Asianet News MalayalamAsianet News Malayalam

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

10 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ 9 എണ്ണത്തിന്‍റെയും ഫലം കൃത്യമായി പ്രവചിച്ചയാളാണ് അലൻ ലിക്ട്മൻ. ഇത്തവണ അദ്ദേഹത്തിന്‍റെ പ്രവചനം കമലയ്ക്ക് ഒപ്പമാണ്. 

As the US Presidential Election  approaches trump s chances are diminishing
Author
First Published Sep 9, 2024, 3:50 PM IST | Last Updated Sep 9, 2024, 3:50 PM IST


കമലാ ഹാരിസ് അമേരിക്കയുടെ 'ഗ്ലാസ് സീലിംഗ്' തകർക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മറ്റൊരുമല്ല, 'തെരഞ്ഞെടുപ്പുകളുടെ നോസ്ത്രദാമസ്' (The Nostradamus of Elections) എന്നറിയപ്പെടുന്ന അലൻ ലിക്ട്മൻ (Allan Lichtman). ന്യൂയോർക്ക് ടൈംസിനായി തയ്യാറാക്കിയ വീഡിയോയിലാണ് പ്രവചനം. പോരാട്ടത്തിന്‍റെ ഫലം തീരുമാനിക്കുക ജോർജിയയും പെൻസിൽവേനിയയും ആയിരിക്കുമെന്ന വിലയിരുത്തകൾക്ക് ഇടെയാണ് ലിക്ട്മാന്‍റെ പ്രവചനം.

അലൻ ലിക്ട്മൻ

അലൻ ലിക്ട്മൻ ചില്ലറക്കാരനല്ല. ചരിത്രകാരൻ, അമേരിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസർ. 10 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുകളിൽ 9 എണ്ണത്തിന്‍റെയും ഫലം കൃത്യമായി പ്രവചിച്ചയാള്‍. 2000 -ത്തിലെ അൽഗോർ - ജോർജ് ബുഷ് തെരഞ്ഞെടുപ്പ് മാത്രമാണ് തെറ്റിയത്. അന്ന് തർക്കത്തിലായ തെരഞ്ഞെടുപ്പ് ഫലം ജോർജ് ബുഷിന് അനുകൂലമായി വഴിതിരിച്ച് വിട്ടത് സുപ്രീംകോടതി വിധിയും. ട്രംപിന്‍റെ 2016 വിജയവും അദ്ദേഹം പ്രവചിച്ചിരുന്നു. ട്രംപിന്‍റെ ഇംപീച്ച്മെന്‍റും പ്രവചിച്ചു. ഈ പ്രവചനവമൊക്കെ 13 കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അപ്പോഴും മറ്റ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളൊന്നും ഈ 13 എണ്ണത്തിൽ പെടുന്നില്ല എന്നതും ശ്രദ്ധേയം. അത്രയധികം അക്കാദമികവും ശാസ്ത്രീയവുമാണെന്ന് സാരം. പ്രവചനം സത്യമായാൽ അമേരിക്കയ്ക്ക് ആദ്യത്തെ വനിതാ പ്രസിഡന്‍റഡാകും വരിക. അതും, ഏഷ്യൻ ആഫ്രിക്കൻ വംശജ.

ഫലം 'മറി'ക്കുന്നവർ

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിർണായകമാവുന്ന സംസ്ഥാനങ്ങൾ ഒരുപിടിയുണ്ട്. അരിസോണ (Arizona), ജോർജിയ (Georgia), മിഷിഗൻ (Michigan), നെവാദ (Nevada), നോർത്ത് കരോലൈന (North Carolina), പെൻസിൽവേനിയ (Pensylvania), വിസ്കോൺസിൻ (Wisconsin). അതിൽ തന്നെ ഇത്തവണ ഏറ്റവും നിർണായകമാവുക രണ്ട് സംസ്ഥാനങ്ങളാണെന്നാണ് സിഎൻഎൻ അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന സൂചന. പെൻസിൽവേനിയയും ജോർജിയും. 2020 -ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് സംഘം ശ്രമിച്ചത് ജോർജിയയിലാണ്. അതിന്‍റെ പേരിൽ ട്രംപ്, ഇപ്പോഴും ക്രിമിനൽ കേസ് നേരിട്ടുന്നു. ആഫ്രിക്കൻ അമേരിക്കക്കാരാണ് ഭൂരിപക്ഷം വോട്ടർമാരും. ബൈഡനെ പിന്തുണച്ചതും അവരാണ്. ഇത്തവണ പക്ഷേ, ആദ്യം ബൈഡന് എതിരായിരുന്നു ഇവർ. കമല എത്തിയതോടെ കഥ മാറി എന്നാണ് റിപ്പോർട്ട്.

