‍ ജീവിച്ച ജീവിതത്തിലേക്കുമുള്ള വഴി കാണിക്കലായിരുന്നു. വാന്‍ഗോഗ് എന്ന കലാകാരനെ,  കലാകാരന്‍ എന്ന നിലയ്ക്ക് മുഴുവനായും അംഗീകരിച്ചുള്ള ഏറ്റവും മനോഹരമായ ആദരം.  കലയെ, കലയായി മാത്രം നിലനിര്‍ത്തി, അതിന്റെ കലാംശം   ആഘോഷിക്കപ്പെടാറുണ്ട്, കലാകാരന്‍ തന്റെ കലയുടെ തണലില്‍ അഭിമാനത്തോടെ നില്‍ക്കാറുമുണ്ട് . എന്നാല്‍ ചില കലയിലെങ്കിലും കലാകാരന്റെ, കലാകാരിയുടെ മനുഷ്യസ്പര്‍ശം കൂട്ടിച്ചേര്‍ത്ത് കലയെ അനുഭവവേദ്യമാക്കുമ്പോള്‍ അത് കലയുടെ ആഘോഷം മാത്രമല്ല, കലയും കലാകാരനും തമ്മിലുള്ള അഭേദ്യമായ ആ ബന്ധത്തെ കൂടി അത് വരച്ചുകാണിക്കുകയാണ്. ആസ്വാദകര്‍ പുറമെ നിന്നും ഒരു കലാകാരനെ, ആവിഷ്‌കാരങ്ങളെ കാണുന്ന പുറംതോടിനെ പൊട്ടിച്ച് കാണിച്ചുതരലാണത്. 

കെ. പി. എ.സി. സുലോചനയെ അങ്ങിനെ കണ്ടുനോക്കിയാലോ?  കെ. പി.എ.സി. എന്ന സംബോധനയോടെ അറിയപ്പെടാനായിരിക്കണം ഗായികയും അഭിനേത്രിയുമായ അവര്‍ പോലും ആഗ്രഹിക്കുന്നത്. കെ.പി.എ.സി. എന്ന ആ നാടകപ്രസ്ഥാനത്തോടുള്ള അവരുടെ ബന്ധം ജീവിതത്തോടും ആശയനിലപാടുകളോടും വരെ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതുമായിരുന്നു. പക്ഷെ അവരിലെ ഗായിക അത് മാത്രമല്ല. സുലോചന എന്ന വ്യക്തിയും അവരിലെ ഗായികയും തമ്മിലുള്ള ബന്ധത്തിന് അതിലുമേറെ ആഴമുണ്ടെന്ന് കരുതാന്‍ അവരുടെ ഗാനശൈലി നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. സംഗീതത്തെ അത്രത്തോളം ശ്രദ്ധയോടെ, സഹഗായകരേക്കാള്‍ കാല്പനികത കലര്‍ത്തി, ജ്ഞാനബോധത്തോടെ അവര്‍ പരിചരിച്ചിരുന്നതിനുള്ള ഉദാഹരണങ്ങള്‍ ആണ് അവര്‍ പാടിയ പാട്ടുകളൊക്കെയും.   

കെ. സുലോചനയെ പോലെയൊരു മലയാളഗായിക മലയാള ചലച്ചിത്രലോകത്തില്‍ കൂടുതലായി പാടിയില്ല, നാടകരംഗത്ത് ഒരു പതിറ്റാണ്ടു കാലത്തോളം സജീവമായ, ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവസമ്പത്തുണ്ടായിട്ടും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ അവരുടെ രാഷ്ട്രീയ ആര്‍ജ്ജവവും, തുറന്ന പ്രതികരണ ശേഷിയും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ചേര്‍ന്നുനില്‍പും തന്നെ അവരിലെ ഗായികയെ കേരളത്തിന് വേണ്ടത്ര കാണാതെ പോകാന്‍ കാരണമായിട്ടുണ്ടാകുമോ എന്ന് തോന്നുന്നു. നാടകത്തിന്റെ തന്നെ ഒരു നീട്ടിയെടുക്കല്‍ മാത്രമായി തന്നെയാണ് സിനിമയില്‍ അവര്‍ ഉണ്ടായത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും പാട്ട് സംഘത്തിലൊരാളായി പങ്കെടുത്തിരുന്നുവല്ലോ അവര്‍.

