ഭക്ഷണം കഴിഞ്ഞതും ഞാന്‍ ഒറ്റയോട്ടം!

ദേശാന്തരം: ജീജിത്ത് ശ്രീധരന്‍ എഴുതുന്നു 

Deshantharam a special series for Non resident indians by Jeejith Sreedharan

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam a special series for Non resident indians by Jeejith Sreedharan
പത്തു വര്‍ഷങ്ങള്‍ക്കു  മുമ്പാണ്. വിസിറ്റില്‍ ദുബായില്‍ വന്ന കാലം. അനു  ചേട്ടന്‍ ആണ് വിസ എടുത്തു തന്നത്. താമസം ചേട്ടന്റെയും എന്റെയും ബന്ധുവിന്റെ കൂടെ. കാലത്ത് മുതല്‍ വൈകിട്ട് വരെ ജോലി അന്വേഷിച്ച് തേരാപാരാനടക്കും.  ഒരു കെട്ടു സി.വിയും കൊണ്ടാണ് നടത്തം. ആരെ കണ്ടു മുട്ടിയാലും സി.വി കൊടുക്കണം എന്നാണ് ചേട്ടന്റെ ഓര്‍ഡര്‍. കാരണം, ഒരു 'ജോലി' എന്ന സൗഭാഗ്യം ഏതു വഴിക്ക് വരും എന്ന് പറയാന്‍ പറ്റില്ലല്ലോ. ആ കാലത്ത് ഞാന്‍ സി.വി കൊടുക്കാത്തവര്‍ വളരെ ചുരുക്കം ആണ് ദുബായ്, അബുദാബി പ്രദേശങ്ങളില്‍. വൈകിട്ട് നല്ല ഇരുട്ടിയ ശേഷമേ റൂമില്‍ പോവാറുള്ളൂ. അല്ലേല്‍ അപ്പോള്‍ അവന്മാര്‍ തുടങ്ങും, 'ഹും'  ഇന്നും ഒന്നും നടന്നില്ല അല്ലെ. വാ വന്നു രണ്ടെണ്ണം അടിച്ചു കെടന്നോറങ്ങാന്‍ നോക്ക്. ഈ 'ഹും' പരമാവധി ഒഴിവാക്കാന്‍ ആണ് നേരം വൈകിട്ട് റൂമിലോട്ടു ചെല്ലുന്നത്. 

ഇതൊക്കെ കൊണ്ട് തന്നെ, മിക്കവാറും എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം നേരെ ക്ലിനിക്കില്‍ പോവും. ചികിത്സിക്കാന്നോ, ചികിത്സ തേടാനോ അല്ല. ദുബായിലെ സത്വയിലാണ് ദാമൂ എന്ന് ഞങ്ങള്‍ വിളിക്കുന്ന ബിപിന്‍ എന്ന കൂട്ടുകാരന്റെ 'ആയുര്‍ കേരള' ക്ലിനിക്. അവിടെ കൗണ്ടെറിലും ഡോക്ടറുടെ റൂമിലും ഒക്കെ ആയി കറങ്ങി നടക്കും. ഇതൊന്നും  അല്ലേല്‍ അവന്റെ കൂടെ മരുന്ന് മേടിക്കാനും സ്‌പോണ്‍സറെ കാണാനും ദുബായ് ചുറ്റി അടിക്കും. രോഗികള്‍ ഇല്ലെങ്കില്‍ അവിടെ ഉള്ള ചേട്ടന്മാ രെ കൊണ്ട് തിരുമ്മിക്കും. അവര്‍ക്ക്  ഒരു പ്രാക്ടീസും ആയി. വൈകിട്ട് അത് കഴിഞ്ഞാല്‍ ബിപിന്റെയും വക ഫുഡും കള്ളും. 

