നിയമവിരുദ്ധ ഖനികളില്‍ ഇരയാവുന്നത് ദരിദ്ര തൊഴിലാളികള്‍; മുതലാളിമാരുടെ ലാഭക്കൊതിക്ക് കൂട്ട് സര്‍ക്കാര്‍!

അതുകൊണ്ടുതന്നെ കനത്ത തുക ചെലവിട്ട് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മിനക്കെടാതെ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരത്തിലുള്ള ഒറ്റപ്പെട്ട അപകടങ്ങളില്‍ തുച്ഛമായ തുകകള്‍ നഷ്ടപരിഹാരമായി കൊടുത്ത് ഒതുക്കി മുന്നോട്ടു പോവാറാണ് പതിവ്.

analysis on Meghalaya mining accident

ഖനനം ചെയ്ത കല്‍ക്കരി മാറ്റാനുള്ള ഈ അനുവാദത്തിന്റെ മറവില്‍ പിന്നീടിങ്ങോട്ട്  ഈ ഖനികളിലെല്ലാം അനധികൃത ഖനനം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ബ്യൂറോക്രസിയുടെയും മൗനാനുവാദത്തോടെയായിരുന്നു ഇത്. ഇപ്പോള്‍ കിഴക്കന്‍ ജയന്തിയയിലെ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരും ഇത്തരത്തില്‍ അനധികൃതമായി ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി പോയവരാണ്.   

'പ്രവര്‍ത്തിക്കാന്‍ പാടില്ല'  എന്ന ദേശീയ ഹരിത ട്രിബ്യുണലിന്റെ കൃത്യമായ വിധിയുണ്ട്.  ഇതേ വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. എന്നിട്ടും ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ് മേഘാലയയിലെ അനധികൃത 'റാറ്റ് ഹോള്‍' കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനവും, അവിടെ വര്‍ഷാവര്‍ഷമെന്നോണം ഉണ്ടാവുന്ന അപകടങ്ങളും കുരുതികളും. 

പതിമൂന്നു തൊഴിലാളികള്‍ മേഘാലയയിലെ 320 അടി താഴ്ചയുള്ള ഖനിക്കുള്ളിലേക്ക് പോയത് ഡിസംബര്‍ 13നായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സമീപത്തുകൂടി ഒഴുകിയിരുന്ന നദി കരകവിഞ്ഞൊഴുകി അതില്‍ നിന്നും ഖനിയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങാന്‍ തുടങ്ങിയത്. നോക്കിനില്‍ക്കെ നിമിഷനേരം കൊണ്ട് ഖനിക്കുള്ളില്‍ എഴുപതടിയോളം ഉയരത്തില്‍  വെള്ളമുയര്‍ന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി വളരെപ്പെട്ടെന്നുതന്നെ സംഭവസ്ഥലത്ത് എത്തി ലോക്കല്‍ പോലീസുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍, ഈ നിമിഷം വരെ അവര്‍ക്കതില്‍ വിജയം കാണാനായിട്ടില്ല. അവര്‍ അവിടെ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പതിനാലു ദിവസമായി. അകത്തു പെട്ടുപോയവർ  ജീവനോടുണ്ടോ ഇല്ലയോ എന്നറിയാന്‍ പോലും നിര്‍വാഹമില്ലാതെ പകച്ചു നില്‍ക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇങ്ങനെയൊരു അപകടത്തെ നേരിടുമ്പോള്‍ അവശ്യം വേണ്ട വലിയ പമ്പുകള്‍ പോലും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമായിട്ടില്ല. പത്ത് വലിയ പമ്പുകള്‍ അനുവദിക്കണമെന്ന രക്ഷാപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയില്‍ സര്‍ക്കാറിനശറ ഭാഗത്തുനിന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ല. 

കല്‍ക്കരിയാണ് മേഘാലയയിലെ പര്‍വ്വതമേഖലകളിലെ പ്രധാന നിക്ഷേപം. കുന്നുകള്‍ക്കുള്ളിലാണ് സാധാരണ ഇത്തരം നിക്ഷേപങ്ങള്‍ കാണാറ്. കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് അഞ്ച് മുതല്‍ 100  മീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കുമ്പോള്‍ ഈ കല്‍ക്കരി നിക്ഷേപത്തിന്റെ മുകളിലെത്തും. കല്‍ക്കരി കണ്ടുതുടങ്ങുമ്പോള്‍ തൊഴിലാളികള്‍ തിരശ്ചീനമായി ടണലുകളുണ്ടാക്കി കുന്നിന്‍ ചെരിവുകളിലേക്ക് എത്തിച്ചേരും. തുടര്‍ന്ന്, കുഴിച്ചെടുക്കുന്ന കല്‍ക്കരി ആ ടണലുകളിലൂടെ പുറത്തെടുക്കും. കുന്നിന്റെ തൊട്ടടുത്ത് കിടക്കുന്ന സമതലപ്രദേശങ്ങളില്‍ ഈ കല്‍ക്കരി കൊണ്ടിട്ട്, പിന്നീട് വലിയ ഡംപര്‍ ട്രക്കുകളില്‍ അത് തീവണ്ടികളിലേക്കെത്തിച്ച് അവിടെ നിന്നും ഫാക്ടറികളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. മേഘാലയയില്‍ അങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള ഖനികളുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ജയന്തിയാ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ്, ഭാഗമാര, നന്ദല്‍ ബിബ്റ, നോണ്‍ഗ്ജ്രി, പടിഞ്ഞാറന്‍ ഖാസി ഹില്‍സ് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 

