സലാലയിലെ തീപ്പിടിത്തം, എല്ലാം മുങ്ങിപ്പോയൊരു പ്രളയം, അതിനിടയില്‍പ്പെട്ട ഒരു പ്രവാസിയുടെ അനുഭവം!
ഇത്രയും നാളത്തെ പ്രവാസത്തില്‍ എതാണിഷ്ടപ്പെട്ട സ്ഥലം, എന്നു ചോദിച്ചാല്‍ ഒരേ ഒരുത്തരം മാത്രമേയുള്ളൂ, സലാല-മണികണ്ഠന്‍ എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
അന്നും പതിവുപോലെ ജോലി കഴിഞ്ഞ് അന്തിക്കാട് ബസ് സ്‌റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ കല്ലാറ്റ് രാജുവേട്ടനെ കണ്ടു. പുള്ളി പറഞ്ഞു, 'ടാ പാപ്പന്‍ ( ഭരതന്‍ സാര്‍ ) ഇലക്ട്രീഷ്യന്‍ വിസ കൊണ്ടു വന്നിട്ടുണ്ട്. നീ പോയി ചോദിച്ചു നോക്ക്.'
കേട്ട പാതി വീട്ടില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റ് കോപ്പിയും പാസ്‌പോര്‍ട്ട് കോപ്പിയും കൈയില്‍ പിടിച്ച് ഭരതന്‍ സാറിനെ കാണാന്‍ പോയി. സാര്‍ പറഞ്ഞു, 'സലാലയില്‍ ആണ് ജോലി. കേരളം പോലെ തന്നെയാണ്. വിസ കിട്ടുകയാണെങ്കില്‍ വേഗം തന്നെ വരേണ്ടി വരും'.
ഞാനാണങ്കില്‍ വിസ ഇന്ന് കിട്ടിയാല്‍ ഇന്ന് തന്നെ പോകാമെന്നുള്ള അവസ്ഥയിലും.
സാര്‍ പറഞ്ഞതു പോലെ വിസ വേഗം കിട്ടി. അഞ്ചു പൈസ ചിലവില്ലാതെ ആദ്യഗള്‍ഫ് യാത്ര. ഒരുപാട് സ്വപ്നങ്ങളുമായി തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക്. കൂടെ വേറൊരാള്‍ കൂടി വന്നു, കരുവന്നൂര്‍ സ്വദേശി നീലേഷ് ചന്ദ്രശേഖരന്‍. ഞങ്ങള്‍ രണ്ടാളും കൂടി 1998 മാര്‍ച്ച് 27 -ന് സലാലയിലേക്ക്.
എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഭരതന്‍ സാര്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും റൂമിലേക്കുള്ള വഴി കണ്ടപ്പോള്‍ തന്നെ മനസ്സിലായി, പറഞ്ഞു കേട്ടതിനേക്കാള്‍ സുന്ദരിയാണ് സലാല!
റോഡിനിരുവശവും തെങ്ങും മരങ്ങളും. റൂമിനടുത്തെത്താറായപ്പോള്‍ നിരവധി തോട്ടങ്ങളും കാണാറായി. ഞങ്ങളുടെ കമ്പനിയില്‍ മലയാളികളും തമിഴരുമാണ് കൂടുതലും. ഞങ്ങള്‍ എത്തിയിരിക്കുന്നത് മന്ത്രാലയത്തിന്റെ എമര്‍ജന്‍സി വിങ്ങില്‍ ജോലിക്കാണ്. ഞങ്ങളുടെ കമ്പനിക്കാണ് അതിന്റെ കരാര്‍. അല്‍ കത്തീരി ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്ങ് കമ്പനി. അതാണ് പേര്.