വിസിറ്റില്‍ ആയതു കൊണ്ട് ഒന്നിനും കാശു ചെലവില്ല. നമ്മുടെ റൂമില്‍ ആയാലും, ഫ്രണ്ട്‌സിന്റെ അടുത്തായാലും ആരും നമ്മളെ കൊണ്ട് കാശു കൊടുപ്പിക്കില്ല.  യു എ ഇ ലെ ഒരു ബാച്ചിലേഴ്‌സ് റൂം ആചാരമാണത്.  

ദുബായില്‍ വന്ന ശേഷമുള്ള മെയിന്‍ പ്രശ്‌നം ഭക്ഷണം ആയിരുന്നു. ചെന്നൈയില്‍ നമ്മള്‍ സ്വന്തമായി നല്ല ഫുഡ് ഉണ്ടാക്കുന്നത് കൊണ്ടും, ഒരു വിധം എല്ലാ മലയാളി ഹോട്ടലുകളും അടുത്തായത് കൊണ്ടും വല്ല്യ പ്രശ്‌നം ഇല്ലാരുന്നു. അമ്മ നല്ല ഫുഡ് ഉണ്ടാക്കി തരുന്നത് കൊണ്ട് നാട്ടിലും അതറിഞ്ഞില്ല. ഇവിടെ റൂമിലെ കുക്ക് അത്ര പോര. പിന്നെ വെശന്ന്  പ്രാന്ത് കേറുമ്പോള്‍ നമ്മള്‍ ഒന്നും നോക്കാറില്ലന്നു മാത്രം. 

അങ്ങനെ ഇരിക്കുമ്പോഴാണ് ജോലി കിട്ടുന്നത്. അതിനു ശേഷം എല്ലാ ദിവസവും ജോലി കഴിഞ്ഞാല്‍ നേരെ ബിപിന്റെ ക്ലിനിക്കിലേക്ക് ആണ് പോക്ക്.  
ഇതിനിടയില്‍ ബിപിന്റെ  കല്യാണം കഴിഞ്ഞു. അവന്‍ നാട്ടില്‍ നിന്നും ഭാര്യയെയും കൊണ്ട് വന്നു ക്ലിനിക്കിന്റെ അടുത്തുള്ള ഫ്‌ളാറ്റില്‍ താമസമായി. ഇനി നല്ല ഭക്ഷണം കഴിക്കാന്‍ ഒരിടമായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. മിക്കവാറും ദിവസം വൈകിട്ട് ഞാന്‍ അവന്റെ കൂടെ അവരുടെ വീട്ടില്‍ പോയി ഫുഡ് അടിക്കാന്‍ തുടങ്ങി. 

നമ്മുടെ സ്വഭാവം അറിയാല്ലോ, വെശന്ന് തുടങ്ങിയാല്‍ പിന്നെ പ്രാന്താണ്.

ഒരു വെള്ളിയാഴ്ചദിവസം ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഭര്‍ത്താവും ഭാര്യയും കൂടി, എന്നെ ഒറ്റയ്ക്ക് ഫ്‌ളാറ്റില്‍ ഇരുത്തി ഇപ്പോ വരാം എന്ന് പറഞ്ഞ് പുറത്തേക്കു പോയി. നമ്മുടെ സ്വഭാവം അറിയാല്ലോ, വെശന്ന് തുടങ്ങിയാല്‍ പിന്നെ പ്രാന്താണ്. ഞാന്‍  വിചാരിച്ചു ഒന്ന് അടുക്കളേല്‍ കേറി നോക്കാം. പപ്പടം വറുക്കുന്ന ശബ്ദം ഒക്കെ കേട്ടിരുന്നു. അവര്‍ വരുന്നത് വരെ ഒന്നോ രണ്ടോ പപ്പടം തിന്നോണ്ടിരിക്കാം എന്ന് കരുതി. നോക്കുമ്പോള്‍  പപ്പടത്തിന്റെ് ഒരു പൊടി പോലുമില്ല. എന്നാല്‍ പിന്നെ ഫ്രിഡ്ജ് തുറന്നു മുട്ട എടുത്തു ഒംലറ്റ് ഉണ്ടാക്കാമെന്ന് വിചാരിച്ചു. നോക്കുമ്പോള്‍ ഫ്രിഡ്ജിന്റെ്  ഉള്ളില്‍  ഒരു നീല കവര്‍. മനസ്സ് പറഞ്ഞു, ഇതില്‍ ഇവനും ഭാര്യേം കൂടി തിന്നാന്‍ ഉള്ള എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. എന്നാ പിന്നെ നോക്കീട്ടു തന്നെ കാര്യം.

ഞാന്‍ കവറില്‍ അമര്‍ത്തി പിടിച്ചു പുറത്തേക്കു വലിച്ചു. എന്തോ പൊടിയുന്ന ശബ്ദം. ആ കവറിന്റെ ഉള്ളില്‍ പപ്പടം ആയിരുന്നു. അത് മുഴുവന്‍ പൊടിഞ്ഞു തരിപ്പണമായി. പേടിച്ചു കൈ വലിച്ച ഉടനെ ഉള്ളില്‍ നിന്നും ഒരു പാത്രം താഴെ വീണു. തറയില്‍ ആകെ ചോര നിറം. ഞാന്‍ ഞെട്ടിപ്പോയി. ഉടനെ തറ തുടച്ചു പാത്രം കഴുകി അത് പോലെ വച്ചു. പിന്നെ  'ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇരുന്നു ടി വി കാണാന്‍ തുടങ്ങി.

ഭാര്യേം ഭര്‍ത്താവും കുറച്ചു കഴിഞ്ഞു വന്നു. ഫുഡ് എല്ലാം മേശപ്പുറത്തു വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്താവിനോടെന്തോ കുശുകുശുക്കുന്നത്  കണ്ടു. ബിപിന്‍ എന്നോട് ചോദിച്ചു, 'ഡാ ഞങ്ങള്‍ പോയ സമയത്ത് അടുക്കളേല്‍ കേറിയോ? '

'ഇല്ല' എന്തു പറ്റിയെടാ'- എന്ന് എന്റെ ചോദ്യം? അല്ല ഫ്രിജില്‍ വച്ചിരുന്ന തക്കാളി കറി പാത്രം ആരോ കഴുകി വച്ചിരിക്കുന്നു, പപ്പടം വറുത്ത് വച്ചിരിക്കുന്നത് പൊടിഞ്ഞും പോയിരിക്കുന്നു. ഞാന്‍ പറഞ്ഞു, ചെലപ്പോ തണുപ്പ് കൂട്യേപ്പൊ പപ്പടം പൊടിഞ്ഞു പോയതാവും. പിന്നെ തക്കാളി കറി തീര്ന്ന് കാര്യം നിങ്ങള്‍ മറന്നും പോയിട്ടുണ്ടാവും. തമാശ പറയാതെ എനിക്കെന്തലും തിന്നാന്‍ താ.

അപ്പൊ അവള്‍ പറഞ്ഞു, ആകെ ഉണ്ടായിരുന്ന കറിയാണ് അത്, വൈകിട്ട് നമുക്ക് ചിക്കന്‍ മേടിച്ചു ഒരു പുതിയ ഐറ്റം ഒണ്ടാക്കി കഴിക്കാം.

അങ്ങനെ ഉള്ള ചോറ് തൈരും കൂട്ടി കഴിച്ചു വൈകിട്ട് കിട്ടാന്‍ പോണ ആ സ്‌പെഷ്യല്‍ ചിക്കന്‍ ഐറ്റത്തെയും മനസ്സില്‍ താലോലിച്ചു ക്ലിനിക്കിലോട്ടു തിരിച്ചു പോന്നു. 