As the US Presidential Election  approaches trump s chances are diminishing

ബാഡ്ജർ സ്റ്റേറ്റ്

വിസ്കോൺസിൻ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളിൽ കമലയ്ക്കാണ് ഇപ്പോൾ മുൻതൂക്കം. 'ബാഡ്ജർ സ്റ്റേറ്റ്' (Badger State) എന്നാണ് വിസ്കോൺസിൻ അറിയപ്പെടുന്നത്. ഖനിത്തൊഴിലാളികളുടെ സംസ്ഥാനം. സമ്പന്നരായ കുടിയേറ്റക്കാർ സ്ഥലം കൈയടക്കിയതോടെ ഖനികളിലേക്ക് താമസം മാറ്റാൻ നിർബന്ധിതരായ തൊഴിലാളികള്‍ക്ക്, സമ്പന്നർ ഒരോമന പേരിട്ടു, 'ബാഡ്ജർ'. പക്ഷേ, അപമാനിക്കാനിട്ട പേര് അതിജീവനത്തിന്‍റെ പ്രതീകമായി മാറി. സംസ്ഥാനം അത് അഭിമാനത്തോടെ ഏറ്റെടുത്തു. അങ്ങനെ, വിസ്കോൺസിൻ യുഎസ്എയുടെ ബാഡ്ജർ സ്റ്റേറ്റായി.

മിഷിഗൻ, അറബ് അമേരിക്കക്കാരുടെ സംസ്ഥാനമാണ്, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിയെ തെരഞ്ഞെടുത്ത നഗരം. ബൈഡനെയാണ് 2020 -ൽ തെരഞ്ഞെടുത്തതെങ്കിലും ഗാസ യുദ്ധത്തിലെ ബൈഡന്‍റെ, 'ഇസ്രയേൽ സ്നേഹ'ത്തോടെ അത് അവസാനിച്ചു. ഇപ്പോൾ കമലയുടെ ഇസ്രയേൽ നിലപാട് മിഷിഗനെ ഡെമോക്രാറ്റിക് പാളയത്തില്‍ തിരിച്ചെത്തിച്ചുവെന്നാണ് നിരീക്ഷണങ്ങൾ.

പക്ഷേ, സിഎൻഎൻ കണക്കിൽ നിർണായകമാവുന്ന പെൻസിൽവേനിയ ആർക്കും ഇതുവരെ പിടികൊടുത്തിട്ടില്ല. രണ്ടു പേരും ഒപ്പത്തിനൊപ്പം. അവിടെ വച്ചാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ജോർജിയ റിപ്പബ്ലിക്ക് പക്ഷത്തായിരുന്നു. പക്ഷേ, 2020 -ൽ ബൈഡനെ പിന്തുണച്ചു. ഇത്തവണ ആർക്കൊപ്പമെന്ന് ഇതുവരെ പറയാനായിട്ടില്ല. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും ഒപ്പം നോർത്ത് കരോലൈന കൂടി കളം ചവിട്ടിയാല്‍ ട്രംപ് വീണ്ടും അധികരത്തിലെത്തുമെന്നാണ് നിരീക്ഷണം.

അതേസമയം, ദ ഗാർഡിയന്‍റെ റിപ്പോർട്ടനുസരിച്ച് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ട്രംപ് സംഘം ഏതാണ്ട് പിൻമാറിയ മട്ടാണ്. മിനസോട്ട (Minnesota), വിർജീനിയ (Virginia), ന്യൂ ഹാംപ്ഷയർ (New Hampshire). കമല നേടിയ വ്യക്തമായ മുൻതൂക്കമാണ് കാരണമെന്നാണ് റിപ്പോർട്ട്.  