പുതുതായി വേറെയും ആളുകള്‍ വന്നിട്ടുണ്ട്. പഴയ ആളുകള്‍ ആയി സുകുമാരന്‍ ചേട്ടനും, ബിജു, അനില്‍, ജയന്‍ തുടങ്ങിയ ടീം. എല്ലാവരേയും പരിചയപ്പെട്ടു. പുതുതായി വന്നവരില്‍ രണ്ടാളെ താക്ക ഡിസ്ട്രിക്റ്റിലേക്ക് പറഞ്ഞയച്ചു. എന്നെ സലാല ഏരിയയിലും, നീലേഷിനെ സാദാ ഏരിയയിലും ഡ്യൂട്ടിക്ക് നിയോഗിച്ചു. ഞാന്‍ ആദ്യം സുകുമാരന്‍ ചേട്ടന്റെ ഒപ്പം ഡ്യൂട്ടിക്ക് കയറി.
ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും ഒമാനികളാണ്. കൂടുതലും ഇബ്രി എന്ന സ്ഥലത്തുള്ളവര്‍. പാവങ്ങളാണ് നന്നായി ജോലിയും ചെയ്യും. ഡ്യൂട്ടിയുടെ സ്വഭാവം പറയുകയാണെങ്കില്‍ നമ്മുടെ കെ എസ് ഇ ബിയുടെ പണി തന്നെ. വയര്‍ലെസ് ഉണ്ടാകും. അതില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു പറയും, ഇന്ന സ്ഥലത്ത് പ്രോബ്ലം ഉണ്ടന്ന്. നന്മള്‍ വേഗം അവിടെ ചെന്ന് പ്രശ്‌നം തീര്‍ക്കണം. എല്ലാ വിവരവും വയര്‍ലെസ് വഴി പറയുകയും വേണം. തുടങ്ങുന്ന സമയം, കഴിഞ്ഞ സമയം, എന്താണു പ്രശ്‌നം, എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ എല്ലാം.
രസം എന്താണെന്നു വെച്ചാല്‍, വയര്‍ലസ് വഴി അറബിയും ഇംഗ്ലീഷും മാത്രമെ സംസാരിക്കാന്‍ പറ്റുകയുള്ളൂ. ദൈവം സഹായിച്ച് ഇതു രണ്ടും എനിക്ക് അറിയുകയുമില്ല. പിന്നെ സ്ഥലവും അറിയില്ല. ജോലി കൃത്യമായി അറിയില്ല. എന്തായാലും സുകുമാരന്‍ ചേട്ടനെ സഹായിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. നാട്ടില്‍ 11 കെ. വി ലൈന്‍ തെങ്ങിന്റെ ഓല തട്ടി ഓഫ് ആകുമ്പോള്‍ പട്ട വെട്ടാറില്ലേ. അതുപോലെ ഇവിടേയും.
ഒരു വ്യത്യാസം മാത്രം നാട്ടില്‍ അരിവാള്‍ തോട്ടി ആണെങ്കില്‍ ഇവിടെ 11 കെ വി ഓപ്പറേറ്റിങ്ങ് റാഡ് ഉണ്ട്.
അതിന്മേല്‍ കത്തി കെട്ടിയാണ് പട്ട വെട്ടുന്നത്. ഉയരത്തിനനുസരിച്ച് റാഡുകള്‍ കൂട്ടിയും കുറച്ചും വെട്ടാം.
തോട്ടങ്ങളില്‍ കറന്റ് പോയാല്‍ ഞങ്ങള്‍ക്ക് ഭയങ്കര ഉത്സാഹമാണ് അവിടെ പോകാന്‍. കാരണം വേറൊന്നുമല്ല, പ്രശ്‌നം എന്താണെന്ന് നോക്കുന്നതിനു മുന്‍പ് വെട്ടാന്‍ പറ്റിയ നല്ല വാഴക്കുല ഉണ്ടോന്ന് ആയിരിക്കും ആദ്യ നോട്ടം. പിന്നെ കരിക്ക്, പപ്പായ എല്ലാം ഉണ്ടാകും. പണി കഴിയുമ്പോഴേക്കും ഒരു വണ്ടി നിറയെ സാധനങ്ങള്‍ കിട്ടും തോട്ടത്തില്‍ നിന്നും. അവര്‍ തന്നെ വെട്ടി വണ്ടിയില്‍ വെച്ചു തരും.