പതിവ് പോലെ വൈകിട്ട് ക്ലിനിക്കും പൂട്ടി താക്കോലും എടുത്തു ബിപിന്റെ ഒപ്പം ഫ്‌ലാറ്റില്‍ എത്തി. സ്‌പെഷ്യല്‍ ചിക്കന്‍ അതാ മേശപ്പുറത്തു റെഡി.  അവള്‍ പാചക റാണിയെപോലെ നില്‍പ്പുണ്ട്. കഴുത്തില്‍ ഷെഫുമാര്‍ കെട്ടുന്ന ആ കുന്ത്രാണ്ടവും കെട്ടിയിട്ടുണ്ട്. കൈ ഒന്നും കഴുകാന്‍ നിന്നില്ല, നേരെ പോയീ  ഇരുന്നു ഞങ്ങള്‍ രണ്ടാളും. രണ്ടു മൂന്നു വല്യ തവിയില്‍ ചിക്കന്‍ നെറച്ചും എടുത്തു പ്ലേറ്റിലോട്ടു തട്ടി ഞാന്‍. എന്റെ  ആര്‍്ത്തി കണ്ടിട്ടാവും, അവള്‍ പറഞ്ഞു, എനിക്ക് വേണ്ടാട്ടോ, നിങ്ങള്‍ രണ്ടാളും മുഴുവന്‍ ഇതു തിന്നു തീര്‍ക്കണം.

ആദ്യത്തെ പീസ്  എടുത്തു വായില്‍ വച്ച ഉടനെ അണ്ഡകടാഹം വരേ എരിഞ്ഞു  തൊടങ്ങി. ഞാന്‍ പതുക്കെ തല പൊക്കി ബിപിനെ നോക്കി. എന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രു പൊഴിയുന്നത് അവന്‍ കണ്ടു. ഞാന്‍ ചോദിച്ചു തൈര് ഉണ്ടോ എന്ന്. ഇല്ല എന്ന് മറുപടി. എന്നാ പിന്നെ കൊറച്ചു വെള്ളം താ എന്ന് ഞാന്‍. അവള്‍ പോയി വെള്ളം കൊണ്ട് വന്നു. 

ഒന്നും മിണ്ടാതെ രണ്ടും കല്‍പ്പിച്ചു ഞാന്‍ തീറ്റ എടുക്കാന്‍ തുടങ്ങി.  അവനും കഴിക്കാന്‍ ഇരുന്നു. ചിക്കന്‍ ഞങ്ങള്‍ രണ്ടാളുടെയും പ്ലേറ്റിലേക്ക് തട്ടിയിട്ട് അവള്‍ പാത്രം കഴുകാന്‍ പോയീ. അവന്‍ ആദ്യത്തെ ചിക്കന്‍ എടുത്തു വായില്‍ വച്ചു. അപ്പോഴേക്കും അവള്‍ തിരിച്ചു വന്നു. പാവം ബിപിന്‍, അത് തുപ്പാനും പറ്റിയില്ല. ഞാന്‍ നോക്കിയപ്പോള്‍ അവന്റെ മോന്തയില്‍ ചോരയോട്ടം ഇല്ല. 

എന്തായാലും എന്റെ  പ്ലേറ്റില്‍ ഉള്ളത് ഞാന്‍ വെടിപ്പാക്കി. ബി.പി ഉണ്ടാവുന്നതിന്റെ തുടക്കം കൊണ്ടാണോ അതോ ഭാര്യയെ പിണക്കേണ്ട എന്ന് കരുതീട്ടോ ബിപിനും എല്ലാം കഴിച്ചു. കഴിഞ്ഞ ഒടനെ ഞാന്‍ ചോദിച്ചു, മധുരം വല്ലോം ഉണ്ടോ? 'അയ്യോ രണ്ടു ലഡ്ഡു ഉണ്ടായിരുന്നത് ഞാന്‍ തിന്നു' എന്ന് മറുപടി. എന്റെ അവസ്ഥ കണ്ട് ബിപിന്‍ ഓടിപ്പോയി പഞ്ചസാര ഭരണിയും കല്‍ക്കണ്ടോം കൊണ്ട് വന്നു. അതും വായിലിട്ട് നാളെ നേരത്തെ ഡ്യൂട്ടിക്ക് പോണം എന്നും പറഞ്ഞ് ഞാന്‍ ഇറങ്ങി ഓടി. 