കാരണങ്ങള്‍ എന്തായാലും, തന്റെ ഗാനശൈലിയിലും, അഭിനയ ശൈലിയിലും അതാത് മാദ്ധ്യമമനുസരിച്ച് മാറ്റിപ്പണിയലിനുള്ള പ്രാവീണ്യക്കുറവ് കൊണ്ടായിരുന്നില്ല അത് സംഭവിച്ചത്. അതിനുള്ള പ്രതിഭയും അര്‍പ്പണ ബോധവും മാനസികബലവും, ഇച്ഛാശക്തിയും അകമേ ഉള്ള ഒരു കലാകാരി ആയിരുന്നു അവര്‍. കെ.പി.എ.സി എന്ന നാടകപ്രസ്ഥാനത്തില്‍ നിന്നും പിരിഞ്ഞ ശേഷം പില്‍ക്കാലത്ത് അവര്‍ പുതിയ ഒരു സ്വതന്ത്ര നാടക പ്രസ്ഥാനം 'സംസ്‌കാര' എന്ന പേരില്‍ തുടങ്ങുന്നുണ്ട്. ഒരു നാടകസംരംഭകയായി മാറുന്നുണ്ട്. ഒരുപക്ഷേ അന്നത്തെ സ്ത്രീകള്‍ മുന്നിട്ടിറങ്ങി ചെയ്യാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു കാര്യം. 

അതുപോലെ നാടകാവതരണ വേളകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങളെ അവര്‍ മുന്നോട്ട് വന്നിടപെട്ട്, പരിഹാരമുണ്ടാക്കി നാടകം അവതരിപ്പിച്ച പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് സാക്ഷ്യം പറയുന്നവരുണ്ട്. അവര്‍ കാണിച്ച ധൈര്യത്തെ, ആര്‍ജ്ജവത്തെ എടുത്തു പറയുന്നവര്‍. എന്നിട്ടും സിനിമാലോകവും, സിനിമാഗാനലോകവും അവരെ കാര്യമായാന്നും ഉപയോഗപ്പെടുത്തിയിട്ടില്ല. 

കാലത്തിനനുസരിച്ച് അവരിലെ കലാകാരി ആഗ്രഹിച്ച കലാ ഇടപെടലുകള്‍ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ പലതരത്തിലുള്ള  സംഘര്‍ഷം അവരനുഭവിച്ചിട്ടുണ്ടാകണം. അതിനോടൊപ്പം നാടകത്തിലുള്ള ഇടപെടലുകള്‍ക്ക് അംഗീകാരമായി സമ്മാനിക്കപ്പെട്ട അവാര്‍ഡുകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുമുണ്ടാവാം. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, അവാര്‍ഡുകള്‍ എത്രതന്നെ സന്തോഷിപ്പിച്ചാലും, കലാകാരി എന്നനിലയിലെ ആവിഷ്‌കാരത്വര ജീവിതാവസാനംവരേയും അവരില്‍ അവസാനിച്ചിട്ടുണ്ടാകില്ല.

ഇന്നത്തെ പെണ്‍ഗായകര്‍ തീര്‍ക്കുന്ന ഭാവപ്രപഞ്ചത്തിന് തുടക്കം നല്‍കിയവരില്‍ സവിശേഷ ആലാപനശൈലി ഉണ്ടായിരുന്ന ഗായികയായിരുന്നു സുലോചന. 

 

പാട്ടുറവകള്‍. പാര്‍വതി എഴുതിയ കുറിപ്പുകള്‍

'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍

കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍

രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?

കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം

പുഷ്പവതി: പാട്ടും പോരാട്ടവും 

'ലജ്ജാവതിയേ' എന്ന 'അലോസരം'; 'ഹരിമുരളീരവം' എന്ന 'അതിശയം'

Latest Videos
Follow Us:
Download App:
  • android
  • ios