കൃത്യസമയത്ത് ജോലിക്ക് ഇറങ്ങേണ്ട. വണ്ടിയില്‍ ഒരാള്‍ ഉണ്ടായാല്‍ മതി, വയര്‍ലസ് മെസേജ് നോക്കാന്‍. ഒരു ക്രിക്കറ്റ് ഏകദിനം മുഴുവന്‍ ജോലിക്കിടെ കണ്ട ദിവസം വരെയുണ്ട്. പക്ഷെ വലിയ ജോലി വന്ന് പെട്ടാല്‍ ചിലപ്പോള്‍ മൂത്രം ഒഴിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. വല്ല ട്രാന്‍സ്‌ഫോര്‍മറോ മറ്റോ കത്തിപ്പോയാല്‍ പിന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടക്കും. ജനറേറ്റര്‍ കൊണ്ടുവന്ന് ട്രാന്‍സ്ഫോര്‍മര്‍ പുതിയത് വെച്ച് പണിതീരുന്നതുവരെ പവര്‍ കൊടുക്കും. ഡിസ്ട്രിക്റ്റ് എന്‍ജിനീയര്‍ വരെ കന്തൂറ മടക്കി ക്കുത്തി നമുക്കൊപ്പം പണിയാന്‍ നില്‍ക്കും. അതാണ് ശരിക്കുള്ള എമര്‍ജന്‍സി വര്‍ക്ക്.
പിന്നെ ജൂലായ് -ആഗസ്റ്റ് മാസങ്ങളില്‍ മഴയാണ് ഇവിടെ. എല്ലാ ജിസിസികളിലെയും അറബികള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവിടെയുണ്ടാകും. ഇവിടത്തെ മലകള്‍ അപ്പോള്‍ പച്ചപ്പും കോടമഞ്ഞും, ആയി ഊട്ടിയെപ്പോലെ മനോഹരിയായി ഇരിക്കും. അടുത്തു നിന്നാല്‍ കാണാന്‍ പറ്റാത്ത വിധം കോടമഞ്ഞില്‍ സുന്ദരിയായി സലാല. .ഇവിടത്തെ തവാതീര്‍ മലനിരകളിലാണ് കയറ്റത്തിലേക്ക് ന്യൂട്രലില്‍ ഇട്ട വണ്ടി വലിച്ചുകൊണ്ടു പോകുന്ന പ്രതിഭാസമുള്ളത്. എല്ലാവര്‍ക്കും സന്തോഷമുള്ള മഴ സീസണില്‍ ഞങ്ങള്‍ എമര്‍ജന്‍സിക്കാര്‍ക്ക് മാത്രം പിടിപ്പത് പണി ഉണ്ടാകും. കാരണം മഴ പെയ്താല്‍ കറന്റു പോകും.
അറബിക് പഠിത്തം പെട്ടന്നു തന്നെ തുടങ്ങി. അക്കങ്ങള്‍ വായിക്കാനും. കാരണം മീറ്ററിനടുത്തുള്ള അക്കൗണ്ട് നമ്പര്‍ എല്ലാം അറബിയില്‍ ആണ് എഴുതുക. അപ്പോള്‍ അത് പഠിച്ചേ തീരൂ. അങ്ങിനെ ആറു മാസത്തിനുള്ളില്‍ അറബി നന്നായി സംസാരിക്കാനും, അക്കങ്ങള്‍ എഴുതാനും വായിക്കാനും പഠിച്ചു.
അതിനിടയില്‍ ആണ് പ്രധാനപ്പെട്ട സംഭവം നടന്നത്.