'ബ്ലൂ വാൾ' സ്റ്റേറ്റ്സ്

ട്രംപ് സംഘത്തിന്‍റെ ശ്രദ്ധയിപ്പോൾ 'ബ്ലൂ വാൾ സ്റ്റേറ്റ്സി'ണ് (Blue wall States). പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൺസിൻ സംസ്ഥാനങ്ങള്‍. ബ്ലൂ വാൾ എന്നാൽ, ഡമോക്രാറ്റ് പാർട്ടിക്ക് അനുകൂലമെന്ന് തന്നെ.

ബാറ്റിൽഗ്രൌണ്ട് സ്റ്റേറ്റ്സ്

കളികളെല്ലാം 'ഇലക്ടറൽ കോളജ് വോട്ടു'കളെ അടിസ്ഥാനമാക്കിയാണ്. ബാറ്റിൽഗ്രൌണ്ട് സ്റ്റേറ്റ്സ് (battleground states) തന്നെ അങ്ങനെയാണ് വിഭജിക്കപ്പെടുന്നത്. പെൻസിൽവേനിയയാണ് ഏറ്റവും കൂടുതൽ ഇലക്ട്രൽ കോളേജ് വോട്ടുകള്‍ (19). ജോർജിയ, നോർത്ത് കരോലൈന എന്നിവർ രണ്ടാമത് 16 വീതം. മിഷിഗൻ (15), അരിസോണ (11), വിസ്കോൺസിൻ  (10), നെവാദ (6) എന്നിങ്ങനെയാണ് കണക്കുകൾ. അതാണ്, ഇലക്ടറൽ കോളജ് കണക്ക്. 2020 -ൽ ബൈഡന് നഷ്ടപ്പെട്ടത് നോർത്ത് കരോലൈന മാത്രമാണ്. ഇതിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ടുള്ള പെൻസിൽവേനിയ കിട്ടിയില്ലെങ്കിലും കമലയ്ക്ക് വിജയിക്കാം എന്നാണ് മറ്റൊരു കണക്കുകൂട്ടൽ. ബാക്കി ബ്ലൂ വാളും ബാറ്റിൽ ഗ്രൗണ്ടും കിട്ടിയാൽ മതി. മെയിൻ നെബ്രാസ്ക (Maine and Nebraska) വോട്ടുകൾ അപ്പോഴും ഉറപ്പാണ്.

As the US Presidential Election  approaches trump s chances are diminishing

സൺബെൽറ്റ് സ്റ്റേറ്റ്സ്

പിന്നെയുമുണ്ട്, സൺബെൽറ്റ് സ്റ്റേറ്റ്സ് (Sun Belt) സൺബെൽറ്റിൽപ്പെട്ട നോർത്ത് കരോലൈന, ജോർജിയ, നെവാദ, അരിസോണ എന്നിവയിലേക്കും ബ്ലൂവാളിൽപ്പെട്ട പെൻസിൽവേനിയയിലേക്കുമാണ് ഇപ്പോൾ ട്രംപിന്‍റെ പ്രത്യേക ശ്രദ്ധയെന്ന്  ദ ഗാർഡിയൻ പറയുന്നു. ബൈഡനായിരുന്നപ്പോൾ ട്രംപിന് മുൻതൂക്കമുണ്ടായിരുന്ന ഈ സംസ്ഥാനങ്ങൾ ഹാരിസെത്തിയതോടെ അങ്ങോട്ട് ചാഞ്ഞു. അത് തിരിച്ച് പിടിക്കാനാണ് ട്രംപിന്‍റെ ശ്രമം. കമലയുടെ രംഗപ്രവേശം ട്രംപിന്‍റെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചിരിക്കുന്നുവെന്ന് ചുരുക്കം. നോസ്ത്രദാമസിന്‍റെ പ്രവചനം സത്യമാകുമോ എന്നറിയാൻ കാത്തിരിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios