ആരുടെ കാശെടുത്താണ് സര്‍ക്കാറുകള്‍ കര്‍ഷകന്റെ കടം എഴുതിത്തള്ളുന്നത്?
കാര്‍ഷിക ലോണ്‍ എന്ന പേരില്‍ കടം എടുത്ത എല്ലാവരുടെയും എന്നാണു ഉത്തരം. കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ വെച്ച രാജ്യത്തെ കിട്ടാക്കടങ്ങളുടെ മൊത്തം തുകയില്‍ ആകെ 67000 കോടി മാത്രമേ കാര്‍ഷിക മേഖലയില്‍ നിന്നുള്ളൂ. അപ്പോള്‍ കിട്ടാക്കടമല്ല എല്ലാ കടങ്ങളും ആണ് ഒഴിവാക്കിക്കൊടുക്കുന്നത്-അഡ്വ. ജലീല്‍ എഴുതുന്നു
പ്രധാനമന്ത്രി ജന്‍ധന്‍ യോജന നടപ്പിലാക്കുന്നതിന് മുന്‍പുള്ള ഒരു പഠനം പ്രകാരം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സര്‍വീസ് അത്ര പ്രാപ്യമല്ല. കൂടുതല്‍ കര്‍ഷകരും കടം എടുത്തിരിക്കുന്നത് നാട്ടിലെ വട്ടിപ്പലിശക്കാരോടോ സ്വകാര്യ പണമിടപാട് ഏജന്‍സികളില്‍ നിന്നോ ആണ്. കാര്‍ഷിക ലോണ്‍ എടുത്തു പണം വട്ടിപ്പലിശക്കു കൊടുത്തു പലിശക്കൃഷി നടത്തുന്ന 'കര്‍ഷകരും' ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കുറവല്ല. അപ്പോള്‍ ഈ എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങള്‍ കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തെ പരിഹരിക്കുന്നില്ല. അല്ലെങ്കില്‍ കഴിഞ്ഞ 20 വര്ഷക്കാലത്തിനിടെ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യില്ലല്ലോ.
മധ്യപ്രദേശില്‍ ഭരണമേറ്റ ഉടനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ഉത്തരവിട്ടിരിക്കുന്നു. അത് മാത്രവുമല്ല രാജ്യമെങ്ങുമുള്ള കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ല എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
എഴുതിത്തള്ളലുകളുടെ ചരിത്രം
കോണ്‍ഗ്രസ് മാത്രമല്ല രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഈ ഞൊടുക്ക് വിദ്യ പ്രയോഗിച്ചിട്ടുണ്ട്. 1990 ല്‍ വിപി സിംഗ് സര്‍ക്കാര്‍ 10,000 കോടിയുടെ കാര്‍ഷിക കടം എഴുത്തിത്തള്ളിയതാണ് ആദ്യത്തെ അറിയപ്പെടുന്ന കടാശ്വാസ നടപടി. പിന്നീട് ഒന്നാം യുപിഎ ഭരണത്തിന്റെ അവസാന നാളുകളില്‍ അന്നത്തെ ധനമന്ത്രി കാര്‍ഷിക കടാശ്വാസത്തിനായി 52,500 കോടി വിതരണം ചെയ്തു. ഇത് രണ്ടാം യുപിഎ ഭരണം വരുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. 2014 ല്‍ പുതുതായി രൂപം കൊണ്ട തെലുങ്കാനയും ആന്ധ്രപ്രദേശും യഥാക്രമം 17000 കോടിയുടെയും 22000 കോടിയുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 2017ല്‍ ഭരണമേറ്റ ഉടനെ യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരും നടത്തിയത് 36359 കോടിയുടെ എഴുതിത്തള്ളല്‍. 2016ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ തമിഴ്നാട്ടില്‍ ജയലളിത എഴുത്തിത്തള്ളിയത് 7769 കോടി. കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളിയത് 24000 കോടിയാണ്. കര്‍ണ്ണാടകയിലെ പുതിയ സര്‍ക്കാര്‍ എഴുതിത്തള്ളിയത് ഏതാണ്ട് 10242 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത് 34022 കോടി രൂപയാണ്. ചുരുക്കത്തില്‍ മധ്യപ്രദേശിന്റെ 50000 കോടിയുടെ കണക്ക് കൂടിയെടുത്താല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തു ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളി.
ആരാണ് ആ കടങ്ങള്‍ വീട്ടുന്നത്?
പലരുടെയും ധാരണ സര്‍ക്കാരുകള്‍ ബാങ്ക് ലോണുകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിടുമ്പോള്‍ ബാങ്കുകള്‍ ആ തീരുമാനം അനുസരിച്ചു അവ അക്കൗണ്ടുകളില്‍ നിന്നും നീക്കുകയാണെന്നാണ്. സത്യത്തില്‍ ആ കടം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കൊടുത്ത് തീര്‍ക്കുകയാണ് ചെയ്യുന്നത്. നോക്കൂ നാടിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട നമ്മുടെ നികുതിത്തുകയാണത്. യാതൊരു തത്വദീക്ഷയുമില്ലാതെ തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ വേണ്ടി മാത്രമായി ഈ തുക അവര്‍ ബാങ്കുകള്‍ക്ക് എടുത്തു കൊടുക്കുകയാണ്. ഇപ്പോള്‍ തന്നെ മധ്യപ്രദേശിന്റെ കടം 2.7 ലക്ഷം കോടിയാണ്. അവിടേക്കാണ് ഖജനാവില്‍ നിന്നും മറ്റൊരു 50000 കോടി കൊടുക്കാന്‍ പോകുന്നത്. എന്താവും ആ സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവുകളുടെ അവസ്ഥ എന്ന് ആലോചിച്ചു നോക്കൂ. കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കില്ല എന്ന് ആര്‍ക്കും ഊഹിക്കാനേ ഉള്ളൂ. പക്ഷെ ജനങ്ങള്‍ക്ക് അവരുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരം ഗിമ്മിക്കുകള്‍ മതി എന്ന് രാഷ്ട്രീയക്കാരനറിയാം.
ആരുടെ കടമാണ് എഴുതിത്തള്ളുന്നത്?
കാര്‍ഷിക ലോണ്‍ എന്ന പേരില്‍ കടം എടുത്ത എല്ലാവരുടെയും എന്നാണു ഉത്തരം. കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പാര്‍ലമെന്റില്‍ വെച്ച രാജ്യത്തെ കിട്ടാക്കടങ്ങളുടെ മൊത്തം തുകയില്‍ ആകെ 67000 കോടി മാത്രമേ കാര്‍ഷിക മേഖലയില്‍ നിന്നുള്ളൂ. അപ്പോള്‍ കിട്ടാക്കടമല്ല എല്ലാ കടങ്ങളും ആണ് ഒഴിവാക്കിക്കൊടുക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന നടപ്പിലാക്കുന്നതിന് മുന്‍പുള്ള ഒരു പഠനം പ്രകാരം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സര്‍വീസ് അത്ര പ്രാപ്യമല്ല. കൂടുതല്‍ കര്‍ഷകരും കടം എടുത്തിരിക്കുന്നത് നാട്ടിലെ വട്ടിപ്പലിശക്കാരോടോ സ്വകാര്യ പണമിടപാട് ഏജന്‍സികളില്‍ നിന്നോ ആണ്. കാര്‍ഷിക ലോണ്‍ എടുത്തു പണം വട്ടിപ്പലിശക്കു കൊടുത്തു പലിശക്കൃഷി നടത്തുന്ന 'കര്‍ഷകരും' ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കുറവല്ല. അപ്പോള്‍ ഈ എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങള്‍ കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തെ പരിഹരിക്കുന്നില്ല. അല്ലെങ്കില്‍ കഴിഞ്ഞ 20 വര്ഷക്കാലത്തിനിടെ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യില്ലല്ലോ.
കര്‍ഷകന്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി വില കുറഞ്ഞ ഏതെങ്കിലും ഭക്ഷ്യസാധനങ്ങളുടെ പേര് പറയാന്‍ പറ്റുമോ?
ഇല്ല.