ഡ്യൂട്ടി മാറിയപ്പോള്‍ എനിക്ക് തനിച്ച് ഒരു ഷിഫ്റ്റ് ആയി. സഹായത്തിന് പുതുതായി വന്ന ജയിംസും. ഐ ടി ഐയില്‍ പഠിക്കുമ്പോള്‍ പ്രാക്റ്റിക്കലിന് ഒരു ബള്‍ബും ഒരു സ്വിച്ചും വെച്ച് ലൈറ്റ് കത്തിച്ചപ്പോള്‍ ആ സെക്ഷനിലെ ഫ്യൂസ് (രണ്ടു വയറും ഒരുമിച്ച് കൊടുത്തു) അടിപ്പിച്ചു കളഞ്ഞ ഞാന്‍ സലാലസിറ്റിയിലെ കറന്റിന്റെ ഉത്തരവാദിത്തം ഒരു ഷിഫ്റ്റ് ഏറ്റെടുത്തു. ടെന്‍ഷന്റെ നാളുകള്‍. ഉറക്കമില്ല. ഡ്യൂട്ടിക്ക് ഇറങ്ങുമ്പോള്‍ തന്നെ മൂത്രമൊഴിക്കാന്‍ തോന്നും.
അങ്ങിനെ ഒരു ദിവസം പുതുതായി ഒരു ഒമാനി പയ്യനും കൂടി ഡ്യൂട്ടിക്ക് വന്നു, ഞങ്ങളുടെ ഡ്രൈവറായി. പാന്റും ടീ ഷര്‍ട്ടും തൊപ്പിയുമൊക്കെ വെച്ച് ഇന്ത്യന്‍ സ്‌റ്റൈലില്‍. കാരണം വേറൊന്നുമല്ല ഞങ്ങളുടെ കൂടെ ഏതു വീട്ടിലും വര്‍ക്കിനിടയില്‍ കയറാം. ഇന്ത്യാക്കാരോട് ഒമാനികള്‍ക്ക് വലിയ സ്‌നേഹമാണ്. അവര്‍ ഞങ്ങളോട് വീട്ടുകാരോടെന്നപോലെ ഇടപെടും. ഭക്ഷണം തരും. അറബി ഡ്രസ്സ് ആണങ്കില്‍ ഇവര്‍ക്ക് സ്വാതന്ത്ര്യം കിട്ടില്ല. പഴയ ഡ്രൈവര്‍മാര്‍ പറഞ്ഞു കൊടുത്തിട്ടാണെന്നു തോന്നുന്നു ആദ്യ ദിവസം തന്നെ ഇവര്‍ ഇന്ത്യന്‍ ഡ്രസ്സില്‍ വന്നത് .
അന്ന്‌നൈറ്റ് ഡ്യൂട്ടി ആയിരുന്നു. സബ് സ്റ്റേഷനില്‍ ഉറക്കം കഴിഞ്ഞ് ഷിഫ്റ്റ് മാറാന്‍ വേണ്ടി വരികയായിരുന്നു. ജയിംസ് അച്ചായനെ വീട്ടില്‍ ഇറക്കി ഞങ്ങളുടെ വീട്ടിലേക്കുള്ള യാത്രയില്‍ വയര്‍ലസ് ശബ്ദിച്ചു. ഈസ്റ്റ് സലാലയില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സും പോലീസും കാത്തു നില്‍ക്കുന്നു. സാദാ ഏരിയ എമര്‍ജന്‍സി വെഹിക്കിള്‍ അടിയന്തിരമായി എത്തിച്ചേരാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു, ഇവിടെ ലൈന്‍ ശരിയാക്കുന്ന പണി കഴിഞ്ഞിട്ടില്ല എന്ന്. ഞാന്‍ അപകടം മണത്തു. അടുത്ത വിളി എനിക്കാവും. അച്ചായനെ എടുക്കാന്‍ പോകാന്‍ നേരമില്ല. വയര്‍ലസ് എനിക്കായ് വീണ്ടും ശബ്ദിച്ചു. ഞാന്‍ എടുത്തു പറഞ്ഞു, ഞങ്ങള്‍ വളരെ അടുത്താണ് ഇപ്പോള്‍ എത്തും എന്ന്.
