ഈ പുതിയ സംവരണ സമുദായങ്ങള്‍ക്ക് എന്നെങ്കിലും അയിത്തമോ, അരുംകൊലകളോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?
സാമ്പത്തിക സംവരണം എതിര്‍ക്കാന്‍ എനിക്ക് എട്ട് കാരണങ്ങളുണ്ട്. സംവരണ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ പാര്‍ലമെന്റില്‍ അസദുദ്ദീന്‍ ഒവൈസി നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം
ലോക്‌സഭയില്‍ നടന്ന സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ചയില്‍ മൂന്നേ മൂന്ന് പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, കുഞ്ഞാലിക്കുട്ടി, പിന്നെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവര്‍. മൂന്ന് പേരുടെ എതിര്‍വോട്ട് വന്‍ ഭൂരിപക്ഷം കൊണ്ട് ഇല്ലാതാക്കി ബില്‍ പാസായെങ്കിലും ഉവൈസിയുടെ പാര്‍ലമെന്റ് പ്രസംഗം ഓണ്‍ലൈനില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ ശക്തമായി അപലപിച്ച ഒവൈസി ഭരണഘടനയെ വഞ്ചിക്കുന്നതാണ് ഈ ബില്ലെന്ന് പ്രസംഗത്തില്‍ ഊന്നിപ്പറയുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയെ അധികരിച്ചുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തീര്‍ത്തും നിയമവിരുദ്ധമായ ഒന്നാണ് ഈ ബില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം കൊണ്ട് ബില്‍ പാസാക്കാമെങ്കിലും രാജ്യത്തെ പരമാധികാര കോടതിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അതിനാവില്ലെന്നും ബില്ലിനെ എതിര്‍ത്തു കൊണ്ട് പ്രസംഗിച്ച അദ്ദേഹം താക്കീതുനല്‍കുന്നു.
"
ഒവൈസി : മാഡം.. ഞാന്‍ പ്രധാനമായും എട്ടു കാര്യങ്ങളാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമത്തെ കാര്യം..
(ബഹളം)
ദയവായി ഇവരോട് ഇരിക്കാന്‍ പറയൂ..
സ്പീക്കര്‍ : പ്ലീസ് ഇരിക്കൂ.. പ്ലീസ്..
ഒവൈസി : ഇനി പറയാന്‍ പോവുന്ന കാരണങ്ങളാല്‍ ഞാനീ ബില്ലിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്.
ഒന്നാമത്തെ പോയന്റ് - ഈ ബില്‍, ഭരണഘടനയെ വഞ്ചിക്കുന്ന ഒന്നാണ്.
രണ്ട്, ഈ ബില്‍ ബാബാ സാഹേബ് അംബേദ്കറിനെ അപമാനിക്കുന്ന ഒന്നാണ്. കാരണം, സംവരണം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനംതന്നെ സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥകള്‍ കുറച്ചുകൊണ്ടുവരിക എന്നുള്ളതാണ്.
മൂന്നാമത്തെ പോയന്റ് : ഈ ബില്‍ നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് കടകവിരുദ്ധമാണ്. ഭരണഘടന ഒരിക്കലും സാമ്പത്തികമായ പിന്നാക്കാവസ്ഥയെ മാത്രം പരിഗണിച്ചുള്ളതല്ല. ഭരണഘടനയുടെ ചട്ടക്കൂടിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണത്. ഭരണഘടനയേക്കാള്‍ കൂടുതല്‍ വിവേകം നമ്മുടെ സര്‍ക്കാരിനുണ്ട് എന്ന് സങ്കല്‍പ്പിക്കാനാവില്ല.
ഈ ബില്‍ ബാബാ സാഹേബ് അംബേദ്കറിനെ അപമാനിക്കുന്ന ഒന്നാണ്.
നാലാമത്തെ പോയന്റ്: സംവരണത്തിന്റെ അടിസ്ഥാനം നീതിയാണ്. ഞാന്‍ ഈ ഗവണ്‍മെന്റിനോട് ചോദിക്കട്ടെ, സര്‍ക്കാര്‍ സംരക്ഷിക്കാന്‍ തിടുക്കം കാട്ടുന്ന ഈ സവര്‍ണസമുദായങ്ങള്‍ക്ക് എന്നെങ്കിലും എന്തെങ്കിലും സാമൂഹിക അനീതികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? അവര്‍ക്ക് എന്നെങ്കിലും അയിത്തമോ, അടിച്ചമര്‍ത്തലോ, വിവേചനമോ, അരുംകൊലകളോ, കസ്റ്റഡി മര്‍ദ്ദനങ്ങളോ, സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയായ്കയോ, ബിരുദധാരികളുടെ എണ്ണക്കുറവോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ..? നിര്‍ഭാഗ്യവശാല്‍ മേല്പറഞ്ഞതൊക്കെയും എന്നും ദളിതരുടെയും പട്ടികജാതിക്കാരുടെയും മുസ്ലിങ്ങളുടെയും മാത്രം തലവരയായിരുന്നു.
