'ദൈവമേ.. ലോട്ടറി അടിച്ചതേ അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കി'; അനൂപിന്റ കുടുംബം പറയുന്നു
നിനച്ചിരിക്കാതെ സൗഭാഗ്യം വന്നു കയറിയതോടെ അനൂപിനും കുടുംബത്തിനും ഇപ്പോൾ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥയിലാണ് അനൂപ്.
'ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല', ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യവാൻ അനൂപിന്റെ വാക്കുകളാണിത്. നിനച്ചിരിക്കാതെ സൗഭാഗ്യം വന്നു കയറിയതോടെ അനൂപിനും കുടുംബത്തിനും ഇപ്പോൾ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥയിലാണ് അനൂപ്. അനൂപിന്റെ അതേ അവസ്ഥയിൽ കൂടിയാണ് ഗർഭിണി കൂടിയായ ഭാര്യ മായയും കടന്നു പോകുന്നത്. ലോട്ടറി അടിക്കണ്ടായിരുന്നുവെന്നാണ് തോന്നുന്നതെന്ന് മായ പറയുന്നു.
അനൂപിന്റെ ഭാര്യയുടെ വാക്കുകള്‍
ആദ്യം ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ സന്തോഷമൊന്നും ഇല്ല. ചേട്ടന് വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയായി. ഒരു ഭാഗത്തുനിന്ന് ബാങ്കുകാരും മറുഭാഗത്തുനിന്ന് ദാരിദ്ര്യം പറഞ്ഞു വരുന്നവരും ഉണ്ട്. കേരളത്തില്‍ നിന്നും, ചെന്നൈയില്‍ നിന്നു പോലും സഹായം ചോദിച്ചു വരുന്നവരുണ്ട്. രണ്ടു കോടി, മൂന്നു കോടി കൊടുത്തു കഴിഞ്ഞാല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞു വരുന്നവരും ഉണ്ട്. എല്ലാവരും ഡിമാന്റ് ആണ് ചെയ്യുന്നത്, ചോദിക്കുന്നതു പോലെയല്ല.. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം വേണം എന്നൊക്കെയാണ് പറയുന്നത്. ഇത്ര രൂപ തരണം, ഞാനിത് വാങ്ങിച്ചു കൊണ്ടേ പോകൂ എന്നാണ് പറയുന്നത്. കിട്ടിയ പണം മുഴുവനും കൊടുത്തു കഴിഞ്ഞാല്‍ നാളെ അവര്‍ തന്നെ വന്നു പറയും ഞങ്ങൾ പണം മുഴുവനും ധൂര്‍ത്തടിച്ചു കളഞ്ഞുവെന്ന്. ചേട്ടനു ഇപ്പോള്‍ വീട്ടിനകത്തോട്ടു വരാന്‍ പറ്റുന്നില്ല. ആളുകളോട് പറഞ്ഞു മടുത്തു. എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. എണ്ണാന്‍ പറ്റുന്നില്ല, അത്രയ്ക്ക് തിരക്കാണ്. രാവിലെ അഞ്ചു മണി തൊട്ട് രാത്രി വരെ തിരക്കാണ്. കുഞ്ഞിന് പോലും വയ്യ, എന്നിട്ടും ആളുകൾ വിടാതെ പിന്തുടരുകയാണ്. ദൈവമേ.. ലോട്ടറി അടിച്ചതേ അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കി. ഒരു ഓൺലൈൻ മാധ്യമത്തിനോടായിലരുന്നു മായയുടെ പ്രതികരണം.
'അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം': മൂന്ന് തവണ ലോട്ടറിയടിച്ച ഭാഗ്യശാലി പറയുന്നു
അതേസമയം, ലോട്ടറി ജേതാക്കൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താനൊരുങ്ങി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും ഉൾപ്പെടും. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ലോട്ടറി വകുപ്പ് പരിശീലന മൊഡ്യൂൾ രൂപീകരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെയാണ് (GIFT) തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.