അകലെ പുക ഉയരുന്നത് വണ്ടിയില്‍ ഇരുന്നു തന്നെ കാണുന്നുണ്ട്. അവിടെ എത്തിയപ്പോള്‍ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. ചുറ്റും പോലീസ് വാഹനങ്ങള്‍. ആരേയും കടത്തിവിടുന്നില്ല. ഞങ്ങളുടെ വണ്ടി കണ്ടപ്പോള്‍ ഉള്ളിലേക്ക് വിട്ടു. ഫയര്‍ എന്‍ജിന്‍ വന്ന് വെള്ളമടിക്കാന്‍ റെഡിയായി നില്‍ക്കുന്നു. ഒരു ഫയര്‍ ടീം അവരുടെ ഏണി വെച്ച് ആളുകളെ മുകളില്‍ കൂടി ഇറക്കുന്നു. ബില്‍ഡിങ്ങില്‍നിന്ന് തീയും പൊട്ടലുകളും കേള്‍ക്കുന്നു.
ഞാന്‍ സബ് സ്റ്റേഷന്‍ കീ എടുത്ത് വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ശബ്ദം. പിറകിലോട്ട് നോക്കിയപ്പോള്‍ ഒരു ഒമാനി. അയാള്‍ വന്ന് ഡ്രൈവറെ കുത്തിപ്പിടിച്ച് പൊക്കി ആക്രോശിക്കുന്നു. നീയെന്താ കാറിനുള്ളില്‍ ഇരിക്കുന്നത്, പോ വേഗം നീ കറന്റ് ഓഫ് ആക്ക്. പുള്ളി വിചാരിച്ചു കാണും, അവന്‍ ഇന്ത്യന്‍ ആണെന്ന്. ഡ്രൈവര്‍ വായ തുറന്നപ്പോള്‍ മനസ്സിലായി, ഒമാനി ആണെന്ന്. അപ്പോഴാണ് ഷര്‍ട്ടിലെ പിടി വിട്ടത്. ഞാന്‍ അവനെ കൂട്ടാതെ ഒറ്റക്ക് ട്രാന്‍സ്‌ഫോര്‍മര്‍ എവിടെ എന്ന് നോക്കാനായി ഓടി.
പത്ത് മിനിട്ട് തിരഞ്ഞിട്ടും എനിക്ക് മനസിലായില്ല എവിടെയാണ് അതെന്ന്. തീപിടിത്തത്തില്‍ ആരെങ്കിലും മരിച്ചാല്‍ എന്റെ ഗതി എന്താവും! എനിക്കിനി വീട്ടില്‍ പോകാന്‍ പറ്റുമോ! ഞാന്‍ ഇനി ജയിലില്‍ ആകുമോ!
തലയില്‍ ഇരുട്ട് കയറി. ഒരു മതിലില്‍ ചാരി അങ്ങിനെ ഇരുന്നു. കണ്ണില്‍ നിന്ന് കണ്ണീര്‍ പൊടിഞ്ഞു തുടങ്ങി. കണ്ണടച്ച് അഞ്ച് മിനിറ്റ് ഇരുന്നു കാണും ഒരു വണ്ടി ഇരമ്പിവന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടു. കണ്ണു തുറന്നപ്പോള്‍ സാദാ ഏരിയ വണ്ടിയുമായി അനില്‍ നില്‍ക്കുന്നു. 'എന്തേ ടാ' എന്നവന്‍ ചോദിച്ചതിനു എന്റെ മറുപടി ട്രാന്‍സ്‌ഫോര്‍മര്‍ എവിടെയാണ് എന്നായിരുന്നു. അവന്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ രണ്ടാളും കുതിച്ചു. ഡോര്‍ തുറന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്ത് തിരിച്ചോടി. ഫയര്‍ഫോഴ്‌സിനോട് വെള്ളം അടിക്കാന്‍ പറഞ്ഞു. അപ്പോഴേക്കും കേബിള്‍ എല്ലാം പൊട്ടിത്തെറിച്ച് കത്തിക്കരിഞ്ഞിരുന്നു.