അഞ്ചാമത്തെ പോയന്റ: ഈ സംവരണാഭ്യാസം തികഞ്ഞ ശരികേടാണ്. സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമില്ലാതെയാണ് ഇവര്‍ സംസാരിക്കുന്നത്. പറയുന്നതില്‍ ന്യായമുണ്ടെങ്കില്‍ ഇവര്‍ സഭയ്ക്ക് മുന്നില്‍ ഈ മുന്നാക്ക വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കുന്ന കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ടുവരട്ടെ. എവിടെയാണ് സ്ഥിതിവിവരക്കണക്കുകള്‍..? മാഡം.. സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി വന്നിട്ടുണ്ട് ഇതിനു മുമ്പ്.. എവിടെ..? സച്ചാര്‍ കമ്മിറ്റിക്കു മുന്നില്‍.. മിശ്ര കമ്മീഷന്‍ .. കുണ്ടു കമ്മിറ്റി.. 2011ലെ സെന്‍സസ്.. സാക്ഷരത ഏറ്റവും കുറവ് എവിടെയാണ്..? മുസ്ലിം സമുദായത്തില്‍.. സ്‌കൂളില്‍ ഏറ്റവും കുറവ് കുട്ടികള്‍ പഠിക്കുന്നത് എവിടെയാണ്..? മുസ്ലിം സമുദായത്തില്‍.. ഏറ്റവും കൂടുതല്‍ സ്‌കൂള്‍ ഡ്രോപ്പൗട്ട്‌സ് എവിടെ നിന്നാണ്.. മുസ്ലിം സമുദായത്തില്‍ നിന്ന്. ഏറ്റവും കുറവ് ബിരുദ ധാരികള്‍ എവിടെ നിന്നാണ്..? മുസ്ലിം സമുദായത്തില്‍ നിന്ന്.
ഇനി ആറാമത്തെ പോയന്റ്: ഇത് സംസ്ഥാനങ്ങള്‍ക്ക് മേല്‍ വരാന്‍ പോവുന്ന ഒരു അധിക ബാധ്യതയാണ്. എന്റെ സംസ്ഥാനം, തെലങ്കാന, സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ ഒരു പുതിയ നിയമം കൊണ്ട് വരുന്നുണ്ട്. മുസ്ലിങ്ങള്‍ക്കിടയില്‍ ജാതി അധിഷ്ഠിതമായി 10 ശതമാനം സംവരണം. പട്ടികജാതിക്കാര്‍ക്ക് 12 ശതമാനം സംവരണം. കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രം അത് കഴിഞ്ഞ ആറുമാസമായി നിരസിച്ചുകൊണ്ടിരിക്കുകയാണ്. മറാത്താ റിസര്‍വേഷന്റെ വിധി എന്താവും എന്ന് ഗവണ്‍മെന്റിനോട് ഞാന്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 'മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം' നിങ്ങള്‍ മറാത്താസിനും നല്‍കുമോ..? ഭരണഘടനയെ വഞ്ചിക്കലാണിത് മാഡം.. വഞ്ചിക്കലാണ്..
ഭരണഘടനയെ വഞ്ചിക്കലാണിത് മാഡം..
എന്റെ ഏഴാമത്തെ പോയന്റ്: ആര്‍ട്ടിക്കിള്‍ 15 , 16 എന്നിവയ്ക്കനുസരിച്ച് സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
അവസാനത്തെ പോയിന്റ്: നിങ്ങള്‍ 'സബ് കാ സാഥ് സബ് കാ വികാസ് ' എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതില്‍, തരിമ്പെങ്കിലും സത്യമുണ്ടെങ്കില്‍ അതിന് നിരക്കുന്ന രീതിയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ എവിടെപ്പോയി..? 'തുല്യതയ്ക്കുള്ള അവകാശ'ത്തിന്റെ നഗ്‌നമായ ലംഘനമല്ലേ ഈ ബില്‍.. ആര്‍ട്ടിക്കിള്‍ 21 അനുവദിച്ചു തരുന്ന അവകാശങ്ങളെ അതിലംഘിക്കുന്നതല്ലേ ഈ ബില്‍..?
അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഈ ബില്‍ ഭരണഘടനയെ വഞ്ചിക്കുന്ന ഒന്നാണ്. ബാബാ സാഹേബ് അംബേദ്കറിനെ പരിഹസിക്കുന്ന ഒന്നാണ്. ഇങ്ങനെ നിയമവിരുദ്ധമായ ഒരു ബില്‍ കോടതിക്കുമുന്നില്‍ നിലനില്‍ക്കുന്ന ഒന്നല്ല. നാളെ കോടതി അതിനെ തള്ളിക്കളയും. സഭയിലെ ഭൂരിപക്ഷം കൊണ്ട് ഈ ബില്ലിനെ ഒരുത്സവമാക്കി ആഘോഷിക്കാനോ പാസാക്കാനോ ഒക്കെ ഒരു പക്ഷേ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. നാളെ ഈ രാജ്യത്തെ പരമാധികാര കോടതികള്‍ ഈ ബില്ലിനെ നിര്‍ദ്ദാക്ഷിണ്യം തള്ളിക്കളയും എന്നുമാത്രം പറഞ്ഞു കൊണ്ട്, ഞാന്‍ നിര്‍ത്തുന്നു.. നന്ദി..