ദേശാടനക്കിളി വിടപറയാറില്ല!

ദേശാന്തരം: രഹ്‌ന താലിബ് എഴുതുന്നു 

Deshantharam by Rahna Thalib

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam by Rahna Thalib

സ്വന്തമെന്ന പദത്തിന്റെ അര്‍ത്ഥത്തേക്കാള്‍ കുഴപ്പിച്ചിട്ടില്ല മറ്റൊന്നും. സ്ഥായിയായി ഒന്നുംതന്നെ സ്വന്തമല്ല എന്ന ബോധ്യവുമുണ്ട്. എങ്കിലും ആ പദമല്ലാതെ മറ്റൊന്നും ചേരാത്തതിനാല്‍ എഴുതട്ടെ, സ്വന്തമല്ല എന്ന് തോന്നുന്ന ഇടങ്ങളില്‍ തങ്ങേണ്ടിവരുമ്പോഴോക്കെ അതെന്നില്‍ എന്തെന്നില്ലാത്ത അസ്വസ്ഥതയുണ്ടാക്കാറുണ്ട്. അല്‍ മജാസ് രണ്ടിലെ ഈ അപാര്‍ട്ട്‌മെന്റില്‍ പതിനെട്ടു ദിവസത്തേക്ക് താമസത്തിനെത്തിയപ്പോഴും, ഇവിടത്തെ ചുമരുകളും മുറികളും വായുവും ഗന്ധവും ചേര്‍ന്ന് വല്ലാത്തൊരു അപരിചിതത്വം നടിച്ച് എന്നെ ഈ ഇടവുമായി കലര്‍ത്താതെ മാറ്റിനിര്‍ത്തി.

എത്ര മുഷിപ്പിക്കുന്നു എന്ന് തോന്നിയാലും എന്തെങ്കിലും ഒരു കൗതുകം എന്നെ എല്ലായിടത്തും കരുതിയിരിക്കും. ഇവിടെ അത് ബാല്‍ക്കണിയിലെ പ്രാവായിരുന്നു. ആറ്റുനോറ്റിട്ട രണ്ട് മുട്ടകള്‍ക്ക് അടയിരിക്കുന്ന ഒരു സുന്ദരിപ്രാവ്. ഏകാകി.

നാട്ടില്‍നിന്നും വന്ന രാത്രി. ചൂടാക്കിയ ബീഫിന്റെ മണം എക്‌സ്‌ഹോസ്റ്റ് ഫാനിനും പിടിച്ചെടുക്കാന്‍ കഴിയാതെയായപ്പോള്‍ ബാല്‍ക്കണിയിലേക്ക് തുറക്കുന്ന അടുക്കളജനല്‍ തുറന്നിട്ടു. അതിനപ്പുറം ആരോ പാര്‍ക്കുന്നുണ്ടെന്ന് അപ്പോഴേ തോന്നിയിരുന്നെങ്കിലും പിറ്റേന്ന് അലക്കിയ തുണികള്‍ തോരാനിടാന്‍ ചെന്നപ്പോഴാണ് ഞാനാദ്യം അവളെ കണ്ടത്. ആദ്യ ദിവസങ്ങളില്‍ എന്റെ കാല്‍പെരുമാറ്റം അറിയുമ്പോള്‍തന്നെ, ഭയത്താലാകാം, അവള്‍ ചിറകുകളടിച്ച് മുട്ടകള്‍ക്ക് മീതെ തെരുപ്പറന്ന് കൊണ്ടിരുന്നു. ഇല്ല പൊന്നേ, അന്റെ ജീവനെ ഞാനൊന്നും ചെയ്യില്ല എന്ന് പറഞ്ഞത് മനസ്സിലായിട്ടോ എന്തോ കാണെക്കാണെ അവള്‍ ശാന്തയായി. 

മക്കള്‍ ആവേശത്തോടെ പരന്നപാത്രത്തില്‍ വെള്ളം നിറച്ചുവെച്ച് കൊടുത്തു. അവളത് തട്ടിമറിച്ചിട്ടു. വീണ്ടും വെച്ചുകൊടുത്തു. വീണ്ടും മറിച്ചിട്ടു. ഉറക്കത്തില്‍ നിന്നെണീറ്റതും കുഞ്ഞുങ്ങള്‍ വിരിഞ്ഞോ എന്നെത്തി നോക്കുന്നത് മോള്‍ പതിവാക്കി. 