ഞാന്‍ ഇപ്പോഴും ഇടയ്ക്ക് ചിന്തിക്കാറുണ്ട്, അന്ന് ആ സമയത്ത് അനില്‍ വന്നില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന് .
കാലം കടന്നു പോയി ഞങ്ങള്‍ പരിചയസമ്പന്നരായ ജോലിക്കാരായി മാറി. ഇങ്ങനത്തെ സംഭവങ്ങള്‍ എല്ലാം സാധാരണ വര്‍ക്കു പോലെ ചെയ്യാറായി.
2002 -ലെ ഒരു നൈറ്റ് ഡ്യൂട്ടിയാണ് ഓര്‍മ്മയിലുള്ള മറ്റൊരനുഭവം. ഞാനും സഹായിയായി ബോധേട്ടന്‍ എന്ന വിളിക്കുന്ന ബോധാനന്ദനും. ഹബീബി എന്ന് ഞങ്ങള്‍ വിളിക്കുന്ന ഡ്രൈവര്‍ അബ്ദുള്‍ ഹലീം എന്ന ഈജിപ്ഷ്യന്‍. ആള്‍ ഒരു വെപ്രാളക്കാരനാണ്.
പുലര്‍ച്ച ഒരു മൂന്നു മണിയോടെ ഒരു വീട്ടില്‍ ജോലിയില്‍ നില്‍ക്കെ ഹബീബി വന്നു പറഞ്ഞു 'മണീ റോഡില്‍ വെള്ളം ഒഴുകിവരുന്നു. ഞാന്‍ വണ്ടി ഒതുക്കാം.'
ഞാന്‍ ഒ.കെ പറഞ്ഞ് ജോലിയില്‍ മുഴുകി. പിന്നെ അവന്‍ ഓടി വന്നു കരഞ്ഞിട്ട് പറഞ്ഞു- 'വണ്ടി മുഴുവന്‍ വെള്ളത്തിലായി!
അപ്പോഴാണ് ഞാന്‍ പുറത്തേക്ക് നോക്കുന്നത്. ഞാന്‍ നില്‍ക്കുന്ന ഏരിയയിലേക്ക് വെള്ളം കയറുന്നു. ഹബീബി കരഞ്ഞുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടി. വെള്ളം പതുക്കെ ഞാന്‍ നില്‍ക്കുന്ന വീട്ടിനകത്തേക്ക് വന്നു തുടങ്ങി. അതോടെ അപകടം മണത്തു. പെട്ടെന്നു തന്നെ വീട്ടുകാരോട് മുകളിലത്തെ നിലയിലേക്ക് കയറാന്‍ പറഞ്ഞു. കുട്ടികളെ എല്ലാവരേയും ഞങ്ങള്‍ മുകള്‍ നിലയിലേക്ക് കയറ്റി. പുറത്തേക്ക് നോക്കിയപ്പോള്‍ വണ്ടികളെല്ലാം സ്പീഡ്‌ബോട്ടുകള്‍ കണക്കെ പായുന്നു ലാന്‍ഡ് ക്രൂയിസറിനു പോലും വല്ലാത്ത സ്പീഡ്.