അടുത്തുള്ള മെഡിക്കല്‍ ഷോപ്പ് ആയിരുന്നു ലക്ഷ്യം. അവിടെ കണ്ട ചേട്ടനോട് പറഞ്ഞു, ചേട്ടാ വയറിളക്കം വരാനുള്ള മരുന്ന് വേണം'. ചേട്ടന്‍ ചോദിച്ചു, എന്താ മോനെ തല തിരിഞ്ഞു പോയോ? ഞാന്‍ പറഞ്ഞു ചേട്ടാ ഭയങ്കര മലബന്ധം' ചേട്ടന്‍ എന്തോ മരുന്ന് എടുത്തു തന്നു പറഞ്ഞു, ഇതു കഴിച്ചാല്‍ നാളെ മുഴുവന്‍ കക്കൂസിലേക്ക് താമസം മാറ്റേണ്ടി വരും'

ഞാന്‍ അതും വാങ്ങി ഓടി റൂമില്‍ വന്നു. അവിടെ ഒള്ള ഫ്രൂട്‌സും പെപ്‌സിയും ഒക്കെ എടുത്തു കുടിച്ചു. റൂം മേറ്റ്‌സ് ഒരാഴ്ചത്തേക്ക് മേടിച്ചു വച്ച ഫ്രൂട്‌സ് ഞാന്‍ ഒരു മണിക്കൂര്‍ കൊണ്ട് കാലിയാക്കി. എന്നിട്ടും ഉള്ളിലെ കത്തല്‍ മാറുന്നുണ്ടായിരുന്നില്ല. ആകെ എരി പൊരി സഞ്ചാരം. 

ഞാന്‍ കരുതി, ബിപിനെ ഒന്ന് വിളിച്ചു നോക്കാം. ഒന്നും ഇല്ലേലും അവന്‍ ഒരു ഫാര്‍മസി ബിരുദധാരി ആണല്ലോ. അവന്റെ മൊബൈല്‍ എടുക്കുന്നേ ഇല്ല. പത്താമത്തെ പ്രാവശ്യം ബെല്ലടിച്ചപ്പോള്‍ അവള്‍ എടുത്തു പറഞ്ഞു. 'ചേട്ടന്‍ ടോയ്‌ലറ്റില്‍ ആണ്, എന്ന് വയറിനു എന്തോ സുഖം പോര'

അവന്റെ വയറിനു നിത്യ ശാന്തി നേര്‍ന്നു  ഞാന്‍ ഉറങ്ങാന്‍ ടോയ്‌ലെറ്റില്‍ കിടന്നു!

പിറ്റേന്ന് കാലത്ത് അവന്‍ മൊബൈലില്‍ വിളിച്ചു എന്നോട് പറഞ്ഞു: മോനെ, ഇന്നലെ നീ കഴിച്ചത് സ്‌പെഷല്‍  ഐറ്റം ആണ്. ചിക്കന്‍ ചൂഢാമണി'
  
അതു കഴിഞ്ഞും ഞാന്‍ അവന്റെ  വീട്ടില്‍ പോവാറുണ്ട്. പക്ഷെ എനിക്കുള്ളതും അവര്‍ക്കുള്ളതുമായ ഭക്ഷണം പാര്‍സല്‍ ആയീ വാങ്ങിക്കൊണ്ട് പോവും. കേട്ടിട്ടില്ലേ ഈ ചൂട് വെള്ളത്തില്‍ വീണ പൂച്ചേടെ കഥ. ഏതാണ്ട് അത് പോലെ ഒക്കെ തന്നെ.

Latest Videos
Follow Us:
Download App:
  • android
  • ios