2014ലാണ് 'അശാസ്ത്രീയമായാണ് പ്രവര്‍ത്തനം' എന്ന കാരണത്താല്‍ ദേശീയ ഹരിത ട്രിബ്യുണല്‍ മേഘാലയയിലെ ഖനനം അപ്പാടെ നിരോധിച്ചത്. എന്നാല്‍, ഖനന ലോബിയുടെ കടുത്ത പ്രതിഷേധത്തിന് വഴങ്ങി, അന്നുവരെ ഖനനം നടത്തിയ കല്‍ക്കരി പുറത്തേക്ക് കൊണ്ടുപോവാന്‍ അനുവാദം നല്‍കി ഉത്തരവുണ്ടായി.   ഖനനം വിലക്കിയ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഖനനമാഫിയയ്ക്ക് ചൂട്ടുപിടിക്കുന്ന മേഘാലയ സര്‍ക്കാര്‍. ഇതുവരെ ഒരു ലക്ഷത്തില്‍ എണ്‍പത്തിനായിരത്തോളം മെട്രിക് ടണ്‍ കല്‍ക്കരി ഇത്തരത്തിൽ ഇവിടെ നിന്നും കടത്തിക്കഴിഞ്ഞു. 

ഖനനം ചെയ്ത കല്‍ക്കരി മാറ്റാനുള്ള ഈ അനുവാദത്തിന്റെ മറവില്‍   ഈ ഖനികളിലെല്ലാം ഇപ്പോഴും അനധികൃത ഖനനം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ബ്യൂറോക്രസിയുടെയും മൗനാനുവാദത്തോടെയാണ്  ഇതൊക്കെ നടക്കുന്നത്. ഇപ്പോള്‍ കിഴക്കന്‍ ജയന്തിയയിലെ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരും ഇത്തരത്തില്‍ അനധികൃതമായി ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി പോയവരാണ്.   

അനധികൃതമായി ഖനനം ചെയ്യുന്നതിന് പുറമേ, കുഴിച്ചെടുക്കുന്ന കല്‍ക്കരിയുടെ കണക്കില്‍ കൃത്രിമം കാണിച്ചും ഖനന മാഫിയ സര്‍ക്കാരിനെ വെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് സി എ ജി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 5.5  ലക്ഷം മെട്രിക് ടണ്‍ കുറവാണ് കണക്കുകളില്‍ ഉണ്ടായിട്ടുള്ളത്. ഇതിനുള്ള റോയല്‍റ്റി ചാര്‍ജും പിഴയുമടക്കം ഏകദേശം 46 കോടി രൂപ മൈനിങ്ങ് കമ്പനികളില്‍ നിന്നും ഈടാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സി എ ജി. 

ഇത്തരത്തില്‍ സകല നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഖനികളില്‍ അടഞ്ഞ ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ (confined space entry ) പാലിക്കേണ്ട അടിസ്ഥാനപരമായ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. അപകട സാധ്യത കൂടിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ടുന്ന ആപത് ഘട്ട പ്രവര്‍ത്തന രീതികളെക്കുറിച്ചും അവിടേക്ക് പറഞ്ഞയക്കപ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാറില്ല. പലപ്പോഴും ഇങ്ങനെ ജീവന്‍ നഷ്ടപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളില്‍ പെട്ട തൊഴിലാളികള്‍ക്കാവും എന്നതിനാല്‍ കാര്യമായ നിയമ നൂലാമാലകളും കമ്പനികളെ  വേട്ടയാടാറില്ല.

അതുകൊണ്ടുതന്നെ കനത്ത തുക ചെലവിട്ട് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മിനക്കെടാതെ, വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരത്തിലുള്ള ഒറ്റപ്പെട്ട അപകടങ്ങളില്‍ തുച്ഛമായ തുകകള്‍ നഷ്ടപരിഹാരമായി കൊടുത്തൊതുക്കി  മുന്നോട്ടു പോവാറാണ് പതിവ്. ഖനികളെപ്പോലെ അപകടം തലയ്ക്കുമീതെ തൂങ്ങി നില്‍ക്കുന്നിടങ്ങളില്‍, എണ്ണ ഖനനം ചെയ്യുന്നിടങ്ങളിലേതുപോലെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇതുപോലെ ജീവന്‍ തുലാസിലാവുന്ന അവസ്ഥ ഇനിയുമുണ്ടാവാം.

Latest Videos
Follow Us:
Download App:
  • android
  • ios