പക്ഷെ കര്‍ഷകന് വിളകള്‍ വിറ്റുകിട്ടുന്ന വിലയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി വലിയ ഉയര്‍ച്ചയുണ്ടായിട്ടില്ല. എന്ന് മാത്രമല്ല കാര്‍ഷികവൃത്തിയുടെ ചെലവ് കൂടിയിട്ടുമുണ്ട്. അപ്പോള്‍ നാം ഭക്ഷ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ കൊടുക്കുന്ന പണം എവിടെയാണ് പോകുന്നത്? ഇത് പരിശോധിക്കുമ്പോള്‍ ആണ് സര്‍ക്കാരുകള്‍ എങ്ങിനെയാണ് കര്‍ഷക ആത്മഹത്യയ്ക്കു കാരണക്കാരാകുന്നത് എന്ന് മനസ്സിലാകുക.
കടയില്‍ നിന്നും നമ്മള്‍ വാങ്ങുന്ന ഒരു കിലോഗ്രാം തക്കാളിക്ക് സീസണ്‍ അനുസരിച്ചു 30 മുതല്‍ 100 വരെ വില നല്‍കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് അതിന്റെ പത്തിലൊന്നോ അതില്‍ കുറവോ ആണ്. ബാക്കി പണം ഇടനിലക്കാരന്‍ അടിച്ചെടുക്കുന്നു. എന്ത് കൊണ്ടാണിത് സംഭവിക്കുന്നത്? ഇന്ത്യന്‍ കര്‍ഷകന് തന്റെ കൃഷിയിടവും വിപണന കേന്ദ്രവുമായി ശരാശരി 50 കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും ദൂരം തന്റെ വിളവുമായി സഞ്ചരിച്ചു വിപണിയില്‍ വില പേശി ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നം വില്‍ക്കാനുള്ള ഒരു സംവിധാനവും 90 ശതമാനം ഗ്രാമങ്ങളിലും ഇല്ല. കഴിഞ്ഞ ആഴ്ച നടന്ന കര്‍ഷക സമരത്തിനിടെ റോഡില്‍ ഉള്ളി ലോഡുകള്‍ ചൊരിയുന്ന കര്‍ഷകരുടെ വീഡിയോ നമ്മള്‍ കണ്ടിരുന്നു. അത് അവര്‍ക്കു പുതുമയുള്ള കാര്യമല്ല. വിപണിയില്‍ നല്ല വില കിട്ടാതെ തിരിച്ചു കൊണ്ട് പോകാനുള്ള ചെലവ് ഓര്‍ത്തു മാത്രം റോഡരുകില്‍ തള്ളുന്ന പഴങ്ങളും പച്ചക്കറികളും മൊത്തം ഉത്പാദനത്തിന്റെ 40 ശതമാനം എങ്കിലും വരും.
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍
ആഗോളവല്‍ക്കരണത്തോടെ ഇന്ത്യയിലേക്ക് കുടിയേറിയ മൊണ്‍സാന്റോ പോലുള്ള വമ്പന്‍ കമ്പനികളും കര്‍ഷകനെ കടക്കാരന്‍ ആക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഉയര്‍ന്ന ഉത്പാദന ക്ഷമത അവകാശപ്പെടുന്ന ജനിതകമാറ്റം വരുത്തിയ അന്തക വിത്തുകളും രാസവളങ്ങളും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. നമ്മുടെ നാട്ടില്‍ പോലും സ്ഥിരമായി കൃഷി ചെയ്തു കൊണ്ടിരുന്ന എത്ര തരം നാടന്‍ വിത്തുകളാണ് ഇനി മുളയ്ക്കാത്തവിധം അപ്രത്യക്ഷമായത്? വിത്തുകള്‍ വാങ്ങാന്‍ കമ്പനികള്‍ തന്നെ ഏര്‍പ്പാടാക്കുന്ന ഏജന്റുമാര്‍ ഉയര്‍ന്ന പലിശക്ക് പണം കടം കൊടുക്കുന്നു. മണ്ണില്‍ വിയര്‍പ്പൊഴുക്കി ഒടുക്കം കിട്ടുന്ന മുതലിനു ന്യായവിലയും കിട്ടുന്നില്ല. പിന്നെ കര്‍ഷകര്‍ എന്ത് ചെയ്യും.
കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും
ഇതിനൊക്കെ പുറമെയാണ് വരള്‍ച്ചയും വെള്ളപ്പൊക്കവും കൊണ്ടുള്ള കൃഷിനാശം. ഇന്നും മഴവെള്ളക്കൊയ്ത്തിനു സര്‍ക്കാര്‍ വക ഗൗരവമായ നടപടികളൊന്നും കര്‍ഷകഗ്രാമങ്ങളില്‍ ഇല്ല. ജലസേചനത്തിനുള്ള പദ്ധതികള്‍ തീര്‍ത്തും അപര്യാപ്തവും. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത 2004 ല്‍ ഉത്തരേന്ത്യ മൊത്തം വരള്‍ച്ചയുടെ പിടിയിലായിരുന്നു. എല്ലാ കൊല്ലവും സംഭവിക്കുന്നതാണെങ്കിലും ഇപ്പോഴും സര്‍ക്കാരുകള്‍ക്ക് വരള്‍ച്ചയെയും മഴക്കെടുതികളെയും നേരിടാനുള്ള പദ്ധതികള്‍ ഒന്നുമില്ല.
ഈ എഴുതിത്തള്ളല്‍ കര്‍ഷക വഞ്ചനയാണ്
ഈയിടെ രാജി വെച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെ കര്‍ഷക വഞ്ചനയായിട്ടാണ് വിശേഷിപ്പിച്ചത്. അതിനു അദ്ദേഹം പറയുന്ന കാരണങ്ങള്‍ ഇവയാണ്: കാര്‍ഷിക കടങ്ങള്‍ എല്ലാം പുതിയ സര്‍ക്കാരുകള്‍ വരുമ്പോള്‍ എഴുതിത്തള്ളാനുള്ളതാണെന്നു വരുന്നത് കടമെടുത്താല്‍ തിരിച്ചടക്കാത്ത മോശം സംസ്‌കാരം പഠിപ്പിക്കലാണ്. കര്‍ഷകര്‍ കൂടുതലായും കടമെടുക്കുന്നതു വട്ടിപ്പലിശക്കാരോടാണ് എന്നിരിക്കെ ഇതിന്റെ ഫലസിദ്ധി യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കല്ല. ഭാവിയില്‍ ബാങ്കുകള്‍ കാര്‍ഷിക കടം നല്‍കാന്‍ മടിക്കും. ഇത് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. കാര്‍ഷികകടം വീട്ടാന്‍ വേണ്ടി സര്‍ക്കാരുകള്‍ ചെലവാക്കുന്ന തുക ഒരു തരത്തിലുള്ള ഉത്പാദനവും നടത്തുന്നില്ല. ഇത് കൊണ്ട് പ്രത്യക്ഷത്തില്‍ കാര്‍ഷിക മേഖലയില്‍ ഒരു നേട്ടവും ഉണ്ടാകുന്നില്ല. മരിച്ചു ഈ പണം കാര്‍ഷിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനോ ജലസേചന പദ്ധതികള്‍ക്കോ ചെലവഴിച്ചാല്‍ കര്‍ഷകര്‍ക്ക് കടം എടുക്കേണ്ട ആവശ്യം തന്നെ ഉണ്ടാകുന്നില്ല.
ചുരുക്കത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ദോഷം മാത്രം ചെയ്യുന്ന ഈ ദുര്‍വ്യയം തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള ജനപ്രിയ നടപടിയായി സര്‍ക്കാരുകള്‍ നടപ്പിലാക്കിയാല്‍ സംസ്ഥാന ബജറ്റിന്റെ നടുവൊടിയും. പാര്‍ട്ടികള്‍ക്ക് വേണ്ടത് നിശ്ശബ്ദമാക്കപ്പെടുന്ന വോട്ടര്‍മാരെയാണ്. തല്‍ക്കാലത്തേക്കെങ്കിലും അവര്‍ ജലസേചന പദ്ധതികളെക്കുറിച്ചോ വിളവുകള്‍ക്കു താങ്ങുവില നിശ്ചയിക്കുന്നതിനെ കുറിച്ചോ ഇടനിലക്കാരെ ഒഴിവാക്കിയുള്ള പൊതു സംഭരണ വിതരണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചോ മിണ്ടാതിരിക്കും. പക്ഷെ നമ്മുടെയൊക്കെ തീന്മേശയിലേക്ക്, പട്ടിണി മാറ്റാന്‍ മരണത്തെ കൂട്ടുപിടിച്ച പാവം കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി നിര്‍മിച്ച, ഉല്‍പ്പന്നങ്ങള്‍ വന്നുനിറഞ്ഞുകൊണ്ടേ ഇരിക്കും.