ഓരോ ഏരിയയിലും ഗുണ്ട് പൊട്ടുന്ന ശബ്ദവും ആ എരിയയില്‍ പവര്‍ പോകുന്നതും എനിക്ക് മനസ്സിലായി. പക്ഷെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഞങ്ങളെ കോണ്‍ടാക്റ്റ് ചെയ്യാനുള്ള വയര്‍ലസ് സെറ്റും വണ്ടിയില്‍ മുങ്ങിയിരുന്നു. ആരുമായും കോണ്‍ടാക്റ്റ് ഇല്ലാതെ കുത്തിയൊലിക്കുന്ന വണ്ടികള്‍ നോക്കി നേരം വെളുപ്പിച്ചു. കാലത്ത് 8 മണി ആയപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുേ. അപ്പോള്‍ സ്ഥിതിഗതി അറിയിക്കാന്‍ നീന്താം എന്ന് പറഞ്ഞ് ഞാനും ബോധേട്ടനും നീന്തിത്തുടങ്ങി . ഏകദേശം 100 മീറ്റര്‍ നീന്തിയപ്പോള്‍ ബോധേട്ടന്‍ പറഞ്ഞു, 'മണീ എനിക്ക് പറ്റുന്നില്ല, ഞാനിപ്പോള്‍ പോകും.'
എനിക്കാണെങ്കില്‍ എന്നെക്കാള്‍ ഭാരമുള്ള ബോധേട്ടനെ പിടിച്ച് നീന്താന്‍ ഉള്ള ആരോഗ്യവും ഇല്ല. എങ്ങിനെയെങ്കിലും നീന്ത് ചേട്ടാ എന്ന് പറഞ്ഞ് ഞാനും കൂടെ നിന്ന് ഒരു വിധം ഉയര്‍ന്ന സ്ഥലത്തെത്തി. പിന്നീട് നടന്ന് റൂമിലോട്ട് പോയി. പിന്നീടുള്ള രണ്ടാഴ്ച യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ കമ്പനികളും കൂടി പണി ചെയ്താണ് എല്ലാം നേരെയാക്കിയത്.
അങ്ങനെയിരിക്കെ ഒരു ഒരു ദിവസം കൂടപ്പിറപ്പിനേപ്പോലെ എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്ത് ഷാലിന്റെ കാള്‍ വന്നു. 'ദുബായിലേക്ക് വാടാ. ഞാന്‍ വിസിറ്റിങ്ങ് വിസ അയച്ചുതരാം'
അങ്ങിനെ ദുബായിലേക്ക് പോയി. പിന്നെ താമസം ഭക്ഷണം അവനോടൊപ്പം. പിന്നെ ഒരു ജോലി തേടി കണ്ടു പിടിച്ചു. ഡ്രാഫ്റ്റ്‌സ്‌മേന്‍ ആയി തുടക്കം. ദുബായ്, അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളില്‍ എല്ലാം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തി. സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍ വീണ്ടും തിരിച്ചു ഷാര്‍ജയില്‍ ബിം മോഡലറായി പ്രവാസ ജീവിതം.
രണ്ടു വര്‍ഷം ജോലിചെയ്ത് അല്‍പ്പം കാശുണ്ടാക്കിയ ശേഷം പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച ഞാന്‍ നീണ്ട 23 വര്‍ഷത്തിനു ശേഷവും പ്രവാസിയായി തുടരുന്നു. എന്നാണ് നാട്ടില്‍ നില്‍ക്കാന്‍ പറ്റുക എന്നറിയില്ല. മനസ്സ് സമയമായി എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇത്രയും നാളത്തെ പ്രവാസത്തില്‍ എതാണിഷ്ടപ്പെട്ട സ്ഥലം, എന്നു ചോദിച്ചാല്‍ ഒരേ ഒരുത്തരം മാത്രമേയുള്ളൂ, സലാല! ഏതു പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാനുള്ള ധൈര്യവും ഭാഷാപരിചയവും എല്ലാം ഉണ്ടാക്കി ത്തന്ന സലാല. ഇത്രയും കാലത്തിനിടയില്‍ സന്തോഷത്തോടെ ചെയ്ത ജോലി ഏതാണെന്നു ചോദിച്ചാല്‍ അതും അവിടെ ചെയ്ത ജോലി തന്നെ-ഇലക്ട്രിക്കല്‍ എമര്‍ജന്‍സി വകുപ്പിലെ ഇലക്ട്രീഷ്യന്‍.