പകല്‍ ആണ്‍പ്രാവും രാത്രി പെണ്‍പ്രാവും അടയിരിക്കുന്നതാണ് പതിവെന്ന് തുടങ്ങിയ ഇന്റര്‍നെറ്റ് അറിവ് മോന്‍ പകര്‍ന്നു. പക്ഷേ ഇവിടെ ഞാന്‍ ഒരിക്കലും മറ്റൊരു സാന്നിധ്യം കണ്ടതേയില്ല.

Deshantharam by Rahna Thalib

ഇടയ്‌ക്കൊക്കെ ഞാനും അവളും കുഞ്ഞിവര്‍ത്തമാനങ്ങളില്‍ മുഴുകും.  ഞാന്‍ പറയും. അവള്‍ കുറുകും. 

'ഇവിടെ കുറേ നാളായോ?' 

'ഉം.' 

'വേനലിലെ എരിവെയിലും ശൈത്യത്തിലെ കൊടുംതണുപ്പും സഹിക്കാന്‍ പറ്റുന്നുണ്ടോ?' 

മൗനം. 

'കൂട്ടുകാരൊക്കെയുണ്ടോ?' 

മൗനം. 

'വല്ല മരക്കൊമ്പിലും പോയി കൂടൊരുക്കാമായിരുന്നില്ലേ പെണ്ണേ. പച്ചപ്പിന്റെ ഏതെങ്കിലും ഒരു തുരുത്തില്‍. ദൂരം കൂടുതലാണെങ്കിലും ദുബായിലേക്കുള്ള വഴി നിറയെ ഗുല്‍മോഹറുകളുണ്ട്. മെയ് മാസമായിട്ടില്ലെങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കുമായി പൂവിട്ട് തുടങ്ങിയിരിക്കുന്നു. പോയാലോ?' 

മൗനം.

അതല്ലെങ്കില്‍ ഗാഫ് മരത്തിലാകാം. 

'മുടിയഴിച്ചിട്ട് ക്രുദ്ധയായാണ് നില്‍പെങ്കിലും നീ പാര്‍ത്താല്‍ സൗമ്യമായെങ്കിലോ. അല്ലെങ്കില്‍ വേണ്ട, മരുഭൂമിയിലെ പൊടിക്കാറ്റ് നിനക്ക് സഹിക്കാന്‍ പറ്റില്ല.' 

ഉം.

'ഒന്നും വേണ്ട. നിനക്കിഷ്ടമുള്ളിടത്ത് തന്നെ നീ നില്‍ക്കൂ.' 

ഉം 

'അതൊക്കെ പോട്ടെ, നിന്റെ കൂട്ടുകാരന്‍ വരാറില്ലേ പെണ്ണേ. ഇതുവരെ കണ്ടതേയില്ലല്ലോ. അതോ ഞാന്‍ കാണാതെപോയതാണോ?' 

അവള്‍ പ്രതീക്ഷയുടെ ചിറകുകള്‍ കുടഞ്ഞ്, കാത്തിരിപ്പിന്റെ കുറുകല്‍ ഉത്തരമായി തന്നു. 

അറിഞ്ഞോ അറിയാതെയോ ഓരോ യാത്രയും, ഓരോ ഇടവും നമ്മളിലേക്കെന്തൊക്കെയോ ചേര്‍ക്കുന്നുണ്ടെന്ന് എനിക്കുറപ്പായി.

ഇന്നും അവളുടെ അരികില്‍ പോയി. 

ഞാനൊന്നും മിണ്ടിയില്ല. 

അവളെ നോക്കിയത് പോലുമില്ല. 

'നാളെ ഞാന്‍ പോകുംട്ടാ.' 

തുണികള്‍ വിരിച്ച് പോരുമ്പോള്‍ അതുമാത്രം പറഞ്ഞു. അവളെന്തോ കുറുകുന്നത് എനിക്ക് കേള്‍ക്കാം.

ഇലകളുടെയും പൂക്കളുടെയും മാത്രമല്ല, കിളികളുടെ ഭാഷയും അറിയാത്തതില്‍ എനിക്ക് ദുഃഖം തോന്നി.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios