'ഇതൊന്നുമല്ല സ്ത്രീശക്തി, പുരുഷാധിപത്യത്തെ തകർക്കുന്നത് ഇങ്ങനെയുമല്ല'; ഇൻഡിഗോയ്ക്ക് വിമർശനം
പുരുഷാധിപത്യത്തിൽ നിന്നും സ്ത്രീകൾ രക്ഷപ്പെടുന്നത് ഇങ്ങനെയല്ല എന്നും സ്ത്രീകളുടെ കരുത്തായി നിങ്ങൾ ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് എന്നുമാണ് പലരും കമന്റുകൾ നൽകിയത്.
വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി ഇൻഡിഗോ എയർലൈൻസിന്റെ പരസ്യം. സ്ത്രീശക്തി എന്താണ് എന്നതിനെ കുറിച്ചുള്ള വാക്യങ്ങളാണ് ഇൻഡിഗോയെ വിമർശിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനത്തിലെ വനിതാ ക്യാബിൻ ക്രൂ എങ്ങനെയാണ് പുരുഷാധിപത്യത്തിൽ നിന്ന് രക്ഷപ്പെടുന്നത് എന്ന് കാണിക്കാനായിരുന്നു എയർലൈനിൻ്റെ പരസ്യം ലക്ഷ്യമിട്ടത്. എന്നാൽ, ആ സന്ദേശവും എയർലൈനിൻ്റെ പ്രവർത്തനങ്ങളും തമ്മിൽ കടുത്ത വൈരുദ്ധ്യമുണ്ട് എന്നാണ് ആളുകൾ പറയുന്നത്.
"800 കിലോമീറ്റർ വേഗതയിൽ പുരുഷാധിപത്യത്തിൽ നിന്ന് രക്ഷപ്പെടുന്നു" എന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വാചകം. വിമാനത്തിൽ തന്റെ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരിയേയും പരസ്യത്തിൽ കാണാം. ഇത് ചൂണ്ടിക്കാണിച്ചാണ് ആളുകൾ എയർലൈൻസിനെ വിമർശിക്കുന്നത്. പുരുഷാധിപത്യത്തിൽ നിന്നും സ്ത്രീകൾ രക്ഷപ്പെടുന്നത് ഇങ്ങനെയല്ല എന്നും സ്ത്രീകളുടെ കരുത്തായി നിങ്ങൾ ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് എന്നുമാണ് പലരും കമന്റുകൾ നൽകിയത്.
വനിതാ ജീവനക്കാരികളെ മാത്രമാണ് എയർലൈൻസ് കാബിൻ ക്ര്യൂ ആയി നിയമിക്കുന്നത്. അതും അവർ പറയുന്ന അളവഴകുള്ള ആളുകളെ. കൃത്യമായ ശരീരഭാരവും, ഉയരവും, അവർ നിഷ്കർഷിക്കുന്ന സൗന്ദര്യവും ആവശ്യമാണ് ആ സ്ത്രീകൾക്ക്. അങ്ങനെ സ്ത്രീകളെ ജോലിക്കെടുക്കുന്നവരാണ് പുരുഷാധിപത്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം ഇതാണ് എന്ന് പറഞ്ഞ് ഈ പരസ്യം നൽകിയിരിക്കുന്നത് എന്നായിരുന്നു മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്.
'ക്ഷമിക്കണം, ഹെവി മേക്കപ്പും ഹൈഹീൽ പാദരക്ഷകളും ധരിക്കാൻ യുവതികളെ നിർബന്ധിക്കുക, ദീർഘനേരം നിൽക്കുക തുടങ്ങിയവ ചെയ്യേണ്ടുന്ന ജോലിയാണിത്. അവിടെ പുരുഷാധിപത്യത്തെ തകർക്കാൻ ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് തികച്ചും ഇതിന് വിപരീതമാണ്. ഇൻഡിഗോ ഇതാണ് സ്ത്രീശക്തി എന്ന് പറഞ്ഞ് കാണിക്കുന്നത് പരിഹാസ്യമാണ്' എന്നാണ് ചിത്രം എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്ത യൂസർ കുറിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം